This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒണ്ടാറിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒണ്ടാറിയോ

Ontario

ദക്ഷിണ കാനഡയില്‍ ഏതാണ്ട്‌ മധ്യഭാഗത്തുള്ള ഒരു പ്രവിശ്യ. വടക്ക്‌ ഹഡ്‌സണ്‍, ജയിംസ്‌ എന്നീ ഉള്‍ക്കടലുകളുടെ തീരങ്ങളെ സ്‌പര്‍ശിച്ചുകിടക്കുന്ന ഒണ്ടാറിയോയുടെ പടിഞ്ഞാറ്‌ മാനിട്ടോബാ പ്രവിശ്യയും കിഴക്ക്‌ ക്യൂബെക്‌ പ്രവിശ്യയും സ്ഥിതിചെയ്യുന്നു. തെക്ക്‌ ഇത്‌ യു.എസ്‌. സംസ്ഥാനങ്ങളായ മിനിസോട്ട, മിഷിഗണ്‍, ഓഹിയോ, പെന്‍സില്‍വേനിയ, ന്യൂയോര്‍ക്ക്‌ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. പ്രവിശ്യയുടെ വിസ്‌തീര്‍ണം 10,68,587 ച.കി.മീ. ആണ്‌. രാജ്യതലസ്ഥാനമായ ഒട്ടാവ, കൂടാതെ ഹാമില്‍ട്ടണ്‍, വിന്‍ഡ്‌സര്‍, ലണ്ടന്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളുമുള്‍ക്കൊള്ളുന്ന പ്രവിശ്യയില്‍ കാനഡയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുണ്ട്‌. ജനസംഖ്യ: 13,210,667 (2010). തലസ്ഥാനം ടൊറെന്റോ.

ഭൂവിവരണം. ഒണ്ടാറിയോയുടെ ഏറിയഭാഗത്തും കനേഡിയന്‍ ഷീല്‍ഡില്‍പ്പെട്ട അതിപ്രാചീനങ്ങളായ ശിലാക്രമങ്ങള്‍ കാണപ്പെടുന്നു. കാംബ്രിയന്‍ കല്‌പത്തിനുമുമ്പ്‌ ഉരുത്തിരിഞ്ഞിട്ടുള്ള ഈ പാറയടരുകള്‍ പരല്‍ ഘടനയുള്ളതും കടുപ്പം കൂടിയതുമാണ്‌. പ്രവിശ്യയുടെ തെക്കരികിലെ ഹ്യൂറണ്‍, ഈറി എന്നീ തടാകങ്ങളുടെ മധ്യത്ത്‌ ത്രിഭുജാകൃതിയില്‍ കിടക്കുന്ന പ്രദേശവും സെന്റ്‌ ലോറന്‍സ്‌ നദീതടവും ചേര്‍ന്ന മേഖലയില്‍ പാലിയോസോയിക്‌ കല്‌പത്തിലേതായ അവസാദശിലകളുടെ തിരശ്ചീന പടലങ്ങളാണുള്ളത്‌; ഇവിടെ ചുണ്ണാമ്പുകല്ല്‌, ഷെയ്‌ല്‍ എന്നീയിനം ശിലകള്‍ക്കാണു പ്രാമുഖ്യം. ഒണ്ടാറിയോയുടെ ഏറിയ ഭാഗവും പ്രാക്കാലത്ത്‌ ഹിമാതിക്രമണത്തിനു വിധേയമായിട്ടുള്ളതാണ്‌; ഹിമാനികളുടെ പിന്‍വാങ്ങലിനെത്തുടര്‍ന്ന്‌ രൂപംകൊണ്ട ചെറുതും വലുതുമായ ശതക്കണക്കിനു തടാകങ്ങള്‍ പ്രവിശ്യയെമ്പാടും കാണാം. ഹഡ്‌സണ്‍ ഉള്‍ക്കടലിലേക്കൊഴുകുന്ന നിരവധി ചെറുനദികളും ഹിമാനീഭവങ്ങളാണ്‌.

ഒണ്ടാറിയോയിലെ നയാഗ്രാ വെള്ളച്ചാട്ടം

ഒണ്ടാറിയോയിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം 50 സെന്റിമീറ്ററിലേറെയാണ്‌; തെക്കന്‍ ഭാഗങ്ങളില്‍ മഴയുടെ തോത്‌ 75 സെന്റിമീറ്ററില്‍ കൂടുതലുമാണ്‌. പ്രവിശ്യയുടെ ഉത്തരഭാഗങ്ങളില്‍ ആര്‍ട്ടിക്‌ മാതൃകയിലുള്ള അതിശീതകാലാവസ്ഥയാണുള്ളത്‌. തെക്കേപ്പകുതിയില്‍ ശീതകാലത്തു കടുത്ത തണുപ്പ്‌ അനുഭവപ്പെടുന്നുവെങ്കിലും ഉഷ്‌ണകാലം ദീര്‍ഘവും ചൂടുകൂടിയതുമാണ്‌. ആണ്ടില്‍ നാലു മാസക്കാലം ഹിമബാധയില്ലാത്തതായിട്ടുണ്ട്‌.

പ്രവിശ്യയുടെ ഉത്തരഭാഗങ്ങള്‍ സസ്യവിരളമായ തുന്ദ്രയാണ്‌; മറ്റു ഭാഗങ്ങളില്‍ കുറ്റിക്കാടുകളും തുറസ്സായ വനങ്ങളും. സ്‌പ്രൂസ്‌, ബെര്‍ച്ച്‌, പോപ്ലാര്‍ എന്നിവയാണ്‌ ഇവിടെ സാര്‍വത്രികമായി കാണുന്ന സസ്യങ്ങള്‍. തെക്കരികിലുള്ള താഴ്‌വാരങ്ങളില്‍ പത്രപാതിവനങ്ങള്‍ കാണപ്പെടുന്നു; മേപ്പിള്‍, ബീച്ച്‌ എന്നീ വൃക്ഷങ്ങള്‍ക്കാണ്‌ ഇവിടെ പ്രാമുഖ്യം. പ്രവിശ്യയുടെ മൂന്നില്‍ രണ്ടുഭാഗവും സമ്പദ്‌പ്രധാനങ്ങളായ വനങ്ങളാണ്‌.

പ്രവിശ്യയിലെ ഏറ്റവും വലുതും കാനഡയുടെ തലസ്ഥാനവുമായ ഒട്ടാവ നഗരം

പൊതുവേ ധാതുസമ്പന്നമായ ഒരു മേഖലയാണ്‌ ഒണ്ടാറിയോ; നിക്കല്‍, ചെമ്പ്‌, ഇരുമ്പ്‌, നാകം, സ്വര്‍ണം, യൂറേനിയം എന്നിവയുടെ അയിരുകള്‍ ഉത്‌ഖനനം ചെയ്യപ്പെടുന്നു. മുന്‍കാലത്ത്‌ ലോകത്തിലെ നിക്കല്‍ ഉത്‌പാദനത്തിലെ മൂന്നില്‍ രണ്ടുഭാഗവും ഒണ്ടാറിയോയില്‍ ആണ്‌ ഖനനം ചെയ്‌തിരുന്നത്‌. മറ്റു രാജ്യങ്ങളില്‍ പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ ഈ അനുപാതത്തില്‍ കുറവ്‌ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടെ വന്‍തോതില്‍ നിക്കല്‍ ഉത്‌ഖനനം നടക്കുന്നുണ്ട്‌. കാനഡയില്‍ മൊത്തം ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തിലെ പകുതിയിലധികം പങ്കും ഈ പ്രവിശ്യയില്‍ നിന്നാണ്‌. വന്‍തോതില്‍ ഉത്‌ഖനനം ചെയ്‌തു വരുന്ന മറ്റൊരു ലോഹമാണ്‌ നാകം. സമ്പദ്‌ഘടന. മൊത്തം വിസ്‌തൃതിയുടെ 7.5 ശതമാനം വരുന്ന, തെക്കരികിലെ താഴ്‌വാരങ്ങള്‍ മാത്രമാണ്‌ ഒണ്ടാറിയോയിലെ കാര്‍ഷികമേഖല; ഈ മേഖലയുടെ 1/3 ഭാഗത്ത്‌ ഇന്നും കൃഷി ചെയ്യപ്പെടുന്നില്ല. ശേഷിച്ചതില്‍ നല്ലൊരുഭാഗം മേച്ചില്‍പ്പുറങ്ങളായി ഉപയോഗിക്കപ്പെടുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ പകുതിയോളം മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളു. ഹേ (hay)ആണ്‌ മുഖ്യവിള. ഓട്‌സ്‌, മെയ്‌സ്‌ (ചോളം), ബാര്‍ലി, സോയാതുവര, പയറുവര്‍ഗങ്ങള്‍ എന്നിവയാണ്‌ മറ്റുവിളകള്‍. ഇവയൊക്കെത്തന്നെ കാലിത്തീറ്റയായിട്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഗോതമ്പുകൃഷി നന്നേ കുറവാണ്‌. നാണ്യവിളയെന്ന നിലയില്‍ പുകയില ഉത്‌പാദിപ്പിക്കുവാനും മുന്തിരി, പീച്ച്‌, ആപ്പിള്‍ തുടങ്ങിയ ഫലങ്ങളും പച്ചക്കറികളും വിളയിക്കുവാനും ഉള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. കാലിവളര്‍ത്തല്‍ സാമാന്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു; പ്രവിശ്യയൊട്ടാകെ 30 ലക്ഷം കാലികളും 10 ലക്ഷം പന്നികളും വളര്‍ത്തപ്പെടുന്നു. കാലികളില്‍ മൂന്നിലൊന്നോളം കറവപ്പശുക്കളാണ്‌. ഗവ്യോത്‌പാദനം പ്രവൃദ്ധമായി വരുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.

ഭരണസിരാകേന്ദ്രമായ ക്യൂയിന്‍സ്‌ പാര്‍ക്ക്‌

നയാഗ്രാ വെള്ളച്ചാട്ടമുള്‍പ്പെട നിരവധി കേന്ദ്രങ്ങളില്‍നിന്ന്‌ ജലവൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്നു. ടൊറെന്റോയിലെ അണുവൈദ്യുത നിലയവും പുറമേ അനേകം താപവൈദ്യുതകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. മൊത്തം വൈദ്യുതി ഉത്‌പാദനം പ്രതിവര്‍ഷം 10,400 മെഗാവാട്ട്‌ ആണ്‌. ഒണ്ടാറിയോയുടെ ദക്ഷിണഭാഗം കാനഡയിലെ മുന്തിയ വ്യവസായ മേഖലയാണ്‌; ഇരുമ്പുരുക്ക്‌, വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, വൈദ്യുത-ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. എണ്ണശുദ്ധീകരണം; പെട്രാളിയം, പെട്രാകെമിക്കല്‍ എന്നിവയുടെ ഉത്‌പാദനം; രാസവള നിര്‍മാണം എന്നിവയും പ്രധാന വ്യവസായങ്ങളില്‍പ്പെടുന്നു. കൃത്രിമ റബ്ബറും വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. പ്രാദേശികമായി സുലഭമായ അസംസ്‌കൃത വസ്‌തുക്കളെ ആശ്രയിച്ച്‌ ഭക്ഷ്യസംസ്‌കരണം, കാനിങ്‌, പള്‍പ്പ്‌, കടലാസ്‌ എന്നിവയുടെ നിര്‍മാണം തുടങ്ങിയ വിവിധ വ്യവസായങ്ങള്‍ ഒണ്ടാറിയോയിലെമ്പാടും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

പ്രവിശ്യയുടെ ദക്ഷിണഭാഗത്താണ്‌ നഗരാധിവാസം വര്‍ധിച്ചുകാണുന്നത്‌. ഇതരഭാഗങ്ങളില്‍ ചുരുക്കം നഗരങ്ങളേ ഉള്ളൂ; സഡ്‌ബറി, ഇരുമ്പുരുക്കു വ്യവസായ കേന്ദ്രമായ സാള്‍ട്ട്‌ സെന്റ്‌ മേരി, ധാന്യ വിപണന കേന്ദ്രമായ തണ്ടര്‍ബേ എന്നിവയാണ്‌ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ. തെക്കന്‍ സമതലങ്ങളില്‍ അരലക്ഷത്തിലേറെ ജനസംഖ്യയുള്ള നിരവധി നഗരങ്ങള്‍ വളര്‍ന്നിട്ടുണ്ട്‌. നയാഗ്രാഫാള്‍സ്‌, സെന്റ്‌ കാതറീന്‍സ്‌, കിങ്‌സ്റ്റണ്‍, പീറ്റര്‍ബറോ, ഗ്വള്‍ഫ്‌, കിച്ചനെര്‍, ലണ്ടന്‍, വിന്‍ഡ്‌സര്‍, ഹാമില്‍ട്ടണ്‍, ടൊറെന്റോ, ഒട്ടാവ എന്നിവയാണ്‌ പ്രമുഖ നഗരങ്ങള്‍. കാനഡയുടെ തലസ്ഥാനമായ ഒട്ടാവ ആണ്‌ ഒണ്ടാറിയോയിലെ ഏറ്റവും വലിയ നഗരം. രണ്ടാം സ്ഥാനം പ്രവിശ്യാതലസ്ഥാനവും വാണിജ്യകേന്ദ്രവുമായ ടൊറെന്റോയ്‌ക്കാണ്‌. മൂന്നാമത്തെ നഗരമായ ഹാമില്‍ട്ടണ്‍ ഒരു വ്യവസായ കേന്ദ്രമാണ്‌; ഇരുമ്പുരുക്ക്‌, തുണി, യന്ത്രാപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം ഇവിടെ വന്‍തോതില്‍ നടന്നുവരുന്നു. യു.എസ്സിലെ ഡിട്രായിറ്റിന്‌ എതിര്‍കരയിലായി സ്ഥിതിചെയ്യുന്ന വിന്‍ഡ്‌സര്‍, വാഹന നിര്‍മാണകേന്ദ്രമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു.

2004-ലെ കണക്കുകളനുസരിച്ച്‌ ഒണ്ടാറിയോ കാനഡയിലെ മുഖ്യനിര്‍മാണ കേന്ദ്രമാണ്‌. 2009-ല്‍ ഒണ്ടാറിയോ പ്രവിശ്യക്കാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും അവിടെത്തന്നെയാണ്‌ ഉത്‌പാദിപ്പിച്ചത്‌. ലോകത്തിലെ രണ്ടാമത്തെ വലുപ്പമേറിയ ന്യൂക്ലിയര്‍ പ്ലാന്റായ ബ്രൂസ്‌ ന്യൂക്ലിയര്‍ ജനറേറ്റിങ്‌ ഒണ്ടാറിയോയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. രാഷ്‌ട്രീയം. ടൊറന്റോയിലെ ക്യൂയിന്‍സ്‌ പാര്‍ക്കാണ്‌ ഒണ്ടാറിയോയുടെ ഭരണകേന്ദ്രം. 1990-ലെ ലെജിസ്ലേറ്റീവ്‌ അസംബ്ലി ആക്‌റ്റ്‌ അനുസരിച്ച്‌ ലെജിസ്ലേച്ചേര്‍സ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ മെമ്പേഴ്‌സ്‌ ഒഫ്‌ പ്രാവിന്‍ഷ്യല്‍ പാര്‍ലമെന്റ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പ്രിമിയര്‍ ആണ്‌ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്‌. ജനാധിപത്യം നിലനില്‌ക്കുന്ന ഒണ്ടാറിയോയില്‍ അനേകം രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ഒണ്ടാറിയോ ലിബറല്‍ പാര്‍ട്ടി, പ്രാഗ്രസ്സീവ്‌ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി ഒഫ്‌ ഒണ്ടാറിയോ, ഒണ്ടാറിയോ ന്യൂഡമോക്രാറ്റിക്‌ പാര്‍ട്ടി എന്നിവയാണ്‌ മാറിമാറി ഭരണം നടത്തുന്നത്‌. പ്രീമിയര്‍ ആയ ഡാള്‍ടണ്‍ മക്‌ഗ്വിന്റിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ 2003, 2007, 2011 വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. ഒണ്ടാറിയോ തടാകം. വടക്കേഅമേരിക്കയിലെ ഗ്രറ്റ്‌ ലേക്‌സ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു തടാകങ്ങളില്‍ ഏറ്റവും ചെറുത്‌. ശുദ്ധജലതടാകമായ ഒണ്ടാറിയോയുടെ വിസ്‌തീര്‍ണം 19,425 ച.കി.മീ. ആണ്‌. 309 കി.മീ. നീളത്തില്‍ സമുദ്രനിരപ്പിന്‌ 75 മീ. ഉയരെയായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി ആഴം 237 മീ. ആയി നിര്‍ണയിക്കപ്പട്ടിരിക്കുന്നു. തടാകത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യയും തെക്കും കിഴക്കും യു.എസ്‌. സംസ്ഥാനമായ ന്യൂയോര്‍ക്കും സ്ഥിതിചെയ്യുന്നു. സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി എന്നീ തടാകങ്ങളില്‍ നിന്ന്‌ ജലം വഹിച്ചെത്തുന്ന നയാഗ്രാ നദിയാണ്‌ ഒണ്ടാറിയോ തടാകത്തെ പോഷിപ്പിക്കുന്നത്‌. കാനഡയിലൂടെ തെക്കോട്ടൊഴുകുന്ന ട്രന്റ്‌, യു.എസ്സിലെ ജെനീസി, ഒസ്‌വീഗോ, ബ്ലാക്ക്‌ എന്നീ നദികള്‍ ഒണ്ടാറിയോയിലാണു പതിക്കുന്നത്‌.

മിക്ക മാസങ്ങളിലും ഈ തടാകം ഗതാഗതക്ഷമമായി വര്‍ത്തിക്കുന്നു. സെന്റ്‌ ലോറന്‍സിലൂടെ അത്‌ലാന്തിക്‌ സമുദ്രവുമായും ന്യൂയോര്‍ക്ക്‌-ബാര്‍ജ്‌ കനാല്‍വഴി ഗ്രറ്റ്‌ലേക്‌സ്‌ ശൃംഖലയിലെ മറ്റു തടാകങ്ങളുമായും ഇതര നദികളുമായും ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഒണ്ടാറിയോയുടെ തീരത്ത്‌ നിരവധി തുറമുഖങ്ങള്‍ വളര്‍ന്നിട്ടുണ്ട്‌. തടാകതീരം പൊതുവേ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന കാര്‍ഷിക മേഖലയാണ്‌. ഫലവര്‍ഗങ്ങളും മലക്കറിയിനങ്ങളും ഈ പ്രദേശത്ത്‌ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഒണ്ടാറിയോ തുറമുഖങ്ങള്‍ മിക്കവയും വന്‍കിട വ്യവസായകേന്ദ്രങ്ങളാണ്‌. കാനഡയിലെ ടൊറന്റോ, ഹാമില്‍ട്ടണ്‍, കിങ്‌സ്റ്റണ്‍, യു.എസ്സിലെ റോച്ചസ്റ്റര്‍ എന്നിവയാണ്‌ പ്രമുഖ തുറമുഖങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍