This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒമാഹാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒമാഹാ

Omaha

ഒമാഹാ വര്‍ഗക്കാര്‍

വടക്കേ അമേരിക്കയിലെ ഒരു ജനവര്‍ഗം. നെബ്രാസ്‌കായില്‍ വസിക്കുന്ന ഇവര്‍ സോയന്‍ ഭാഷാസമൂഹത്തിലെ ധേഗിഹാ വിഭാഗക്കാരാണ്‌. ഒഴുക്കിനെതിരെ നീന്തുന്നവര്‍ എന്നര്‍ഥം വരുന്ന അമേരിന്ത്യന്‍ വാക്കില്‍ നിന്നാണ്‌ ഇവരുടെ ഗോത്രനാമത്തിന്റെ ഉദ്‌ഭവം. മറ്റു സഹഗോത്രക്കാരായ ഒസാഗ്‌, പോങ്കാ, കാന്‍ഡ്‌, ക്വാപ്പാ എന്നിവരോടൊപ്പം ഒമാഹാവര്‍ഗക്കാര്‍ അത്‌ലാന്തിക്‌ തീരത്തുനിന്നും പടിഞ്ഞാറോട്ടു കുടിയേറിപ്പാര്‍ത്തു. വിര്‍ജീനിയയും കരോളിനാസും ആയിരുന്നു ഇവരുടെ ആദ്യകാല വാസകേന്ദ്രങ്ങള്‍. കാലക്രമത്തില്‍ ഇവര്‍ ഒസാര്‍ക്ക്‌ പീഠഭൂമിയിലേക്കും പുല്‍പ്രദേശങ്ങളായിരുന്ന ഇന്നത്തെ പടിഞ്ഞാറേ മിസൗറിയിലേക്കും നീങ്ങി. ഇവിടെ വച്ച്‌ സഹഗോത്രക്കാര്‍ തമ്മില്‍ പിരിയുകയും ഒമാഹാവര്‍ഗക്കാരും പോങ്കാവര്‍ഗക്കാരും ചേര്‍ന്ന്‌ വടക്കോട്ടു നീങ്ങി ഇന്നത്തെ മിനസോട്ടോ പ്രദേശത്ത്‌ താവളമുറപ്പിക്കുകയും 17-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം വരെ അവിടെ താമസിക്കുകയും ചെയ്‌തു. പിന്നീട്‌ തെക്കേ ഡക്കോട്ടയില്‍ വച്ച്‌ ഈ രണ്ടു വര്‍ഗക്കാരും വേര്‍പിരിയുകയും ഒമാഹാകള്‍ ഇന്നത്തെ നെബ്രാസ്‌കായിലെ ബോക്രീക്കില്‍ താമസമുറപ്പിക്കുകയും ചെയ്‌തു. 1854-ല്‍ വെള്ളക്കാരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി, ഇവര്‍ തങ്ങളുടെ കൃഷിഭൂമി യു.എസ്‌. ഗവണ്‍മെന്റിനു വിട്ടുകൊടുത്തു. 1882-ല്‍ യു.എസ്‌. ഗവണ്‍മെന്റ്‌ ഒമാഹാവര്‍ഗക്കാര്‍ക്ക്‌ പ്രത്യേകം ഭൂമി പതിച്ചു കൊടുത്തു. കുറച്ചുനാളുകള്‍ക്കുശേഷം ഇവര്‍ക്ക്‌ അമേരിക്കന്‍ പൗരത്വവും ലഭിച്ചു. 1780-ല്‍ 2,800 ഓളമുണ്ടായിരുന്ന ഇവരുടെ ജനസംഖ്യ 2000-ല്‍ 5194 ആയി കണക്കാക്കപ്പെട്ടു.

ഒമാഹാവര്‍ഗക്കാര്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരാണെങ്കിലും കൃഷിയിലും നായാട്ടിലും തത്‌പരരാണ്‌. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ അവര്‍ കൃഷിചെയ്യുന്നു. ശരത്‌കാലത്തും വസന്തകാലത്തും ഇവര്‍ ഭൂഗര്‍ഭവാസകേന്ദ്രങ്ങളിലാണ്‌ താമസിക്കുന്നത്‌; നായാട്ടിനുപോകുമ്പോള്‍ കോണാകൃതിയിലുള്ള തോല്‍കൂടാരങ്ങളിലും. കാന്‍സാ, ഒസാഗ്‌ എന്നീ ഗോത്രവര്‍ഗങ്ങളുമായി ഒമാഹകള്‍ക്ക്‌ വളരെയധികം സാമ്യമുണ്ട്‌.

ഒമാഹവര്‍ഗക്കാരുടെ സാമൂഹികഘടന വളരെ സുഘടിതമാണ്‌. തലവന്മാരും പുരോഹിതന്മാരും വൈദ്യന്മാരും സാധാരണക്കാരും ഇവരുടെ ഇടയിലുണ്ട്‌. ദായക്രമം മക്കത്തായമാണ്‌. കുതിരകള്‍, പുതപ്പുകള്‍ എന്നിവ വിതരണം ചെയ്‌തോ സദ്യകള്‍ നടത്തിയോ ഒരുവന്‌ തന്റെ അന്തസ്സ്‌ ഉയര്‍ത്തിക്കാട്ടുവാന്‍ സാധിക്കും. ഇവരുടെ പത്തു കുലങ്ങളെ ഭൂമിയെയും ആകാശത്തെയും പ്രതിനിധീകരിക്കുന്ന രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ വിഭാഗം യുദ്ധം, ഭക്ഷ്യവിതരണം തുടങ്ങിയ ലൗകിക കാര്യങ്ങള്‍ നോക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം അധ്യത്മികകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്നു. ചൂടുകാലത്തും നായാട്ടിനു പോകുമ്പോഴും താമസിക്കുന്നതിനുവേണ്ടി വൃത്താകൃതിയില്‍ അടിക്കുന്ന കൂടാരങ്ങള്‍ ഒമാഹാവര്‍ഗക്കാരുടെ സാമൂഹികഘടന വെളിവാക്കുന്ന രീതിയിലായിരിക്കും സംവിധാനം ചെയ്യുക. യുദ്ധവീരന്മാര്‍ക്ക്‌ പ്രത്യേക ബഹുമതികള്‍ നല്‌കിയിരുന്നു. യുദ്ധക്കളത്തില്‍ വച്ച്‌ ശത്രുവിനെ തൊടുക, ശത്രുക്കളുടെ നടുവില്‍ കൊല്ലപ്പെട്ടു കിടക്കുന്ന എതിരാളിയെ തൊടുക, ശത്രുപാളയത്തില്‍ നിന്നും പരിശീലനം സിദ്ധിച്ച കുതിരയെ മോഷ്‌ടിച്ചു കൊണ്ടുവരിക തുടങ്ങിയവ വീരകൃത്യങ്ങളായി ഇവര്‍ കണക്കാക്കാറില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AE%E0%B4%BE%E0%B4%B9%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍