This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐറിഷ്‌ കലാപം (1641-52; 1798)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐറിഷ്‌ കലാപം (1641-52; 1798)

Irish Revolt

ബ്രിട്ടന്റെ മതപരവും രാഷ്‌ട്രീയവുമായ മേധാവിത്വത്തിനെതിരായി അയര്‍ലണ്ടില്‍ നടന്ന സമരപരമ്പര. 16-ാം ശതകത്തില്‍ ബ്രിട്ടന്‍ ഭരിച്ചിരുന്ന ട്യൂഡന്‍ രാജവംശത്തിലെ ഭരണാധികാരികളായിരുന്നു അയര്‍ലണ്ട്‌ പൂര്‍ണമായി കീഴടക്കിയതും (1485) ആ രാജ്യത്തെ ബ്രിട്ടന്റെ അധീനതയില്‍ കൊണ്ടുവന്നതും. അയര്‍ലണ്ടുകാരില്‍ ഭൂരിപക്ഷവും റോമന്‍ കത്തോലിക്കരായിരുന്നതിനാല്‍ അവര്‍ക്ക്‌ ബ്രിട്ടനിലെ പ്രാട്ടസ്റ്റന്റു ഭരണകൂടവുമായി പൊരുത്തപ്പെട്ടു പോകുവാന്‍ സാധിച്ചില്ല.

1641-ലെ കലാപം. ട്യൂഡര്‍ രാജാക്കന്മാരുടെ കാലം കഴിഞ്ഞു വന്ന സ്റ്റുവര്‍ട്ട്‌ രാജാക്കന്മാരില്‍ ചാള്‍സ്‌ ക ന്റെ (1625-49) ഭരണകാലത്തായിരുന്നു ആദ്യത്തെ കലാപം (1641) പൊട്ടിപ്പുറപ്പെട്ടത്‌. അയര്‍ലണ്ടില്‍ ക്രമസമാധാനനില വഷളായതിനെ തുടര്‍ന്ന്‌ രാജാവ്‌ തന്റെ വിശ്വസ്‌തസേവകനായ സ്റ്റ്രാഫോര്‍ഡ്‌ പ്രഭുവിനെ അവിടത്തെ ഭരണച്ചുമതല ഏല്‍പ്പിച്ചു. ഉരുക്കുമുഷ്‌ടി കൊണ്ട്‌ ഐറിഷ്‌ ജനതയെ അടിച്ചമര്‍ത്തി തനിസേ്വച്ഛാധിപതിയായി സ്റ്റ്രാഫോര്‍ഡ്‌ ഭരണം നടത്തി. ബ്രിട്ടനില്‍ രാജാവും പാര്‍ലമെന്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ച്‌, രാജ്യം ഒരു ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന അവസരത്തിലാണ്‌ അയര്‍ലണ്ടില്‍ ആദ്യത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. കലാപത്തിനു നേതൃത്വം കൊടുത്തതും അതില്‍ പങ്കെടുത്തതും അയര്‍ലണ്ടിലെ കത്തോലിക്കരായിരുന്നു. അവിടത്തെ പ്രാട്ടസ്റ്റന്റുകാരായിരുന്നു ആക്രമണത്തിനു വിധേയരായവര്‍. 5,000ത്തില്‍ പരം പ്രാട്ടസ്റ്റന്റുകാര്‍ ലഹളയില്‍ കൊല്ലപ്പെടുകയുണ്ടായി. ലഹളക്കാര്‍ രാജാവിനു വേണ്ടിയാണ്‌ നിലകൊള്ളുന്നതെന്ന്‌ പ്രഖ്യാപിച്ചതോടുകൂടി ചാള്‍സ്‌ ക ന്റെ പ്രരണകൊണ്ടായിരിക്കണം കലാപമുണ്ടായതെന്ന്‌ അദ്ദേഹത്തിന്റെ ശത്രുക്കള്‍ സംശയിക്കാനിടയായി.

1642-ല്‍ ആരംഭിച്ച ബ്രിട്ടനിലെ ആഭ്യന്തരയുദ്ധം 1648 അവസാനം വരെ നീണ്ടുനിന്നു. അയര്‍ലണ്ടില്‍ ലഹളയെത്തുടര്‍ന്ന്‌ രാജ്യത്തിന്റെ അധികഭാഗവും കത്തോലിക്കരുടെ പിടിയിലമര്‍ന്നു. ബ്രിട്ടനുമായുള്ള ഭാവിബന്ധം നിര്‍ണയിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ രണ്ടഭിപ്രായങ്ങള്‍ അവര്‍ക്കിടയില്‍ പൊന്തിവന്നു. മതസ്വാതന്ത്യവും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റും അനുവദിച്ചു കിട്ടിയാല്‍ ബ്രിട്ടനുമായുള്ള ബന്ധം തുടരേണ്ടതാണെന്ന്‌ ഒരു കൂട്ടരും അതല്ല ബ്രിട്ടനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു പൂര്‍ണസ്വാതന്ത്യ്രം പ്രഖ്യാപിക്കണമെന്ന്‌ മറുവിഭാഗം ശക്തമായി വാദിച്ചു. ഈ ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന്‌ ഒരു ആഭ്യന്തരയുദ്ധവും അവിടെ പൊട്ടിപുറപ്പെട്ടു.

ചാള്‍സ്‌ I വധിക്കപ്പെട്ടതോടുകൂടി ബ്രിട്ടന്റെ ഭരണാധികാരിയായിത്തീര്‍ന്ന ഒലിവര്‍ ക്രാംവെല്‍ അയര്‍ലണ്ട്‌ കീഴടക്കാന്‍ സൈന്യസമേതം ഡബ്ലിനില്‍ എത്തി. കലാപകേന്ദ്രങ്ങളായ ദ്രാഹീതയും വെക്‌സ്‌ഫോര്‍ഡും ബ്രിട്ടീഷുകാര്‍ പിടിച്ചെടുക്കുകയും അവിടത്തെ കത്തോലിക്ക പുരോഹിതന്മാരെയും ശത്രു സൈന്യത്തെയും വധിക്കുകയും ചെയ്‌തു. കലാപകാരികളുടെ അവസാനത്തെ ശക്തിദുര്‍ഗമായ ഗാല്‍വേ 1652 മേയില്‍ ബ്രിട്ടീഷുകാര്‍ക്കു കിഴടങ്ങി. അതോടെ ആദ്യത്തെ കലാപം അവസാനിച്ചു. 1653-ല്‍ എഴുതിയുണ്ടാക്കിയ ഭരണഘടനപ്രകാരം അയര്‍ലണ്ടും ബ്രിട്ടനും സ്‌കോട്ട്‌ലന്‍ഡും സംയോജിപ്പിച്ച്‌ ഒരു കോമണ്‍വെല്‍ത്തായി പ്രഖ്യാപിക്കയും ക്രാംവെല്‍ തന്നെ അതിന്റെ തലവനാകുകയും ചെയ്‌തു.

ഉരുക്കുമുഷ്‌ടികൊണ്ട്‌ കലാപം അടിച്ചമര്‍ത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ക്രാംവെലിനു കഴിഞ്ഞു; കത്തോലിക്കരെ നശിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളില്‍ തുടര്‍ന്നും ഇദ്ദേഹം വ്യാപൃതനായി. കത്തോലിക്കരുടെ കൃഷിഭൂമി അന്യായമായി പിടിച്ചെടുത്തു പ്രാട്ടസ്റ്റന്റുകാര്‍ക്കു വിതരണം ചെയ്യുക, കത്തോലിക്ക പുരോഹിതന്മാരെ നാട്ടില്‍ നിന്നു തുരത്തി പകരം പ്രാട്ടസ്റ്റന്റു പുരോഹിതന്മാരെ പ്രതിഷ്‌ഠിക്കുക എന്നീ മാര്‍ഗങ്ങള്‍ ഇദ്ദേഹം അവലംബിച്ചു. ഈ പ്രതികാര നടപടികള്‍ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല കത്തോലിക്കരെ ബ്രിട്ടനെതിരായി തിരിച്ചുവിടാന്‍ സഹായകമാവുകയും ചെയ്‌തു. ക്രാംവെലിന്റെ നയവൈകല്യം കൊണ്ട്‌ ബ്രിട്ടീഷ്‌-ഐറിഷ്‌ ബന്ധങ്ങള്‍ കാലക്രമത്തില്‍ കൂടുതല്‍ ശിഥിലമായി.

1798-ലെ കലാപം. 1789-ലെ ഫ്രഞ്ചുവിപ്ലവത്തെ തുടര്‍ന്ന്‌ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടില്‍ വീണ്ടും അസ്വസ്ഥതകള്‍ തലപൊക്കി. അയര്‍ലണ്ടിലെ കത്തോലിക്കരുടെയും പ്രാട്ടസ്റ്റന്റുകാരുടെയും ഫ്രഞ്ചുവിപ്ലവത്തോടുള്ള സമീപനം ഭിന്നമായിരുന്നു. പ്രാട്ടസ്റ്റന്റുകാര്‍ വിപ്ലവത്തെ സ്വാഗതം ചെയ്‌തപ്പോള്‍ കത്തോലിക്കര്‍ അതിനെ എതിര്‍ത്തു. വടക്കേ അയര്‍ലണ്ടിലെ അള്‍സ്റ്ററില്‍ പ്രാട്ടസ്റ്റന്റ്‌ നേതൃത്വത്തില്‍ ഒരു വിപ്ലവപ്രസ്ഥാനം രൂപമെടുത്തു. അതേസമയം 1791-ല്‍ വൂള്‍ഫ്‌റ്റോണ്‍ എന്ന ഒരു അഭിഭാഷകന്റെ നേതൃത്വത്തില്‍ ദി സൊസൈറ്റി ഒഫ്‌ യുണൈറ്റഡ്‌ ഐറിഷ്‌മെന്‍ (The Society of United Irishmen) എന്ന ഒരു സംഘടന ബെല്‍ഫാസ്റ്റ്‌ നഗരത്തില്‍ രൂപവത്‌കൃതമായി. അയര്‍ലണ്ടിന്റെ എല്ലാ പുരോഗതിക്കും ഏക തടസ്സം ബ്രിട്ടീഷ്‌ ആധിപത്യമാണെന്നും അതുകൊണ്ട്‌ ബ്രിട്ടീഷ്‌ മേധാവിത്വം വലിച്ചെറിഞ്ഞ്‌ അയര്‍ലണ്ടിനെ ഒരു സ്വതന്ത്രരാഷ്‌ട്രമാക്കാന്‍ മതഭിന്നതകള്‍ മറന്ന്‌ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംഘടനാനേതാക്കന്മാര്‍ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ വ്യാപകമായ തോതില്‍ ഒരു രാഷ്‌ട്രീയ കലാപം അഴിച്ചുവിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

സന്നദ്ധഭടന്മാരെ സംഘടിപ്പിച്ചു രഹസ്യമായി അവര്‍ക്ക്‌ ആയുധപരിശീലനം നല്‌കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടു. അതിന്റെ ഫലമായി കുറഞ്ഞത്‌ രണ്ടു ലക്ഷം പേരെങ്കിലും ആയുധമേന്തി സമരം ചെയ്യാന്‍ തയ്യാറായി നിന്നിരുന്നു. മാത്രമല്ല കലാപകാരികള്‍ ഫ്രാന്‍സുമായി രഹസ്യക്കരാറില്‍ ഏര്‍പ്പെടുകയും ഒരു ഫ്രഞ്ചുസൈന്യത്തെ അയര്‍ലണ്ടില്‍ ഇറക്കാനുള്ള പദ്ധതിക്ക്‌ രൂപം കൊടുക്കുകയും ചെയ്‌തു. എന്നാല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ചാരസംഘം വിപ്ലവകാരികളുടെ രഹസ്യസങ്കേതങ്ങള്‍ കണ്ടുപിടിക്കുകയും കലാപത്തിനു നേതൃത്വം കൊടുത്തിരുന്നവരെ ബന്ധനസ്ഥരാക്കുകയും ചെയ്‌തതോടുകൂടി അണികളില്‍ ഭീതിയും ചിന്താക്കുഴപ്പവും ഉണ്ടായി. ശരിയായ നേതൃത്വത്തിന്റെ അഭാവത്തില്‍ പരിഭ്രാന്തരായ ഒരു കൂട്ടം ആളുകളായിരുന്നു 1798-ലെ കലാപത്തിനു പുറകിലുണ്ടായിരുന്നത്‌.

1798-ലെ കലാപം ഒരു കര്‍ഷകസമരമായിരുന്നു. പരാധീനതകളും പീഡനങ്ങളും കൊണ്ടു വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന കര്‍ഷകജനത നിയന്ത്രണം വിട്ടു പെരുമാറുകയും ഭീകരമായ ഒരന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. വന്‍തോതില്‍ കൊലയും കൊള്ളിവയ്‌പ്പും നടന്നു. തെക്ക്‌ കിഴക്ക്‌ ലിന്‍സ്റ്ററും വെക്‌സ്‌ഫോര്‍ഡ്‌ പട്ടണവുമായിരുന്നു ലഹളബാധിത പ്രദേശങ്ങള്‍. വിനിഗാര്‍ ഹിലില്‍വച്ചു ബ്രിട്ടീഷ്‌ പട്ടാളം കലാപകാരികളെ തോല്‌പിക്കയും ലഹള അടിച്ചമര്‍ത്തുകയും ചെയ്‌തു.

കലാപത്തിനാസ്‌പദമായ പ്രശ്‌നം പരിഹരിക്കാനായി ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ സത്വരനടപടികള്‍ കൈക്കൊണ്ടു. ഇരുരാജ്യങ്ങള്‍ക്കും പൊതുവായ ഒരു പാര്‍ലമെന്റ്‌ ഉണ്ടാകണമെന്നതായിരുന്നു അവര്‍ നിര്‍ദേശിച്ച പരിഹാരമാര്‍ഗം. കത്തോലിക്കര്‍ക്കു പൂര്‍ണസ്വാതന്ത്യ്രം നല്‌കണമെന്നുള്ളതായിരുന്നു മറ്റൊരു നിര്‍ദേശം. 1800-ലെ ആക്‌ട്‌ ഒഫ്‌ യൂണിയന്‍ അനുസരിച്ച്‌ ഇരുരാജ്യങ്ങള്‍ക്കും കൂടി പൊതുവായ ഒരു പാര്‍ലമെന്റ്‌ ഉണ്ടായി. ഐറിഷ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. അയര്‍ലണ്ടിനു ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ പ്രാതിനിധ്യം നല്‌കണമെന്ന്‌ പ്രസ്‌തുത ആക്‌ട്‌ വ്യവസ്ഥചെയ്‌തു. അങ്ങനെ ഒന്നാമത്തെ നിര്‍ദ്ദേശം നടപ്പിലാക്കപ്പെട്ടു. എന്നാല്‍ അന്നു ബ്രിട്ടന്‍ ഭരിച്ചിരുന്ന ജോര്‍ജ്‌ കകക ന്റെ എതിര്‍പ്പുകാരണം കത്തോലിക്കര്‍ക്കു പൂര്‍ണസ്വാതന്ത്യ്രം അനുവദിക്കാനുള്ള നിയമനിര്‍മാണം സാധ്യമല്ലാതെ വന്നു. അതിന്റെ പേരില്‍ രാജാവുമായുണ്ടായ അഭിപ്രായവ്യത്യാസം പ്രധാനമന്ത്രി വില്യം പിറ്റിന്റെ രാജിയില്‍ കലാശിച്ചു. അങ്ങനെ ഐറിഷ്‌ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുകയും ശാശ്വതപരിഹാരം കാണാതെ അവശേഷിക്കുകയും ചെയ്‌തു. നോ. അയര്‍ലണ്ട്‌ ചരിത്രം; ഈസ്റ്റര്‍ കലാപം.

(പ്രാഫ. പി.ജി. എഡ്‌വിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍