This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്‌ലഹോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒക്‌ലഹോമ

Oklahoma

ഒക്‌ലഹോമ ആസ്ഥാനമന്ദിരം

യു.എസ്സിലെ ഒരു ഘടകസംസ്ഥാനം. വടക്ക്‌ കാന്‍സാസ്‌, വടക്ക്‌ കിഴക്ക്‌ മിസ്സൗറി, കിഴക്ക്‌ അര്‍ക്കന്‍സാ, തെക്കും തെക്കുപടിഞ്ഞാറും ടെക്‌സാസ്‌, വടക്ക്‌ പടിഞ്ഞാറ്‌ ന്യൂ മെക്‌സിക്കോ എന്നിങ്ങനെയാണ്‌ അയല്‍സംസ്ഥാനങ്ങള്‍. ഒക്‌ലഹോമയില്‍ അമേരിന്ത്യര്‍ക്കാണ്‌ ഭൂരിപക്ഷമുള്ളത്‌. ചോക്‌റ്റാ ഭാഷയിലെ ഒക്‌ല (ജനങ്ങള്‍), ഹമ്മ (ചുവന്ന) എന്നീ പദങ്ങളില്‍ നിന്നുമാണ്‌ "ഒക്‌ലഹോമ'യുടെ നിഷ്‌പത്തി. യൂറോപ്യന്‍ അധിവാസത്തിന്റെ വ്യാപനഘട്ടത്തില്‍ ഓരോയിടത്തുനിന്നും ഒഴിപ്പിക്കപ്പെട്ട തദ്ദേശീയരായ അമേരിന്ത്യരുടെ പുനരധിവാസകേന്ദ്രമായിരുന്ന ഒക്‌ലഹോമ 1907-ല്‍ 46-ാമത്തെ സംസ്ഥാനമായി പുനര്‍രൂപവത്‌കൃതമായി. തുടര്‍ന്ന്‌ ബഹുമുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇപ്പോഴും അമേരിന്ത്യരിലെ നല്ലൊരുശതമാനം സ്ഥിരമായ പാര്‍പ്പിടസൗകര്യങ്ങളില്ലാത്തവരായി തുടരുന്നു. ഇക്കൂട്ടരെ "ബ്ലാങ്കറ്റ്‌ ഇന്ത്യന്‍സ്‌' എന്നുവിളിച്ചുവരുന്നു. സാമൂഹിക മാന്യതയും സമ്പന്നതയും നേടിയ അമേരിന്ത്യരും കുറവല്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിന്നാക്കാവസ്ഥയിലാണ്‌. വിസ്‌തീര്‍ണം: 1,81,089 ച.കി.മീ.; തലസ്ഥാനം: ഒക്‌ലഹോമാസിറ്റി; ജനസംഖ്യ; 3,751,351 (2010).

ഭൗതികഭൂമിശാസ്‌ത്രം. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ്‌ ഒക്‌ലഹോമില്‍ ഉള്ളത്‌. ദക്ഷിണഭാഗത്ത്‌ വോഷിതോ, ആര്‍ബക്കിള്‍, വിചീതോ എന്നീ മലനിരകളോടനുബന്ധിച്ചുള്ള നിമ്‌നോന്നതാപ്രദേശം കാണാം; വടക്കു കിഴക്കരികിലുള്ള ഓസാര്‍ക്‌ പീഠഭൂമിയിലും സങ്കീര്‍ണമായ ഭൂപ്രകൃതിയാണുള്ളത്‌. സ്റ്റേറ്റിന്റെ മധ്യപൂര്‍വഭാഗത്തുള്ള മണല്‍ക്കല്‍-കുന്നുകള്‍ (sand stone hills), പടിഞ്ഞാറരികിലെ ജിപ്‌സം കുന്നുകള്‍ എന്നിവയാണ്‌ മറ്റ്‌ ഉന്നതപ്രദേശങ്ങള്‍. ഒക്‌ലഹോമയിലെ ശേഷിച്ചഭാഗം പൊതുവേ നിരപ്പുള്ളതാണ്‌. അര്‍ക്കന്‍സാ, റെഡ്‌ എന്നീ നദികളും അവയുടെ പോഷകനദികളുംമൂലം ഒക്‌ലഹോമയിലെ ഏറിയഭാഗവും ജലസേചിതമാണ്‌.

പൊതുവേ സുഖകരമായ കാലാവസ്ഥയാണുള്ളത്‌. മഴയുടെ തോതില്‍ പ്രാദേശിക വ്യതിയാനം ഏര്‍പ്പെട്ടുകാണുന്നു. വോഷിതോ പ്രദേശത്തെ ശരാശരിവര്‍ഷപാതം 127 സെ.മീ. ആണ്‌; സ്റ്റേറ്റിന്റെ വടക്കുപടിഞ്ഞാറരികില്‍ ഇത്‌ 38 സെ.മീ. ആയി കുറയുന്നു; ശരാശരി താപനില 15.50ഇ ആണ്‌; ഇതിന്‌ വടക്കു പടിഞ്ഞാറ്‌-തെക്കു കിഴക്ക്‌ ദിശയില്‍ ക്രമമായ ഏറ്റമുണ്ടാകുന്നതു കാണാം. തണുത്തതും ചൂടുകൂടിയതുമായ വായുപിണ്ഡങ്ങള്‍ കൂടിക്കലരുന്ന ഒരു മേഖലയാണ്‌ ഒക്‌ലഹോമ; തന്മൂലം താപനിലയില്‍ അപ്രതീക്ഷിതമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. ഇടിമഴ, ടൊര്‍ണാഡോ, ഹിമക്കൊടുങ്കാറ്റ്‌ (blizzard) എന്നിവ സാധാരണമാണ്‌.

ഉപോഷ്‌ണമേഖലാ വൃക്ഷങ്ങളില്‍ തുടങ്ങി മരുരുഹങ്ങളിലേക്കു സംക്രമിക്കുന്ന സസ്യപ്രകൃതിയാണുള്ളത്‌. മേപ്പിള്‍, ഹിക്കോറി, ഓക്‌, പൈന്‍, എം, ഹാക്‌ബെറി തുടങ്ങി 130-ലേറെയിനം വൃക്ഷങ്ങള്‍ കാണപ്പെടുന്നു. മഴ കുറവുള്ള പ്രദേശങ്ങളില്‍ കള്ളി തുടങ്ങിയ മുള്‍ച്ചെടികള്‍ സമൃദ്ധമായി വളരുന്നു. തുറസ്സായ പുല്‍മേടുകള്‍ സാധാരണമാണ്‌.

ഒക്‌ലഹോമിലെ വിജനപ്രദേശങ്ങളില്‍ സാധാരണ കാണപ്പെടുന്ന ജന്തുക്കള്‍ പലതരം മാനുകള്‍, ചെന്നായ്‌, കുറുനരി, മുയല്‍, കാട്ടുനായ്‌, കാട്ടുപോത്ത്‌ എന്നിവയാണ്‌. വിവിധയിനം പക്ഷികളും ഈ മേഖലയില്‍ വിഹരിക്കുന്നു. നദികളും മറ്റു ജലാശയങ്ങളും മത്സ്യസമൃദ്ധമാണ്‌. കൊമ്പുള്ള മരത്തവള, പല്ലിവര്‍ഗങ്ങള്‍, വിഷമില്ലാത്ത പാമ്പുകള്‍ തുടങ്ങിയവയും സാധാരണമാണ്‌.

ജനങ്ങള്‍. ജനസംഖ്യയില്‍ അമേരിന്ത്യര്‍ക്കാണ്‌ ഭൂരിപക്ഷമുള്ളത്‌. ഇവരില്‍ത്തന്നെ ഭൂരിഭാഗവും ഒക്‌ലഹോമയുടെ കിഴക്കേ പകുതിയിലാണ്‌ പാര്‍ത്തുവരുന്നത്‌. നഗരവാസികളില്‍ ഗണ്യമായ ഒരു വിഭാഗം കുറുത്തവര്‍ഗക്കാരാണ്‌; "കറുത്തവരുടെ നാടെ'ന്നു വിശേഷിപ്പിക്കാവുന്ന പട്ടണങ്ങളും ഉണ്ട്‌. ഏഷ്യന്‍ വംശജരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരും, ഇവര്‍ക്ക്‌ തദ്ദേശീയരുമായുണ്ടായ ബന്ധത്തിലൂടെ ഉരുത്തിരിഞ്ഞ സങ്കരവര്‍ഗവുമാണ്‌ ഇതര ജനവിഭാഗങ്ങള്‍. ജനങ്ങളില്‍ ഏറിയപേരും ക്രിസ്‌ത്യാനികളാണ്‌. ഇവരില്‍ത്തന്നെ പ്രാട്ടസ്റ്റന്റു വിഭാഗക്കാര്‍ക്കാണ്‌ ഭൂരിപക്ഷം; ശേഷിക്കുന്നവര്‍ ബാപ്‌റ്റിസ്റ്റ്‌, മെഥഡിസ്റ്റു തുടങ്ങിയ അവാന്തരവിഭാഗത്തില്‍പ്പെടുന്നു. പ്രാകൃത വിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ഒരു ന്യൂനപക്ഷത്തെയും ഒക്‌ലഹോമയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാണാം. ജര്‍മന്‍, ഐറിഷ്‌, ഇംഗ്ലീഷ്‌, സ്‌കോട്ടിഷ്‌ ഭാഷകളുമാണ്‌ ഇവിടെ മുഖ്യമായും പ്രചാരത്തിലുള്ളത്‌. ഇവയ്‌ക്കു പുറമേ ഒക്‌ലഹോമയില്‍ 25-ലധികം പ്രാദേശിക അമേരിക്കന്‍ ഭാഷകളും ഉപയോഗത്തിലുണ്ട്‌.

സമ്പദ്‌വ്യവസ്ഥ. കന്നുകാലിവളര്‍ത്തല്‍ വളരെയേറെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ഒക്‌ലഹോമയുടെ ഏതുഭാഗത്തും പുല്‍വര്‍ഗങ്ങള്‍ വളര്‍ത്തുന്നതിന്‌ അനുയോജ്യമായ കാലാവസ്ഥയാണ്‌. വാണിജ്യാടിസ്ഥാനത്തില്‍ കാലികളെ കൂട്ടമായി വളര്‍ത്തുന്ന റാഞ്ച്‌ (ranch) സമ്പ്രദായമാണ്‌ പൊതുവേ കാണപ്പെടുന്നത്‌. ഭക്ഷ്യധാന്യങ്ങളും പരുത്തിയുമാണ്‌ മുഖ്യ കാര്‍ഷികവിളകള്‍; ശാസ്‌ത്രീയ സമ്പ്രദായങ്ങള്‍ പ്രാവര്‍ത്തികമായിട്ടുള്ള വിസ്‌തൃതങ്ങളായ കൃഷിനിലങ്ങളാണ്‌ ഒക്‌ലഹോമയിലുള്ളത്‌. സംസ്ഥാനത്തെ പണിയെടുക്കുന്ന ആളുകളില്‍ 13 ശതമാനം മാത്രമാണ്‌ ഏതെങ്കിലും വ്യവസായവൃത്തിയില്‍ ഏര്‍പ്പെട്ടവരായുള്ളത്‌. വനവ്യവസായങ്ങളാണ്‌ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌; കടുപ്പമുള്ളതും കടുപ്പംകുറഞ്ഞതുമായ വിവിധയിനം തടികള്‍ ഇവിടെനിന്ന്‌ കയറ്റുമതി ചെയ്യപ്പെടുന്നു. തടി ഉരുപ്പടികള്‍, കടലാസ്‌, വുഡ്‌പള്‍പ്‌ എന്നിവയുടെ നിര്‍മാണം അഭിവൃദ്ധിപ്പെട്ടുവരുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിലും പിന്നാക്കമല്ല. യു.എസ്‌. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഖനികളില്‍നിന്നുള്ള ആദായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒക്‌ലഹോമയ്‌ക്കു നാലാം സ്ഥാനമാണുള്ളത്‌. പെട്രാളിയം, പ്രകൃതിവാതകം രത്‌നക്കല്ലുകള്‍ എന്നിവയാണ്‌ സംസ്ഥാനത്ത്‌ മുഖ്യമായും ഖനനം ചെയ്യപ്പെടുന്നത്‌. ഏവിയേഷന്‍ ഊര്‍ജം, ടെലികമ്യൂണിക്കേഷന്‍, ബയോടെക്‌നോളജി മുതലായവയാണ്‌ മുഖ്യ വരുമാനമാര്‍ഗങ്ങള്‍. ആളോഹരി വരുമാനത്തില്‍ അമേരിക്കയിലെ മുന്നിട്ടുനില്‌ക്കുന്ന ഒരു സംസ്ഥാനമാണ്‌ ഒക്‌ലഹോമ.

ഒക്‌ലഹോമയില്‍ 8,960 കി.മീ. റെയില്‍പ്പാതയുണ്ട്‌. തുള്‍സാ, ഒക്‌ലഹോമാസിറ്റി എന്നിവിടങ്ങളാണ്‌ ഗതാഗതകേന്ദ്രങ്ങള്‍. വിപുലവും ആധുനികവുമായ ഒരു റോഡുവ്യവസ്ഥയും ഈ സംസ്ഥാനത്തുണ്ട്‌. സംസ്ഥാനത്തെ വിവിധ നഗരങ്ങള്‍ക്കിടയില്‍ വ്യോമബന്ധം പുലര്‍ത്തിക്കൊണ്ട്‌ 13 എയര്‍ലൈനുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അര്‍ക്കന്‍സാനദിയുടെ പ്രത്യേക രീതിയിലുള്ള നിയന്ത്രണത്തിലൂടെ ചെറുകിട കപ്പലുകള്‍ക്ക്‌ മെക്‌സിക്കോ ഉള്‍ക്കടല്‍ മുതല്‍ തുല്‍സാവരെ സഞ്ചാരസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. പെട്രാളിയം ഉത്‌പന്നങ്ങളുടെ വിനിമയം ലക്ഷ്യമാക്കി ധാരാളം പൈപ്പ്‌ലൈനുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ലോകപ്രസിദ്ധമായ ബാലെ സംഘങ്ങളുടെ കേന്ദ്രമാണ്‌ ഒക്‌ലഹോമ. ഒക്‌ലഹോമാസിറ്റി തിയെറ്റര്‍ കമ്പനി, കാര്‍പെന്റര്‍ സ്‌ക്വയര്‍ തിയെറ്റെര്‍, ഒക്‌ലഹോമ ഷെയ്‌ക്‌സ്‌പിയര്‍ ഇന്‍ ദ്‌ പാര്‍ക്‌, തിയെറ്റര്‍ തുള്‍സ എന്നിങ്ങനെ നിരവധി പ്രമുഖ നാടകവേദികള്‍ ഇവിടെയുണ്ട്‌.

2006-ലെ കണക്കനുസരിച്ച്‌ 18 സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റികളും 10 സ്വകാര്യ യൂണിവേഴ്‌സിറ്റികളും നിലവിലുണ്ട്‌.

2007-ല്‍ ഒക്‌ലഹോമയില്‍നടന്ന ശതവാര്‍ഷികാഘോഷങ്ങള്‍ അമേരിക്കയിലെ ഏറ്റവും മികച്ച ആഘോഷമായി മാറി. വടക്കേ അമേരിക്കന്‍ ദേശീയ ജനതയുടെ ഒത്തുചേരലായ പൗവഗ ഒക്‌ലഹോമയിലെ ഒരു സവിശേഷ ആഘോഷമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍