This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡിയ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഒഡിയ ഭാഷയും സാഹിത്യവും

ഇന്ത്യയിലെ പ്രധാനപ്പെട്ട 15 പ്രാദേശികഭാഷകളില്‍ ഒന്നാണ്‌ ഒഡിയ (ഒറിയ). ഇന്നത്തെ ഒഡിഷ സംസ്ഥാനത്തിലും അതിന്റെ സമീപപ്രദേശങ്ങളായ മധ്യപ്രദേശിന്റെ കിഴക്കന്‍ ജില്ലകള്‍, ബിഹാറിന്റെ തെക്കന്‍ ജില്ലകള്‍, പശ്ചിമബംഗാളിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍, ആന്ധ്രപ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഒഡിയഭാഷ സംസാരിക്കുന്നവരായി മൂന്നുകോടിയിലധികം ജനങ്ങളുണ്ട്‌.

ഭാഷ

ഒഡിയ ലിപി

ഒഡിയ, ഉഡിയ എന്നീ മൂലനാമങ്ങളിലറിയപ്പെടുന്ന ഭാഷയുടെ ആംഗലരൂപമാണ്‌ ഒറിയ. ഇതിന്റെ പ്രാക്തനതയെയും മറ്റു പ്രത്യേകതകളെയുംകുറിച്ച്‌ ദ്‌ കംപാരറ്റിവ്‌ ഗ്രാമര്‍ ഒഫ്‌ ഇന്ത്യന്‍ ലാങ്‌ഗ്വേജസ്‌ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജോണ്‍ ബീംസ്‌ ഇങ്ങനെ എഴുതുന്നു: "ഉപേന്ദ്രഭഞ്‌ജയുടെ കാലത്ത്‌ (17, 18 ശതകങ്ങള്‍) പ്രയോഗത്തിലിരുന്ന ഒഡിയഭാഷ തന്നെ ഇന്നും വ്യവഹാരത്തിലിരിക്കുന്നു. ബംഗാളിയെപ്പോലെ ഒഡിയയും ഇന്തോ-ജര്‍മന്‍ ഗോത്രത്തില്‍പ്പെട്ട മാഗധിവിഭാഗത്തിലെ ഒരംഗമാണ്‌. വടക്ക്‌ ഭോജ്‌പുരിയും തെക്ക്‌ ദ്രാവിഡഗോത്രത്തില്‍പ്പെട്ട തെലുഗുവും ഒഡിയയുടെ സീമകളായി വര്‍ത്തിക്കുന്നു. മധ്യപ്രദേശിലെ ഭാഷകളായ ഭാത്രിയുടെയും ഹാല്‍വിയുടെയും ഛത്തീസ്‌ഗഢിയുടെയും ദേശ്യഭേദങ്ങളുമായി ഒഡിയ ഇടകലര്‍ന്നിട്ടുണ്ട്‌. വ്യാകരണപരമായ കാര്യങ്ങളില്‍ ബംഗാളിയോട്‌ അടുത്തു നില്‌ക്കുന്നുവെങ്കിലും എഴുതുന്നതുപോലെ തന്നെ ഉച്ചരിക്കപ്പെടുന്നുവെന്ന പ്രത്യേകത ഒഡിയയ്‌ക്കുണ്ട്‌. ഇതരസംസ്ഥാനങ്ങളിലെപ്പോലെ ദേശ്യഭേദങ്ങള്‍ ഒഡിഷയില്‍ കാണാനില്ല'.

ലിപിവ്യവസ്ഥ

ഒഡിയയുടെ ലിപിവ്യവസ്ഥ പൊതുവേ ക്ലേശകരമാണെന്നൊരഭിപ്രായം ഇല്ലാതില്ല. ഭാരതത്തിലെ ഇതരഭാഷകളെ അപേക്ഷിച്ച്‌ ഒഡിയസാഹിത്യത്തിന്റെ പ്രചാരത്തിനു വിഘാതമായി നില്‌ക്കുന്ന ഒരു ഘടകമാണ്‌ ക്ലിഷ്‌ടമായ ഈ ലിപിവ്യവസ്ഥ; മുദ്രണാലയക്കാര്‍ക്കും ഇതൊരു പ്രശ്‌നമാണ്‌. ബി.സി. മൂന്നാം ശതകത്തില്‍ ബ്രാഹ്മി ലിപിസമ്പ്രദായത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞ്‌ കാലക്രമേണ വികാസം സംഭവിച്ചിട്ടുള്ളതാണ്‌ ഇന്നത്തെ ഒഡിയലിപി. തെക്കന്‍ കലിംഗലിപിയുടെയും ആദ്യകാല ബംഗാളിലിപിയുടെയും മാതൃകകളും പില്‍ക്കാലത്ത്‌ ഇതിനോട്‌ മേളിക്കുകയുണ്ടായി.

ഉത്‌പത്തി

പുരാതനകാലത്ത്‌ ഇന്ത്യയില്‍ ഒഡ്ര എന്ന ഒരു ജാതിവിഭാഗവും ഒഡ്രഭാഷയും നിലവിലിരുന്നു എന്നതിനു രേഖകള്‍ കിട്ടിയിട്ടുണ്ട്‌. ഇന്നത്തെ ഒഡിഷ സംസ്ഥാനത്ത്‌ ഒഡ്ര വിഭാഗക്കാരെക്കൂടാതെ ഉണ്ടായിരുന്ന മറ്റു രണ്ടു പ്രധാനശാഖകളായ കലിംഗരോ ഉത്‌കലരോ മറ്റൊരു ഭാഷ സംസാരിച്ചിരുന്നതായി അറിവില്ല. അതുകൊണ്ടുതന്നെ ആ പ്രദേശത്ത്‌ സംസാരത്തിലിരുന്ന ഭാഷ ഒഡ്ര ആണെന്ന്‌ അനുമാനിക്കാം. ഭരതന്റെ നാട്യശാസ്‌ത്രത്തില്‍ ഒഡ്ര ഒരു വിഭാഷ എന്ന നിലയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. ഏതോ നാട്ടുഭാഷയുമായിട്ടുണ്ടായ നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായി രൂപംകൊണ്ട സംസ്‌കൃതത്തിന്റെ ദേശ്യഭേദമായി ഇതിനെ കണക്കാക്കാം. മാര്‍ക്കണ്ഡേയ ദാസിന്റെ പ്രാകൃതസര്‍വസ്വത്തില്‍ ഒരു ചെറിയ ഉദ്ധരണിയുള്ളതൊഴിച്ചാല്‍ ഒഡ്രഭാഷയുടെ സാഹിത്യരൂപമൊന്നും ലഭ്യമല്ല. ഈ ഭാഷാഭാഗം ആധുനിക ഒഡിഷയുടെ സ്വഭാവവിശേഷങ്ങളോട്‌ വളരെയേറെ സാമ്യമുള്ളതാണ്‌. ആര്യന്മാര്‍ വളരെ നേരത്തെ ഒഡിഷയുടെ മണ്ണില്‍ പ്രവേശിക്കുകയുണ്ടായി. മഹാഭാരതത്തിന്റെ കാലമായപ്പോഴേക്കും ഒഡിഷയില്‍ പല തീര്‍ഥാടനകേന്ദ്രങ്ങളും രൂപംപൂണ്ടു കഴിഞ്ഞിരുന്നു. മഹാഭാരതത്തിനു വളരെ മുമ്പുതന്നെ ബ്രാഹ്മണസംസ്‌കാരം അവിടെ വേരോടിയിരുന്നു എന്നതിന്റെ തെളിവാണ്‌ ഇത്‌. ബ്രാഹ്മണമേധാവിത്വം ഒഡിഷയിലെ സാധാരണക്കാരുടെ സംസാരഭാഷയെ പുച്ഛിച്ചുതള്ളി. അതുകൊണ്ടുതന്നെ ഒഡ്രയ്‌ക്ക്‌ സാഹിത്യരൂപവും മറ്റും ഇല്ലാതെയായി. പ്രധാനമായും ആര്യന്മാരായ ജന്മിമാരും സാധാരണക്കാരായ നാട്ടുകാരും തമ്മില്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന വാമൊഴി മാത്രമായി ഒഡ്ര നിലകൊള്ളുകയാണ്‌ ചെയ്‌തത്‌. അശോകന്റെ ഭരണകാലത്ത്‌ മാഗധിപ്രാകൃതം എന്നൊരു ഭാഷ നിലനിന്നിരുന്നതായി ചില ചരിത്രപരാമര്‍ശങ്ങള്‍ ഉണ്ട്‌. ഈ മാഗധിപ്രാകൃതത്തില്‍ നിന്നോ, സംസ്‌കൃത പ്രാകൃതത്തില്‍നിന്നോ ആയിരിക്കണം അസമിയ, ബംഗാളി, ഒഡിയ തുടങ്ങിയ കിഴക്കന്‍ ഭാരതീയ ഭാഷകള്‍ ഉരുത്തിരിഞ്ഞതെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്‌. അശോകന്റെ ഭരണകാലത്തെ ശിലാശാസനങ്ങളും മറ്റും എഴുതപ്പെട്ടിട്ടുള്ളത്‌ നാട്യശാസ്‌ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒഡ്രഭാഷയില്‍നിന്നു വ്യത്യസ്‌തമായ ഭാഷയിലായിരിക്കാം. ചിലപ്പോള്‍ ഒഡ്രവിഭാഗക്കാരുടെയും കലിംഗരുടെയും നാട്ടിലെ ആദ്യത്തെ സാഹിത്യരൂപവുമായിരുന്നിരിക്കാം ഇത്‌.

പ്രാചീനമാതൃകകള്‍

ഭാഷാശാസ്‌ത്രപരമായി നോക്കുമ്പോള്‍ "ഖാരവേല ഹാഥിഗുംഫാ' ശാസനം അശോകന്റെ ശാസനങ്ങളില്‍നിന്നു ഭിന്നമാണെന്നു കാണാം; തന്നെയുമല്ല, ആധുനിക ഒഡിഷയയുമായി അതു കൂടുതല്‍ സാമ്യം പുലര്‍ത്തുകയും ചെയ്യുന്നു. ഒഡിയഭാഷയുടെ ആദ്യകാല സാഹിത്യമാതൃകയായി ഈ ഖാരവേലശാസനത്തെ കണക്കാക്കാമെന്നാണ്‌ ചില പണ്ഡിതന്മാരുടെ പക്ഷം, മാത്രവുമല്ല ഹാഥിഗുംഫാ ശാസനത്തിലെ ഭാഷ, അശോക ശാസനത്തെ അപേക്ഷിച്ച്‌ സാഹിത്യമയമാണുതാനും. ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വിഹാരരംഗമായിരുന്ന ഒഡിഷയില്‍, കുറഞ്ഞത്‌ ആയിരം വര്‍ഷക്കാലമെങ്കിലും പാലിഭാഷ നിലനിന്നിരിക്കണം എന്നൊരഭിപ്രായമുണ്ട്‌. പ്രധാനപ്പെട്ട പ്രാകൃത (പാലി) വ്യാകരണ ഗ്രന്ഥമായ പ്രാകൃത സര്‍വസ്വത്തിന്റെ കര്‍ത്താവ്‌ മാര്‍ക്കണ്ഡേയദാസ്‌ ഒഡിഷക്കാരനാണ്‌. ഖാരവേലന്റെ "ഹാഥി ഗുംഫാ ശാസനം' മാത്രമാണ്‌ ഭാരതത്തിലൊട്ടാകെയുള്ള ഏക പാലിശാസനം. ഇക്കാരണങ്ങളാല്‍ പാലിഭാഷ ഒഡിഷ(കലിംഗ)യില്‍ നിലവിലിരുന്നുവെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. കലിംഗനാട്ടില്‍ നിന്നാണ്‌ പാലിഭാഷ സിലോണിലെത്തിയതെന്നും പറയപ്പെടുന്നു. പ്രശസ്‌ത ജര്‍മന്‍ ഇന്തോളിസ്റ്റായ ഓള്‍ഡന്‍ ബര്‍ഗണ്ടി ആണ്‌ ഈ നിഗമനത്തിന്റെ ഉപജ്ഞാതാവ്‌. ചൈനീസ്‌ സഞ്ചാരിയായ ഹുയാന്‍ സാങ്ങിന്റെ ഡയറിക്കുറിപ്പുകളില്‍ ഒഡിഷയിലെ ഭാഷ ഭാരതത്തിന്റെ മധ്യപ്രദേശങ്ങളിലെ ഭാഷയില്‍നിന്നു വ്യത്യസ്‌തമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. ബ്രാഹ്മണമേധാവിത്വത്തിന്റെ നവോത്ഥാനകാലഘട്ടത്തില്‍ ഭരണാധികാരികള്‍ സംസ്‌കൃതത്തിന്റെ പരിപുഷ്‌ടിക്കായി പ്രവര്‍ത്തിക്കുകയുണ്ടായി. ഈ കാലഘട്ടത്തില്‍ ഒഡിഷയിലെ സാധാരണക്കാരായ ആളുകളും ബുദ്ധിമാന്മാരായ ബുദ്ധമതാനുയായികളും ചേര്‍ന്ന്‌ അന്നുവരെ അപഭ്രംശം മാത്രമായിരുന്ന നാട്ടുഭാഷയെ പോഷിപ്പിക്കാന്‍ തുടങ്ങി. അശോകശാസനങ്ങളെക്കാളും "ഹാഥിഗുംഫാ ശാസനങ്ങളെ'ക്കാളും ആധുനിക ഒഡിയയോട്‌ ആത്മബന്ധം പുലര്‍ത്തുന്നത്‌ ഈ ഭാഷയാണ്‌.

മാഗധിപ്രാകൃതം, അശോകശാസനങ്ങളിലെ കിഴക്കന്‍ ഉപഭാഷ എന്നിവയുടെ ഇടയ്‌ക്കുള്ള അന്തിമരൂപത്തിലുള്ള വൈദികഭാഷയില്‍നിന്നാണ്‌ ഒഡിയയുടെ ഉത്‌ഭവം എന്ന പ്രബലമായ ഒരഭിപ്രായവും നിലവിലുണ്ട്‌. 13-ാം ശ. വരെ പ്രാകൃതരൂപത്തിലായിരുന്ന ഹിന്ദിയും അതിന്റെ ഉപഭാഷകളായ പഞ്ചാബി, ഗുജറാത്തി തുടങ്ങിയ ഭാഷകളും പിന്നീടാണ്‌ ആധുനിക ഭാഷകളായി ഉരുത്തിരിഞ്ഞത്‌. ഒഡിയ 14-ാം ശതകത്തോടുകൂടി അതിന്റെ പരിവര്‍ത്തനഘട്ടം പൂര്‍ത്തിയാക്കിയതായി കരുതേണ്ടിയിരിക്കുന്നു.

സാഹിത്യം

ബൗദ്ധസ്‌തോത്രങ്ങള്‍

ഒഡിയാസാഹിത്യത്തിന്റെ പ്രാരംഭം എട്ട്‌, ഒന്‍പത്‌ ശതകങ്ങളോടടുപ്പിച്ചാണെന്നു കണക്കാക്കപ്പെടുന്നു. മിശ്രപാലിഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ബൗദ്ധസ്‌തോത്രങ്ങളുടെ ഒരു സമാഹാരം ബംഗാളിലെ എം.എം. ഹരപ്രസാദ്‌ ശാസ്‌ത്രി, നേപ്പാളില്‍നിന്നു കണ്ടെടുത്തതോടുകൂടിയാണ്‌ ഇത്തരത്തിലുള്ള ഒരു നിഗമനത്തിനു വഴിതെളിഞ്ഞത്‌. പല വാക്കുകളുടെയും തെറ്റായ വ്യാഖ്യാനത്തിലൂടെയും മിഥ്യാഭ്യൂഹങ്ങളിലൂടെയും ഈ ഗ്രന്ഥത്തെ ബംഗാളിഭാഷയുടെ തനതായ അമൂല്യസമ്പത്താണെന്നു സ്ഥാപിക്കുവാന്‍ ചിലര്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്‌. ഭാഷാശാസ്‌ത്രപരമായ സുക്ഷ്‌മ വിശകലനത്തില്‍, ഈ സ്‌തോത്രങ്ങളില്‍ മിക്കതും ഒഡിയയില്‍ത്തന്നെയാണ്‌ എഴുതിയിട്ടുള്ളതെന്നു കാണാം. ബംഗാളിയുമായോ മറ്റേതെങ്കിലും ഭാരതീയ ഭാഷകളുമായോ യാതൊരുവിധ ബന്ധവുമില്ലാത്തതും ഇപ്പോഴും ഒഡിയഭാഷയില്‍ മാത്രം പ്രയോഗത്തിലിരിക്കുന്നതുമായ നിരവധി വാക്കുകളും പ്രയോഗവിശേഷങ്ങളും ഈ സ്‌ത്രാത്രങ്ങളിലുണ്ട്‌. ഇവ പ്രാചീന ഒഡിയയിലും ആധുനിക ഒഡിയയിലും ഒരു പോലെ വ്യവഹാരത്തിലുണ്ടെന്നുള്ളതാണ്‌ വാസ്‌തവം. രണ്ടു ശതകങ്ങള്‍ കൂടി കഴിയുമ്പോള്‍ നിയതമായ രൂപഭാവങ്ങളോടുകൂടി ഒഡിയഭാഷാ രൂപപ്പെട്ടുവരുന്നതായി കാണാന്‍കഴിയുന്നു. ഈ കാലഘട്ടത്തിലെ ക്ഷേത്രശാസനങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്‌; എന്നാല്‍ ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോള്‍ (13-ാം ശതകം) നാടോടിപ്പാട്ടുകളും ഹാസ്യകവിതകലും മറ്റും രൂപം പ്രാപിച്ചുതുടങ്ങി. അധ്വാനിക്കുന്ന ജനതയുടെ സാഹിത്യമാണ്‌ ഒഡിയയുടേത്‌ എന്നതിന്റെ ഒരു തെളിവായും ഇത്‌ കണക്കാക്കാം. പിന്നീടുവന്ന നാലു നൂറ്റാണ്ടുകളില്‍ ഓരോ കാലത്തും ജനങ്ങളുടെ മതവിശ്വാസത്തിലും ജീവിതചര്യകളിലും മറ്റുമുണ്ടായ ചലനങ്ങള്‍ സാഹിത്യത്തിലും കാര്യമായ സ്വാധീനത ചെലുത്തിയതായി കാണാന്‍ സാധിക്കും. ആദ്യം അത്‌ ബുദ്ധമതസംബന്ധിയായിരുന്നു. ബുദ്ധമതവിശ്വാസങ്ങളുടെ അടിത്തറയ്‌ക്കു കെട്ടുറപ്പുണ്ടാക്കിയ (അശോകന്റെ) കലിംഗയുദ്ധത്തിന്റെ നാടായ ഒഡിഷയെ സംബന്ധിച്ചിടത്തോളം ഇത്‌ സ്വാഭാവികവുമാണ്‌. ബുദ്ധമതത്തിനുശേഷം ശാക്തേയമതമാണ്‌ ഏറ്റവും കൂടുതല്‍ സ്വാധിനത ചെലുത്തിയതായി കാണുന്നത്‌. പക്ഷേ, ഏറ്റവും അവസാനത്തേതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതും ദേശീയമനഃസാക്ഷിയിലും അതോടൊപ്പം സാഹിത്യത്തിലും ആഴത്തില്‍ വേരോടിയതും വൈഷ്‌ണവമതം ആയിരുന്നു.

സരളദാസ്‌, ഒഡിയയുടെ വ്യാസന്‍

പ്രഥമദശയില്‍ നാടോടിപ്പാട്ടുകളിലും മറ്റുമായി ഒതുങ്ങിനിന്നിരുന്ന ഒഡിയസാഹിത്യത്തിന്‌ യുവത്വത്തിന്റെ പ്രസരിപ്പും ഓജസ്സും പ്രദാനം ചെയ്‌ത്‌ സ്വന്തമായ വ്യക്തിത്വം പകര്‍ന്നുകൊടുത്തത്‌ 14,15 ശതകങ്ങളില്‍ ജീവിച്ചിരുന്ന സരളദാസാണ്‌. സംസ്‌കൃതപാണ്ഡിത്യം തീരെ ഇല്ലാതിരുന്ന ഇദ്ദേഹം ജന്മംകൊണ്ട്‌ ഒരു കര്‍ഷകനായിരുന്നു. ഇദ്ദേഹം സംസ്‌കൃതത്തിലെ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ കഥ മാതൃഭാഷയിലാക്കാന്‍ തയ്യാറായി. ബ്രാഹ്മണവൈദികരില്‍നിന്ന്‌ മഹാഭാരതത്തിലെ പ്രധാനകഥകള്‍ കേട്ടറിഞ്ഞിട്ടുള്ളതല്ലാതെ മറ്റൊരറിവും ഇദ്ദേഹത്തിനില്ലായിരുന്നു. അന്നുവരെ ഏതാനും നാടന്‍പാട്ടുകളുടെ രചനയില്‍മാത്രം ഒതുങ്ങി നിന്നിരുന്ന ഒഡിയഭാഷയില്‍ മഹാഭാരതം രചിക്കുവാന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന ഒരേയൊരു കൈമുതല്‍ ഈ കേട്ടറിവുമാത്രമായിരുന്നു. സരളദാസിന്റെ സ്വതന്ത്രഭാവനയുടെ സൃഷ്‌ടിയായ ഒറിയാ മഹാഭാരതം ഒഡിഷയുടെ ആത്മാവുമായി ഇഴുകിച്ചേര്‍ന്നതാണ്‌. കഥമാത്രം മഹാഭാരതത്തില്‍നിന്നു സ്വീകരിച്ച ഇദ്ദേഹം മൂലഗ്രന്ഥത്തിലെ പൗര്‍വാപര്യക്രമംപോലും പലയിട്‌ത്തും പാലിച്ചിട്ടില്ല. ചില ഭാഗങ്ങള്‍ ഒഴിവാക്കാനും പകരം മറ്റുചിലത്‌ കൂട്ടിച്ചേര്‍ക്കാനും ഇദ്ദേഹം മടിച്ചില്ല. ഒഡിഷയുടെ സാമൂഹിക പശ്ചാത്തലത്തിനനുസൃതമായ നിറഭേദങ്ങള്‍ കഥാപാത്രങ്ങള്‍ക്കു നല്‌കുവാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വ്യാസന്റെ മഹത്തായ ഇതിഹാസകാവ്യം സരളദാസിന്റെ കരങ്ങളിലെത്തിയപ്പോള്‍ അത്‌ ഒഡിഷയുടെ ദേശീയസ്വഭാവമുള്ള ഒരു കൃതിയായി മാറി. അതിലൂടെ അവിടത്തെ ജനജീവിതത്തിന്റെ ഓജസ്സുറ്റ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഗ്രാമീണരുടെ നാടന്‍ ഭാഷയില്‍ കാവ്യം രചിച്ചതിനാല്‍ ഒഡിഷയിലെ സാധാരണക്കാരെപ്പോലും തന്റെ ആരാധകരാക്കി മാറ്റുന്നതില്‍ ഇദ്ദേഹം വിജയിച്ചു. മഹാഭാരതത്തിന്റെ ആധികാരിക പരിഭാഷകള്‍ ഒഡിയയിലുണ്ട്‌; പക്ഷേ അവയ്‌ക്കൊന്നും സരളദാസിന്റെ കൃതിക്കുള്ളത്ര സാര്‍വത്രികത ലഭിച്ചിട്ടില്ല. ആധുനികഘട്ടത്തിലെ സാഹിത്യകാരന്മാരെ പോലും സരളദാസിന്റെ മഹാഭാരതം ശക്തിയായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സരളദാസിന്റെ വിലങ്കരാമായണം എന്ന കൃതിയില്‍ ആയിരം തലയുള്ള രാവണനെ സീത വധിക്കുന്നു; അതും രാമനെയും മറ്റും അയാള്‍ പരാജയപ്പെടുത്തിയതിനുശേഷം. പുരുഷമേധാവിത്വത്തിന്റെ ശബ്‌ദായമാനമായ നേട്ടങ്ങളുടെ സ്ഥാനത്ത്‌ സ്‌ത്രീത്വത്തിന്റെ നിശ്ശബ്‌ദശക്തി ആധിപത്യം പുലര്‍ത്തുന്നതായിട്ടാണ്‌ ഇദ്ദേഹം ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌ത്രീത്വത്തിന്റെ ആരാധകന്‍ മാത്രമല്ല, ഒരു യഥാര്‍ഥ ശക്ത്യുപാസകന്‍ കൂടിയായിരുന്നു സരളദാസെന്നതിന്‌ ചണ്ഡീപുരാണം ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ മൂന്നു കൃതികളും സാക്ഷ്യം വഹിക്കുന്നു.

പഞ്ചസഖന്മാര്‍

സരളദാസിനുശേഷമുള്ള ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം പരിശോധിച്ചാല്‍ സംസ്‌കൃതത്തോടുള്ള പ്രതിഷേധം എന്ന രീതിയില്‍ അതിവേഗം നാട്ടുഭാഷ വികാസം പ്രാപിച്ചുവന്നതായി കാണാം. ഒഡിയാസാഹിത്യത്തിന്റെ ഉന്നതി ലക്ഷ്യമാക്കി ഒരുകൂട്ടം ഭാഷാഭിമാനികള്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയുണ്ടായി. "പഞ്ചസഖകാലഘട്ടം' എന്ന പേരിലാണ്‌ ഈ അന്തരാളദശ അറിയപ്പെടുന്നത്‌. ബലറാംദാസ്‌, ജഗന്നാഥദാസ്‌, അനന്തദാസ്‌, യശോവന്തദാസ്‌, അച്യുതാനന്ദദാസ്‌ എന്നിവരാണ്‌ പ്രസ്‌തുത പഞ്ചസഖന്മാര്‍.

ഒഡിയാരാമായണം

ഒരു ഡസനിലേറെ രാമായണ കഥാപരങ്ങളായ കൃതികളുണ്ടെങ്കിലും ബലറാംദാസിന്റെ രാമായണമാണ്‌ ഏറ്റവും പ്രസിദ്ധം. രാമരാവണയുദ്ധത്തില്‍ രാമന്റെ സഹായത്തിനായി ഒഡിഷയുടെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി യോദ്ധാക്കള്‍ എത്തിയതായി ബലറാംദാസ്‌ ചിത്രീകരിച്ചു. ഇക്കാരണത്താല്‍തന്നെ സാധാരണക്കാരുടെ ഇടയില്‍ ഇദ്ദേഹത്തിന്റെ കൃതിക്ക്‌ നല്ല പ്രചാരമുണ്ടായി. ഗുപ്‌തഗീതാ, ബ്രഹ്മാനന്ദഭൂഗോള, അമരകോശഗീതാ, വേദാന്തസാരഗീത, ഭാവസമുദ്ര, സപ്‌താംഗയോഗസാരടീക എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റുകൃതികള്‍. പഞ്ചസഖന്മാരില്‍ ഏറ്റവും പ്രായംകുറഞ്ഞ ആളാണ്‌ അച്യുതാനന്ദദാസ്‌. ഗരുഡഗീത, ശൂന്യസംഹിത, ഗുരുഭക്തിഗീത, ജ്ഞാനോദയ കോയിലി, ഹരിവംശം (ഹരിവംശവിവര്‍ത്തനം) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതികളാണ്‌. ഇദ്ദേഹത്തിന്റെ വളരെയേറെ കൃതികള്‍ ഇനിയും പ്രസിദ്ധീകരിക്കപ്പെടാതെ കിടക്കുന്നു. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍. മതപരങ്ങളായ കൃതികള്‍ പ്രചരിപ്പിക്കുന്നതിനായി പഞ്ചസഖന്മാര്‍ കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി വേദങ്ങളുടെയും പുരാണങ്ങളുടെയും നിരവധി പരിഭാഷകള്‍ ഒഡിയയിലുണ്ടായി.

ഒഡിയാഭാഗവതം

കര്‍ഷക കവിയായ സരളദാസിനെപ്പോലെ സാധാരണക്കാരുടെ ജീവിതവുമായി ഇടപഴകിക്കൊണ്ടുള്ള ഒരു കാവ്യജീവിതമാണ്‌ ജഗന്നാഥദാസും നയിച്ചത്‌. അന്നോളം ഒഡിഷനിവാസികള്‍ക്ക്‌ അജ്ഞാതമായിരുന്ന ഭാഗവതം ഇദ്ദേഹം അവരുടെ ഭാഷയില്‍ പരിചയപ്പെടുത്തിക്കൊടുത്തു. ഒഡിഷാക്കാരുടെ ബൈബിളായി ജഗന്നാഥദാസിന്റെ ഭാഗവതം അറിയപ്പെടുന്നു. പാമരയായ തന്റെ മാതാവിന്‌ കൃഷ്‌ണകഥ മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ്‌ ജഗന്നാഥദാസ്‌ ഭാഗവതം പരിഭാഷപ്പെടുത്തിയതെന്ന്‌ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്‌. പ്രസാദമധുരമായ ശൈലി ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌. ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍ ഉഷാകിരണ, തൂലഭീന, ദാരിബ്രഹ്മഗീതാ, മൃഗുണീസ്‌തുതി, പാഷണ്ഡദലന, മഹാഭാരതം (സംഗ്രഹം) എന്നിവയാണ്‌.

ശൂന്യദശ

ജഗന്നാഥദാസിന്റെ നിര്യാണത്തിനുശേഷം ഒരു നീണ്ട അന്ധകാരദശ ഒഡിയാസാഹിത്യത്തില്‍ അനുഭവപ്പെട്ടു. ഈ കാലഘട്ടത്തില്‍ പല വിദേശ ശക്തികളുടെയും ആക്രമണത്തിനു ഒഡിഷ വിധേയമായി. അതോടൊപ്പം ആഭ്യന്തരകലാപങ്ങളും ഉണ്ടാകാതിരുന്നില്ല. 16-ാം ശതകത്തിന്റെ മധ്യഘട്ടം മുതല്‍ 20-ാം ശതകത്തിന്റെ പ്രാരംഭം വരെ ഈ അനാഥാവസ്ഥ തുടരുകയുണ്ടായി. ഈ നീണ്ട കാലമത്രയും സാമ്പത്തികമായും ഭാഷാപരമായും രാഷ്‌ട്രീയമായും അങ്ങിങ്ങായി ചിന്നിച്ചിതറി കിടന്നിരുന്ന ഒഡിഷ നിവാസികളെ സൗഭ്രാത്രത്തിന്റെയും ആധ്യാത്മികതയുടെയും സന്ദേശങ്ങള്‍ നല്‌കി ഐകമത്യത്തോടെ പുലരാന്‍ പ്രരിപ്പിച്ചത്‌ ജഗന്നാഥദാസിന്റെ ഒഡിയാ ഭാഗവതമാണ്‌. ഇദ്ദേഹത്തിന്റെ സരളമായ ഭാഷാരീതിയും ഗാനാത്മാകവൃത്തത്തിലുള്ള നിബന്ധവും ആശയപൂര്‍ണിമയം ഒഡിഷക്കാരെ മാത്രമല്ല പതിനായിരക്കണക്കിന്‌ അയല്‍സംസ്ഥാന വാസികളെയും ഇദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. ജനകീയ കവികളായ സരളദാസ്‌, ജഗന്നാഥദാസ്‌, 20-ാം ശതകത്തിലെ ഫക്കീര്‍മോഹന്‍ സേനാപതി എന്നീ കവികള്‍ ഒഡിയഭാഷയുടെയും സാഹിത്യത്തിന്റെയും ശില്‌പികള്‍ മാത്രമല്ല, ഒഡിയസംസ്‌കാരത്തിന്റെ തന്നെ വിധാതാക്കള്‍ കൂടിയാണ്‌.

മധ്യകാലഘട്ടം

ചൈതന്യന്റെ ഭക്തിപ്രസ്ഥാനം

15, 16 ശതകങ്ങളില്‍ ഒഡിഷയ്‌ക്കു പുറത്ത്‌ പല രാഷ്‌ട്രീയ സംഭവവികാസങ്ങളുമുണ്ടായി; ഉത്തരേന്ത്യ മുഴുവന്‍ മുസ്‌ലിം ഭരണത്തിന്‍കീഴിലായി. എന്നാല്‍ അന്നും അതിനു വഴിപ്പെടാതെ നിന്നത്‌ ഒഡിഷ മാത്രമായിരുന്നു. 16-ാം ശതകത്തിന്റെ ആദ്യപാദത്തില്‍ മുസ്‌ലിം ഭരണാധികാരപരിധിയിലായിരുന്ന ബംഗാളില്‍നിന്നു വംഗസന്ന്യാസിയായ ചൈതന്യന്‍ ഹിന്ദുരാജ്യമായ ഒഡിഷയിലെത്തി, എക്കാലവും ഭാരതീയ സന്ന്യാസിമാരുടെ തീര്‍ഥാടനകേന്ദ്രമായിട്ടുള്ള പുരയില്‍ താമസമുറപ്പിച്ചു. ഒഡിഷയുടെ ചരിത്രത്തിലും ദേശീയ സ്വഭാവത്തിലും അസാമാന്യമായ സ്വാധീനതയാണ്‌ ഈ വംഗസന്ന്യാസി ചെലുത്തിയത്‌. യോഗവിദ്യയിലധിഷ്‌ഠിതമായ ഒരു സാംസ്‌കാരിക പൈതൃകം കെട്ടിപ്പടുക്കുന്നതിന്‌ ഇദ്ദേഹം നേതൃത്വം നല്‍കി. എല്ലാം ഉപേക്ഷിച്ച്‌ ശ്രീകൃഷ്‌ണനില്‍ ആകൃഷ്‌ടരായ ഗോപികമാരുടെ പ്രമത്തിനു സമാനമായ ഈശ്വരാഭിനിവേശത്തിന്‌ അതുല്യമായ മേന്മുകളുണ്ടെന്ന ഒരു വിശ്വാസം പ്രചരിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇത്‌ ഒഡിഷയുടെ മതപരമായ വിശ്വാസത്തില്‍ ചില ചലനങ്ങളുണ്ടാക്കി. പല ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും തങ്ങളുടെ സമയവും കഴിവും ശ്രീകൃഷ്‌ണന്റെയും വൃന്ദാവനത്തിലെ ഗോപികമാരുടെയും വേഷം അഭിനയിക്കുന്നതിനുവേണ്ടി കുട്ടികളെ നൃത്തം അഭ്യസിപ്പിക്കാന്‍ നിയോഗിച്ചു തുടങ്ങി. ഒഡിഷയിലെ ഗജപതി ചക്രവര്‍ത്തി പ്രതാപരുദ്രദേവന്‍പോലും ഇതിനു തയ്യാറായി. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചൈതന്യന്‍ ഉപദേശിച്ച രാധാപ്രമം നിമിത്തം ഒരു നൂറ്റാണ്ടുകാലത്തേക്ക്‌ അന്തസ്സു നഷ്‌ടപ്പെട്ട ഭീരുക്കളുടെ ഒരു കേന്ദ്രമായിത്തീര്‍ന്നു ഒഡിഷ.

ജയദേവന്റെ പ്രമഗീതങ്ങള്‍

ചൈതന്യന്റെ ഉപദേശങ്ങള്‍ പോലെതന്നെ ഒഡിയക്കാരുടെ മൂല്യങ്ങളിലും വിശ്വാസങ്ങളിലും ശക്തിയായ സ്വാധീനത ചെലുത്തിയ മറ്റൊരു ഘടകമാണ്‌ ജയദേവരുടെ പ്രമഗീതങ്ങള്‍. ഒഡിഷയുടെ തനതായ പ്രസ്‌തുതകൃതി ബംഗാളിയാണെന്ന്‌ ബംഗാളികള്‍ അവകാശപ്പെടുന്നു. ഒഡീഷയിലോ ഒഡിയാ ഭാഷയിലോ ജയദേവന്റെ ഗീതഗോവിന്ദത്തിനുള്ള സ്വാധീനത മറ്റു ഭാരതീയ ഭാഷകളിലൊന്നിലും ഉണ്ടായിട്ടില്ല. സംഗീതാത്മകതയുടെ കാര്യത്തില്‍ ഭാരതമൊട്ടാകെ പ്രസിദ്ധമായ ഗീതഗോവിന്ദം, രാജകല്‌പന പ്രകാരം ജഗന്നാഥ ക്ഷേത്രത്തില്‍ പാരായണം ചെയ്യപ്പെട്ടിരുന്നു. ഗാനാത്മകതയില്‍ മതിമറക്കുന്ന ശ്രാതാക്കള്‍ അര്‍ഥത്തില്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്നിരിക്കിലും സാംസ്‌കാരികമൂല്യങ്ങളെ ബലികഴിക്കുന്നതിനിടയാക്കുന്ന രീതിയില്‍ കാമവികാരങ്ങളുടെ പച്ചയായ ആവിഷ്‌കരണമാണ്‌ ഇതില്‍ കവി നിര്‍വഹിച്ചിരിക്കുന്നത്‌. സ്വാതന്ത്യ്രം നഷ്‌ടപ്പെട്ട ഒഡിഷ ചെറിയ ചെറിയ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. അന്തഃപുരവാസവും വേട്ടയാടലും മാത്രം തൊഴിലാക്കിയ ഇടപ്രഭുക്കന്മാരായിരുന്നു നാട്ടിന്റെ അധിപന്മാര്‍. ചൈതന്യന്റെ ആത്മീയോപദേശങ്ങളും ജയദേവന്റെ ഗീതങ്ങളും സാഹിതീയവും സാമൂഹികവുമായ അസാന്മാര്‍ഗികതയ്‌ക്ക്‌ പ്രചോദകങ്ങളായി വര്‍ത്തിച്ചു.

ഉപേന്ദ്രഭഞ്‌ജ്‌

ഭാഷയ്‌ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു തറവാട്ടിലെ അംഗമായ ഉപേന്ദ്രഭഞ്‌ജ്‌ ഒഡിയസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയാണ്‌. അലങ്കാരബഹുലവും അല്‌പം കൃത്രിമത്വം നിറഞ്ഞതുമായ ശൈലിയിലാണ്‌ ഇദ്ദേഹം കൃതികള്‍ രചിച്ചത്‌. സംഭോഗശൃംഗാരം കൈകാര്യം ചെയ്യുന്നതില്‍ സമര്‍ഥനായിരുന്നു ഈ കവി. ശബ്‌ദാഡംബര ബഹുലത കവിതയ്‌ക്കു മാറ്റുകൂട്ടും എന്നു ഉപേന്ദ്രഭഞ്‌ജ്‌ വിശ്വസിച്ചു. അക്കാരണം കൊണ്ടുതന്നെ ഒഡിഷയിലെ ശൈലീധനന്മാരുടെ മുന്‍പന്തിയില്‍ ഇദ്ദേഹം നില ഉറപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഇതിഹാസകാവ്യത്തിലെ എല്ലാ വരികളും ഒരു പ്രത്യേകാക്ഷരം കൊണ്ടുതന്നെ ആരംഭിക്കുന്നു. ഒരേ പദ്യത്തിലെ തന്നെ ഒരക്ഷരം മാറ്റിയാല്‍ ആദ്യം പറഞ്ഞതിനു വിപരീതമായ അര്‍ഥം ദ്യോതിപ്പിക്കുന്ന തരത്തിലും ഇദ്ദേഹം കവിതകളെഴുതിയിട്ടുണ്ട്‌. ഒഡിയയിലുള്ള എല്ലാ വൃത്തങ്ങളും ഉപയോഗിച്ചു എന്നു മാത്രമല്ല പുതിയ ചില വൃത്തങ്ങള്‍ പ്രചരിപ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പദങ്ങളെക്കൊണ്ടുള്ള ചെപ്പടി വിദ്യയില്‍ സമ്രാട്ടായിരുന്ന ഉപേന്ദ്രഭഞ്‌ജ്‌ യുവഹൃദയങ്ങളെ മഥിക്കുന്ന ശൃംഗാരകാവ്യപ്രണയനത്തിലും അദ്വിതീയനായിരുന്നു. ആധുനികകാലത്തുപോലും ഉപേന്ദ്രയെ അനുകരിച്ചു കലാസൃഷ്‌ടിനടത്തുന്ന നിരവധി കവികള്‍ ഒഡിയയിലുണ്ട്‌. രാമായണ കഥാപ്രതിപാദകമായ വൈദേഹീശവിലാസ ആണ്‌ ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതി. ഇതിലെ ഓരോ വരിയും ആരംഭിക്കുന്നത്‌ "ബ' കാരത്തിലാണ്‌. ലാവണ്യവതി, കോടിബ്രഹ്മാണ്ഡസുന്ദരി, പ്രമസുധാനിധി, രസികഹാരാവലി, കലാകൗതുക എന്നിവയാണ്‌ ഉപേന്ദ്രയുടെ മറ്റു ചില പ്രധാന കൃതികള്‍.

വൈഷ്‌ണവ കവികള്‍

കവി സൂര്യബലദേവരഥ

ചൈതന്യനും അദ്ദേഹത്തിന്റെ അനുയായികളും വൈഷ്‌ണവ മതവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ ആധ്യാത്മിക പരിവേഷമുള്ള നിരവധികൃതികള്‍ ഒഡിയയിലുണ്ടാകാന്‍ വിഴതെളിച്ചു. ഉപേന്ദ്രഭഞ്‌ജ്‌ ലൗകികപ്രമത്തിനു പ്രാധാന്യം നല്‌കിയെങ്കില്‍, 17-ാം ശതകത്തിലെ കൃഷ്‌ണദാസ്‌ മുതല്‍ 19-ാം ശതകത്തിലെ ഗോപാലകൃഷ്‌ണനുള്‍പ്പെടെയുള്ള കവികള്‍ രാധയുടെയും കൃഷ്‌ണന്റെയും പ്രമകഥകളെ ആധ്യാത്മിക പരിവേഷത്തോടെ ചിത്രീകരിച്ചു. ഒഡിയസാഹിത്യത്തിന്‌ ഈ പ്രസ്ഥാനം നല്‌കിയ സംഭാവനകള്‍ തികച്ചും കനപ്പെട്ടവയാണ്‌. ആര്‍ജവവും അതിരറ്റ മാധുര്യവും പകരുന്ന നിരവധി കൃതികളുടെ കര്‍ത്താക്കളായ ദിനകൃഷ്‌ണദാസ്‌, അഭിമന്യുസാമന്ത സിന്‍ഹാര, കവി സൂര്യബലദേവരഥ എന്നിവരാണ്‌ ഈ പ്രസ്ഥാനത്തിന്റെ സിരാവാഹകര്‍. ഒഡിയാഭാഷയെ സംസ്‌കൃതീകരിക്കുന്നതിനുള്ള ശ്രമങ്ങളും പഴകിയ സംസ്‌കൃതീകശൈലികള്‍ അനുവര്‍ത്തിക്കുന്നതിനുള്ള അന്ധമായ ഭ്രമവും ഇക്കാലത്ത്‌ അസ്‌തംഗതമായി. മത സംബന്ധിയല്ലാത്ത ഏതാനും ആഖ്യാനകാവ്യങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്‌.

സമരതരംഗ

ഒഡിയാസാഹിത്യത്തില്‍ മാത്രമല്ല ഭാരതീയസാഹിത്യത്തില്‍തന്നെ തലയെടുപ്പുള്ള ഒരു കൃതിയാണ്‌ ബ്രജനാഥബഡജനയുടെ സമരതരംഗ. താന്‍ പങ്കെടുക്കാനിടയായ ഒരു യുദ്ധത്തെ ആസ്‌പദമാക്കിയാണ്‌ ഇദ്ദേഹം പ്രസ്‌തുത കൃതി രചിച്ചത്‌. സമകാലികസംഭവത്തെ ആധാരമാക്കി രചിച്ച ഈ കാവ്യത്തില്‍ യുദ്ധത്തിന്റെ ഒരുക്കങ്ങളും സൈന്യത്തെക്കുറിച്ചുള്ള വിവരണങ്ങളും മറ്റും നല്‌കിയിട്ടുണ്ട്‌. ആകെക്കൂടി അനുവാചകനെ അഭിമാനജൃംഭിതനാക്കുന്നതിനു പര്യാപ്‌തമാണ്‌ ഈ കൃതി. വീരാപദാനത്തിനുതകുന്ന വൃത്തങ്ങള്‍ തിരഞ്ഞെടുത്തതോടൊപ്പം ഹിന്ദുസ്ഥാനിയും മറാഠിയും ഇടയ്‌ക്കിടെ പ്രയോഗിക്കാനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നതായി കാണാം. 18-ാം ശതകത്തിന്റെ അന്ത്യദശകങ്ങളായപ്പോഴേക്കും ആവശ്യമില്ലാതെയുള്ള കൃത്രിമത്വം ഒഴിവാക്കേണ്ടതാണെന്ന ചിന്താഗതി ഒഡിയസാഹിത്യകാരന്മാരുടെ ഇടയില്‍ പ്രബലപ്പെട്ടുതുടങ്ങി.

ഭക്തചരണദാസ്‌

വൈഷ്‌ണവ കവികളില്‍ പ്രധാനിയായ ഭക്തചരണദാസിന്റെ മഥുരമംഗല ഒരു ഉത്തമ ഭക്തികാവ്യമാണ്‌. പ്രിയപ്പെട്ട കൃഷ്‌ണനെ കാണാതായ വൃന്ദാവനത്തിലെ ഗോപികമാരുടെ വിരഹദുഃഖമാണ്‌ പ്രതിപാദ്യം. മനംനൊന്തു കേഴുന്ന ഗേപികമാരെ സാന്ത്വനപ്പെടുത്തുന്നതിനായി ഉദ്ധവര്‍ എത്തുന്നതും വലിയ വിദ്യാസമ്പന്നകളല്ലാത്ത ഗ്രാമീണസ്‌ത്രീകളെ അദ്വൈതതത്ത്വങ്ങളുപദേശിച്ച്‌ ആശ്വസിപ്പിക്കുന്നതുമായ രംഗം ഏറ്റവും ശ്രദ്ധേയമാണ്‌. ഇദ്ദേഹത്തിന്റെ ഉന്നതമാനദണ്ഡം പുലര്‍ത്തുന്ന മറ്റൊരു കൃതി മനബോധചൗതിശയാണ്‌.

ഗോപാലകൃഷ്‌ണ

മറ്റൊരു വൈഷ്‌ണവ കവിയായ ഗോപാലകൃഷ്‌ണ രാധയുടെയും കൃഷ്‌ണന്റെയും കഥ കാവ്യാത്മകശൈലിയില്‍ സാധാരണക്കാരുടെ ഇടയിലെത്തിച്ചു. അന്നുവരെ സഭ്യേതരമല്ലാതെ പോലും പലരും കൈകാര്യം ചെയ്‌തിരുന്ന രാധാകൃഷ്‌ണലീലകള്‍ ആദര്‍ശവത്‌കൃതമായ ഉദാത്തപ്രമത്തിന്റെ തലത്തിലേക്കുയര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ഭീമഭോയ്‌

ആദിവാസിയായ ഇദ്ദേഹം വലിയ വിദ്യാസമ്പന്നനായിരുന്നില്ല. അപ്പപ്പോള്‍ പാടിയുണ്ടാക്കിയ ഭജനഗാനങ്ങളാണെങ്കിലും ഒഡിഷയിലെ ആര്യ-ആദിവാസി സംസ്‌കാരങ്ങളടെ ഏകീഭാവം ആ കവിതകളില്‍ നിഴലിച്ചു നില്‌ക്കുന്നു. വളരെ ചെറുപ്പത്തിലേ കാഴ്‌ച ശക്തി നഷ്‌ടപ്പെട്ട ഇദ്ദേഹം തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. ഇന്നും ആയിരക്കണക്കിനാളുകള്‍ ഇദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ ആലപിക്കാറുണ്ട്‌. തനിക്കു നേരിട്ട ദുരന്തത്തെക്കുറിച്ചും ഈ ലോകജീവിതത്തെക്കുറിച്ചുമാണ്‌ ഒട്ടൊരു നിസ്സംഗഭാവത്തോടെ ഇദ്ദേഹം പാടിയത്‌.

ആധുനികകാലം

ബ്രിട്ടീഷുകാരുടെ ആഗമനത്തിനുശേഷമുള്ള ഭാരതീയ ഭാഷകളുടെ വളര്‍ച്ചയും വികാസവും ഏകദേശം സമാനരീതിയിലാണ്‌; എങ്കിലും തമിഴ്‌, ഗുജറാത്തി, ബംഗാളി എന്നീ ഭാഷകള്‍ക്ക്‌ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളെ ചുറ്റിയുണ്ടായതുപോലെയുള്ള അനുകൂല സാഹചര്യങ്ങള്‍ ഒഡിയയ്‌ക്കുണ്ടായില്ല. ഒഡിഷ ഒരു സംസ്ഥാനമായി രൂപാന്തരപ്പെട്ടതുപോലും അടുത്തകാലത്താണ്‌, രാഷ്‌ട്രീയമായും സാമ്പത്തികമായും സാംസ്‌കാരികമായും ഒഡിഷക്കാര്‍ അനാഥാവസ്ഥയിലായിരുന്നു ഇക്കാലമത്രയും. ഈ കാലഘട്ടത്തില്‍ ഫക്കീര്‍ മോഹന്‍ സേനാപതി, രാധാനാഥറോയ്‌, മധുസൂദന്‍ റാവു എന്നീ പ്രതിഭാശാലികള്‍ മാതൃഭാഷയുടെ ഉന്നതിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. ഇവരില്‍ പ്രഥമ ഗണനീയന്‍ ഫക്കീര്‍ മോഹന്‍ സേനാപതിയാണ്‌.

ഫക്കീര്‍ മോഹന്‍ സേനാപതി

ഫക്കീര്‍ മോഹന്‍ സേനാപതി

(1847 - 1918). 1847-ല്‍ ജനിച്ച ഫക്കീര്‍ മോഹന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ത്തന്നെ അനാഥനായിത്തീര്‍ന്ന ഇദ്ദേഹം ആധുനിക ഒഡിയ സാഹിത്യത്തിന്റെ പിതാവായി ഇന്ന്‌ സര്‍വരാലും ആദരിക്കപ്പെടുന്നു. കവി, നോവലിസ്റ്റ്‌, പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍, ദേശസ്‌നേഹി എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഭരണാധികാരി എന്ന നിലയിലും ശോഭിച്ചിട്ടുണ്ട്‌. ബിരുദങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും അനിതരസാധാരണമായ മേധാശക്തികൊണ്ട്‌ ഉയര്‍ന്ന ബ്രിട്ടീഷ്‌ അധികാരികളുടെ മിത്രമാകുന്നതിനും അങ്ങനെ ഔദ്യോഗിക രംഗത്ത്‌ ദിവാന്‍പദം വരെ ഉയരുന്നതിനും ഇദ്ദേഹത്തിനു സാധിച്ചു. പുതിയ ചിന്താഗതികള്‍ ആവിഷ്‌കരിക്കുന്നതില്‍ തത്‌പരനായിരുന്ന ഫക്കീര്‍ മോഹന്‍ ബ്രഹ്മസമാജ സന്ദേശങ്ങളുടെ ഒഡിഷയിലെ പ്രചാരകനായിമാറി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുത്തഴിഞ്ഞ ജാതി സമ്പ്രദായത്തെയും ആരാധനാക്രമങ്ങളെയും പരിഹാസരൂപേണ തന്റെ കഥകളിലും കവിതകളിലും ഇദ്ദേഹം വിമര്‍ശിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം സഹകരണാടിസ്ഥാനത്തില്‍ ഒരു അച്ചടിശാല സ്ഥാപിച്ചു; അവിടെനിന്ന്‌ ഒരു പ്രസിദ്ധീകരണവുമാരംഭിച്ചു. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴിലായിരുന്ന കാലമത്രയും ഒഡിയഭാഷ സംസാരിച്ചിരുന്ന ആളുകള്‍ നാലു പ്രവിശ്യകളുടെ ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടു കഴിഞ്ഞുകൂടിയിരുന്നു. ഇതില്‍ ഏറ്റവും വലിയ വിഭാഗം ബംഗാള്‍ പ്രവിശ്യയിലായിരുന്നു. രാഷ്‌ട്രീയമായ അസന്തുലിതാവസ്ഥയും ഭരണപരമായ ദുഃസ്വാതന്ത്ര്യവും മുതലാക്കിക്കൊണ്ട്‌ ബംഗാളി ഉദ്യോഗസ്ഥവര്‍ഗം ഒഡിയയ്‌ക്കുപകരം ബംഗാളിഭാഷ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഒരു പ്രമറി സ്‌കൂളധ്യാപകനില്‍ കവിഞ്ഞ്‌ പദവിയൊന്നും അന്നില്ലാതിരുന്ന ഫക്കീര്‍ മോഹന്റെ നേതൃത്വത്തില്‍ ഇതിനെതിരായി വലിയ പ്രക്ഷോഭണം നടന്നു. അവസാനം ബ്രിട്ടീഷ്‌ ഭരണകൂടം ഒഡിയ, ബംഗാളിയുടെ പ്രാദേശിക ഭേദമല്ലെന്നും ഒരു പ്രത്യേക ഭാഷയാണെന്നും പ്രഖ്യാപിച്ചു. അങ്ങനെ സംഭവിക്കുമായിരുന്ന ഒരു വലിയ വിപത്തില്‍നിന്നു ഫക്കീര്‍ മോഹന്‍ മാതൃഭാഷയെ സംരക്ഷിച്ചു. പിന്നാക്കാവസ്ഥയിലായിരുന്ന ഒഡിയസാഹിത്യത്തിന്റെ ഉന്നതിക്കുവേണ്ടി ഇദ്ദേഹം അനവരതം പ്രയത്‌നിച്ചു. പല വിഷയങ്ങളില്‍ സ്വയം ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും അവ പ്രകാശനം ചെയ്യുന്നതിനും ഇദ്ദേഹം പരിശ്രമിച്ചു. നിരവധി പരിഹാസകവനങ്ങളും ഗീതകങ്ങളും ബാലസാഹിത്യകൃതികളും ഇദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്‌. രാമായണ ഭാരതാദി ഇതിഹാസകാവ്യങ്ങളും ഇദ്ദേഹം പരിഭാഷപ്പെടുത്തി ഭാഷയെ സമ്പന്നമാക്കി. 80 വയസ്സുവരെ ജീവിച്ചിരുന്ന ഫക്കീര്‍ മോഹന്‍ ഒഡിയാക്കാരുടെ മുഴുവന്‍ ആദരവിനും ബഹുമാനത്തിനും പാത്രമായി. 1917-ല്‍ നടന്ന ഒഡിഷാ രാഷ്‌ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷനായി എതിരില്ലാതെ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌ ഇതിനു ദൃഷ്‌ ടാന്തമാണ്‌. 1918-ല്‍ ഇദ്ദേഹം അന്തരിച്ചു. ബാലസോറിലെ ഇദ്ദേഹത്തിന്റെ വീട്‌ ഇന്നൊരു സാംസ്‌കാരിക തീര്‍ഥാടനകേന്ദ്രമാണ്‌.

രാധാനാഥറോയ്‌

രാധാനാഥറോയ്‌

പ്രകൃതിസൗന്ദര്യം നിറഞ്ഞ ഒഡിഷയില്‍ ശില്‌പമാതൃകകളോടുകൂടിയ ക്ഷേത്രങ്ങളും ചരിത്രസംഭവങ്ങളും കുറവല്ല. എങ്കിലും 13-ാം ശ. മുതല്‍ 19-ാം ശ. വരെയുള്ള സാഹിത്യകാരന്മാരെ സംബന്ധിച്ചിടത്തോളം ഈ വക ദൃശ്യങ്ങളൊന്നും അവരുടെ കാവ്യഭാവനയെ ജ്വലിപ്പിച്ചില്ല. ഇതിഹാസങ്ങളും പുരാണങ്ങളും കെട്ടുകഥകളും മാത്രമാണ്‌ അവരുടെ ദൃഷ്‌ടിക്കു വിഷയീഭവിച്ചത്‌; അതും ഗതാനുഗതികത്വത്തിന്റെ ഊടുപാതയിലൂടെ മാത്രം. 19-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ ജീവിച്ചിരുന്ന രാധാനാഥറോയ്‌ ഇതിനൊരപവാദമായിരുന്നു. ചരിത്ര സംഭവങ്ങളെക്കുറിച്ചും ഒഡിഷയുടെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും ഹര്‍ഷോന്മാദജനകങ്ങളായ വരികളില്‍ ഇദ്ദേഹം പാടി. അധ്യാപകനായി ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്‌ നിരവധി ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. അനാവശ്യമായ വളച്ചുകെട്ടലുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഋജുവായ ആഖ്യാനം ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. താളാത്മക വൃത്തത്തില്‍ പ്രാസഭംഗിയോടെയുള്ള രചനാരീതി ഈ പ്രകൃതിഗാനങ്ങള്‍ക്കുമാറ്റുകൂട്ടുന്നു. ഒഡിഷയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അടങ്ങുന്ന ദേശാഭിമാനദ്യോതകങ്ങളായ കൃതികളുടെ കര്‍ത്താവായ രാധാനാഥ്‌ ഒഡിയാസാഹിത്യത്തില്‍ ഒരു പുതിയ യുഗത്തിന്റെ സ്രഷ്‌ടാവാണ്‌. തന്റെ കവിതകള്‍ക്കു വിഷയങ്ങളായ സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും സ്‌മാരകങ്ങളെയും കുറിച്ച്‌ ഇദ്ദേഹം എന്തൊക്കെ പറഞ്ഞുവോ അതാണ്‌ പില്‌ക്കാലത്ത്‌ ഈ സ്ഥാപനങ്ങളെക്കുറിച്ച്‌ ആധികാരിക വിശദീകരണമായിത്തീര്‍ന്നിട്ടുള്ളത്‌. മിക്ക കൃതികളുടെയും പശ്ചാത്തലമായി ഇദ്ദേഹം തിരഞ്ഞെടുത്തത്‌ ഒഡിഷയുടെ ഹൃദയഹാരിയായ പ്രകൃതി ഭംഗിയാണ്‌. ഇദ്ദേഹത്തിന്റെ ഒരു പ്രസിദ്ധ കൃതിയായ ചിലികാ(ഒഡിഷയിലെ ഒരു തടാകത്തിന്റെ പേരാണ്‌ ഇത്‌)യില്‍ പ്രകൃത്യുപാസകനും ആരാധകനുമായി കവി പ്രത്യക്ഷപ്പെടുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു കതിയായ മഹായാത്ര പാണ്ഡവന്മാര്‍ ഹിമാലയസാനുക്കളിലേക്ക്‌ നടത്തുന്ന അവസാന പ്രയാണം വിവരിച്ചു കൊണ്ടുള്ളതാണ്‌. പക്ഷേ തന്റെ മുന്‍ഗാമിയായ സരളദാസിനെപ്പോലെ രാധാനാഥനും ഒഡിഷയുടെ പശ്ചാത്തലത്തിലാണ്‌ ഈ ഇതിഹാസകാവ്യം ചമിച്ചിരിക്കുന്നത്‌. 21 അധ്യായങ്ങളിലായി കാവ്യം മുഴുമിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും അത്‌ സാധിച്ചില്ല. ആദ്യത്തെ ഏഴ്‌ അധ്യായങ്ങളേ ലഭ്യമായിട്ടുള്ളൂ. ഒഡിഷയിലെ ഇടപ്രഭുക്കന്മാരെ പരിഹസിച്ചു കൊണ്ടുള്ള ദരബാരാ ശ്രദ്ധേയമാണ്‌. ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്‌ പാര്‍വതി. മഹത്തായ ആ സാഹിത്യജീവിതം 1908-ല്‍ അവസാനിച്ചു.

മധുസൂദന്‍ റാവു

മധുസൂദന്‍ റാവു

ഒരു നൂറ്റാണ്ടിലേറെക്കാലമായി ഒഡിയയിലെ യുവഹൃദയങ്ങളില്‍ ആദര്‍ശാത്മകതയുടെയും ആധ്യാത്മികതയുടെയും ഭാവസ്‌പന്ദനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞ ആധുനിക കവിയാണ്‌ മധുസൂദന്‍ റാവു. ഇദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും ഒഡിഷയില്‍ പാഠ്യ പുസ്‌തകങ്ങളാണ്‌. ഒഡിയാസാഹിത്യത്തിലെ അതുല്യഗാനകാവ്യമാണ്‌ മധുസൂദന്‍ റാവുവിന്റെ ഋഷിപ്രാണേദേവാവതരണ എന്ന കാവ്യശില്‌പം. പരിശുദ്ധിയുടെയും ഉയര്‍ന്ന ചിന്താപരതയുടെയും കേദാരമാണ്‌ ഈ കൃതികള്‍. 1853-ല്‍ പുരിയിലെ ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം അരശതാബ്‌ദത്തോളം കാലം ഒഡിഷയിലെ മതസാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ തലവനായി കഴിയുകയും ചെയ്‌തു. രാധാനാഥിനെപ്പോലെ ഇദ്ദേഹവും അധ്യാപകവൃത്തിയില്‍ തുടങ്ങി ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടറായി ഔദ്യോഗിക ജീവിതമവസാനിപ്പിക്കുകയാണുണ്ടായത്‌. 1873-കാലത്ത്‌ രാധാനാഥ്‌, മധുസൂദന്‍, ഫക്കീര്‍ മോഹന്‍ എന്നീ ത്രിമൂര്‍ത്തികള്‍ ബാലസോറില്‍ ഒത്തുചേര്‍ന്നു; രാധാനാഥ്‌ ഡിസ്‌ട്രിക്‌ട്‌ ഇന്‍സ്‌പെക്‌ടറായും, മധുസൂദന്‍ അസിസ്റ്റന്റ്‌ ടീച്ചറായും, ഫക്കീര്‍ മോഹന്‍ സംപദ്‌ബാഹിക്‌ എന്ന വാരികയുടെ പത്രാധിപരായും രാധാനാഥും മധുസൂദനനും കൂടി പ്രസിദ്ധീകരിച്ച ഛന്ദമാല എന്ന കാവ്യസമാഹാരം വളരെയേറെ ഒച്ചപ്പാടുണ്ടാക്കി. ഒഡിയാസാഹിത്യത്തില്‍ ഒരു പുതിയ യുഗത്തിന്‌ ഇത്‌ നാന്ദിക്കുറിച്ചു. ഇതില്‍ മിക്കതും മധുസൂദന്റെ സൃഷ്‌ടികളായിരുന്നു. തന്റെ ആശയങ്ങളുടെ പ്രകാശനത്തിനും അതിലേറെ അവയുടെ പ്രചാരണത്തിനുമായാണ്‌ മധുസൂദന്‍ തന്റെ കൃതികള്‍ വിനിയോഗിച്ചത്‌. ഹിമാചലേ ഉദയ ഉച്ഛവ എന്നത്‌ ഇദ്ദേഹത്തിന്റെ ഒരു ശ്രഷ്‌ഠസൃഷ്‌ടിയാണ്‌. മുകളില്‍ പരാമര്‍ശിച്ച മൂന്നു കവികള്‍ക്കും വളരെയേറെ ആരാധകരും അനുകര്‍ത്താക്കളും ഒഡിയയിലുണ്ടായി. നൂറിലധികം കൃതികളുടെ കര്‍ത്താവായ ചിന്താമണി മോഹന്തി ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹി ക്കുന്നു.

നന്ദകിശോര്‍ബാല്‍

നന്ദകിശോര്‍ബാല്‍

ഒഡിഷയുടെ സംസ്‌കാരവുമായി ഗാഢബന്ധമുള്ള നന്ദകിശോര്‍ബാലിന്‌ ഇംഗ്ലീഷിലും സംസ്‌കൃതത്തിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു. ആംഗലവിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവും ഉണ്ടായിരുന്നുവെങ്കിലും, അന്നോളം അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന നാടന്‍ പാട്ടുകളുടെ ശീലിലും ഗ്രാമീണ ശൈലിയിലുമാണ്‌ ഇദ്ദേഹം കാവ്യങ്ങള്‍ രചിച്ചത്‌. ഇദ്ദേഹത്തിന്റെ പല്ലീ-ചിത്ര ഒഡിഷഗ്രാമങ്ങളുടെ യതാതഥചിത്രം ലളിതമായ ഭാഷയില്‍ വരച്ചുകാട്ടുന്നു.

ഗംഗാധര്‍ മെഹര്‍

ഗംഗാധര്‍ മെഹര്‍
പണ്ഡിറ്റ്‌ ഗോപബന്ധുദാസ്‌

ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച ഗംഗാധറിന്‌ കുട്ടിക്കാലത്ത്‌ അധികം വിദ്യാഭ്യാസം നേടുന്നതിനു കഴിഞ്ഞില്ല; എങ്കിലും സ്വപരിശ്രമത്താല്‍ ഒഡിയയ്‌ക്കുപുറമേ ഹിന്ദി, ബംഗാളി, സംസ്‌കൃതം എന്നീ ഭാഷകളിലും നല്ല പാണ്ഡിത്യം ഇദ്ദേഹം ആര്‍ജിച്ചു; ഇംഗ്ലീഷും ഇദ്ദേഹത്തിന്‌ വശമായിരുന്നു. ആദ്യകൃതിയുടെ പ്രസിദ്ധീകരണത്തോടെ ഗംഗാധര്‍ ഒഡിഷയില്‍ ശ്രദ്ധേയനായിത്തീര്‍ന്നു; ദേശാഭിമാനിയായ ഒരു സെമിന്ദാറുടെ ആശ്രിതനാകുന്നതിനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. അസാമാന്യമായ രചനാസൗകുമാര്യം ആവിഷ്‌കരിക്കാനുള്ള വൈദഗ്‌ധ്യം ഇദ്ദേഹത്തെ ഒഡിയാ സാഹിത്യകാരന്മാരില്‍ ഗണനീയനാക്കിത്തിര്‍ത്തു. ഇതിവൃത്തം സ്വീകരിക്കുന്നതിന്‌ പൂര്‍വികരില്‍ നിന്നാണെങ്കിലും തനിമയുള്ള വ്യക്തിത്വത്തോടെ അത്‌ പുനഃസൃഷ്‌ടി ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അലങ്കാരങ്ങളും കല്‌പനകളും വിവരണങ്ങളും മുന്‍ഗാമികളില്‍ നിന്നു കടമെടുക്കാന്‍ പോലും ക്ലാസ്സിസിസത്തിന്റെ ഛായയില്‍ വികസിച്ച ആ കവിപ്രതിഭ മടിച്ചില്ല. അവയ്‌ക്കൊന്നും മുമ്പൊരിക്കലും ഇല്ലാതിരുന്ന ഒരതുല്യ സൗന്ദര്യം പകരാന്‍ ഗംഗാധറിനു കഴിഞ്ഞു. ക്ലാസ്സിക്‌ കൃതികളുടെ രചനയില്‍ മുഴുകിയെങ്കിലും നിരവധി ഭാവഗീതങ്ങളും ഗീതകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കവിയുടെ വ്യക്തിത്വവും ചിന്താഗതികളും പ്രകടമായി കാണുന്നത്‌ ഈ കൊച്ചുകൃതികളിലാണ്‌. പ്രകൃതി, ഈശ്വരന്‍, ദേശീയത, ജനത, സമൂഹത്തിന്റെ കൊള്ളരുതായ്‌മകള്‍ എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെക്കുറിച്ചും തന്റെ ഭാവഗീതങ്ങളില്‍ ഇദ്ദേഹം പാടി. ജീവിതം മുഴുവന്‍ ദാരിദ്യ്രവും പ്രതിബന്ധങ്ങളും നിറഞ്ഞു നിന്നെങ്കിലും ഇദ്ദേഹം പറയുന്നു:

""അല്ലയോ സഹയാത്രികരേ,
	നമ്മുടെ ഈ ലോകം എത്ര മനോഹരമായിരിക്കുന്നു!
	അമ്മയുടെ സ്‌നേഹവും ഭാര്യയുടെ പ്രമവും
സുഹൃത്തുക്കളുടെ സംഭാഷണവും
മുതിര്‍ന്നവരുടെ ഉപദേശവും 
	എല്ലാ പ്രശ്‌നങ്ങളും തുടച്ചുനീക്കുന്നു...''
 

സമകാലിക പ്രശ്‌നങ്ങളും ഇദ്ദേഹത്തിന്റെ കവിതയ്‌ക്കു വിഷയീഭവിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന കൃതിയാണ്‌ ഭാരതീഭാവന. പഞ്ചായത്ത്‌, കൃഷക്‌സംഗീത്‌ തുടങ്ങിയ കവിതകളില്‍ കര്‍ഷക കവിയായ ഗംഗാധര്‍ ആധുനിക ശാസ്‌ത്രയുഗത്തില്‍ കാര്‍ഷികമേഖലയില്‍ ഉണ്ടാകേണ്ട പരിവര്‍ത്തനങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നു. തന്റെ പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാതെ കിടന്നിട്ടും ഒരു രാജാവിന്റെയും അടുക്കല്‍ അപേക്ഷയുമായി ഇദ്ദേഹം പോയില്ല; ഒഡിയാസാഹിത്യത്തിലെ ഒറ്റപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്‌ ഗംഗാധര്‍. ശാകുന്തളത്തിന്റെ തര്‍ജുമയായ പ്രണയബല്ലരി, സീതാപരിത്യാഗം ഇതിവൃത്തമായുള്ള തപസ്വിനി, കീചകവധം എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഇതരകൃതികള്‍.

സത്യവാദി പ്രസ്ഥാനം

ചിന്താമണി മൊഹന്ദി
ഗോപാല്‍ചന്ദ്രപ്രഹരാജ്‌

ഫക്കീര്‍ മോഹന്റെയും രാധാനാഥിന്റെയും അനുയായികള്‍ സാഹിത്യരംഗത്തുണ്ടായിരുന്നെങ്കിലും പണ്ഡിറ്റ്‌ ഗോപബന്ധുദാസിന്റെ നേതൃത്വത്തില്‍ ഒഡിഷയുടെ രാഷ്‌ട്രീയസാഹിത്യമണ്ഡലത്തില്‍ ഒരു പുതിയ ക്ഷീരപഥം തെളിഞ്ഞുവന്നു. സംഘത്തിന്റെ സിരാകേന്ദ്രമായ ഗോപബന്ധുദാസ്‌ പ്രഭാഷകന്‍, രാഷ്‌ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലകളില്‍ ആധുനിക ഒഡിഷയില്‍ ആദരിക്കപ്പെടുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ വ്യക്തിത്വമുള്ള ഒരു കവിയായി ഇദ്ദേഹം അംഗീകാരം നേടി. വിദ്യാര്‍ഥി ജീവിതം കഴിഞ്ഞതോടെ ദേശീയോദ്‌ഗ്രഥനത്തിനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ആര്‍ഷഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസം പോലെ, വിദ്യാര്‍ഥികളില്‍ ലളിതജീവിതവും ഉയര്‍ന്ന ചിന്തയും പ്രദാനം ചെയ്യുന്നതിനായി ഒരു വിദ്യാകേന്ദ്രം ഇദ്ദേഹം ആരംഭിച്ചു. പിന്നീട്‌ ഈ സ്ഥാപനം ഒഡിഷയിലെ ബുദ്ധിപരതയുടെയും ആധ്യാത്മികതയുടെയും കേന്ദ്രമായി മാറി. ഒഡിയാക്കാരില്‍ ആത്മാഭിമാനത്തിന്റെ കിരണങ്ങള്‍ പായിക്കുന്നതിനായി, ഇദ്ദേഹം സത്യവാദി എന്ന ഒരു മാസികയുടെയും സമാജ്‌ എന്ന ഒരു വാരികയുടെയും പ്രസാധനം ആരംഭിച്ചു. ആത്മീയതയ്‌ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ നിരവധി ലേഖനങ്ങള്‍ എഴുതി. മാതൃഭൂമിയുടെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരത്തില്‍ ആകൃഷ്‌ടനായ ഗോപബന്ധു തന്റെ സ്ഥാനപനങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതെ അതില്‍ മുഴുകി. അങ്ങനെ ദേശീയ സമരത്തിന്റെ ഒഡിഷയിലെ നേതാവായിത്തീര്‍ന്നു ഇദ്ദേഹം. 1924 മുതല്‍ 1926 വരെ ഇദ്ദേഹം ഹസാരിബാഗ്‌ ജയിലില്‍ അടയ്‌ക്കപ്പെട്ടിരുന്നു. ഗോപബന്ധുവിന്റെ സഹപ്രവര്‍ത്തകനായ നീലകണ്‌ഠദാസ്‌ മായാദേലി, കൊണാരകേ, ഖാരവേല എന്നീ ചരിത്രപരാമര്‍ശകങ്ങളായ കവിതകളിലൂടെ പ്രസിദ്ധനാണ്‌. സമീപനത്തിലെന്ന പോലെ അലങ്കാരകല്‌പനകളിലും വൃത്തങ്ങളുടെ തിരഞ്ഞെടുക്കലിലും ഒരു പുതിയ രീതിയാണ്‌ ഇദ്ദേഹം അവലംബിച്ചത്‌. പണ്ഡിറ്റ്‌ ഗോദാവരീശ്‌മിശ്ര ചരിത്രകഥാഗാനങ്ങളുടെ രചനയില്‍ പ്രസിദ്ധനാണ്‌. സത്യവാദി ഗ്രൂപ്പില്‍പ്പെട്ട ശ്രദ്ധേയനായ കവിയാണ്‌ ലക്ഷ്‌മീകാന്തമഹാപത്ര.

ഗാന്ധിജിയുടെ സ്വാധീനത

ഒഡിഷയില്‍ ഗാന്ധിസത്തിന്റെ സ്വാധീനശക്തി സാഹിത്യരംഗത്തില്‍ പല വ്യതിയാനങ്ങള്‍ക്കും നിദാനമായിത്തീര്‍ന്നു. ടാഗൂറിന്റെ ശാന്തിനികേതനവും മാളവ്യയുടെ ബനാറസ്‌ ഹിന്ദുസര്‍വകലാശാലയും പോലെ ഗോപബന്ധുവിന്റെ സത്‌ഗോപാലിലെ അക്കാദമിയും ഒരു പ്രധാന സാംസ്‌കാരിക സ്ഥാപനമായി ഉയര്‍ന്നുവന്നു. പക്ഷേ ഗോപബന്ധുവിനും സഹപ്രവര്‍ത്തകര്‍ക്കും ഉള്ള കര്‍മരംഗം തടവറുകളും കറങ്ങുന്ന ചര്‍ക്കകളും ആയിമാറി. രാഷ്‌ട്രീയത്തിന്റെ വേലിയറ്റത്തില്‍പ്പെട്ട ഗോപബന്ധുവിന്റെ ആദര്‍ശാത്മക പ്രസ്ഥാനത്തിന്‌ ഒഡിഷയുടെ സാംസ്‌കാരികരംഗത്ത്‌ ഒരു സജീവ നവോത്ഥാനം സൃഷ്‌ടിക്കാന്‍ കഴിയാതെ പോയി. വീരകിശോര്‍ ദാസിന്റെയും ബച്ചാനിധി മോഹന്തിയുടെയും മറ്റും സമരഗാഥകള്‍ സ്വാതന്ത്യ്ര സേനാനികള്‍ക്ക്‌ ആവേശം പകര്‍ന്നു.

സബുജാസംഘം (പുത്തന്‍ കവികള്‍)

കാളിന്ദീചരണ്‍ പാണിഗ്രാഹി

ഇക്കാലത്താണ്‌ രബീന്ദ്രനാഥടാഗൂറിന്‌ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌ (1913). വംഗസാഹിത്യത്തെക്കുറിച്ചും ടാഗൂര്‍ കൃതികളെക്കുറിച്ചും അജ്ഞരല്ലായിരുന്നെങ്കിലും, ഒഡിയ ബംഗാളിയുടെ ദുര്‍ബല സ്വാധീനതയില്‍ പെട്ടു പോകാതിരിക്കാന്‍ സത്യവാദിഗ്രുപ്പുകാര്‍ ശ്രദ്ധിച്ചു. ഇവര്‍ സാഹിത്യത്തില്‍ ശ്രദ്ധിക്കാതെ രാഷ്‌ട്രീയത്തിന്റെ മേളക്കൊഴുപ്പില്‍ മുഴുകിയതിനാലുണ്ടായ നിശ്ശൂന്യമായ സാഹചര്യം മുതലാക്കി ടാഗൂറിന്‌ അനുകരിച്ചുകൊണ്ട്‌ ഒരു സംഘം കലാലയവിദ്യാര്‍ഥികള്‍ സാഹിത്യസൃഷ്‌ടി തുടങ്ങി. സബുജാ എന്ന പേരിലാണ്‌ ഇവര്‍ അറിയപ്പെട്ടത്‌. ഒഡിയാസാഹിത്യത്തിന്‌ പുതുതായി ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ അനുകരണത്തിന്റെ വളക്കൂറില്‍ ധാരാളം എഴുതിക്കൂട്ടി. ഈ വിഭാഗത്തില്‍പ്പെട്ട അന്നദാശങ്കര്‍ റോയ്‌, വൈകുണ്‌ഠ പട്‌നായ്‌ക്ക്‌, കാളിന്ദീചരണ്‍ പാണിഗ്രാഹി എന്നിവരുടെ പേരുകള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. സബുജാ പ്രസ്ഥാനക്കാര്‍ വംഗസാഹിത്യത്തില്‍ നിന്നും നോവല്‍ മാതൃകകളും ചിന്താഗതികളും ഒഡിയയിലേക്കു കടത്തിവിടുന്നതിനുള്ള ശ്രമവും നടത്താതിരുന്നില്ല.

സമകാലീന രംഗം

പണ്ഡിറ്റ്‌ ഗോദാവരിമിശ്ര

മുപ്പതുകളിലെത്തിയപ്പോഴേക്കും ബംഗാളില്‍ത്തന്നെ ടാഗൂറിന്റെ സ്വാധീനതയ്‌ക്ക്‌ ഒട്ടൊരു മങ്ങലേറ്റു. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയങ്ങളുടെ ഇരമ്പിക്കയറ്റമായിരുന്നു ഇതിനു കാരണം. ബംഗാളിയിലെന്നപോലെ ഒഡിയയിലും പുരോഗമനസാഹിത്യപ്രസ്ഥാനം തഴച്ചു വളര്‍ന്നു.

കവിത

സബുജസാഹിത്യകാരന്മാരെ പിന്തുടര്‍ന്ന്‌ രംഗത്തുവന്നവരില്‍ ഗോദാവരിശ്‌ മഹാപാത്ര, രാധ മോഹന്‍ ഗഡനായക, ശ്രീകൃഷ്‌ണ ചന്ദ്രത്രിപാഠി എന്നിവര്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആദ്യകാലത്ത്‌ കവിതകളും നോവലുകളും ചെറുകഥകളും രചിച്ചിരുന്ന ഗോദാവരിശ്‌ മഹാപാത്ര ഒഡിയയില്‍ ഏറ്റവും അധികം ജനപ്രീതിയാര്‍ജിച്ച സാഹിത്യകാരനായി അറിയപ്പെട്ടു. ആധുനിക ഒഡിയസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാഗീതങ്ങള്‍ രചിച്ച സാഹിത്യകാരനാണ്‌ രാധാമോഹന്‍ ഗഡനായ്‌ക്‌. പക്ഷിമൃഗാദികളെക്കുറിച്ച്‌ മനോഹരമായി വര്‍ണിക്കുന്ന ഏതാനും ഗാനങ്ങള്‍ പശുപഖിരകാവ്യ എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കാളിദാസമേഘദൂതം ഇദ്ദേഹം ഒഡിയയിലേക്കു വിവര്‍ത്തനം ചെയ്‌തു.

കൃപാസിന്ധുമിശ്ര

1930-കളില്‍ മാര്‍ക്‌സിസത്തില്‍ വിശ്വാസമര്‍പ്പിച്ച ജനകീയകവികള്‍ രംഗത്തുവന്നു. ഫ്രായിഡിയന്‍ സിദ്ധാന്തങ്ങളും വീക്ഷണങ്ങളും ഈ വിഭാഗത്തെ സ്വാധീനിച്ചിരുന്നു. ഭഗവതിചരണ്‍ പാണിഗ്രാഹിയാണ്‌ ഇവരില്‍ പ്രമുഖന്‍. സച്ചി റൗത്ത്‌റായ്‌, അനന്തപട്‌നായക്‌, മന്‍മോഹന്‍ മിശ്ര എന്നിവരാണ്‌ മറ്റ്‌ അനുയായികള്‍. പുരോഗമനസാഹിത്യകാരന്മാരില്‍ സച്ചി റൗത്ത്‌റായിക്കുള്ള സ്ഥാനം അദ്വിതീയമാണ്‌. ഗ്രാമീണ ജീവിതത്തെക്കുറിച്ച്‌ ഇദ്ദേഹം രചിച്ച കവിതകള്‍ അവിസ്‌മരണീയമാണ്‌. ഈ യുവ സാഹിത്യകാരന്മാര്‍ ചേര്‍ന്നു രൂപം നല്‌കിയ നവയുഗസാഹിത്യസംസ്‌താ (1935)നു വേണ്ടി കാവ്യരചന നടത്തിയ പുരോഗമനാശയക്കാരനാണ്‌ അനന്ത പട്‌നായക്‌. അരേ ദുര്‍ഭഗാ ദേശ്‌ (1936, എന്റെ ഹതഭാഗ്യയായ രാജ്യമേ) എന്ന പ്രസിദ്ധ മായ കവിതയില്‍ ദേശീയതയാല്‍ ആകൃഷ്‌ടനായി പാടുന്നു-

""വിപ്ലവം വാതിലില്‍ മുട്ടുന്നു
	പാവങ്ങള്‍ പാവങ്ങളെ സഹായിപ്പാന്‍ വരുന്നു
	ഏഴകള്‍ സമരം ചെയ്യുന്നു
എന്റെ നാടെ,
	ജീവിതത്തിന്റെ പ്രഭാവം തേടൂ,
	വിപ്ലവം തേടൂ.''  
 

പ്രതിഭാസമ്പന്നനായ നൂതനകവിയാണ്‌ ഭാനുജീറാവു (ജ. 1926). 1955-ല്‍ പ്രസിദ്ധീകൃതമായ നൂതന്‍കബിതാ എന്ന കാവ്യസമാഹാരത്തില്‍ ഗുരുപ്രസാദിന്റെ സഹകാരിയായ കവിയാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ബിഷാദ്‌ ഏക്‌ഋതു (1973) എന്ന കാവ്യസമാഹാരത്തില്‍ 85 കവിതകള്‍ ഉണ്ട്‌. രൂപഭദ്രവും മനോഹരവുമാണ്‌ മിക്ക കവിതകളും. ഭാനുജീയുടെ ഹേമന്ത എന്ന ഖണ്ഡകാവ്യത്തില്‍നിന്നുള്ള ഒരു മനോഹരസങ്കല്‌പമാണ്‌-

""ശരത്‌കാലം വന്നു,
	മാവും പ്ലാവും പയിനും നിറഞ്ഞ കാടുകളില്‍
	ആരും കാണാതെ കടന്നുവന്നു
	പച്ചിലകളുടെ ഇരട്ടില്‍
	ഒരു കള്ളപ്പുച്ചയെപോലെ
	നോക്കു, ശരത്‌ ഉറങ്ങുന്നു.''
 

യുവകവികളുടെ കൂട്ടത്തില്‍ പ്രമുഖരായ രമാകാന്ത രഥ്‌ (ജ. 1934), സീതാകന്ത മഹാപാത്ര (ജ. 1937) എന്നിവരും ഒട്ടേറെ സാഹിത്യസംഭാവനകള്‍ നല്‌കിയവരാണ്‌. രമാകാന്തയുടെ കേതേദിനര (1962) കാല്‌പനിക കവിതയാണ്‌. ലണ്‌ഠന്‍ വികാരസാന്ദ്രമായ മറ്റൊരു കാവ്യവും. ബാഘ്‌ശികാര്‍ (1963), അനേക്‌കോഠരി (1967), സന്ദിഗ്‌ധമൃഗയാ (1971), സപ്‌തമഋതു (1977) എന്നിവയാണ്‌ മറ്റു പ്രസിദ്ധകൃതികള്‍. സീതാകാന്ത മഹാപാത്രയുടെ മര്‍തൃജീവിതത്തിലെ നശ്വരതയെക്കുറിച്ചുള്ള ആകുലചിന്തകളും മരണത്തെ ജയിക്കുന്ന കല്‌പനകളിലെത്തിച്ചേരുന്നു. ദീപ്‌തി ഓ ദ്യുതി (പ്രകാശവും തിളക്കവും 1963), അഷ്‌ടപദി (1967), ശബ്‌ദര്‍ ആകാശ്‌ (ആകാശത്തിന്റെ ശബ്‌ദം, 1971), സമുദ്ര (1977), ചിത്രനദി എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രസിദ്ധ കവിതാസമാഹാരങ്ങള്‍.

	
""പകലും രാത്രിയും ഞാന്‍
	നീലാകാശത്തിന്റെ ഗാനം കേള്‍ക്കുന്നു
	വാങ്‌മയമായ ആകാശത്തിന്റെ
	നീല, ധൂസര, പാടല, രക്തവര്‍ണങ്ങളായ
	ഭാസുരമായ, കാന്തിവത്തായ വാക്കുകള്‍''
 

ശബ്‌ദര്‍ ആകാശ്‌ എന്ന കവിതയിലെ ഈ കാവ്യദര്‍ശനം മിത്തിലധിഷ്‌ഠിതമാണെന്നു കാണാം. എഴുപതുകളില്‍ ഒഡിയസാഹിത്യത്തിന്‌ സംഭാവന നല്‌കിയ പ്രമുഖകവികളാണ്‌ സൗഭാഗ്യകുമാര്‍ മിശ്ര (ജ. 1940), ജഗന്നാഥപ്രസാദ്‌ ദാസ്‌ (ജ. 1936) എന്നിവര്‍. സൗഭാഗ്യയുടെ കാവ്യസമാഹാരങ്ങളായ ആത്മനേപദി (ആത്മാലാപം, 1965), മധ്യപദലോപി (1970), നൈപഹംരാ (പുഴ നീന്തല്‍, 1973), അന്ധമഹുമാച്ഛി (അന്ധരായ തേനീച്ചകള്‍, 1977) പ്രതിരൂപാത്മകങ്ങളാണ്‌.

ജഗന്നാഥ തന്റെ പ്രഥമപുരുഷ (ഉത്തമപുരുഷന്‍, 1977), അന്യസബുമൃത്യു ഓ അന്യാന്യകബിതാ (മറ്റുമരണങ്ങളും മറ്റുകവിതകളും, 1976), ജേ ജാഹാര്‍ നിര്‍ജനതാ (സകലരും സ്വന്തം ഏകാന്തതയിലേക്ക്‌, 1979) എന്നിവയിലൂടെ മാനുഷികജീവിതത്തിന്റെ സങ്കീര്‍ണതകളിലേക്കു വെളിച്ചം പകരുന്നു.

എഴുപതുകള്‍ക്കുശേഷം ഒഡിയ കാവ്യരംഗത്തേക്കു കടന്നുവന്നവരില്‍ പ്രമുഖരാണ്‌ സൗരിന്ദ്ര ബാരിക്‌, ദീപക്‌ മിശ്ര, ശരത്‌കുമാര്‍ പ്രധാന്‍, ഹരിഹര്‍ മിശ്ര, രാജേന്ദ്ര കിശോര്‍ പാണ്ഡ, നിത്യാനന്ദ നായക്‌, ബന്‍ധരര്‍ സദംഗി, ഹരപ്രസാദ്‌ ദാസ, സുരേന്ദ്ര മൊഹന്തി, നൃസിംഗര, ദേബദാസ്‌ മഹന്തി അമരേശ്‌ പട്‌നായ്‌ക്‌, ത്രിലോചന ഭോല്‍, ബ്രഹ്മോത്രി മഹന്തി തുടങ്ങിയവര്‍. കവയിത്രികളുടെ കൂട്ടത്തില്‍ വിദ്യുത്‌പ്രഭാ ദേവി, മനോരമ മഹാപാത്ര, കുന്തളകുമാരി സാബത്യ എന്നിവരും പ്രസിദ്ധി നേടിയവരാണ്‌.

നോവല്‍

രമാശങ്കര്‍ റോയ്‌ (ബിബാസിനി), ഉമേഷ്‌ ചന്ദ്രസര്‍ക്കാര്‍ (പദ്‌മമാലി), അപര്‍ണപാണ്ഡ (കലാബതി), ബല്ലഭദാസ്‌ (ഭീമഭൂയന്‍) എന്നിവരാണ്‌ ഒഡിയയിലെ ആദ്യത്തെ നോവലിസ്റ്റുകള്‍, എന്നാല്‍ ഫക്കീര്‍ മോഹന്‍ സേനാപതിയെയാണ്‌ ആദ്യത്തെ നോവലിസ്റ്റായി നിരൂപകര്‍ അംഗീകരിക്കുന്നത്‌. കാരണം മുന്‍കാല നോവലിസ്റ്റുകളുടെ കൃതികള്‍ മധ്യകാല കാവ്യങ്ങളുടെ ഗദ്യവിവര്‍ത്തനമായേ അനുഭപ്പെടുന്നുള്ളൂ എന്നതാണ്‌. ഫക്കീര്‍ മോഹന്‍ തന്റെ കൃതികളില്‍ സാധാരണക്കാരുടെ സംഭാഷണശൈലി സമര്‍ഥമായും നിപുണമായും വിനിയോഗിച്ചിട്ടുണ്ട്‌. മാത്രമല്ല പ്രംചന്ദ്‌, ബിഭൂതിഭൂഷന്‍ എന്നിവരുടെ കൃതികളോടു കിടപിടിക്കത്തക്കവയുമാണ്‌ സേനാപതിയുടെ കൃതികള്‍. (ലഛ്‌മ, ഛ മാണ അം ഗുണ്‌ഠ, മാമു, പ്രായശ്ചിത്ത). 18-ാം ശ. മുതല്‍ 20-ാം ശ. വരെയുള്ള ഒഡീഷയുടെ സാമൂഹിക ചരിത്രമാണ്‌ കൃതികളില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. നന്ദകിശോര്‍ ബാല്‍ (കനകലത), ചിന്താമണി മാഹന്തി (യുഗളമഠ), മൃത്യുഞ്‌ജയ്‌ രഥ്‌ (അദ്‌ഭുത പരിണാമ), രാമചന്ദ്ര ആചാര്യ, താരിണീചരണ്‍രഥ്‌ (അന്നപൂര്‍ണ) എന്നിവരാണ്‌ സേനാപതിയെ തുടര്‍ന്നു വന്ന പ്രധാന നോവല്‍ രചയിതാക്കള്‍. മാഹന്തിയുടെ നോവലുകളില്‍ ഗ്രാമീണ കുടുംബങ്ങളുടെ കഥയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ധീരപരാക്രമവും അതിസാഹസികതയും പ്രമവും വിവരിക്കന്നവയാണ്‌ ആചാര്യയുടെ നോവലുകള്‍. ഒഡിയനോവല്‍ ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനമാണ്‌ ഈ ചരിത്രാഖ്യായികകള്‍ക്കുള്ളത്‌. സാമൂഹിക പരിഷ്‌കരണവും ദേശഭക്തിയും അടിസ്ഥാനമാക്കി അഞ്ചുനോവലുകള്‍ രചിച്ച വനിതാ നോവലിസ്റ്റാണ്‌ കുന്തളാ കുമാരി സാബത. കൃതികളില്‍ ഗ്രാമീണാന്തരീക്ഷത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാധാന്യം നല്‌കിയിരിക്കുന്നതു ശ്രദ്ധേയമാണ്‌.

ശശിഭൂഷണ്‍ റേ

ഒഡിയാ കാല്‌പനിക സാഹിത്യത്തിലെ പുതിയ വഴിത്തിരിവു സൂചിപ്പിക്കുന്ന രണ്ടു നാഴികകല്ലുകളാണ്‌ ബൈഷ്‌ണവ ചരണ്‍ ദാസിന്റെ മനെമനെ, ഉപേന്ദ്രകിശോര്‍ ദാസിന്റെ മലാജാഹ്ന എന്നിവ. ലക്ഷ്‌മീകാന്ത മഹാപാത്ര (കനാമാമു), കാളിന്ദീചരണ്‍ പാണിഗ്രാഹി (മാടീര മണിഷ, ലുഹാര മണിഷ, മുക്താഗഡരഷുധാ), ഹരേകൃഷ്‌ണ മഹ്‌താബ്‌ (പ്രതിഭ, ട്യൂട്ടര്‍, തൃതീയ പര്‍വ) എന്നിവരാണ്‌ ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ മറ്റു ചില നോവല്‍ രചയിതാക്കള്‍. പാണിഗ്രാഹിയുടെ കൃതികളില്‍ ഗാന്ധിസം, സോഷ്യലിസം എന്നിവയുടെ സ്വാധീനം പ്രകടമാണ്‌. എല്ലാ ഭാരതീയ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ്‌ ഇദ്ദേഹത്തിന്റെ മാടിരമണിഷ. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ്‌ മഹ്‌താബിന്റെ കൃതികള്‍. ലളിതവും വൈചിത്യ്രരഹിതവുമാണ്‌ ഇദ്ദേഹത്തിന്റെ ശൈലി. അനന്തപ്രസാദപാണ്ഡ (ഭാഗ്യചക്ര, നുവാദുനിയാ, കൂലി), രമാപ്രസാദ്‌ സിംഹ (ഹോമശിഖ, പൂജാരബലി) എന്നിവരാണ്‌ മറ്റു ചില നോവലിസ്റ്റുകള്‍. സോഷ്യലിസ്റ്റു ചായ്‌വുള്ളവയാണ്‌ പാണ്ഡയുടെ നോവലുകള്‍. തൊഴിലാളി സ്‌ത്രീയെ നായികയാക്കി അവതരിപ്പിച്ച ആദ്യ ഒഡിയ നോവലാണ്‌ കൂലി. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം, മാര്‍ക്‌സിന്റെ വര്‍ഗസമരം, വര്‍ഗരഹിത സമൂഹം എന്നിവയ്‌ക്കാണ്‌ സിംഹ തന്റെ കൃതികളില്‍ പ്രാധാന്യം നല്‌കിയിരിക്കുന്നത്‌.

പണ്ഡിറ്റ്‌ നീലകണ്‌ഠദാസ്‌

സ്വാതന്ത്യ്രപ്രാപ്‌തിക്കുതൊട്ടു മുമ്പുള്ള കാലയളവില്‍ നോവല്‍ സാഹിത്യരംഗത്ത്‌ പ്രാമുഖ്യം നേടിയവരില്‍ ഗോദാബരിശ്‌ മിശ്ര, ഗോദാബരിശ്‌ മഹാപാത്ര, സച്ചിദാനന്ദ റൗത്ത്‌റോയ്‌, കാനുചരണ്‍ മഹന്തി, ബടകൃഷ്‌ണ ബ്രഹരാജ്‌, ചക്രധര്‍മഹാപാത്ര മുതലായവര്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. കവിയും നാടകകൃത്തും ഉപന്യാസകാരന്മാരായ ഗോദാബരിശ്‌ മിശ്ര നാലു നോവലുകളിലൂടെയാണ്‌ ഏറെ ശ്രദ്ധേയനായത്‌. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നോവലുകളെല്ലാം തന്നെ പാശ്ചാത്യനോവലുകളുടെ അനുവാദങ്ങളായിരുന്നു. എങ്കിലും ഒഡിഷയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതുകാരണം അവിടത്തെ സമൂഹത്തെയും ജീവിതത്തെയും ചിത്രീകരിക്കുന്ന പ്രതീതിയുളവാകുന്നു.

ജലന്ധര ദേവ്‌

കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഗോദാബരിശ്‌ മഹാപാത്ര ആറുനോവലുകള്‍ പ്രസിദ്ധീകരിച്ചു. മേരികോര്‍ലിയുടെ "വെന്‍ഡെറ്റ്‌' എന്ന വിദേശ നോവലിനെ ആസ്‌പദമാക്കി രചിച്ച നോവലാണ്‌ രക്തപാത്‌. ക്രൂരമായ പുരുഷമേധാവിത്വം നടമാടുന്ന സമൂഹത്തിനെതിരെ സ്‌ത്രീകള്‍ വിപ്ലവം നയിക്കുന്നതാണ്‌ ബിദ്രാഹി എന്ന നോവലിലെ പ്രമേയം. രണ്ടു നോവലുകള്‍ ചരിത്ര പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ്‌.

സച്ചിദാനന്ദറൗത്ത്‌ റായ്‌ ചിത്രഗ്രിബാ എന്ന നോവല്‍ രചിച്ചു. മായയുടെയും മിഥ്യയുടെയും ഭ്രമാത്മക ലോകത്തില്‍ വിഹരിക്കുന്ന ഏതാനും കൊല്‍ക്കത്താ യുവാക്കളുടെ ജീവിതമാണ്‌ ഈ നോവലില്‍ ചിത്രീകരിക്കുന്നത്‌. 20-ാം ശതകത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഒരു നോവലിസ്റ്റാണ്‌ കാനുചരണ്‍ മഹാന്തി. ഒഡിഷയിലെ ഗ്രാമീണ സമൂഹത്തെ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ഇദ്ദേഹം പ്രമേയമായി സ്വീകരിച്ചത്‌. തെളിവുറ്റതും ശൈലീബന്ധുരവുമായ സാധാരണ സംസാരഭാഷയാണ്‌ എല്ലാ നോവലുകളിലും ഉപയോഗിച്ചിരിക്കുന്നത്‌. മഹാന്തി മുപ്പതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്‌. മനുഷ്യരാശി പ്രാകൃതിക ഘട്ടത്തില്‍നിന്നും പരിണാമം പ്രാപിക്കുന്നതാണ്‌ ശര്‍ബരി എന്ന നോവലിലെ ഇതിവൃത്തം. ഈ കാലയളവിലെ മറ്റൊരു പ്രമുഖ നോവലിസ്റ്റായ ഗോപിനാഥ്‌ മാഹന്തിയുടെ അമൃതരസന്താനു മാടിമടല എന്നിവയാണ്‌ ശ്രദ്ധേയമായ നോവലുകള്‍. ആദിവാസി ജീവിതത്തെ ആസ്‌പദമാക്കി രചിച്ച നോവലാണ്‌ അമൃതസന്താന. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷമുള്ള ഒഡിഷയിലെ ഗ്രാമീണ ജീവിതമാണ്‌ മാടിമടലയിലെ പ്രമേയം. ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും ആദിവാസി വര്‍ഗത്തിന്റെ ജീവിത ചിത്രീകരണമാണ്‌.

സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ശ്രദ്ധേയരായ നോവലിസ്റ്റുകളില്‍ നിത്യാനന്ദ മഹാപാത്ര, രാജകിശോരപട്‌നായ്‌ക്‌, വസന്തകുമാരി പട്‌നായക്‌, സുരേന്ദ്ര മൊഹന്തി മുതലായവര്‍ ഉള്‍പ്പെടുന്നു. സ്വാതന്ത്യ്രസമരക്കാലത്തെ ഗ്രാമീണാന്തരീഷം തന്മയത്വമായി ചിത്രീകരിച്ച നോവലിസ്റ്റാണ്‌ നിത്യാനന്ദമഹാപാത്ര. കാമുകി കാമുകന്മാരുടെ മാനസികാപഗ്രഥനം നിര്‍വഹിക്കുന്ന നോവലുകളുടെ രചയിതാവാണ്‌ രാജകിശോര പട്‌നായക്‌. അനേകം നോവലുകള്‍ രചിച്ച വസന്തകുമാരി പട്‌നായ്‌ക്‌ അമദാബത എന്ന നോവലിലൂടെ പ്രശസ്‌തിയാര്‍ജിച്ചു.

സുരേന്ദ്ര മൊഹന്തിയാണ്‌ മറ്റൊരു പ്രഗല്‌ഭ നോവലിസ്റ്റ്‌. അന്ധദിഗന്ത, കാലാന്തര, ഹംസഗീതി എന്നിവയാണ്‌ മൊഹന്തിയുടെ മുഖ്യനോവലുകള്‍. ഗ്രാമകൃഷ്‌ണ സമല്‍, കമലാകാന്തദാസ്‌, ചന്ദ്രമണിദാസ്‌, ലക്ഷ്‌മീധര്‍നായക്‌, ഫതുരാനന്ദ മുതലായവരാണ്‌ ഈ കാലയളവിലെ ശ്രദ്ധേയരായ മറ്റു നോവലിസ്റ്റുകള്‍. പില്‌ക്കാല നോവലിസ്റ്റുകളില്‍ ശാന്തനു ആചാര്യ, കൃഷ്‌ണ പ്രസാദ്‌ മിശ്‌റ, ചന്ദ്രശേഖരരഥ്‌ മഹാപാത്ര നീലമണി സാഹു, ബിഭൂതി പട്‌നായിക്‌, ഗണേശ്വര്‍മിശ്ര മുതലായവരാണ്‌ ശ്രദ്ധേയരായിട്ടുള്ളത്‌. ആദ്യ നോവലായ നരകിന്നര(1962)യിലൂടെ പ്രശസ്‌തനായ നോവ ലിസ്റ്റാണ്‌ ശാന്തനുആചാര്യ. സ്വാതന്ത്യ്രാനന്തര സമൂഹത്തിന്റെ അംഗീകൃതാദര്‍ശങ്ങളെ ആചാര്യ സധൈര്യം ചോദ്യം ചെയ്യുന്നു.

നാടകം

15-ാം ശതകത്തിലെ പുരുഷോത്തം ദേവിന്റെ പരശുരാമ വിജയം 16-ാം ശതകത്തിലെ റേ രാമാനന്ദ പട്‌നായക്കിന്റെ ജഗന്നാഥ ബല്ലവ്‌, 1868-ല്‍ രഘുനാഥ്‌ പരീച്ചയുടെ ഗോപിനാഥ്‌ ബല്ലവ്‌ എന്നിവയാണ്‌ നാടകത്തോട്‌ സാദൃശ്യമുള്ള ആദ്യകാല രചനകള്‍. രാംശങ്കറിന്റെ കാഞ്ചികാവേരിയാണ്‌ (1880) കാലക്രമമനുസരിച്ചുള്ള ഒന്നാമത്തെ ഒഡിയാനാടകം. പുരുഷോത്തം ദേവിന്റെ കാഞ്ചി ആക്രമത്തെ ആസ്‌പദമാക്കി സംസ്‌കൃതനാടക സിദ്ധാന്തങ്ങളെ അവലംബമാക്കി രചിച്ചിട്ടുള്ളതാണ്‌ ഈ നാടകം. എന്നാല്‍ പാശ്ചാത്യ നാടകങ്ങളുടെ രചനയെയും അവതരണത്തെയും സമന്വയിപ്പിച്ചുകൊണ്ട്‌ ജഗന്‍മോഹന്‍ ലാല രചിച്ച ബാബാജി(1877)യെയാണ്‌ പണ്ഡിതന്മാര്‍ ഒന്നാമത്തെ ഒഡിയാ നാടകമായി അംഗീകരിച്ചിരിക്കുന്നത്‌. സതിയാണ്‌ അദ്ദേഹത്തിന്റെ രണ്ടാമത്തെ നാടകം. കാമപാല മിശ്രയുടെ സീതാവിവാഹം, ഭികാരി ചരണ്‍ പട്‌നായ്‌കിന്റെ കട്ടക്‌ വിജയം, അശ്വനികുമാര്‍ ഘോഷിന്റെ കോണാര്‍ക്ക, ഭീഷ്‌മ, ശിവാജി എന്നിവയാണ്‌ ഇക്കാലത്തു പ്രസിദ്ധീകരിക്കപ്പെട്ട മറ്റു നാടകങ്ങള്‍. ഗോദാരി മിശ്രയുടെ മുകുന്ദദേവ, പുരുഷോത്തംദേവ എന്നിവയും ശ്രദ്ധേയമാണ്‌.

പണ്ഡിറ്റ്‌ വിനായകമിശ്ര

1920 വരെയുള്ള കാലഘട്ടത്തില്‍ പൗരാണികങ്ങളും പ്രാചീനകഥാപരങ്ങളുമായ നാടകങ്ങളായിരുന്ന ഒഡിയസാഹിത്യത്തിത്തിലുണ്ടായിരുന്നത്‌. സാമൂഹിക നാടകമെന്നത്‌ പ്രായേണ അജ്ഞാതമായിരുന്നു. നാടോടിനാടകങ്ങളും അവതരിപ്പിച്ചിരുന്നു. ബൈഷ്‌ണവ്‌ പാണി, ബാലകൃഷ്‌ണമാഹന്തി എന്നിവരായിരുന്നു പ്രമുഖരായ ജാത്രാ (നാടോടി നാടകം) രചയിതാക്കള്‍. 1920-നുശേഷം 1947 വരെ രൂപം, ശൈലി, പ്രമേയം എല്ലാറ്റിലും ബഹുതല സ്‌പര്‍ശിയായ പുരോഗതി കൈവന്നു. ഈ കാലഘട്ടത്തില്‍ ഒഡിയ നാടകവേദിയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‌കിയത്‌ കവി ചന്ദ്രകാളിന്ദീചരണ്‍ പട്‌നായ്‌ക്കാണ്‌. 1939-ല്‍ അദ്ദേഹം "ഒഡിയ തിയെറ്റേഴ്‌സ്‌' സ്ഥാപിച്ചു. ഒഡിയ നാടകവേദിയില്‍ ആദ്യമായി സ്‌ത്രീകളെ അരങ്ങേറ്റിയതും അദ്ദേഹമാണ്‌. ഭാത്‌, അഭിജാന്‍, ഫടാഭൂയില്‍, രക്തമാടി എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഒഡിയനാടകം. സാമൂഹികമായി കൂടുതല്‍ ഉദ്‌ബുദ്ധവും പ്രതിജ്ഞാബദ്ധവും ആവുന്നതിലേക്കുള്ള മുഖ്യകാല്‍വെയ്‌പായിരുന്നു ഇദ്ദേഹത്തിന്റെ നാടകങ്ങള്‍. കാളീചരണ്‍ സൃഷ്‌ടിച്ച പാരമ്പര്യം ഗോപാല്‍ ഛോത്ര, രാമചന്ദ്രമിശ്ര, ഭഞ്‌ജകിശോര്‍ തുടങ്ങിയ നാടകകൃത്തുക്കള്‍ പിന്‍തുടര്‍ന്നു. ഭായി ബഹുജ, മൗലിയാ, ഭാസ്‌കഹേ എന്നിവയാണ്‌ ഛോത്രയുടെ ജനപ്രിയ നാടകങ്ങള്‍. ഗ്രാമപ്രദേശത്തെ മധ്യവര്‍ഗജീവിതത്തിന്റെ യഥാര്‍ഥ ചിത്രങ്ങളാണ്‌ നാടകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കഥ ആകര്‍ഷകമായി നെയ്‌തെടുക്കുകയാണ്‌ ഭഞ്‌ജകിശോര്‍ പട്‌നായക്‌ ചെയ്യുന്നത്‌. മേല്‌പറഞ്ഞ നാലു നാടകകൃത്തുക്കളും 1950 വരെയും അരങ്ങത്തു നിറഞ്ഞുനിന്നു.

സ്വാതന്ത്ര്യാനന്തര ഒഡിയനാടക സാഹിത്യത്തിലെ പ്രമുഖരാണ്‌ മനോരഞ്‌ജന്‍ദാസ്‌, പ്രാണബന്ധുകര്‍, ബിശ്വജിത്‌ദാസ്‌, ബിജയകുമാര്‍ മിശ്ര എന്നിവര്‍. വിവിധ രൂപങ്ങളിലും ശൈലികളിലും നാടകരചന നടത്തിയ സാഹിത്യകാരനാണ്‌ മനോരഞ്‌ജന്‍ദാസ്‌. ലഘുനാടകങ്ങളും ഏകാങ്കനാടകങ്ങളും ദീര്‍ഘനാടകങ്ങളും അനായാസമായി അദ്ദേഹം കൈകാര്യം ചെയ്യുന്നു. ബനഹന്‍സി, ആരണ്യഫസല്‍, കഥാഘോഡ, ശബ്‌ദലിപി എന്നിവയാണ്‌ മനോരഞ്‌ജന്‍ദാസിന്റെ മുഖ്യനാടകങ്ങള്‍. ഇദ്ദേഹത്തിന്റെ നാടകകല പടിഞ്ഞാറന്‍ നാടകത്തിന്റെ വികാസത്തെക്കുറിച്ച്‌ നേടിയ അവബോധം മാത്രമല്ല സ്വന്തം രാജ്യത്തെ സാംസ്‌കാരിക പ്രതിസന്ധിയോടുള്ള ബുദ്ധിപൂര്‍വകമായ പ്രതികരണവും വെളിപ്പെടുത്തുന്നു. ഏകാങ്കനാടകങ്ങളില്‍ ഏറെ ശ്രദ്ധയര്‍പ്പിച്ച നാടകമാണ്‌ പ്രാണബന്ധുകര്‍. പരീക്ഷണാത്മകമെങ്കിലും ശക്തമായ ഒരു ലഘു നാടകമാണ്‌ അശാന്ത (1960). ബിജോയ്‌ കുമാര്‍മിശ്രയുടെ ശബബാഹകമനോ (1968) ഹൃദയോന്മാദിയായ ഒരു നാടകമാണ്‌. ബുദ്ധനെക്കുറിച്ച്‌ പുതിയൊരു വീക്ഷണം നല്‍കുന്ന ഇദ്ദേഹത്തിന്റെ തടനിരഞ്‌ജന (1980) എന്ന നാടകം അഖിലേന്ത്യാനിലവാരത്തില്‍ അംഗീകരിക്കപ്പെട്ടതാണ്‌.

ഒഡിയനാടകത്തിലെ നവ്യപ്രസ്ഥാനത്തിലുള്‍പ്പെടുന്ന ശക്തനും സംവേദനശീലനുമായ മറ്റൊരു നാടകകൃത്താണ്‌ ബിശ്വജിത്‌ദാസ്‌. സര്‍ഗധനനായ ഒരു രചയിതാവ്‌ നാടകസംവിധായകന്‍ എന്നി നിലകളില്‍ ഇദ്ദേഹം ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഒഡിയയിലെ ആധുനിക നാടകരംഗത്തിന്‌ അവകാശപ്പെടാവുന്ന ഏറ്റവും മികച്ച കൃതികളിലൊന്നാണ്‌ ഇദ്ദേഹത്തിന്റെ മൃഗയ. സരളവും ശക്തവുമാണ്‌ മൃഗയയിലെ സംഭാഷണം. ശാന്തിയും സന്തോഷവും തേടിയുള്ള മുഖ്യകഥാപാത്രങ്ങളുടെ പ്രയാണത്തിലെ ദുരന്തബോധത്തിനൊത്ത്‌ അത്‌ മിന്നിയും മങ്ങിയും പ്രകാശിക്കുന്നു. അരങ്ങത്ത്‌ അതിശക്തമായ ഒരു നാടകമാണ്‌ മൃഗയ. പരീക്ഷണ നാടകങ്ങളുമായി രംഗത്തുവന്ന കാര്‍ത്തിക്‌ ചന്ദ്രരഥ, രമേശ്‌ പ്രസാദ പാണിഗ്രാഹി, ജഗന്നാഥ പ്രസാദ ദാസ്‌, ഹരിഹര്‍മിശ്‌റ, രത്‌നാകര്‍ ഛായിനി മുതലായവരാണ്‌ ശ്രദ്ധേയരായ മറ്റു നാടക രചയിതാക്കള്‍. കാര്‍ത്തിക്‌ ചന്ദ്ര രഥയുടെ സ്വര്‍ഗദ്വാര്‍ എന്ന നാടകത്തില്‍ ആധുനിക ജീവിതത്തിന്റെ അര്‍ഥശൂന്യത ചിത്രീകരിക്കുവാനായി ആക്ഷേപഹാസ്യത്തിന്റെ മാര്‍ഗം അവലംബിച്ചിരിക്കുന്നു. പുതിയ പ്രമേയങ്ങളും ശൈലികളും പരീക്ഷിക്കുന്ന ഒരു നാടകകൃത്താണിദ്ദേഹം. രമേശ്‌ പ്രസാദപാണിഗ്രാഹിയുടെ നാടകമായ മു അംദേ ഓ അംദേ മാനേ (1970) പാത്രകല്‌പനയിലും സംഭാഷണത്തിലും നവീന മാതൃകകള്‍ സ്വീകരിച്ചിരിക്കുന്നു. പ്രതീകാത്മകമാണ്‌ ഈ നാടകം. ആധുനിക മനുഷ്യന്റെ അഹംഭാവത്തെ മുന്‍നിര്‍ത്തി രചിച്ച ഒരു അക്ഷേപഹാസ്യനാടകമാണിത്‌.

പരീക്ഷണനാടകങ്ങളുടെ മറ്റൊരു വക്താവായ രത്‌നാകര്‍ഛായിനിയുടെ രചനകളില്‍ രാജഹംസം, പുനശ്ചപൃഥ്വി എന്നിവ ശ്രദ്ധേയമാണ്‌. ഒരു ഭ്രാന്താശുപത്രിയുടെ പശ്ചാത്തലത്തിലുള്ള മനഃശാസ്‌ത്രപരമായ നാടകമാണ്‌ രാജഹംസ. കഥാപാത്രങ്ങളെ പുരാണപശ്ചാത്തലത്തില്‍ അവതരിപ്പിച്ചുകൊണ്ട്‌ ചരിത്രപരമായ കാലത്തെ അതിക്രമിക്കുവാനുള്ള ശ്രമമാണ്‌ പുനശ്ചപൃഥ്വി എന്ന നാടകത്തില്‍ കാണുന്നത്‌.

ചെറുകഥ

1896 വരെ ചെറുകഥ എന്ന സാഹിത്യരൂപം അറിയപ്പെട്ടിരുന്നില്ല. ഒഡിയസാഹിത്യത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ഫക്കീര്‍മോഹന്‍ സേനാപതിയുടെ "രേബതി'(1896)യാണ്‌ ആദ്യത്തെ ചെറുകഥ. മൂല്യങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള സംഘട്ടനം കുറിക്കുന്ന കഥയാണിത്‌. തുടര്‍ന്ന്‌ "പേറ്റന്റ്‌ മെഡിസിന്‍', "ബിരേയിബിശാല്‍', "അധര്‍മബിത്ത' തുടങ്ങിയ ഇരുപതുകഥകള്‍ രചിച്ചു. ദയാനിധിമിശ്ര, ബങ്കനിധി പട്‌നായക്‌, ലക്ഷ്‌മീകാന്ത മഹാപാത്ര എന്നിവരാണ്‌ ഫക്കീറിന്റെ പിന്നാലെ വന്ന ചെറുകഥാകൃത്തുക്കള്‍. ദയാനിധി മിശ്ര ദേശസ്‌നേഹപരമായ കഥകള്‍കൊണ്ട്‌ വായനക്കാരുടെ വികാരങ്ങള്‍ തടിയുണര്‍ത്തി (പ്രദീപനിര്‍വാണ, ശാന്തി, അരുണ, രൂപര്‍ മൂല്യ...). ബങ്കനിധി പട്‌നായക്‌ സാമൂഹിക പശ്ചാത്തലത്തോടുകൂടിയ കഥകള്‍ രചിച്ചു. ഇദ്ദേഹത്തിന്റെ കഥാസമാഹാരമാണ്‌ ധൂപഛായ. ലക്ഷ്‌മീകാന്ത മഹാപാത്ര അനുദിനജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന പലതരക്കാരായ സ്‌ത്രീപുരുഷന്മാരെ കഥാപാത്രങ്ങളാക്കി ഒട്ടേറെ കഥകള്‍ രചിച്ചു (ബൂഢ ശൃംഗാരി, പ്രതിദാന്‍...). മനഃശാസ്‌ത്രപരമായ അപഗ്രഥനം, സുവിശദവും സജീവവുമായ ശൈലി എന്നിവ അദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകതകളാണ്‌. ആഴമാര്‍ന്ന മനുഷ്യസ്‌നേഹം പ്രകടമാക്കുന്ന നിരവധി കഥകള്‍ രചിച്ച (പര്‍ദാസിന്‍, നാരിര്‍ഗതി, തോലാകന്യ) കഥാകാരനാണ്‌ ഗോദാബരീശ്‌ മിശ്ര. ഇരുപതോളം ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഗോദാബരീശ്‌ മഹാപാത്ര ഒഡിയ സാഹിത്യലോകത്തെ മഹാപുരുഷന്‍ എന്ന പ്രശസ്‌തി നേടി. "നിയാങ്‌ ഖ്യന്ത', "പല്ലിച്ഛായ', "ജാല്‍ തങ്ക്‌', "നീല മത്സ്രാനി' എന്നിവയാണ്‌ ഇദ്ദേഹത്തിലെ ചില ശ്രദ്ധേയമായ കഥകള്‍. ഭഗവതീചരണ്‍ പാണിഗ്രാഹി, കാളിന്ദീചരണ്‍ പാണിഗ്രാഹി, സചിരൗത്‌റായ്‌ എന്നിവരാണ്‌ ഈ കാലത്തെ മറ്റു ചില കഥാകൃത്തുക്കള്‍. പാത്രസൃഷ്‌ടിയിലും ബിംബകല്‌പനയിലും പ്രതീകാത്മകതയിലും സമ്പന്നമാണ്‌ സചിരൗത്‌റായയുടെ കഥകള്‍ ("അന്ധാരുവ', മശാനിര്‍ഫുല്‍).

സുരേന്ദ്രമൊഹന്തി

പുതിയ തലമുറയിലെ കഥാകൃത്തുക്കളായ ഗോപിനാഥ്‌ മൊഹന്തിയും സുരേന്ദ്രമൊഹന്തിയുമാണ്‌ ഒഡിയ ചെറുകഥയെ പുതിയ രീതിയിലേക്ക്‌ വഴിതെളിച്ചത്‌. പ്രമുഖ നോവലിസ്റ്റായ ഗോപിനാഥ്‌ മഹന്തിയുടെ കഥകള്‍ നൈസര്‍ഗികമായ മനുഷ്യാനുകമ്പയാലും പ്രതീകാത്മകമായ ഭാഷാരീതിയാലും സ്ഥിതിഗതികളുടെ അതിസൂക്ഷ്‌മവിശകലനത്താലും വിശിഷ്‌ഠമാണ്‌. "ആരോഹണ', "ഘര', "പിമ്പുഡിഝോട്ട', "ഗുപ്‌തഗംഗ' എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ചില പ്രധാന കഥകള്‍. രാജ്‌കിശോര്‍ പട്‌നായ്‌ക്‌, രാജ്‌ കിശോര്‍ റോയ്‌, സുരേന്ദ്ര മൊഹന്തി എന്നിവര്‍ യുദ്ധാനന്തര പരിതഃസ്ഥിതികളില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തെപ്പറ്റി വര്‍ധമാനബോധത്തോടുകൂടി കഥകള്‍ രചിച്ചു. പട്‌നായിക്കിന്റെ മിക്ക കഥകളും നീതികഥകളുടെ ഇനത്തില്‍പ്പെട്ടവയാണ്‌. എന്നാല്‍ റോയി ആത്മകഥാപരമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ റൊമാന്റിക്‌ കഥകള്‍ രചിക്കുകയാണ്‌ ചെയ്‌തത്‌. പട്‌നായിക്കിന്റെ സഹോദരിയായ ബസന്തകുമാരിയുടെ കഥകളില്‍ വിധേയത്വമുള്ള സ്‌ത്രണഭാവവും സരളമായ ആഖ്യാനശൈലിയിലും കാണാം. സ്വാതന്ത്ര്യാനന്തരകാലത്ത്‌ വര്‍ഗീയവാദം, ജാതിവ്യവസ്ഥ, ഭാഷാഭ്രാന്ത്‌, പ്രാദേശികമമത എന്നിവ ഉയര്‍ന്നുവന്നു. ഇക്കാലത്തെ അധികം എഴുത്തുകാരും ആത്മപരിശോധനയില്‍ മുഴുകി. ഈ പശ്ചാത്തലത്തിലാണ്‌ സുരേന്ദ്ര മൊഹന്തി രംഗപ്രവേശം ചെയ്‌തത്‌. മനുഷ്യത്വത്തിന്റെ അഗാധയിലേക്കിറങ്ങി ഇദ്ദേഹം "ഭിക്ഷു, "മധുമത്തര്‍ രാത്രി', "പിതാഓ പുത്ര' തുടങ്ങിയ കഥകള്‍ രചിച്ചു. ഇദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരമാണ്‌ ഓകല്‌ക്കട്ട. കിശോരി ചരണ്‍ദാസ്‌, അഖില്‍മോഹന്‍ പട്‌നായിക്‌, മഹാപാത്ര നീലമണി സാഹു എന്നിവരാണ്‌ ഈ കാലഘട്ടത്തിലെ അറിയപ്പെടുന്ന ചില കഥാകൃത്തുക്കള്‍. കിശോരിചരണിന്റെ കഥകളില്‍ വിദഗ്‌ധമായ അപഗ്രഥനത്തിലൂടെ ഇടത്തരം കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതു കാണാം. കഥാപാത്രങ്ങളുടെ ഇരുണ്ട അറകളിലേക്കു വെളിച്ചം വീശുന്നവയാണ്‌ മനോജ്‌ ദാസിന്റെ "ആരണ്യകം' പോലുള്ള കഥകളുടെ സവിശേഷത. വര്‍ഗീയ വാദം, ജാതിവ്യവസ്ഥ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളാണ്‌ ബാമാചരണ്‍ മിശ്ര തന്റെ കഥകളില്‍ വിഷയമാക്കിയിരിക്കുന്നത്‌. 1960-നുശേഷം ഒഡിയാ ചെറുകഥയുടെ പ്രമേയത്തില്‍ വമ്പിച്ച മാറ്റം സംഭവിച്ചു. രബിപട്‌നായ്‌കിന്റെ "അന്ധഗലീര്‍ അന്ധകാര്‍' ശന്തനുകുമാര്‍ ആചാര്യയുടെ "ദര്‍ബാര്‍' എന്നീ കഥകളില്‍ ഈ മാറ്റം കാണാം. ഇക്കാലത്ത്‌ പ്രധാന കഥാകാരന്മാരാണ്‌ കൃഷ്‌ണപ്രസാദ്‌ മിശ്ര, രാമചന്ദ്രമിശ്ര, ചൗധുരി ഹേമകാന്ത മിശ്ര എന്നിവര്‍. ശക്തമായ ഹാസ്യാത്മക ശൈലിയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍ ഇവര്‍ തങ്ങളുടെ കഥകളില്‍ ആവിഷ്‌കരിച്ചു. ബസന്തകുമാര്‍ സത്‌പതി, അച്യുതാനന്ദപതി എന്നിവരും ശ്രദ്ധാര്‍ഹമായ കഥകള്‍ രചിച്ചു. സ്‌ത്രീകളുടെ മനഃശാസ്‌ത്രീയമായ പ്രശ്‌നങ്ങളാണ്‌ ബീണാവാണി മഹന്തി തന്റെ കഥകളില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എഴുപതുകളുടെ പ്രാരംഭം മുതല്‍ ആധുനികരായ ഒട്ടേറ ചെറുകഥാകൃത്തുക്കള്‍ ഒഡിയാ സാഹിത്യരംഗത്തു കടന്നുവന്നു. ജീവിതവുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന അനവധി കഥകള്‍ ഇവര്‍ രചിച്ചു. ചന്ദ്രശേഖര്‍രഥ്‌, ഹരപ്രസാദ്‌ ദാസ്‌, അക്ഷയ മഹാന്തി, പരിഹര്‍മിശ്ര, ജ്യോത്സനാ റൗത്‌ എന്നിവരാണ്‌ ഇവരില്‍ ചിലര്‍. യുദ്ധാനന്തര സമൂഹത്തിന്റെ ശക്തിനിര്‍ഭരമായ ആലേഖനംമൂലം മുന്‍പന്തിയിലെത്തിയ മറ്റു ചിലരാണ്‌ യശോധരമിശ്ര, നിമയിന്‍ പട്‌നായ്‌ക്‌ എന്നിവര്‍. അദ്വിതീയമായ ശൈലിയാലും സമകാലിക മനുഷ്യന്റെ വിവിധ പ്രശ്‌നങ്ങളോടുള്ള ധൈഷണീക സമീപനത്താലും ഔന്നത്യം നേടിയവരാണിവര്‍. "സ്‌കെച്ച്‌' എന്നു വിളിക്കുന്ന ഇതിവൃത്തമില്ലാത്ത ലഘു കഥകളും ഇക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത്തരം മിനിക്കഥകള്‍ വായനക്കാര്‍ തീര്‍ത്തും തിരസ്‌കരിക്കുകയാണുണ്ടായത്‌.

ഗദ്യസാഹിത്യം

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഒഡിയാസാഹിത്യം പുതിയ രൂപവും ഭാവവും കൈവരിച്ചു. ഗദ്യസാഹിത്യത്തിന്റെ വികാസമാണ്‌ ഇതിനുകാരണം. പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനമായിരുന്നു ഈ മാറ്റത്തിനു നിദാനം. പഴയപദ്യഗ്രന്ഥങ്ങള്‍ക്കു പകരം ഭൂമിശാസ്‌ത്രം, തത്ത്വശാസ്‌ത്രം, ചരിത്രം, വ്യാകരണം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഗദ്യകൃതികള്‍ പാഠപുസ്‌തകങ്ങളായി.

മനോജ്‌ ദാസ്‌
കിശോരി ചരണ്‍ദാസ്‌

അച്ചടിശാലകളുടെ വരവോടുകൂടി നവീനസാഹിത്യത്തിന്റെ മാധ്യമങ്ങളിലൊന്നായ പത്രമാസികകളും ആരംഭിച്ചു. ഉത്‌കല്‍ ദീപിക, ഉത്‌കല്‍ ദര്‍പ്പണ, ഉത്‌കല്‍ പ്രഭ, ഉത്‌കല്‍ സാഹിത്യ എന്നിവയാണ്‌ പത്രമാസികകളില്‍ പ്രധാനപ്പെട്ടവ. രാഷ്‌ട്രീയം, മതം, വിദ്യാഭ്യാസം, ജാതിതാത്‌പര്യം എന്നിങ്ങനെ വൈവിധ്യപൂര്‍ണമായ എല്ലാ കാര്യങ്ങളിലും മാധ്യമങ്ങള്‍ ബന്ധം പുലര്‍ത്തി. ഒഡിയാ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ മിഷനറിമാരും വലിയ പങ്കുവഹിച്ചു. ആദ്യത്തെ ഒഡിയാ വ്യാകരണവും ആദ്യത്തെ ഒഡിയാ പാഠപുസ്‌തകവും രചിച്ചത്‌ റവ. ആമോസ്‌ സട്ടനായിരുന്നു. ഫക്കീര്‍മോഹനും അനേകം പാഠപുസ്‌തകങ്ങള്‍ രചിച്ചു. നീലകണ്‌ഠദാസ്‌, ഗോദാവരീശ്‌ മിശ്ര എന്നിവരാണ്‌ സംസ്‌കൃതീകൃതമായ കഠിനോച്ചാരണരീതികളില്‍നിന്നും ഗദ്യഭാഷയെ മോചിപ്പിച്ചവരില്‍ പ്രധാനികള്‍. നിരവദി രമ്യോപന്യാസങ്ങളും യാത്രാവിവരണങ്ങളും ഇക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. ഫക്കീര്‍മോഹന്‍, ഗോപാല്‍ ചന്ദ്രപ്രഹരാജ്‌, ഗോവിന്ദ ത്രിപാഠി, ദാമാചരണ്‍ മിശ്ര, ഭൂവനേശ്വര്‍ ബഹര, ചന്ദ്രശേഖര്‍ രഥ്‌ എന്നിവരാണ്‌ ഈ വിഭാഗത്തിലെ പ്രമുഖര്‍. അനേകം പാശ്ചാത്യ സാഹിത്യകൃതികളും ഒഡിയയിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടു.

ജീവചരിത്രം, ആത്മകഥ

ഒഡിയാസാഹിത്യത്തില്‍ ജീവചരിത്രങ്ങളും ആത്മകഥകളും ഒരു സാഹിത്യവിഭാഗമെന്ന നിലയില്‍ വളരെ കുറച്ചുമാത്രമേ രചിക്കപ്പെട്ടിട്ടുള്ളൂ. സ്വാതന്ത്യ്രപ്രാപ്‌തിയെത്തുടര്‍ന്ന്‌ ദേശീയ നേതാക്കളായ നെഹ്‌റു, ഗാന്ധിജി, പട്ടേല്‍, രാജേന്ദ്രപ്രസാദ്‌, സുഭാഷ്‌ ചന്ദ്രബോസ്‌ എന്നിവരുടെ ജീവചരിത്രങ്ങളും രചിക്കപ്പെട്ടു. ഗോപിനാഥ മൊഹാന്തി സാമൂഹിക പ്രവര്‍ത്തകനായ ഗോപബന്ധുചൗധുരിയുടെയും (ദീപംജ്യോതി), പണ്ഡിറ്റ്‌ സൂര്യനാരായണ്‍ ദാസ്‌ (ദേശ്‌പ്രാണ്‍ മധുസൂദന്‍), സുരേന്ദ്രമൊഹാന്തി എന്നിവര്‍ മധുസൂദന്‍ ദാസിന്റെയും ജീവചരിത്രങ്ങള്‍ രചിച്ചു. ഏറ്റവും മഹാനായ മധുസൂദന്‍ ദാസിന്റെ ജീവിതം തികഞ്ഞ നിസംഗതയോടെയാണ്‌ ഈ കൃതികളില്‍ വിവരിച്ചിരിക്കുന്നത്‌. ഒഡിയ കവയിത്രി കുന്തളകുമാരിയെക്കുറിച്ച്‌ ചക്രധാര്‍ മഹാപാത്ര രചിച്ച കൃതിയും ശ്രദ്ധേയമാണ്‌. മായാധര്‍മാന്‍ സിംഹയുടെ സരസ്വതീ ഫക്കീര്‍ മോഹന്‍, ദാശരഥിനന്ദയുടെ ശഹീദ്‌ ലക്ഷ്‌മണ്‍ നായക്‌ എന്നിവയാണ്‌ മറ്റു ചില പ്രധാന ജീവചരിത്ര രചനകള്‍.

ശന്തനുകുമാര്‍ ആചാര്യ
കുന്തളകുമാരി സബത്‌

ഒഡിയസാഹിത്യത്തിലെ ആദ്യത്തെ ആത്മകഥ രാധാനാഥറോയിയുടേതാണെങ്കിലും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌ ഫക്കീര്‍ മോഹന്‍ സേനാപതിയുടേതാണ്‌. (ആത്മ ജീവന്‍ ചരിത) ഗോദാവരീശ്‌ മിശ്രയുടെ അര്‍ഥശതാബ്‌ദീര ഒഡീയ ഓ താന്‍ഹൈര്‍ മോസ്ഥാന, നാടകാചാര്യനായ കാളീചരണ്‍ പട്‌നായ്‌കിന്റെ കുംഭാരചക്ര എന്നിവയാണ്‌ മറ്റു പ്രധാനപ്പെട്ട ആത്മകഥകള്‍. എച്ച്‌.കെ. മഹ്‌താബിന്റെ സാധനാരപാഥെയില്‍ സ്വാതന്ത്യ്രത്തിനു മുമ്പും പിമ്പുമുള്ള ഇന്ത്യയിലെ രാഷ്‌ട്രീയസ്ഥിതികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ശ്രദ്ധേയമായ മറ്റൊരു ആത്മകഥയാണ്‌ കാളിന്ദീചരണ്‍ പാണിഗ്രാഹിയുടെ അംഗെജാഹാ നിവായിച്ചീ. ഗോപബന്ധു തന്റെ ജയില്‍ ജീവിതത്തിനിടയില്‍ രചിച്ച ബന്ദീര്‍ ആത്മകഥാ, നീലകണ്‌ഠ ദാസിന്റെ ആത്മചരിത, ബൈഷ്‌ണവ പാണിയുടെ പാണികബിന്‍കര ആത്മകഹാനി, രാമകൃഷ്‌ണ നന്ദയുടെ ജീവന്‍ തരംഗ, ലക്ഷ്‌മീനാരായണ്‍ സാഹുവിന്റെ മോബാരാബുലജീവന്‍, ഉദയനാഥരഥിന്റെ സന്‍സാരപാഥെ എന്നിവയും ശ്രദ്ധേയമാണ്‌.

നിരൂപണം

പാശ്ചാത്യനിരൂപണത്തിന്റെ ചുവടുപിടിച്ചാണ്‌ ഒഡിയാസാഹിത്യത്തില്‍ ആധുനികരീതിയിലുള്ള നിരൂപണങ്ങള്‍ രംഗപ്രവേശം ചെയ്‌തത്‌. ജതീന്ദ്രമോഹന്‍ മൊഹന്തി, സൊച്ചിറൗത്‌റെ, മുധുസൂദന്‍പതി, പ്രഫുല്ലമൊഹന്തി, രബിമിശ്ര എന്നിവരാണ്‌ അതിസൂക്ഷ്‌മങ്ങളായ രീതിഭേദങ്ങളെ ആസ്‌പദമാക്കി സാഹിത്യ പഠനങ്ങള്‍ നടത്തിയ ആദ്യകാല നിരൂപകര്‍. തുടര്‍ന്ന്‌ കൃഷ്‌ണ ച. സാഹുവിന്റെ രാമായണ നിരൂപണം, ചിന്താമണി ബെഹറയുടെ കാവ്യ ഒ. കലാകാര, ദാശരഥിദാസിന്റെ സാഹിത്യരെ സന്ധാന്‍ എന്നിവയും രചിക്കപ്പെട്ടു. ഇവയില്‍ ആധുനിക സാഹിത്യത്തെ ഒരു ജൈവ വികാസമായി പ്രതിഷ്‌ഠിക്കാന്‍ ശ്രമിച്ചിരിക്കുന്നതുകാണാം സീതാകാന്ത്‌ മഹാപാത്ര, രമാകാന്തരഥ്‌, ദീപക്‌ മിശ്ര, തരിണിചന്ദ്രദാസ്‌, ബേണുധര്‍ റൗത്‌ തുടങ്ങിയ സര്‍ഗാത്മക സാഹിത്യകാരന്മാര്‍ ഒരു സുപ്രധാന ഭാഗമായിതീര്‍ന്നിട്ടുണ്ട്‌. സീതാകാന്ത്‌ മഹാപാത്രയാണ്‌ ഇവരില്‍ ഏറ്റവും ശ്രദ്ധേയന്‍. ഒഡിയ സാഹിത്യനിരൂപണത്തെ പാശ്ചാത്യസ്വാധീനത്തില്‍നിന്നും വിമുക്തമാക്കാനും സര്‍ഗാത്മക സാഹിത്യരചന നേരിടുന്ന പ്രശ്‌നങ്ങളെ ബന്ധിക്കുവാനും പ്രവര്‍ത്തിച്ച ആളാണ്‌ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വിന്ന ആകാശവിന്ന ദീപ്‌തി, ഗോപിനാഥ മൊഹന്തിയുടെ കലാശക്തി എന്നിവയാണ്‌ പ്രധാന കൃതികള്‍.

ബാലസാഹിത്യം

19-ാം ശതകത്തിന്റെ അവസാനകാലത്തെ രചയിതാക്കള്‍ ബാലസാഹിത്യരംഗത്തെ അഗ്രഗാമികളായിരുന്നെങ്കിലും 20-ാം ശതകത്തിന്റെ ആരംഭത്തില്‍ ഈ വിഭാഗത്തില്‍ മൗലികമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. ഗോപാല്‍ചന്ദ്രപ്രഹ്‌രാജ്‌, നന്ദകിശോര്‍ ബാല്‍, പദ്‌മചരണ്‍ പട്‌നായിക്‌ എന്നിവര്‍ മാത്രമാണ്‌ ഇക്കാലത്തെ സ്‌മരിക്കപ്പെടേണ്ടവര്‍. തുടര്‍ന്നുള്ള ദശകങ്ങളില്‍ മൃത്യുജ്ഞയരഥ്‌, മധുസൂദന്‍ ദാസ്‌, പദ്‌മചരണ്‍ പട്‌നായ്‌ക്‌, നീലകണ്‌ഠദാസ്‌, ബാലകൃഷ്‌ണകര്‍ തുടങ്ങിയവര്‍ ബാലസാഹിത്യരംഗത്തെ സമ്പന്നമാക്കി. സംസാര, ശിശു സംപാദ്‌, തുവാന്‍ തുയിന്‍, മീനാബസാര്‍, മനപബന്‍ എന്നീ ബാലമാസികകളും ബാലസാഹിത്യരംഗത്തെ പരിപോഷിപ്പിച്ചു. രസകരമായ കഥകള്‍, ജീവചരിത്രം, യാത്രാവിവരണം, നാടകം എന്നിവയും കുട്ടികള്‍ക്കുവേണ്ടി ബാലമാസികകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. സമീപകാലത്ത്‌ ബാലസാഹിത്യരംഗത്ത്‌ ഒരു പുതിയ ചൈതന്യം തന്നെ സംജാതമായിട്ടുണ്ട്‌.

സാഹിത്യ പ്രസ്ഥാനങ്ങള്‍, സംഘടനങ്ങള്‍

ഒഡിഷയിലെ മിക്ക പട്ടണങ്ങളിലും സാഹിത്യപ്രസ്ഥാനങ്ങളും സംഘടനകളും രൂപീകരിക്കപ്പെട്ടു. ഈ സ്ഥാപനങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ സാഹിത്യ സംബന്ധിയായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ഉത്‌കല്‍ സാഹിത്യ സമാജ്‌, പ്രജാതന്ത്രപ്രചാര്‍ സമിതി, ഒഡിഷ ലേഖക്‌ സഹജോഗ്‌ സമബായ, ഒറിസാ സാഹിത്യ അക്കാദമി, ഫക്കീര്‍ മോഹന്‍ സാഹിത്യ പരിഷത്‌, കോസല സാഹിത്യ പരിഷത്‌, കലിംഗ സാഹിത്യ പരിഷത്‌ എന്നിവയാണ്‌ സാഹിത്യ സംഘടനകളില്‍ പ്രധാനം. ഈ സ്ഥാപനങ്ങളാണ്‌ ഒഡിഷയിലുടനീളം സാഹിത്യ പരത വളര്‍ത്തുകയും സാഹിത്യാന്തരീക്ഷം പുലര്‍ത്തുകയും ചെയ്യുന്നത്‌. മേല്‌പറഞ്ഞവയില്‍നിന്നും ഒഡിയാസാഹിത്യത്തിലെ കവിത, കഥ, നോവല്‍, നാടകം, നിരൂപണം തുടങ്ങിയ എല്ലാ ശാഖകളും മറ്റ്‌ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേതുപോലെ സമ്പന്നവും വികസിതവുമായിത്തീര്‍ന്നിട്ടുണ്ടെന്നുകാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍