This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറ്റശ്ലോകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒറ്റശ്ലോകങ്ങള്‍

വ്യവസ്ഥാപിതവും മനോധര്‍മപരവുമായ കല്‌പനകളിലൂടെ സംസ്‌കൃതഛന്ദസ്സില്‍ എഴുതിയ മുക്തകങ്ങളാണ്‌ ഒറ്റശ്ലോകങ്ങള്‍. മുത്തിന്റെ തെളിച്ചവും മുഴുപ്പുമുള്ള മനോഭാവശില്‌പങ്ങളാണിവ.

""മുക്തകം ശ്ലോക ഏവൈകഃ
ചമത്‌കാരക്ഷമഃ സതാം

എന്നാണ്‌ നിര്‍വചനം. ധ്വന്യാലോകം മൂന്നാം ഉദ്യോതത്തില്‍ ആനന്ദവര്‍ധനന്‍ ഈ കാവ്യരൂപത്തെ പരിഗണിച്ചിട്ടുണ്ട്‌. ഭാവഗീതം പോലെ സ്വയംപൂര്‍ണത വരിച്ചവയാവണം മുക്തകങ്ങള്‍. ഇങ്ങനെ രചിക്കപ്പെടുന്നവയ്‌ക്കു പുറമേ, കൃതികള്‍ക്കകത്തും സ്വയം പര്യാപ്‌തമായ മുക്തകങ്ങള്‍ കാണാം. "ഏതെങ്കിലും ഒരാശയത്തെയോ ഭാവത്തെയോ പൂര്‍ണമായും ചമത്‌കാരഭരിതമായും പ്രകാശിപ്പിക്കുന്ന ചതുഷ്‌പദികള്‍' എന്ന്‌ ടി.എം. ചുമ്മാര്‍ (പദ്യസാഹിത്യചരിത്രം) ഒറ്റശ്ലോകത്തെ നിര്‍വചിക്കുന്നു. മണിപ്രവാളസാഹിത്യത്തില്‍ ഇവ സമൃദ്ധമാണ്‌. പ്രാകൃതത്തിലെ ഒറ്റശ്ലോകങ്ങള്‍ ആര്യാവൃത്തത്തിലാണു രചിക്കപ്പെട്ടിരിക്കുന്നത്‌. സംസ്‌കൃതമുക്തകങ്ങള്‍ക്ക്‌ ആലങ്കാരികത കൂടുതലാണ്‌. ആലങ്കാരികന്മാര്‍ പ്രബന്ധതുല്യമായ സ്ഥാനമാണ്‌ മുക്തകത്തിനു കൊടുത്തിട്ടുള്ളത്‌. വന്ദനശ്ലോകങ്ങള്‍, മംഗളാശംസകള്‍, പ്രശംസാശ്ലോകങ്ങള്‍, ചരമശ്ലോകങ്ങള്‍, തര്‍ജുമകള്‍, കത്തുകള്‍, സമസ്യാപൂരണങ്ങള്‍, ഛായാശ്ലോകങ്ങള്‍ എന്നിവവഴി മുക്തകപ്രസ്ഥാനം വികസിച്ചു. "മലയാണ്മയിലെ ആധുനികമുക്തകങ്ങള്‍ ആദ്യകവികളായ നമ്പൂതിരിമാരുടെ ആഗമനത്തിനു ശേഷമുണ്ടായിട്ടുള്ളവയാണെന്നേ പറയുവാന്‍ തരമുള്ളൂ' എന്ന്‌ കെ.കെ. രാജാ അഭിപ്രായപ്പെടുന്നു (ഭാഷാമുക്തകങ്ങള്‍). ലീലാതിലകത്തില്‍ ധാരാളം ഒറ്റശ്ലോകങ്ങള്‍ കാണാം.

ഉല്ലാസവേളകളിലെ വെടിവട്ടത്തില്‍ നിന്നുയര്‍ന്നുവന്ന ഛന്ദസ്‌കൃതവും ആലങ്കാരികവുമായ വാങ്‌മയമാണ്‌ ഒറ്റശ്ലോകങ്ങള്‍. മലയാളത്തില്‍ ആദ്യമായി പൊട്ടിപ്പുറപ്പെട്ട തോലന്റെ ഒറ്റശ്ലോകങ്ങള്‍ നര്‍മംകൊണ്ടു മികച്ചുനില്‌ക്കുന്നു. പുനം, മഴമംഗലം, ചേലപ്പറമ്പുനമ്പൂതിരി, കുഞ്ചന്‍നമ്പ്യാര്‍, കോട്ടയത്തുതമ്പുരാന്‍, രാമപുരത്തുവാര്യര്‍, ഇരയിമ്മന്‍തമ്പി, കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാന്‍ എന്നിവരെല്ലാം മുക്തകശാഖയെ പോഷിപ്പിച്ചവരാണ്‌. കേരളീയജീവിതത്തില്‍ ഇതിനു പ്രചാരം നല്‌കിയത്‌ വെണ്‍മണിക്കവികളാണ്‌. അവരുടെ സംഭാഷണങ്ങളും എഴുത്തുകളുമൊക്കെ ശ്ലോകരൂപത്തിലായിരുന്നു. പൂന്തോട്ടത്തുനമ്പൂതിരി, വെണ്മണി മഹന്‍നമ്പൂതിരിപ്പാട്‌, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കാത്തുള്ളില്‍ അച്യുതമേനോന്‍, ഒറവങ്കര നീലകണ്‌ഠന്‍ നമ്പൂതിരി എന്നിവര്‍ ഈ മണ്ഡലത്തില്‍ ശ്രദ്ധേയരാണ്‌. ശീവൊള്ളി നാരായണന്‍ നമ്പൂതിരി, നടുവത്തച്ഛന്‍ നമ്പൂതിരി, കൈക്കുളങ്ങര രാമവാരിയര്‍, ഒടുവില്‍ കുഞ്ഞിക്കൃഷ്‌ണമേനോന്‍, വി.സി. ബാലകൃഷ്‌ണപ്പണിക്കര്‍, കെ.സി. നാരായണന്‍ നമ്പ്യാര്‍, കുണ്ടൂര്‍ നാരായണമേനോന്‍, ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരും ഈ ശാഖയെ സമ്പന്നമാക്കി. ആധുനികകവികളില്‍ പലരും മുക്തകരചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. അക്ഷരശ്ലോകസദസ്സുകളിലാണ്‌ മുക്തകങ്ങളുടെ മുഴക്കം അനുഭവപ്പെടുന്നത്‌. ചില മാതൃകകള്‍ നോക്കുക:

""തിമിരഭരമെടുത്തിട്ടേകമേണാങ്കബിംബം
	മലകളതിനുതാഴേരണ്ടിതാകാശഗാമീ
	തദനുകരിശിരസ്സും തല്‍ക്കരംരണ്ടു, മോര്‍ത്താ-
	ലൊരുകനകലതായാംകാട്ടിയോരിന്ദ്രജാലം''
(തോലന്‍)
 
""മൂടില്ലാത്തൊരു മുണ്ടുകൊണ്ടുമൂടിയും
	മൂടീട്ടുവന്‍കറ്റയും
	ചൂടിക്കൊണ്ടരിവാള്‍ പുറത്തുതിരുകി
	പ്രാഞ്ചിക്കിതച്ചങ്ങനെ,
	നാടന്‍കച്ചയുടുത്തു മേനി മുഴുവന്‍
	ചേറും പുരണ്ടിപ്പൊഴി-
	പ്പാടത്തൂന്നു വരുന്ന നിന്‍ വരവുക-
	ണ്ടേറെക്കൊതിക്കുന്നു ഞാന്‍''
(പൂന്തോട്ടത്തു നമ്പൂതിരി)
  

 തിന്‍കരനീളെ നീലനിറമായ്‌
	വേലിക്കൊരാഘോഷമാ-
	യാടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
	കൈക്കൊണ്ടിരിക്കും വിധൗ
	പാരാതേ വരികെന്റെ കൈയിലധുനാ
	പീയൂഷഡംഭത്തെയും
	ഭേദിച്ചങ്ങനെ കയ്‌പവല്ലി തരസാ
	പെറ്റുള്ള പൈതങ്ങളേ!''
(ചേലപ്പറമ്പു നമ്പൂതിരി)
 

കാളിദാസന്റെ മുക്തകങ്ങള്‍ (മാവേലിക്കര അച്യുതന്‍), അമൂല്യശ്ലോകമാല (അരവിന്ദന്‍), മോഡേണ്‍ മുക്തകങ്ങള്‍ (ഏവൂര്‍ പരമേശ്വരന്‍) തുടങ്ങിയവ മലയാളത്തിലെ മുക്തകസമാഹാരങ്ങളാണ്‌.

(ഡോ. ദേശമംഗലം രാമകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍