This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്‌റ്റ്‌റോയ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒക്‌റ്റ്‌റോയ്‌

Octroi

ഒരിനം ചുങ്കം. ഒരു നഗരത്തില്‍ താമസിക്കുന്നവരുടെ ഉപഭോഗത്തിനായി, അതിന്റെമേല്‍ ഭരണാധികാരമുണ്ടായിരുന്ന പ്രഭുവിന്റെ അല്ലെങ്കില്‍ നാടുവാഴിയുടെ അനുമതിയോടുകൂടി അതിനുള്ളില്‍ കൊണ്ടുവരുന്ന മദ്യത്തിന്റെയും മറ്റു സാധനങ്ങളുടെയും മേല്‍ ചുമത്തുന്ന "ടോള്‍' അല്ലെങ്കില്‍ "ഡ്യൂട്ടി' എന്നാണ്‌ മുന്‍കാലങ്ങളില്‍ ഒക്‌റ്റ്‌റോയ്‌ എന്ന പദത്തിനു നല്‌കിയിരുന്ന വിവരണം. അനുവദിക്കുക, അധികാരം നല്‌കുക എന്നര്‍ഥമുള്ള ഒക്‌റ്റ്‌റോയര്‍ (octoyer)എന്ന വാക്കില്‍നിന്നാണ്‌ ഈ പദം ഉദ്‌ഭവിച്ചത്‌. ഒക്‌റ്റ്‌റോയ്‌ ആദ്യകാലത്ത്‌ തുറമുഖങ്ങളില്‍ മാത്രമാണ്‌ ചുമത്തിയിരുന്നത്‌. എന്നാല്‍ ഈ ചുങ്കംചുമത്തല്‍ ആദായകരമാണെന്നു കണ്ടതോടെ നഗരത്തിന്റെ പരിധിക്കുള്ളിലേക്കു കൊണ്ടുവരുന്ന സാധനങ്ങളുടെമേലും ചുമത്തിത്തുടങ്ങി. ഇക്കാരണത്താല്‍ ഇതിന്‌ "നഗരച്ചുങ്കം' എന്നും പേരുണ്ടായി. ക്രമേണ നഗരങ്ങളില്‍നിന്ന്‌ പുറത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങളിന്മേലും ഒക്‌റ്ററോയ്‌ ചുമത്തുന്ന പതിവുണ്ടായി. ഇവ ഈടാക്കിപ്പോന്നിരുന്നത്‌ നഗരത്തിലേക്കു പ്രവേശിക്കുന്ന ഗേറ്റുകളില്‍വച്ചും നഗരത്തിന്റെ അതിര്‍ത്തികളില്‍ വച്ചും ആയതിനാല്‍ ഇതിനെ "ഇന്‍ ഗേറ്റ്‌ ടോള്‍' എന്നും പറയാറുണ്ടായിരുന്നു. ആദ്യകാലത്ത്‌ ജനങ്ങളുടെ ഉപഭോഗത്തിനായി കൊണ്ടുവരുന്ന സാധനങ്ങളുടെമേല്‍ മാത്രമേ ചുങ്കം ചുമത്തപ്പെട്ടിരുന്നുള്ളൂ. എങ്കിലും കാലക്രമത്തില്‍ ഉപഭോഗത്തെ പരാമര്‍ശിക്കാതെ തന്നെ ചുങ്കം ഏര്‍പ്പെടുത്തുകയുണ്ടായി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള വരവ്‌ വര്‍ധിപ്പിക്കുന്നതിനാണ്‌ ഇന്ന്‌ ഒക്‌റ്റ്‌റോയ്‌ ചുമത്തുന്നത്‌. പരോക്ഷ നികു തികള്‍ ചുമത്താന്‍ അത്തരം സ്ഥാപനങ്ങള്‍ക്ക്‌ അധികാരം കുറവാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ 7-ാം പട്ടിക, അനുക്രമണിക രണ്ടിലെ 49-ാം ഉള്‍ക്കുറിപ്പ്‌ ഒക്‌റ്റ്‌റോയ്‌ ചുങ്കം ചുമത്തുന്നതിനുള്ള അധികാരം മുനിസിപ്പാലിറ്റികള്‍ക്ക്‌ അനുവദിക്കുന്നുണ്ട്‌.

മൂന്ന്‌ തലങ്ങളിലുള്ള നികുതികളാണ്‌ ഇന്ത്യയില്‍ ചുമത്തപ്പെടുന്നത്‌. ദേശീയതലത്തില്‍ കേന്ദ്രഗവണ്‍മെന്റ്‌ ചുമത്തുന്നത്‌, സംസ്ഥാന ഗവണ്‍മെന്റുകളുടേത്‌, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ ചുമത്തുന്നത്‌. ഇവയില്‍ ഒക്‌റ്റ്‌റോയ്‌ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതാകയാല്‍ അവയുടെ നിരക്കുകള്‍ ഏകമാനത ഉണ്ടാകില്ല. അതിനാല്‍ ഒക്‌റ്റ്‌റോയ്‌ നിരക്കുകള്‍ അതതു സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ അന്വേഷിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍