This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോസ്‌പൊണ്‍ഡൈലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസോസ്‌പൊണ്‍ഡൈലി

Isospondyli

ട്രോട്ട്‌ മത്സ്യം

പരിണാമപരമായി ഉയര്‍ന്നു നില്‌ക്കുന്ന അസ്ഥിമത്സ്യ(bony fish)ങ്ങളില്‍ ആദിമ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മത്സ്യഗോത്രം. ഗോത്രനാമം വ്യഞ്‌ജിപ്പിക്കുന്ന മാതിരി (isos = equal; spondylous = vertebra)ഒരേ പോലെയുള്ള കശേരുക്കളാണ്‌ ഈ ഗോത്രത്തില്‍പ്പെട്ട എല്ലാ മത്സ്യങ്ങള്‍ക്കുമുള്ളത്‌. ക്ലൂപ്പിയോയ്‌ഡിയ, സ്റ്റോമിയാറ്റോയ്‌ഡിയ, സാമനോയ്‌ഡിയ, ഓസ്റ്റിയോഗ്ലോസോയ്‌ഡിയ, നോട്ടോറ്റീറോയ്‌ഡിയ, മര്‍മൈറോയ്‌ഡിയ, ഗോണോറിങ്കോയ്‌ഡിയ എന്നിങ്ങനെ ഏഴ്‌ ഉപഗോത്രങ്ങള്‍ ഐസോസ്‌പൊണ്‍ഡൈലി ഗോത്രത്തിലുണ്ട്‌. ക്ലൂപ്പീയിഫോര്‍മീസ്‌ എന്ന്‌ മൊത്തമായറിയപ്പെടുന്ന മത്സ്യങ്ങള്‍ (herrings, sardines, salmon & trouts)ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു.

ഈ ഗോത്രത്തിലെ മത്സ്യങ്ങളുടെ താടിയില്‍ മാക്‌സലറി, പ്രീ-മാക്‌സലറി എന്നീ രണ്ടസ്ഥികള്‍ കാണപ്പെടുന്നു. സാധാരണയായി നാല്‌ ശകുലരന്ധ്രങ്ങള്‍ (gill clefts)ഉണ്ടാവും. പത്ര(fin)ങ്ങളില്‍ ഒന്നിനുപോലും താങ്ങുമുള്ളുകള്‍ ഉണ്ടാവുകയില്ല. പത്രങ്ങള്‍ക്കു താങ്ങായി വര്‍ത്തിക്കുന്ന അസ്ഥിശകലങ്ങള്‍ (rays)മിക്കവാറും തുടക്കം മുതല്‌ക്കേ ശാഖിതമായിരിക്കും; അപൂര്‍വം ചിലതുമാത്രം, തുടക്കത്തില്‍ ശാഖിതമാകാതെ കാണപ്പെടുന്നു. മറ്റ്‌ അസ്ഥിമത്സ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി ഇവയില്‍ ശകുലരന്ധ്രങ്ങള്‍ക്കു തൊട്ടുപിന്നിലായാണ്‌ ഭുജപത്രങ്ങള്‍ കാണപ്പെടുന്നത്‌; ശ്രാണീപത്രങ്ങള്‍ ശരീരത്തിന്റെ ഏതാണ്ട്‌ പിന്നറ്റത്തായി കാണുന്നു. ശരീരം ശല്‌കാവൃതമാണെങ്കിലും തലയില്‍ ശല്‌കങ്ങള്‍ തീരെയില്ല. പാര്‍ശ്വരേഖാബോധേന്ദ്രിയവും (lateral line sense organ), വായു സഞ്ചികളും (air bladders) സാധാരണ കാണാറില്ല. വാല്‍ "ഹോമോസെര്‍കല്‍' (homocercal=വാലിന്റെ താഴത്തെയും മുകളിലത്തെയും പകുതികള്‍ ഒരു പോലെയുള്ളത്‌) വിഭാഗത്തില്‍പ്പെടുന്നു. കേരളത്തില്‍ സുലഭമായ ചാള, മത്തി, നെത്തോലി, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങള്‍ ഈ ഗോത്രത്തില്‍പ്പെട്ടവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍