This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒനേസിമോസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒനേസിമോസ്
(ബി.സി. 5-ാം ശ. പൂര്‍വാര്‍ധം)
ഒരു ഗ്രീക്ക് ചഷകവര്‍ണലേപകനും ചിത്രകാരനും. തീവ്രവര്‍ണലേപന ശൈലിയുടെ ഒരു പ്രതിനിധികൂടിയാണിദ്ദേഹം. മുന്‍ഗാമികളായിരുന്ന യൂഫ്രാണിയസ്, ഒള്‍ടോസ് എന്നിവരെപ്പോലെ ഇദ്ദേഹം പാനപാത്രാലങ്കരണകലയില്‍ സവിശേഷപ്രാഗല്‌ഭ്യം നേടി. ചിത്രവര്‍ണാലങ്കരണത്തില്‍ മുദ്രിതമാകുന്ന ചിത്രം ഉള്‍ക്കൊള്ളുന്ന വിഷയത്തിന് പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു രചനാശൈലിയാണ് ഇദ്ദേഹം നിലനിര്‍ത്തിപ്പോന്നത്. സിയനാ(Siena)യ്‌ക്കടുത്തുള്ള കിയുസി(Chiusi)യില്‍നിന്നു കണ്ടെടുത്തിട്ടുള്ള അഥീനിയന്‍ പാനപാത്രം ഇതിനുദാഹരണമാണ്. പാരമ്പര്യരീതിയില്‍ യവനപുരാണേതിഹാസങ്ങളിലെ ഇതിവൃത്തങ്ങള്‍ ചിത്രരചനയ്‌ക്കു വിഷയമാക്കുന്നതില്‍ ഒനേസിമോസ് തത്‌പരനായിരുന്നെങ്കിലും അനുദിന ജീവിതദൃശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും തന്റെ വൈദഗ്‌ധ്യം പ്രകടമാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രതേ്യകിച്ചും മല്‍പ്പിടുത്തവും കായികാഭ്യാസവും മറ്റും ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങളില്‍ അധ്വാനിക്കുന്ന മനുഷ്യന്റെ നഗ്നശരീര വടിവുകള്‍ ആകര്‍ഷകമായും കലാപരമായും ആവിഷ്‌കരിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളില്‍ ഇദ്ദേഹത്തിന്റെ സൂക്ഷ്‌മഗ്രഹണ പാടവം വ്യക്തമാണ്. കൃത്യമായും ലളിതമായും അതേസമയം ദൃഢമായുമുള്ള രേഖകളില്‍ ചലനത്തിന്റെ സവിശേഷത പകരുവാന്‍ കഴിവുള്ള ഒനേസിമോസിന്റെ രചനകളില്‍ നൃത്തനാടകവേദികളില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെയും ഹോമര്‍ തുടങ്ങിയ യവനകവികളുടെയും കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ ഏറ്റവും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയാണ്.