This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡീസിയൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒഡീസിയൂസ്‌

Odysseus

ഗ്രീക്ക്‌ കവിയായ ഹോമറിന്റെ ഒഡീസി എന്ന ഇതിഹാസ കാവ്യത്തിലെ നായകന്‍. ഔലിക്‌സെസ്‌ എന്ന്‌ പ്രാചീനഗ്രീക്കിലും യൂലിസസ്സ്‌ എന്ന്‌ ലത്തീനിലും അറിയപ്പെടുന്നു. ഇത്താക്കയിലെ രാജാവായ ലേയര്‍ട്ടസിന്റെയും ആന്റിക്ലിയയുടെയും പുത്രനായ ഒഡീസിയൂസ്‌ ഊര്‍ജസ്വലനും തന്ത്രശാലിയുമായ യോദ്ധാവാണ്‌. മെനിലോസിന്റെ പത്‌നിയായിത്തീര്‍ന്ന വിശ്വസുന്ദരിയായ ഹെലനെ കാമിച്ചെങ്കിലും അതു സാധിക്കാതെ വന്നപ്പോള്‍ സ്‌പാര്‍ട്ടയിലെ പെനിലോപ്പിയെ വിവാഹം ചെയ്‌തു. ഇദ്ദേഹത്തിന്‌ പെനിലോപ്പിയില്‍ ജനിച്ച പുത്രനാണ്‌ ടെലിമാക്കസ്‌. സാഹസികയാത്രയില്‍ സിര്‍സ്‌ എന്ന സുന്ദരിയില്‍ ടെലിഗോണസ്‌ എന്ന ഒരു പുത്രനും ജനിച്ചു. ഹോമറിന്റെ മറ്റൊരു പുരാണകാവ്യമായ ഇലിയഡിലും ഇദ്ദേഹം ഒരു പ്രധാനകഥാപാത്രമാണ്‌. സാഹസികാനുഭവങ്ങളുടെ പര്യായമാണ്‌ ഒഡീസിയൂസിന്റെ ജീവിതം. മെനിലോസിന്റെ ഭാര്യയായ ഹെലനെ പാരീസ്‌ തട്ടിക്കൊണ്ടുപോകുകയും അവളെ വീണ്ടെടുക്കാന്‍ അഗമെമ്‌നന്റെ നേതൃത്വത്തില്‍ ഗ്രീക്കു രാജാക്കന്മാര്‍ സൈന്യസമേതം ട്രായിയിലേക്കു തിരിക്കുകയും ചെയ്യുന്നതോടെയാണ്‌ ഒഡീസിയൂസിന്റെ നീണ്ട സാഹസിക ജീവിതത്തിനു തുടക്കം കുറിക്കുന്നത്‌. പരസ്‌പരം നീരസത്തില്‍ കഴിഞ്ഞിരുന്ന സ്വപക്ഷീയരായ അക്കിലസിനെയും അഗമെമ്‌നനിനെയും അനുരഞ്‌ജിപ്പിക്കുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. ഒരു വലിയ മരക്കുതിരയെ നിര്‍മിച്ച്‌ അതില്‍ ഒളിപ്പിച്ച ഭടന്മാരുമായി ശത്രുനഗരമായ ട്രായി പിടിച്ചെടുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതിലും പ്രാവര്‍ത്തികമാക്കിയതിലും ഇദ്ദേഹത്തിനു നല്ല പങ്കുണ്ടായിരുന്നു. ഹെലനെ വീണ്ടെടുക്കാന്‍ നടത്തിയ ട്രാജന്‍ യുദ്ധത്തില്‍ മറ്റു ഗ്രീക്കു യുദ്ധവീരന്മാരോടൊപ്പം ഒഡീസിയൂസും പങ്കെടുത്ത്‌ വീരപരാക്രമങ്ങള്‍കൊണ്ട്‌ വിശ്വവിഖ്യാതനായി. ഈ യുദ്ധത്തില്‍ മഹാശൂരനായിരുന്ന അക്കിലസ്‌ വീരസ്വര്‍ഗം പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പടച്ചട്ടയ്‌ക്കുവേണ്ടി ഒഡീസിയൂസും അജാക്‌സും തമ്മില്‍ മത്സരമുണ്ടായി. എന്നാല്‍ അവസാനതീരുമാനത്തില്‍ ഒഡീസിയൂസിനുതന്നെ അതു ലഭിച്ചു. പാരീസിനെ എതിരിട്ടു ജയിക്കാന്‍ ലെമ്‌നോസ്‌ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ഫിലക്‌ ട്വീറ്റിസിനെ അനുനയിപ്പിച്ചുകൂട്ടിക്കൊണ്ടു വരികയെന്ന തന്ത്രപരമായ കൃത്യം ഏറ്റെടുത്തത്‌ ഒഡീസിയൂസാണ്‌.

ട്രായിയില്‍ നിന്ന്‌ ഇത്താക്കയിലേക്കുള്ള മടക്കയാത്രയിലാണ്‌ ഒഡീസിയൂസിന്റെ സാഹസികത പൂര്‍ണമായും പ്രകടമാകുന്നത്‌. മടക്കയാത്രയില്‍ കാലിപ്‌സോ എന്ന ദേവത അയാളെ തടഞ്ഞുവയ്‌ക്കുകയും പിന്നീട്‌ സിയൂസിന്റെ നിര്‍ദേശപ്രകാരം വിട്ടയയ്‌ക്കുകയും ചെയ്‌തു. പോസിഡോണ്‍ സൃഷ്‌ടിച്ച കൊടുങ്കാറ്റില്‍ ഒഡീസിയൂസ്‌ സഞ്ചരിച്ചിരുന്ന ചങ്ങാടം നശിച്ചെങ്കിലും കടല്‍ ദേവതയായ ഈനോയുടെ കാരുണ്യത്താല്‍ കരയ്‌ക്കടിഞ്ഞു. അവിടെനിന്നു ഫീഷ്യയിലെ രാജകുമാരി നോസിക്ക അദ്ദേഹത്തെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫീഷ്യയിലെ രാജാവു നല്‌കുന്ന സത്‌കാരത്തിലാണ്‌ ഒഡീസിയൂസ്‌ തന്റെ സാഹസികയാത്രയിലെ അനുഭവങ്ങള്‍ വിവരിക്കുന്നത്‌. ഒഡീസിയൂസിന്റെ പൂര്‍വചരിത്രം മനസ്സിലാക്കിയ ഫീഷ്യന്‍ രാജാവ്‌ അദ്ദേഹത്തിന്‌ സ്വരാജ്യത്തേക്കു മടങ്ങാനുള്ള സൗകര്യം ചെയ്‌തുകൊടുത്തു. ഒഡീസിയൂസിന്റെ നിതാന്ത വൈരിയായ പോസിഡോണ്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കപ്പല്‍ പാറയാക്കി മാറ്റി. എന്നാല്‍ അഥീന ഒഡീസിയൂസിനെ ഒരു കിഴവന്‍ മുക്കുവന്റെ രൂപത്തിലാക്കി അവിടെനിന്നും രക്ഷപ്പെടുത്തി. ട്രായിയില്‍ നിന്നുള്ള മടക്കയാത്രയില്‍ അനുഭവിക്കേണ്ടിവന്ന കഷ്‌ടപ്പാടുകളും ഇദ്ദേഹത്തിന്റെ ധീരകൃത്യങ്ങളും ഹോമര്‍ ഹൃദയസ്‌പൃക്കായി ഒഡീസിയില്‍ വര്‍ണിച്ചിട്ടുണ്ട്‌.

നാട്ടില്‍ തിരിച്ചെത്തിയശേഷം 16 വര്‍ഷത്തോളം ഒഡീസിയൂസ്‌ രാജ്യം ഭരിച്ചു. ഇദ്ദേഹം ഭാര്യയായ പെനിലോപ്പിയുടെ പ്രമാര്‍ഥികളെ നശിപ്പിച്ച്‌ അവരെ വീണ്ടെടുത്തു. സിര്‍സയില്‍ ജനിച്ച ടെലിഗോണസ്‌ എന്ന പുത്രനാല്‍ ഇദ്ദേഹം അബദ്ധത്തില്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഹോമര്‍ ഈ കഥ വര്‍ണ്യവിഷയമാക്കിയിട്ടില്ല. യുഗഘോണിന്റെ ഇപ്പോള്‍ ലഭ്യമല്ലാത്ത ടെലിഗോണിയ എന്ന ഗ്രന്ഥത്തിലാണ്‌ പ്രസ്‌തുത സംഭവം വിവരിച്ചിട്ടുള്ളത്‌. ദാന്തെയുടെ ഇന്‍ഫര്‍ണോയിലും ഇക്കഥ അതിമനോഹരമായി ആഖ്യാനം ചെയ്‌തിട്ടുണ്ട്‌. ടെനിസന്റെ ഒഡീസിയൂസ്‌ എന്ന പ്രസിദ്ധകാവ്യത്തിന്‌ ആസ്‌പദവും ഈ കഥാഭാഗമാണ്‌. പാശ്ചാത്യ സാഹിത്യത്തില്‍ ഏറ്റവും കൂടുതലായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്‌ ഒഡീസിയൂസ്‌. ബോധധാരാസങ്കേതം (stream of consciousness) ഉപയോഗിച്ച്‌ ജെയിംസ്‌ ജോയ്‌സ്‌ രചിച്ച യൂലിസസ്സ്‌ (1922) എന്ന പ്രശസ്‌ത നോവലില്‍ ഒഡീസിയൂസിനെ ആധുനികരീതിയില്‍ സമാധാനകാംക്ഷിയായ ലിയോപോള്‍ഡ്‌ ബ്ലൂം എന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍