This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ ഹോക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസ്‌ ഹോക്കി

Ice Hockey

ഐസ്‌ ഹോക്കി

മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ സ്‌കേറ്ററുകളുപയോഗിച്ചു നടത്തുന്ന ഒരുതരം കളി. ഹോക്കിയോട്‌ സാദൃശ്യമുള്ള ഈ കളിയുടെ ജന്മദേശം കാനഡയാണ്‌. മഞ്ഞുമൂടിക്കിടക്കുന്ന മറ്റു രാജ്യങ്ങളിലും പിന്നീട്‌ ഇത്‌ പ്രചരിച്ചു. കൃത്രിമമായി മഞ്ഞു സൃഷ്‌ടിക്കാന്‍ തുടങ്ങിയതോടെ മിക്കരാജ്യങ്ങളിലും ഇപ്പോള്‍ ഈ കളി നടത്താറുണ്ട്‌. കാനഡയിലെ ഐസ്‌ ഹോക്കിയുടെ നിയമങ്ങള്‍ അല്‌പം ചില വ്യത്യാസങ്ങളോടെയാണ്‌ മറ്റു രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്‌. കാനഡയില്‍ നിന്നു കളിക്കാരെയും പരിശീലകരെയും വരുത്തിയാണ്‌ മറ്റു രാഷ്‌ട്രങ്ങള്‍ ഐസ്‌ ഹോക്കി അഭ്യസിപ്പിക്കാറുള്ളത്‌.

ഐസ്‌ ഹോക്കിയില്‍ ഒരോ വശത്തും ആറു കളിക്കാര്‍ വീതമാണുള്ളത്‌. കളിക്കാരുടെ സ്ഥാനങ്ങള്‍ യഥാക്രമം ഗോള്‍, റൈറ്റ്‌വിങ്‌, ലെഫ്‌റ്റ്‌വിങ്‌ എന്നിങ്ങനെയാണ്‌. ഒരു മണിക്കൂറാണ്‌ കളിയുടെ സമയം. 20 മിനിട്ടുവീതം മൂന്ന്‌ ഇന്നിങ്ങുകളായാണ്‌ കളി നടത്തുക. ഓരോ ഇന്നിങ്ങിനുമിടയ്‌ക്ക്‌ 10 മിനിട്ട്‌ വിശ്രമവേളയുണ്ട്‌. ഓരോ കക്ഷിക്കും നാലു പകരക്കാര്‍ കൂടിയുണ്ടായിരിക്കും. കളിയുടെ ശീഘ്രത നിലനിര്‍ത്തുന്നതിനുവേണ്ടി കളിക്കാരെ കൂടെക്കൂടെ മാറ്റാറുണ്ട്‌. കളിക്കാര്‍ ശരീരരക്ഷയ്‌ക്കായി പാഡുകള്‍ ധരിക്കാറുണ്ട്‌. ഫോര്‍വേഡ്‌, ഡിഫന്‍സ്‌ എന്നീ സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ മുഴങ്കാലെല്ലോടു ചേര്‍ന്നുള്ള ഭാഗത്ത്‌ സ്റ്റോക്കിങ്ങിനടിയില്‍ നാരുകൊണ്ടുള്ള പാഡുകള്‍ ധരിക്കുന്നു. തോളിലും മുട്ടുകളിലും പാഡുകള്‍ ധരിക്കുന്നതുകൂടാതെ പാഡുവച്ച കൈയുറയും ഉപയോഗിക്കുന്നുണ്ട്‌. തലയ്‌ക്ക്‌ ആഘാതം ഏല്‌ക്കാതിരിക്കാന്‍വേണ്ടിയാണ്‌ ഹെല്‍മെറ്റ്‌ ധരിക്കുന്നത്‌. മണിക്കൂറില്‍ 20 കി.മീ. വേഗത്തില്‍ പാഞ്ഞുവരുന്ന പക്കിനെ (Puck-ഐസ്‌ഹോക്കിയുടെ പന്ത്‌) നേരിടേണ്ടതുകൊണ്ട്‌ ഹെല്‍മെറ്റുള്‍പ്പെടെ സ്വരക്ഷയ്‌ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഗോള്‍കീപ്പര്‍ കരുതിയേ തീരൂ. വല്‍ക്കനൈസ്‌ ചെയ്‌ത റബര്‍കൊണ്ടാണ്‌ പക്ക്‌ നിര്‍മിക്കുന്നത്‌. ഐസ്‌ഹോക്കിയുടെ സ്റ്റിക്ക്‌ സാധാരണ ഹോക്കിസ്റ്റിക്കു പോലുള്ളതാണെങ്കിലും അതിന്റെ കൈപ്പിടിക്ക്‌ അല്‌പം കൂടി നീളമുണ്ട്‌. ഇതിന്റെ വശങ്ങള്‍ക്കും അടിഭാഗത്തിനും കൂടുതല്‍ വീതിയും ഉണ്ടായിരിക്കും. പക്ക്‌ അടിച്ചുതെറിപ്പിക്കുന്നതിനും മഞ്ഞില്‍ ചലനം കിട്ടുന്നതിനും ഈ വീതി ആവശ്യമാണ്‌. ഐസ്‌ഹോക്കി വളരെ വേഗത്തിലാണ്‌ കളിക്കുക. കളിക്കാരന്‍ മണിക്കൂറില്‍ 40 കി.മീ. വരെ അങ്ങോട്ടുമിങ്ങോട്ടും തെന്നി ഓടുന്നുണ്ടെന്ന വസ്‌തുത ഈ കളിയുടെ വേഗത്തെ സൂചിപ്പിക്കുന്നു. സ്റ്റിക്ക്‌ കൈകാര്യം ചെയ്യുന്നതിനുള്ള സാമര്‍ഥ്യത്തെ ആശ്രയിച്ചാണ്‌ കളിയുടെ വിജയം സ്ഥിതിചെയ്യുന്നത്‌. ഈ കളിക്ക്‌ ശ്രദ്ധാപൂര്‍വമായ അമ്പയറിങ്‌ ആവശ്യമാണ്‌. രണ്ടു റഫറികള്‍ കളി നിയന്ത്രിക്കുന്നു. നിയമവിരുദ്ധമായി കളിക്കുന്നവരെയും കളി നടത്തുന്ന ഉദ്യോഗസ്ഥന്മാരോട്‌ തര്‍ക്കിക്കുന്നവരെയും രണ്ടു മിനിട്ടു നേരത്തേക്ക്‌ കളിയില്‍ പങ്കുകൊള്ളാന്‍ സമ്മതിക്കുകയില്ല.

60 മീ. നീളവും 25 മീ. വീതിയുമുള്ള ഒരു ഗ്രൗണ്ടാണ്‌ ഹോക്കിറിങ്ക് (rink). റിങ്കിന്റെ അഗ്രങ്ങളില്‍ മധ്യഭാഗത്തായാണ്‌ ഗോള്‍വലയം സ്ഥിതിചെയ്യുന്നത്‌. ഗോള്‍ വലയങ്ങള്‍ വശങ്ങളില്‍ നിന്നും ഉള്ളിലേക്ക്‌ തുല്യദൂരത്തില്‍ 3 മീ.-4.5 മീ. വരെ അകലത്തില്‍ ഉറപ്പിച്ചിരിക്കും. ഗോളിന്റെ ഉയരം ഏകദേശം 1.2 മീ. ആണ്‌; ഗോള്‍മുഖത്തിന്റെ വീതി 1.8 മീറ്ററും.

കളിക്കുന്ന രീതി. റിങ്കിന്റെ ഒത്ത മധ്യത്തുവച്ച്‌ റഫറി പക്ക്‌ താഴെ ഇടുന്നു. രണ്ടു വശക്കാരും പക്ക്‌ കൈവശത്താക്കാന്‍ ശ്രമിക്കുന്നു. പക്ക്‌ നേടുന്നയാള്‍ തനിച്ചോ ടീമിലെ മറ്റാളുകള്‍ക്കു പാസു ചെയ്‌തോ മറുവശത്തെ ഗോളിലേക്ക്‌ അത്‌ അടിച്ചുനീക്കുന്നു. ഗോള്‍ അടിക്കുന്ന കളിക്കാരന്‌ ഒരു പോയിന്റും അതിനു സഹായിക്കുന്ന ആളിന്‌ ഒരു പോയിന്റും ലഭിക്കും. ഗോള്‍ അടിക്കുന്നതിനു തൊട്ടുമുമ്പുള്ള രണ്ടു സഹായികളെ മാത്രമേ പോയിന്റിന്‌ അര്‍ഹരായി കണക്കാക്കാറുള്ളൂ. പ്രതിരോധമേഖലയില്‍ നിന്നടിക്കുന്ന പക്ക്‌ എതിര്‍ടീമിന്റെ ഗോള്‍വരകഴിഞ്ഞു പോകുകയാണെങ്കില്‍ "ഫേസ്‌ ഒഫ്‌' ആയി കണക്കാക്കപ്പെടുന്നു. ഓരോ ഫേസ്‌-ഒഫിനുശേഷവും കളി പുനരാരംഭിക്കുന്നു.

യു.എസ്‌. നിയമമനുസരിച്ച്‌ മൂന്ന്‌ ഇന്നിങ്ങുകള്‍കൊണ്ട്‌ കളിക്കു തീരുമാനമായില്ലെങ്കില്‍ അഞ്ചുമിനിട്ടിന്റെ ഇടവേളയ്‌ക്കുശേഷം പത്തുമിനിട്ട്‌ ഓവര്‍ടൈം കളിക്കണമെന്നും ഓവര്‍ടൈമില്‍ ആദ്യം സ്‌കോര്‍ ചെയ്യുന്ന കക്ഷി വിജയിച്ചതായി കണക്കാക്കപ്പെടണമെന്നും നിശ്ചയിച്ചിട്ടുണ്ട്‌. നാഷണല്‍ ഹോക്കിലീഗിന്റെ ചട്ടമനുസരിച്ച്‌ സാധാരണ സമയംകൊണ്ട്‌ തീരുമാനമായില്ലെങ്കില്‍ സമനിലയായതായി കണക്കാക്കപ്പെടുന്നു.

1908-ല്‍ അന്താരാഷ്‌ട്ര ഐസ്‌ഹോക്കി ഫെഡറേഷന്‍ നിലവില്‍വന്നു. ഐസ്‌ ഹോക്കിയിലെ പ്രധാനികള്‍ കാനഡ, യു.എസ്‌., ചെക്ക്‌സ്ലോവാക്യ, ഗ്രറ്റ്‌ ബ്രിട്ടന്‍, സോവിയറ്റ്‌ യൂണിയന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ്‌. സോവിയറ്റ്‌ യൂണിയനിലെ ഗോള്‍ഡന്‍ പക്ക്‌ മത്സരങ്ങളില്‍ ഓരോവര്‍ഷവും 30 ലക്ഷത്തോളം കളിക്കാര്‍ പങ്കെടുക്കുന്നുവെന്നത്‌ ഐസ്‌ ഹോക്കിയുടെ പ്രചാരത്തെ സൂചിപ്പിക്കുന്നു. ഐസ്‌ഹോക്കിയിലെ മികച്ച ട്രാഫി കാനഡയിലെ സ്റ്റാന്‍ലി കപ്പ്‌ ആണ്‌. 1920 മുതല്‍ ഒളിമ്പിക്‌ മത്സരങ്ങളില്‍ ഐസ്‌ഹോക്കിക്ക്‌ സമര്‍ഹമായ സ്ഥാനം ലഭിച്ചു. 1998-ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ വിമന്‍സ്‌ ഐസ്‌ഹോക്കി ഉള്‍പ്പെടുത്തുകയുണ്ടായി. പോണ്ട്‌ ഹോക്കി എന്ന പേരില്‍ തടാകങ്ങളിലും ഐസ്‌ഹോക്കി നടത്താറുണ്ട്‌. വേള്‍ഡ്‌ പോണ്ട്‌ഹോക്കിചാമ്പ്യന്‍ഷിപ്പ്‌ 2002 മുതല്‍ നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍