This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടുമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒട്ടുമീന്‍

ആദ്യത്തെ പൃഷ്‌ഠപത്രം (dorsal fin) പറ്റിപ്പിടിക്കുന്നതിനുള്ള ഒരവയവം-സക്കര്‍-ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്ന ഇനം മത്സ്യം. ഷാര്‍ക്‌ സക്കര്‍, സക്കിങ്‌ ഫിഷ്‌, റെമോറ എന്നെല്ലാം പേരുകളുള്ള ഈ മത്സ്യം എക്കിനീഡിഡേ കുടുംബാംഗമാണ്‌.

ഒട്ടുമീന്‍ - ഉള്‍ച്ചിത്രം തലയുടെ പിന്നില്‍ കാണപ്പെടുന്ന പരന്ന്‌ അണ്ഡാകാരമായ സക്കര്‍

ഉഷ്‌ണമേഖയിലെയും സമശീതോഷ്‌ണമേഖലയിലെയും സമുദ്രങ്ങളില്‍ ജീവിക്കുന്ന ഈ മത്സ്യങ്ങള്‍ 15 സെ.മീ. മുതല്‍ 90 സെ.മീ. വരെ വിവിധ വലുപ്പമുള്ളവയാണ്‌. ഒന്നേകാല്‍ മീ. വരെ നീളമുള്ള മത്സ്യങ്ങളും ഇക്കൂട്ടത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ചാരനിറമോ തവിട്ടുനിറമോ ഉള്ള ശരീരം താരതമ്യേന നീണ്ടുകൂര്‍ത്തതാകുന്നു. ഇതിന്റെ തലയുടെ പിന്നില്‍ കാണപ്പെടുന്ന, പരന്ന്‌ അണ്ഡാകാരമായ "സക്കറി'ല്‍ കുറുകേ അടുക്കിയിട്ടുള്ള കുറേ പ്ലേറ്റുകള്‍ കാണാം. സ്രാവ്‌, കടലാമ തുടങ്ങിയ ജീവികളിലും കപ്പലുകളില്‍പ്പോലും പറ്റിപ്പിടിക്കുന്നതിന്‌ ഈ പ്ലേറ്റുകള്‍ സഹായകമാകുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന മറ്റു ജീവികളില്‍ ഇപ്രകാരം പറ്റിപ്പിടിച്ചു സഞ്ചരിക്കുന്ന ഒട്ടുമീനിന്‌ സ്വയം നീന്തുന്നതിനും കഴിവുണ്ട്‌. ഇങ്ങനെ പറ്റിപ്പിടിക്കുന്നതുമൂലം "സൗജന്യയാത്രാസൗകര്യം' ഇവയ്‌ക്കു ലഭ്യമാകുന്നു. എന്തിലും വളരെ ബലമായി പറ്റിപ്പിടിക്കുന്നതിനുള്ള കഴിവാണ്‌ ഇവയ്‌ക്ക്‌ "ഒട്ടുമീന്‍' എന്ന പേരു നേടിക്കൊടുത്തത്‌. ഈ സമയത്ത്‌ "ആതിഥേയ' ജീവിയുടെ ഉച്ഛിഷ്‌ടങ്ങള്‍ കഴിക്കാന്‍ സൗകര്യം കിട്ടുന്നു എന്നതിനാല്‍ ഇവയുടെ ഭക്ഷണപ്രശ്‌നവും കുറേയൊക്കെ പരിഹൃതമാകുന്നു.

കടലാമയുടെ പുറത്ത്‌ കയറി സഞ്ചരിക്കുന്ന ഒട്ടുമീന്‍

കടലാമവേട്ടയ്‌ക്ക്‌ ഒട്ടുമീനിനെ ഉപയോഗിക്കുക പതിവാണ്‌. ബലത്ത ചരടുകെട്ടിയിട്ടുള്ള ഒരു വളയം ഇതിന്റെ വാലില്‍ കയറ്റിയിട്ട ശേഷം, ആമകളെ കാണുന്നതോടെ ചരട്‌ അയച്ചു വിട്ടുകൊടുക്കുന്നു. ഒട്ടുമീന്‍ വേഗത്തില്‍ നീന്തിച്ചെന്ന്‌ ആമയുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. അപ്പോള്‍ ഇവ രണ്ടിനെയും ഒരുമിച്ച്‌ വലിച്ചു കയറ്റുന്നു.

റ്റീലിയോസ്റ്റോമൈ മത്സ്യങ്ങള്‍ക്കിടയില്‍ ഏതാണ്ട്‌ ഒറ്റപ്പെട്ട സ്ഥാനമാണ്‌ ഒട്ടുമീനുകള്‍ക്കുള്ളത്‌. വടക്കേ അമേരിക്കയില്‍നിന്നു മാത്രമായി അഞ്ച്‌ ജീനസ്സുകളും എട്ട്‌ സ്‌പീഷീസുകളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇവയില്‍ ചിലത്‌ ചില പ്രത്യേക മത്സ്യങ്ങളിലും ജീവികളിലും (spearfish, dolphins etc.)മാത്രമേ പറ്റിപ്പിടിക്കാറുള്ളൂ. മറ്റു ചിലതിന്‌ ഈ നിര്‍ബന്ധമുള്ളതായി കാണുന്നില്ല. ഉഷ്‌ണമേഖലാ സമുദ്രങ്ങളില്‍ പതിവായി കാണപ്പെടുന്ന ഇനം ഒട്ടുമീന്‍ റെമോറ റെമോറ എന്നറിയപ്പെടുന്നു. എക്കിനീസ്‌ നോക്രാറ്റെസ്‌, റെമോറ ബ്രാക്കിപ്‌റ്റെറ എന്നിവ സാധാരണ കാണപ്പെടുന്ന മറ്റു രണ്ടിനങ്ങളാണ്‌. ഒട്ടുമീനുകളില്‍ ഒന്നിനെപ്പോലും ഭക്ഷ്യമത്സ്യമായി ഉപയോഗിക്കുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍