This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐവന്‍ഹോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐവന്‍ഹോ

Ivanhoe

ഇംഗ്ലീഷ്‌ നോവലിസ്റ്റായ സര്‍ വോള്‍ട്ടര്‍ സ്‌കോട്ടിന്റെ (1771-1832) ചരിത്രനോവല്‍. 1819-ല്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിന്റെ ചരിത്രത്തെ ആസ്‌പദമാക്കി സ്‌കോട്ട്‌ രചിച്ച നോവലുകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ചത്‌ ഈ കൃതിയാണ്‌. സുദീര്‍ഘവും സംഭവബഹുലവുമായ ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ സുവര്‍ണകാലം ഒട്ടൊരു ഗൃഹാതുരത്വത്തോടെ ചിത്രീകരിക്കാന്‍ കഴിഞ്ഞതാണ്‌ നോവലിസ്റ്റിന്റെ ഏറ്റവും വലിയ വിജയം. സ്‌കോട്ടിന്റെ നോവലുകളില്‍ ആദ്യമായി സ്‌കോട്ട്‌ലന്‍ഡിനു പുറത്തു കഥ നടക്കുന്നത്‌ "ഐവന്‍ഹോ'യിലാണ്‌; 12-ാം ശതകത്തില്‍ റിച്ചെഡ്‌ I-ന്റെ കാലത്തെ ഇംഗ്ലണ്ടാണ്‌ ഈ നോവലിന്റെ പശ്ചാത്തലം. ബ്രിട്ടീഷ്‌ ചരിത്രത്തിലെ ഒരു കറുത്ത പാടെന്നു വിശേഷിപ്പിക്കാവുന്ന സാക്‌സണ്‍-നോര്‍മന്‍ ശത്രുത 12-ാം ശതകത്തിലും നിലനില്‌ക്കുന്നതായി ചിത്രീകരിച്ചതിനെച്ചൊല്ലി സ്‌കോട്ട്‌ നിശിതമായി വിമര്‍ശിക്കപ്പെടുകയുണ്ടായി. എന്നാല്‍ മധ്യകാലവീരപ്രമകഥാ(medival romance)വിഭാഗത്തില്‍പ്പെടുന്ന ഈ കൃതി സ്‌കോട്ടിന്റെ കാലത്തുതന്നെ വായനക്കാരുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റിയെന്നതും ആ ജനപ്രീതി ഇന്നും മങ്ങാതെ നിലനില്‌ക്കുന്നു എന്നതും ഒരദ്‌ഭുതസത്യമാണ്‌.

ഐവന്‍ഹോയിലെ വില്‍ഫ്രഡ്‌ തന്റെ പിതാവായ സെഡ്രിക്കിന്റെ വളര്‍ത്തു പുത്രിയായ റൊവേനയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും പിതാവിന്റെ അപ്രീതിക്കു പാത്രമാവുകയും ചെയ്യുന്നു. സാക്‌സണ്‍ രാജാവായ ആല്‍ഫ്രഡിന്റെ വംശത്തില്‍പ്പിറന്ന റൊവേനയെ അതേ പാരമ്പര്യത്തിനുടമയായ അതല്‍സ്റ്റെയ്‌ന്‌ വിവാഹം കഴിച്ചുകൊടുക്കണമെന്നാണ്‌ സെഡ്രിക്കിന്റെ അഭിലാഷം. അങ്ങനെയിരിക്കെ ഐവന്‍ഹോ റിച്ചെഡ്‌ ക-ന്റെ കൂടെ വിശുദ്ധഭൂമിയായ പലസ്‌തീനിലേക്കുപോകുന്നു. റിച്ചെഡിന്റെ സഹോദരനായ ജോണ്‍ ഈ തക്കം നോക്കി നോര്‍മന്‍ പ്രഭുക്കന്മാരുടെ ഒത്താശയോടെ രാജാവിനെ സ്ഥാനഭ്രഷ്‌ടനാക്കാന്‍ ഗൂഢാലോചന നടത്തുകയും പലസ്‌തീനില്‍ നിന്നുള്ള മടക്കയാത്രയ്‌ക്കിടയില്‍ രാജാവ്‌ ബന്ധനത്തിലാവുകയും ചെയ്യുന്നു. താമസിയാതെ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുന്ന റിച്ചെഡ്‌ ഒരു മല്ലയുദ്ധത്തില്‍ പങ്കെടുക്കുന്ന ഐവന്‍ഹോയുടെ സഹായത്തിനെത്തുന്നു. ചില്ലറ പരിക്കുകളോടെയാണെങ്കിലും ഐവന്‍ഹോ പ്രതിയോഗികളെ പരാജയപ്പെടുത്തുന്നു. ഐവന്‍ഹോയെ മനസ്സില്‍ വച്ചാരാധിക്കുന്ന റെബേക്ക എന്ന യഹൂദപ്പെണ്‍കൊടി അയാളുടെ ശുശ്രൂഷയ്‌ക്കെത്തുന്നു. ഇതിനിടയില്‍ ഐവന്‍ഹോയുടെ പ്രതിയോഗികളില്‍ ഒരാളായ ബോയ്‌-ഗില്‍ബെര്‍ട്‌ (Bois-Guilbert) റബേക്കയില്‍ അനുരക്തനാകുന്നു. താമസിയാതെ റൊവേന, സെഡ്രിക്‌, ഐവന്‍ഹോ, റെബേക്ക തുടങ്ങിയവരെ റോമന്‍കാര്‍ തടവുകാരാക്കിയെങ്കിലും റബേക്കയെ മോചിപ്പിച്ചു മറ്റൊരു സങ്കേതത്തിലേക്കു കൊണ്ടുപോവുകയാണ്‌ ബോയ്‌-ഗില്‍ബെര്‍ട്‌ ചെയ്യുന്നത്‌. രാജാവ്‌ സാക്‌സണ്‍ സൈന്യവുമായെത്തി മറ്റുള്ളവരെ മോചിപ്പിക്കുന്നു. റെബേക്ക ദുര്‍മന്ത്രവാദിനിയാണെന്ന്‌ ആരോപണമുണ്ടായതിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ ഫലമായി ഐവന്‍ഹോയും ബോയ്‌-ഗില്‍ബെര്‍ട്ടും ഏറ്റുമുട്ടുകയും ബോയ്‌-ഗില്‍ബെര്‍ട്‌ അന്ത്യശ്വാസം വലിക്കുകയും ചെയ്യുന്നു. ഐവന്‍ഹോയുടെ മനസ്സില്‍ സ്ഥാനം നേടിയത്‌ താനല്ല റൊവേനയാണ്‌ എന്നു മനസ്സിലാക്കുന്ന റെബേക്ക ഇംഗ്ലണ്ട്‌ വിടുന്നതോടെ കഥ അവസാനിക്കുന്നു.

ഈ നോവലിന്‌ ഐവന്‍ഹോ എന്ന പേരില്‍ എം.വി. സദാശിവന്‍ തയ്യാറാക്കിയ സംഗൃഹീതപുനരാഖ്യാനം വിശ്വസാഹിത്യ മാലയിലെ 16-ാമത്തെ ഗ്രന്ഥമായി 1982-ല്‍ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B9%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍