This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസ്‌

Ice

ജലത്തിന്റെ ഖരരൂപം. ജലം 0°C-നു താഴെ തണുപ്പിച്ചാല്‍ ഖരീഭവിച്ച്‌ ഐസുണ്ടാകുന്നു. മഞ്ഞ്‌, ഹിമനദികള്‍, കടലിലെയും തടാകങ്ങളിലെയും ഹിമക്കട്ടികള്‍ എന്നിങ്ങനെ വിവിധരൂപങ്ങളില്‍ ഐസ്‌ പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നു. ജലബാഷ്‌പം തണുത്താണ്‌ തുഷാരം(dew) ഉണ്ടാകുന്നത്‌. ജലം തണുത്തുണ്ടാകുന്ന ഐസ്‌ അനേകം ക്രിസ്റ്റലുകളുടെ ഒരു സഞ്ചയമാണ്‌. സാധാരണയായി ഷഡ്‌ഭുജീയ ക്രിസ്റ്റലുകളായാണ്‌ ഐസ്‌ സ്ഥിതിചെയ്യുന്നത്‌. മറ്റു പദാര്‍ഥങ്ങളില്‍ നിന്നു വ്യത്യസ്‌തമായി, ജലം ഖരീഭവിക്കുമ്പോള്‍ വികസിക്കുകയും തത്‌ഫലമായി അതിന്റെ സാന്ദ്രത കുറയുകയും ചെയ്യുന്നു. ശീതരാജ്യങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ചയുള്ളപ്പോള്‍ പൈപ്പുകളിലെ വെള്ളം ഉറഞ്ഞുവികസിക്കുകയും പൈപ്പുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിനു കാരണം ഇതാണ്‌.

ആട്ടോമൊബൈല്‍ റേഡിയേറ്ററിന്റെ ട്യൂബുകള്‍ ജലമുറയുന്നതുകൊണ്ടു പൊട്ടിപ്പോകാതിരിക്കാന്‍ ഇന്ധനത്തിന്റെ ആന്റിഫ്രീസ്‌ പദാര്‍ഥങ്ങള്‍ മിശ്രണം ചെയ്യേണ്ടിവരുന്നതിന്റെ ആവശ്യകത ഐസിന്റെ ഈ സ്വഭാവവിശേഷം മൂലം ഉണ്ടായിട്ടുള്ളതാണ്‌. ഐസിന്റെ സാന്ദ്രത 0.917 ഗ്രാം/ഘനസെന്റീമീറ്റര്‍ ആണ്‌ (ജലത്തിന്റേത്‌ 1 ഗ്രാം/ഘന സെ.മീ.). അതുകൊണ്ട്‌ ഐസ്‌ ജലത്തില്‍ പൊങ്ങിക്കിടക്കുന്നു. അതിശൈത്യം മൂലം തടാകങ്ങളിലെയും മറ്റും ജലം അപ്പാടെ ഉറഞ്ഞ്‌ കട്ടിയാകാത്തത്‌ ഈ അസാധാരണപ്രതിഭാസം മൂലമാണ്‌. ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഐസിന്റെ പാളി താഴെയുള്ള ജലം തണുത്തുറയാതെ സൂക്ഷിക്കുന്നു. ഉരുകുന്ന ഐസിന്റെ താപനില 00ഇല്‍ സ്ഥിരമായി നില്‌ക്കുന്നു. മറ്റു പല പദാര്‍ഥങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഐസിന്റെ ദ്രവീകരണലീനതാപം-അതായത്‌, പൂജ്യം ഡിഗ്രി സെന്റിഗ്രഡ്‌ ഊഷ്‌മാവിലുള്ള ഒരു ഗ്രാം ഐസിനെ അതേ ഊഷ്‌മാവിലുള്ള ജലമാക്കി മാറ്റാന്‍ ആവശ്യമായ താപം-വളരെ ഉയര്‍ന്നതാണ്‌ (=79.8 കലോറി/ഗ്രാം). ഇതുമൂലം ഐസ്‌ നല്ല ഒരു ശീതീകാരകമായി പ്രവര്‍ത്തിക്കുന്നു. മത്സ്യസംസ്‌കരണത്തിനും മറ്റു ഭക്ഷ്യപദാര്‍ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഐസ്‌ സാധാരണയായി ഉപയോഗിച്ചുവരുന്നു. കറിയുപ്പ്‌, കാല്‍സ്യം ക്ലോറൈഡ്‌ തുടങ്ങിയ ലവണങ്ങള്‍ ഐസുമായി ചേര്‍ത്താല്‍ ഊഷ്‌മാവ്‌ വളരെ താഴും. പരീക്ഷണശാലകളില്‍ ശീതമിശ്രിതങ്ങള്‍ ഉണ്ടാക്കുന്നതിപ്രകാരമാണ്‌. മര്‍ദം ഉയരുന്നതനുസരിച്ച്‌ ഐസിന്റെ ദ്രവണാങ്കം കുറയുന്നു. രണ്ടു മഞ്ഞുകട്ടകള്‍ തമ്മില്‍ ചേര്‍ത്തമര്‍ത്തുമ്പോള്‍ അവ ഒറ്റക്കട്ടയാകുന്നത്‌ ഇതുകൊണ്ടാണ്‌. മഞ്ഞിന്റെ മീതെ നടക്കുമ്പോള്‍ വഴുക്കല്‍ അനുഭവപ്പെടുന്നതും ഇതുകൊണ്ടാണ്‌. ഒരു ഐസു കട്ടയുടെ മീതെ ഒരു കമ്പിവച്ച്‌ അതിന്റെ രണ്ടറ്റത്തും കനം തൂക്കിയിട്ടാല്‍ കമ്പി ഐസിനെ ഛേദിച്ചുകൊണ്ട്‌ താഴോട്ടിറങ്ങുന്നത്‌ കാണാം. മര്‍ദംകൊണ്ട്‌ കമ്പിക്കു തൊട്ടുതാഴെയുള്ള ഐസ്‌ ഉരുകി വെള്ളമാകുന്നു. കമ്പി ഇറങ്ങുന്നതോടൊപ്പം ഉണ്ടാകുന്ന വെള്ളം വീണ്ടും ഉറഞ്ഞ്‌ കട്ടിയാവുകയും ചെയ്യുന്നു. അങ്ങനെ മുറിഞ്ഞ ഐസുകട്ട വീണ്ടും ചേര്‍ന്ന്‌ പഴയതുപോലെ ഒന്നായിത്തീരുന്നു.

വിമാനങ്ങള്‍ അതിശീതജലകണങ്ങളുള്ള മേഘപാളികള്‍ക്കിടയില്‍ സഞ്ചരിക്കുമ്പോള്‍ വിമാനങ്ങളുടെ ചിറകുകളിലും പ്രാപ്പെല്ലര്‍ ബ്ലേഡുകളുടെ വക്കുകളിലും ഐസ്‌ ഉണ്ടാകാറുണ്ട്‌. ഇത്‌ ഗണ്യമായ ഒരു പ്രതിബന്ധമാണ്‌; ഇത്‌ ഒഴിവാക്കുവാന്‍ വേണ്ട സംവിധാനം ഉണ്ടായിരിക്കും. ഒരു സ്ഥിരവോള്‍ട്ടതയിലുള്ള വിദ്യുത്‌പ്രവാഹത്തെ സ്ഥിരമായ അളവില്‍ വഹിക്കുവാനുള്ള കഴിവ്‌ ഐസിനുണ്ട്‌. പ്രാട്ടോണുകളുടെ സ്ഥാനചലനം നിമിത്തമാണ്‌ ഇതു സാധ്യമാകുന്നത്‌. ഈ വൈദ്യുതചാലകത്വം അര്‍ധചാലകങ്ങളൊഴികെ മറ്റു മിക്ക അലോഹമൂലകങ്ങളുടെയും ക്രിസ്റ്റലുകളുടേതിനെക്കാള്‍ കൂടിയതാണ്‌. തന്മൂലം ഐസിനെ ഒരു പ്രാട്ടോണിക-അര്‍ധചാലകം (protonic semi-conductor) എന്നു വിശേഷിപ്പിക്കാറുണ്ട്‌.

ശീതീകരണം, ഭക്ഷ്യപരിരക്ഷണം, ചികിത്സ, ഉപ്പുവെള്ളത്തില്‍ നിന്നു ഉപ്പുനീക്കം ചെയ്യല്‍ മുതലായ രംഗങ്ങളില്‍ ഐസ്‌ വിപുലമായി ഉപയോഗിക്കപ്പെട്ടുവരുന്നു. മനുഷ്യന്‍ ഐസ്‌ വിപുലമായി ഉപയോഗിക്കുവാന്‍ തുടങ്ങിയ ആദ്യകാലങ്ങളില്‍ പ്രകൃതിയില്‍നിന്നു സംഭരിച്ചിട്ടാണ്‌ ആവശ്യം നിറവേറ്റിയിരുന്നത്‌. ശതാബ്‌ദങ്ങള്‍ക്കുമുമ്പ്‌ റോമന്‍ ചക്രവര്‍ത്തിയായ ഹീറോ തന്റെ മദ്യം തണുപ്പിക്കുന്നതിന്‌ അടിമകളെയുപയോഗിച്ച്‌ പര്‍വതങ്ങളില്‍നിന്നു മഞ്ഞുകട്ട ശേഖരിച്ചു വരുത്തുകയായിരുന്നു പതിവ്‌. മദ്യവീപ്പകള്‍ തണുപ്പിക്കുന്നതിനുള്ള മഞ്ഞു സംഭരിച്ചുവയ്‌ക്കുന്നതിനായി അലക്‌സാണ്ടര്‍ ചാലുകള്‍ വെട്ടിച്ചിരുന്നതായി ചരിത്രം പറയുന്നു. പ്രസിദ്ധ നാവികനായ മാര്‍ക്കൊപോളോ (13-ാം ശ.) ചൈനയില്‍നിന്നും ജപ്പാനില്‍നിന്നും മടങ്ങിയപ്പോള്‍ വെള്ളത്തെയും പാലിനെയും കട്ടിയാക്കുന്നതിനുള്ള ഉപായം മനസ്സിലാക്കിയിരുന്നു എന്ന്‌ പറയപ്പെടുന്നു. ബാഷ്‌പനപ്രക്രിയകൊണ്ട്‌ തണുപ്പിക്കാന്‍ കഴിയുമെന്ന തത്ത്വം ആദ്യമായി മനസ്സിലാക്കിയത്‌ ഈജിപ്‌തുകാരാണ്‌. 1799-ല്‍ ന്യൂയോര്‍ക്കില്‍ നിന്നുപോയ കപ്പലില്‍ ഐസു കട്ടകള്‍ വന്‍തോതില്‍ വാണിജ്യവസ്‌തുവായി കയറ്റി അയയ്‌ക്കപ്പെട്ടതായി രേഖകളുണ്ട്‌. 1805-ല്‍ ഡോസ്റ്റണിലെ ഫ്രഡറിക്‌ ട്യൂഡര്‍ 130 ടണ്‍ ഐസ്‌ വെസ്റ്റിന്‍ഡീസിലേക്കു കയറ്റി അയയ്‌ക്കുകയുണ്ടായി. കൃത്രിമ-ഐസ്‌ വ്യവസായത്തിന്റെ യുഗം 1900-ല്‍ ആരംഭിച്ചതോടുകൂടി പ്രകൃതിയില്‍നിന്ന്‌ ഐസ്‌ സംഭരിക്കുന്ന രീതി തിരോഭവിക്കുവാന്‍ തുടങ്ങി. ഇന്നു മിക്കവാറും എല്ലാ രാജ്യത്തും ഐസ്‌ നിര്‍മാണം വിപുലമായ തോതില്‍ സ്വകാര്യമേഖലകളില്‍ കുടില്‍ വ്യവസായമായും വന്‍കിടവ്യവസായമായും നിര്‍വഹിക്കപ്പെട്ടുവരുന്നു. ഫിഷിങ്‌ വ്യവസായത്തോടനുബന്ധിച്ച്‌ കേരളത്തില്‍ ധാരാളം ഐസ്‌ കൃത്രിമമായി ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌.

(എം.എ. അഷ്‌റഫ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍