This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏശാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏശാവ്‌

ബൈബിള്‍ പഴയനിയമത്തില്‍ പരാമൃഷ്‌ടരായ ഇസഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടസന്തതികളില്‍ മൂത്ത ആള്‍ (ഉല്‌പ. 25:21-26). ഇളയസഹോദരന്‍ യാക്കോബായിരുന്നു. "രോമത്തോടു കൂടിയവന്‍' എന്ന്‌ ഏശാവ്‌ എന്ന പദത്തിന്‌ അര്‍ഥ കല്‌പന ചെയ്യപ്പെട്ടിട്ടുണ്ട്‌. സീമന്തപുത്രന്‍ എന്ന നിലയില്‍ പിതാവിന്റെ വാത്സല്യഭാജനമായിട്ടാണ്‌ ഏശാവ്‌ വളര്‍ന്നുവന്നത്‌. മൂത്തപുത്രന്‌ ന്യായമായി വിധിച്ചിട്ടുള്ള അനുഗ്രഹാശിസ്സുകള്‍ ഏശാവിന്‌ നല്‌കണമെന്ന്‌ ഇസഹാക്ക്‌ ആഗ്രഹിക്കുകയും ചെയ്‌തിരുന്നു (ഉല്‌പ. 27:1). എന്നാല്‍, ജ്യേഷ്‌ഠാവകാശവും അനുഗ്രഹങ്ങളും ഇളയ സഹാദരനായ യാക്കോബ്‌ തന്ത്രപൂര്‍വം കൈവശപ്പെടുത്തി. ഇതില്‍ റിബെക്കയുടെ സഹായം യാക്കോബിന്‌ ലഭിച്ചിരുന്നു.

ഏശാവ്‌ വേട്ടയില്‍ സമര്‍ഥനും വനസഞ്ചാരിയും യാക്കോബ്‌ സാധുശീലനും "കൂടാരവാസി'യും ആയിരുന്നു (ഉല്‌പ. 25:27). യാക്കോബില്‍നിന്ന്‌ അപ്പവും പയറ്റുപായസവും വാങ്ങി പകരം തന്റെ ജ്യേഷ്‌ഠാവകാശം ഏശാവ്‌ യാക്കോബിന്‌ വിറ്റുകളഞ്ഞു. ഇസഹാക്ക്‌ വൃദ്ധനായി കാഴ്‌ച നഷ്‌ടപ്പെട്ടപ്പോള്‍, തന്റെ അനുഗ്രഹാശിസ്സുകള്‍ ഏശാവിനു നല്‌കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, യാക്കോബ്‌ ഉപായത്തില്‍ ആ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. ഈ സംഭവം ഏശാവിനെ വളരെയധികം ദുഃഖിതനാക്കി. പിതാവിനെ വഞ്ചിച്ചതുമൂലം ഏശാവ്‌ യാക്കോബിനെ വെറുക്കുകയും അവനെ കൊല്ലുവാന്‍ ആഗ്രഹിക്കുകയും ചെയ്‌തു (ഉല്‌പ. 27). ഇതറിഞ്ഞ്‌, ഏശാവിന്റെ കോപം ശമിക്കുവോളം, തന്റെ സഹോദരന്‍ ലാബാന്റെ ദേശമായ ഹാരാനിലേക്ക്‌ യാക്കോബിനെ റിബെക്ക പറഞ്ഞയച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഏശാവ്‌ സയീര്‍ദേശത്ത്‌ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ യാക്കോബ്‌ കനാനിലേക്ക്‌ മടങ്ങുന്നുവെന്ന വാര്‍ത്തയറിഞ്ഞ്‌ 400 പേരോടൊപ്പം തന്റെ സഹോദരനെ സ്വീകരിക്കുന്നതിനായി പുറപ്പെട്ടു (ഉല്‌പ. 32 : 3-5) എന്നു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഏശാവിന്റെ അധിനിവേശപ്രദേശം ഏദോം എന്ന പേരില്‍ അറിയപ്പെട്ടു; ഈ പ്രദേശത്തെ അധിവസിക്കുന്നവര്‍ ഏദോമ്യര്‍ എന്നും. ഈ പ്രദേശം ചാവുകടലിനു തെക്കാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവരെ ഇസ്രയേലിന്റെ (യാക്കോബ്‌) സഹോദരന്മാരായിട്ടാണ്‌ പരിഗണിച്ചുവരുന്നത്‌ (ഉല്‌പ. 25, 27, 32). ഏശാവിന്റെയും യാക്കോബിന്റെയും കഥയ്‌ക്ക്‌ ദൈവശാസ്‌ത്രപരമായി വളരെ പ്രാധാന്യമുണ്ട്‌. ഇസഹാക്ക്‌ ഏശാവിനെ സ്‌നേഹിക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും അവകാശിയാക്കുവാനാഗ്രഹിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ദൈവത്തിന്റെ സ്‌നേഹം യാക്കോബിനോടായിരുന്നതുകൊണ്ട്‌ ഏശാവിന്‌ ലഭിക്കേണ്ടിയിരുന്ന അനുഗ്രഹംകൂടി യാക്കോബിന്‌ ലഭ്യമാക്കുകയും ഏശാവിനെ പരിത്യജിക്കുകയും ചെയ്‌തു. ഈ പരിത്യജനം രണ്ടു ജനവര്‍ഗങ്ങളുടെ നിരന്തരമായ സംഘട്ടനങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായി സഹസ്രാബ്‌ദങ്ങളെ പിന്നിട്ടിരിക്കുന്നു. ശാശ്വതമായ നന്മകള്‍ പരിഗണിക്കാതെ താത്‌കാലിക നേട്ടങ്ങള്‍ക്കും ക്ഷണികങ്ങളായ സുഖങ്ങള്‍ക്കും വേണ്ടി സ്വയം നശിക്കുന്നവരുടെ പ്രതീകമായി ഏശാവിനെ കണക്കാക്കിവരുന്നു.

ഇസഹാക്ക്‌ യാക്കോബിന്‌ നല്‌കിയ അനുഗ്രഹവും ഏശാവിനു നല്‌കിയ അവകാശവും ഇസ്രായേലിന്റെ ഐശ്വര്യത്തിനും ഏദോമിന്റെ അധഃപതനത്തിനും കാരണമായി. ബൈബിളനുസരിച്ച്‌ ഇസ്രയേല്‍ ജനത "തെരഞ്ഞെടുക്കപ്പെട്ടവരും' ഏദോം ജനത "ഉപേക്ഷിക്കപ്പെട്ടവരും' ആയിത്തീര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B6%E0%B4%BE%E0%B4%B5%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍