This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒണ്ടാറിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:07, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒണ്ടാറിയോ

Ontario

ദക്ഷിണ കാനഡയിൽ ഏതാണ്ട്‌ മധ്യഭാഗത്തുള്ള ഒരു പ്രവിശ്യ. വടക്ക്‌ ഹഡ്‌സണ്‍, ജയിംസ്‌ എന്നീ ഉള്‍ക്കടലുകളുടെ തീരങ്ങളെ സ്‌പർശിച്ചുകിടക്കുന്ന ഒണ്ടാറിയോയുടെ പടിഞ്ഞാറ്‌ മാനിട്ടോബാ പ്രവിശ്യയും കിഴക്ക്‌ ക്യൂബെക്‌ പ്രവിശ്യയും സ്ഥിതിചെയ്യുന്നു. തെക്ക്‌ ഇത്‌ യു.എസ്‌. സംസ്ഥാനങ്ങളായ മിനിസോട്ട, മിഷിഗണ്‍, ഓഹിയോ, പെന്‍സിൽവേനിയ, ന്യൂയോർക്ക്‌ എന്നിവയുമായി അതിർത്തി പങ്കിടുന്നു. പ്രവിശ്യയുടെ വിസ്‌തീർണം 10,68,587 ച.കി.മീ. ആണ്‌. രാജ്യതലസ്ഥാനമായ ഒട്ടാവ, കൂടാതെ ഹാമിൽട്ടണ്‍, വിന്‍ഡ്‌സർ, ലണ്ടന്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളുമുള്‍ക്കൊള്ളുന്ന പ്രവിശ്യയിൽ കാനഡയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുണ്ട്‌. ജനസംഖ്യ: 13,210,667 (2010). തലസ്ഥാനം ടൊറെന്റോ.

ഭൂവിവരണം. ഒണ്ടാറിയോയുടെ ഏറിയഭാഗത്തും കനേഡിയന്‍ ഷീൽഡിൽപ്പെട്ട അതിപ്രാചീനങ്ങളായ ശിലാക്രമങ്ങള്‍ കാണപ്പെടുന്നു. കാംബ്രിയന്‍ കല്‌പത്തിനുമുമ്പ്‌ ഉരുത്തിരിഞ്ഞിട്ടുള്ള ഈ പാറയടരുകള്‍ പരൽ ഘടനയുള്ളതും കടുപ്പം കൂടിയതുമാണ്‌. പ്രവിശ്യയുടെ തെക്കരികിലെ ഹ്യൂറണ്‍, ഈറി എന്നീ തടാകങ്ങളുടെ മധ്യത്ത്‌ ത്രിഭുജാകൃതിയിൽ കിടക്കുന്ന പ്രദേശവും സെന്റ്‌ ലോറന്‍സ്‌ നദീതടവും ചേർന്ന മേഖലയിൽ പാലിയോസോയിക്‌ കല്‌പത്തിലേതായ അവസാദശിലകളുടെ തിരശ്ചീന പടലങ്ങളാണുള്ളത്‌; ഇവിടെ ചുണ്ണാമ്പുകല്ല്‌, ഷെയ്‌ൽ എന്നീയിനം ശിലകള്‍ക്കാണു പ്രാമുഖ്യം. ഒണ്ടാറിയോയുടെ ഏറിയ ഭാഗവും പ്രാക്കാലത്ത്‌ ഹിമാതിക്രമണത്തിനു വിധേയമായിട്ടുള്ളതാണ്‌; ഹിമാനികളുടെ പിന്‍വാങ്ങലിനെത്തുടർന്ന്‌ രൂപംകൊണ്ട ചെറുതും വലുതുമായ ശതക്കണക്കിനു തടാകങ്ങള്‍ പ്രവിശ്യയെമ്പാടും കാണാം. ഹഡ്‌സണ്‍ ഉള്‍ക്കടലിലേക്കൊഴുകുന്ന നിരവധി ചെറുനദികളും ഹിമാനീഭവങ്ങളാണ്‌.

ഒണ്ടാറിയോയിലെ നയാഗ്രാ വെള്ളച്ചാട്ടം

ഒണ്ടാറിയോയിലെ ശരാശരി വാർഷിക വർഷപാതം 50 സെന്റിമീറ്ററിലേറെയാണ്‌; തെക്കന്‍ ഭാഗങ്ങളിൽ മഴയുടെ തോത്‌ 75 സെന്റിമീറ്ററിൽ കൂടുതലുമാണ്‌. പ്രവിശ്യയുടെ ഉത്തരഭാഗങ്ങളിൽ ആർട്ടിക്‌ മാതൃകയിലുള്ള അതിശീതകാലാവസ്ഥയാണുള്ളത്‌. തെക്കേപ്പകുതിയിൽ ശീതകാലത്തു കടുത്ത തണുപ്പ്‌ അനുഭവപ്പെടുന്നുവെങ്കിലും ഉഷ്‌ണകാലം ദീർഘവും ചൂടുകൂടിയതുമാണ്‌. ആണ്ടിൽ നാലു മാസക്കാലം ഹിമബാധയില്ലാത്തതായിട്ടുണ്ട്‌.

പ്രവിശ്യയുടെ ഉത്തരഭാഗങ്ങള്‍ സസ്യവിരളമായ തുന്ദ്രയാണ്‌; മറ്റു ഭാഗങ്ങളിൽ കുറ്റിക്കാടുകളും തുറസ്സായ വനങ്ങളും. സ്‌പ്രൂസ്‌, ബെർച്ച്‌, പോപ്ലാർ എന്നിവയാണ്‌ ഇവിടെ സാർവത്രികമായി കാണുന്ന സസ്യങ്ങള്‍. തെക്കരികിലുള്ള താഴ്‌വാരങ്ങളിൽ പത്രപാതിവനങ്ങള്‍ കാണപ്പെടുന്നു; മേപ്പിള്‍, ബീച്ച്‌ എന്നീ വൃക്ഷങ്ങള്‍ക്കാണ്‌ ഇവിടെ പ്രാമുഖ്യം. പ്രവിശ്യയുടെ മൂന്നിൽ രണ്ടുഭാഗവും സമ്പദ്‌പ്രധാനങ്ങളായ വനങ്ങളാണ്‌.

പ്രവിശ്യയിലെ ഏറ്റവും വലുതും കാനഡയുടെ തലസ്ഥാനവുമായ ഒട്ടാവ നഗരം

പൊതുവേ ധാതുസമ്പന്നമായ ഒരു മേഖലയാണ്‌ ഒണ്ടാറിയോ; നിക്കൽ, ചെമ്പ്‌, ഇരുമ്പ്‌, നാകം, സ്വർണം, യൂറേനിയം എന്നിവയുടെ അയിരുകള്‍ ഉത്‌ഖനനം ചെയ്യപ്പെടുന്നു. മുന്‍കാലത്ത്‌ ലോകത്തിലെ നിക്കൽ ഉത്‌പാദനത്തിലെ മൂന്നിൽ രണ്ടുഭാഗവും ഒണ്ടാറിയോയിൽ ആണ്‌ ഖനനം ചെയ്‌തിരുന്നത്‌. മറ്റു രാജ്യങ്ങളിൽ പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ ഈ അനുപാതത്തിൽ കുറവ്‌ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടെ വന്‍തോതിൽ നിക്കൽ ഉത്‌ഖനനം നടക്കുന്നുണ്ട്‌. കാനഡയിൽ മൊത്തം ഉത്‌പാദിപ്പിക്കുന്ന സ്വർണത്തിലെ പകുതിയിലധികം പങ്കും ഈ പ്രവിശ്യയിൽ നിന്നാണ്‌. വന്‍തോതിൽ ഉത്‌ഖനനം ചെയ്‌തു വരുന്ന മറ്റൊരു ലോഹമാണ്‌ നാകം. സമ്പദ്‌ഘടന. മൊത്തം വിസ്‌തൃതിയുടെ 7.5 ശതമാനം വരുന്ന, തെക്കരികിലെ താഴ്‌വാരങ്ങള്‍ മാത്രമാണ്‌ ഒണ്ടാറിയോയിലെ കാർഷികമേഖല; ഈ മേഖലയുടെ 1/3 ഭാഗത്ത്‌ ഇന്നും കൃഷി ചെയ്യപ്പെടുന്നില്ല. ശേഷിച്ചതിൽ നല്ലൊരുഭാഗം മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കപ്പെടുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയോളം മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളു. ഹേ (hay)ആണ്‌ മുഖ്യവിള. ഓട്‌സ്‌, മെയ്‌സ്‌ (ചോളം), ബാർലി, സോയാതുവര, പയറുവർഗങ്ങള്‍ എന്നിവയാണ്‌ മറ്റുവിളകള്‍. ഇവയൊക്കെത്തന്നെ കാലിത്തീറ്റയായിട്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഗോതമ്പുകൃഷി നന്നേ കുറവാണ്‌. നാണ്യവിളയെന്ന നിലയിൽ പുകയില ഉത്‌പാദിപ്പിക്കുവാനും മുന്തിരി, പീച്ച്‌, ആപ്പിള്‍ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളും വിളയിക്കുവാനും ഉള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. കാലിവളർത്തൽ സാമാന്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു; പ്രവിശ്യയൊട്ടാകെ 30 ലക്ഷം കാലികളും 10 ലക്ഷം പന്നികളും വളർത്തപ്പെടുന്നു. കാലികളിൽ മൂന്നിലൊന്നോളം കറവപ്പശുക്കളാണ്‌. ഗവ്യോത്‌പാദനം പ്രവൃദ്ധമായി വരുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.

ഭരണസിരാകേന്ദ്രമായ ക്യൂയിന്‍സ്‌ പാർക്ക്‌

നയാഗ്രാ വെള്ളച്ചാട്ടമുള്‍പ്പെട നിരവധി കേന്ദ്രങ്ങളിൽനിന്ന്‌ ജലവൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്നു. ടൊറെന്റോയിലെ അണുവൈദ്യുത നിലയവും പുറമേ അനേകം താപവൈദ്യുതകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്‌. മൊത്തം വൈദ്യുതി ഉത്‌പാദനം പ്രതിവർഷം 10,400 മെഗാവാട്ട്‌ ആണ്‌. ഒണ്ടാറിയോയുടെ ദക്ഷിണഭാഗം കാനഡയിലെ മുന്തിയ വ്യവസായ മേഖലയാണ്‌; ഇരുമ്പുരുക്ക്‌, വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, വൈദ്യുത-ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ വന്‍തോതിൽ നിർമിക്കപ്പെടുന്നു. എണ്ണശുദ്ധീകരണം; പെട്രാളിയം, പെട്രാകെമിക്കൽ എന്നിവയുടെ ഉത്‌പാദനം; രാസവള നിർമാണം എന്നിവയും പ്രധാന വ്യവസായങ്ങളിൽപ്പെടുന്നു. കൃത്രിമ റബ്ബറും വന്‍തോതിൽ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. പ്രാദേശികമായി സുലഭമായ അസംസ്‌കൃത വസ്‌തുക്കളെ ആശ്രയിച്ച്‌ ഭക്ഷ്യസംസ്‌കരണം, കാനിങ്‌, പള്‍പ്പ്‌, കടലാസ്‌ എന്നിവയുടെ നിർമാണം തുടങ്ങിയ വിവിധ വ്യവസായങ്ങള്‍ ഒണ്ടാറിയോയിലെമ്പാടും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

പ്രവിശ്യയുടെ ദക്ഷിണഭാഗത്താണ്‌ നഗരാധിവാസം വർധിച്ചുകാണുന്നത്‌. ഇതരഭാഗങ്ങളിൽ ചുരുക്കം നഗരങ്ങളേ ഉള്ളൂ; സഡ്‌ബറി, ഇരുമ്പുരുക്കു വ്യവസായ കേന്ദ്രമായ സാള്‍ട്ട്‌ സെന്റ്‌ മേരി, ധാന്യ വിപണന കേന്ദ്രമായ തണ്ടർബേ എന്നിവയാണ്‌ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവ. തെക്കന്‍ സമതലങ്ങളിൽ അരലക്ഷത്തിലേറെ ജനസംഖ്യയുള്ള നിരവധി നഗരങ്ങള്‍ വളർന്നിട്ടുണ്ട്‌. നയാഗ്രാഫാള്‍സ്‌, സെന്റ്‌ കാതറീന്‍സ്‌, കിങ്‌സ്റ്റണ്‍, പീറ്റർബറോ, ഗ്വള്‍ഫ്‌, കിച്ചനെർ, ലണ്ടന്‍, വിന്‍ഡ്‌സർ, ഹാമിൽട്ടണ്‍, ടൊറെന്റോ, ഒട്ടാവ എന്നിവയാണ്‌ പ്രമുഖ നഗരങ്ങള്‍. കാനഡയുടെ തലസ്ഥാനമായ ഒട്ടാവ ആണ്‌ ഒണ്ടാറിയോയിലെ ഏറ്റവും വലിയ നഗരം. രണ്ടാം സ്ഥാനം പ്രവിശ്യാതലസ്ഥാനവും വാണിജ്യകേന്ദ്രവുമായ ടൊറെന്റോയ്‌ക്കാണ്‌. മൂന്നാമത്തെ നഗരമായ ഹാമിൽട്ടണ്‍ ഒരു വ്യവസായ കേന്ദ്രമാണ്‌; ഇരുമ്പുരുക്ക്‌, തുണി, യന്ത്രാപകരണങ്ങള്‍ എന്നിവയുടെ നിർമാണം ഇവിടെ വന്‍തോതിൽ നടന്നുവരുന്നു. യു.എസ്സിലെ ഡിട്രായിറ്റിന്‌ എതിർകരയിലായി സ്ഥിതിചെയ്യുന്ന വിന്‍ഡ്‌സർ, വാഹന നിർമാണകേന്ദ്രമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു.

2004-ലെ കണക്കുകളനുസരിച്ച്‌ ഒണ്ടാറിയോ കാനഡയിലെ മുഖ്യനിർമാണ കേന്ദ്രമാണ്‌. 2009-ൽ ഒണ്ടാറിയോ പ്രവിശ്യക്കാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും അവിടെത്തന്നെയാണ്‌ ഉത്‌പാദിപ്പിച്ചത്‌. ലോകത്തിലെ രണ്ടാമത്തെ വലുപ്പമേറിയ ന്യൂക്ലിയർ പ്ലാന്റായ ബ്രൂസ്‌ ന്യൂക്ലിയർ ജനറേറ്റിങ്‌ ഒണ്ടാറിയോയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. രാഷ്‌ട്രീയം. ടൊറന്റോയിലെ ക്യൂയിന്‍സ്‌ പാർക്കാണ്‌ ഒണ്ടാറിയോയുടെ ഭരണകേന്ദ്രം. 1990-ലെ ലെജിസ്ലേറ്റീവ്‌ അസംബ്ലി ആക്‌റ്റ്‌ അനുസരിച്ച്‌ ലെജിസ്ലേച്ചേർസ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നവർ ഇപ്പോള്‍ മെമ്പേഴ്‌സ്‌ ഒഫ്‌ പ്രാവിന്‍ഷ്യൽ പാർലമെന്റ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പ്രിമിയർ ആണ്‌ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്‌. ജനാധിപത്യം നിലനില്‌ക്കുന്ന ഒണ്ടാറിയോയിൽ അനേകം രാഷ്‌ട്രീയ പാർട്ടികള്‍ പ്രവർത്തിക്കുന്നു. ഒണ്ടാറിയോ ലിബറൽ പാർട്ടി, പ്രാഗ്രസ്സീവ്‌ കണ്‍സർവേറ്റീവ്‌ പാർട്ടി ഒഫ്‌ ഒണ്ടാറിയോ, ഒണ്ടാറിയോ ന്യൂഡമോക്രാറ്റിക്‌ പാർട്ടി എന്നിവയാണ്‌ മാറിമാറി ഭരണം നടത്തുന്നത്‌. പ്രീമിയർ ആയ ഡാള്‍ടണ്‍ മക്‌ഗ്വിന്റിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ 2003, 2007, 2011 വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടത്‌. ഒണ്ടാറിയോ തടാകം. വടക്കേഅമേരിക്കയിലെ ഗ്രറ്റ്‌ ലേക്‌സ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുത്‌. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്‌തീർണം 19,425 ച.കി.മീ. ആണ്‌. 309 കി.മീ. നീളത്തിൽ സമുദ്രനിരപ്പിന്‌ 75 മീ. ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 237 മീ. ആയി നിർണയിക്കപ്പട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു.എസ്‌. സംസ്ഥാനമായ ന്യൂയോർക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയർ, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി എന്നീ തടാകങ്ങളിൽ നിന്ന്‌ ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ്‌ ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്‌. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രന്റ്‌, യു.എസ്സിലെ ജെനീസി, ഒസ്‌വീഗോ, ബ്ലാക്ക്‌ എന്നീ നദികള്‍ ഒണ്ടാറിയോയിലാണു പതിക്കുന്നത്‌.

മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗതക്ഷമമായി വർത്തിക്കുന്നു. സെന്റ്‌ ലോറന്‍സിലൂടെ അത്‌ലാന്തിക്‌ സമുദ്രവുമായും ന്യൂയോർക്ക്‌-ബാർജ്‌ കനാൽവഴി ഗ്രറ്റ്‌ലേക്‌സ്‌ ശൃംഖലയിലെ മറ്റു തടാകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത്‌ നിരവധി തുറമുഖങ്ങള്‍ വളർന്നിട്ടുണ്ട്‌. തടാകതീരം പൊതുവേ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാർഷിക മേഖലയാണ്‌. ഫലവർഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത്‌ വന്‍തോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങള്‍ മിക്കവയും വന്‍കിട വ്യവസായകേന്ദ്രങ്ങളാണ്‌. കാനഡയിലെ ടൊറന്റോ, ഹാമിൽട്ടണ്‍, കിങ്‌സ്റ്റണ്‍, യു.എസ്സിലെ റോച്ചസ്റ്റർ എന്നിവയാണ്‌ പ്രമുഖ തുറമുഖങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍