This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏവിയേഷന്‍ ഇന്‍ഷ്വറന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏവിയേഷന്‍ ഇന്‍ഷ്വറന്‍സ്
വിമാനാപകടങ്ങള്‍മൂലമുണ്ടാകുന്ന ജീവഹാനിയും സാമ്പത്തികനഷ്‌ടവും പരിഹരിക്കുന്ന സുരക്ഷാപദ്ധതി. രാജ്യാന്തര വ്യാപാരം ഉയരുന്നതിനനുസരിച്ച് യാത്രയ്‌ക്ക് പുറമേ ചരക്കുകടത്തലിനും ആകാശമാര്‍ഗം ഉപയോഗപ്പെടുത്തുന്ന കാലഘട്ടമാണിത്. അതിനനുസരിച്ച് വ്യോമയാനമേഖലയിലുണ്ടാകുന്ന ഇത്തരത്തിലുള്ള സാമ്പത്തിക നഷ്‌ടം കുറയ്‌ക്കുന്നതിന് വ്യോമയാന ഇന്‍ഷ്വറന്‍സ് പ്രധാന പങ്ക് വഹിക്കുന്നു. വിമാനക്കമ്പനി ഉടമകളും എയര്‍പോര്‍ട്ട് അധികൃതരും വിമാനനിര്‍മാണവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നിര്‍മിക്കുന്നവരുമെല്ലാം തന്നെ ഇതിനെ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ത്തന്നെ ഇതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു. 1911-ല്‍ ലണ്ടനിലെ ലോയ്‌ഡ് ആണ് വ്യോമയാന ഇന്‍ഷ്വറന്‍സ് പോളിസി ആദ്യമായി തുടങ്ങിയത്. പക്ഷേ അവര്‍ ഏറ്റെടുത്ത പോളിസി തുടര്‍ന്ന്‌കൊണ്ട് പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥമൂലമുണ്ടായ വിമാനാപകടങ്ങള്‍ അവരുടെ നഷ്‌ടം വര്‍ധിപ്പിക്കുകയും 1912-ല്‍ത്തന്നെ അവര്‍ ഇന്‍ഷ്വറന്‍സ് മതിയാക്കുകയും ചെയ്‌തു. വ്യോമയാന ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട് വിമാനസര്‍വീസുകളെ പൊതുവേ താഴെപ്പറയുന്ന രീതികളില്‍ തരംതിരിച്ചിരിക്കുന്നു.
1. സ്വകാര്യ ആവശ്യങ്ങള്‍ക്കും വിനോദത്തിനും ഉപയോഗിക്കുന്നവ. സാധാരണഗതിയില്‍ ഇത്തരം വിമാനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വയ്‌ക്കുന്നതും അവര്‍ തന്നെ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നതുമാണ്. രണ്ടുമുതല്‍ നാലുവരെ ആളുകള്‍ക്ക് മാത്രമേ ഒരേ സമയം ഇതില്‍ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ.
2. വ്യവസായങ്ങളെ സഹായിക്കുന്നവ. ഇത്തരത്തിലുള്ളവയുടെ ഉടമസ്ഥാവകാശം കമ്പനികളിലോ, ബിസിനസ്സ് സ്ഥാപനങ്ങളിലോ നിക്ഷിപ്‌തമായിരിക്കുന്നു. പ്രധാനമായും ബിസിനസ്സ് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നത്.
3. ഫ്‌ളെയിങ് സര്‍വീസുകള്‍. വിമാനങ്ങള്‍ പൈലറ്റുള്‍പ്പെടെ വാടകയ്‌ക്ക് നല്‍കുന്ന സ്ഥാപനങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ കാര്യത്തിലും ആദ്യവിഭാഗത്തിനെക്കാളും മുന്‍പന്തിയിലാണിവര്‍.
4. ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍സ്. വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയോടെ നിശ്ചിത സ്ഥലങ്ങള്‍ തമ്മിലുള്ള സര്‍വീസ് നടത്തുന്ന സര്‍വീസുകളാണ് ഇതിലുള്‍പ്പെടുന്നത്. സാധാരണരീതിയില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ക്ക് ചിലവ് വളരെ കൂടുതലാണ്.
5. വിമാന നിര്‍മാതാക്കള്‍. സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട നഷ്‌ടങ്ങള്‍ അല്ല ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നത്. ഫാക്‌ടറികളിലും മറ്റും നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് നഷ്‌ടമുണ്ടാകാന്‍ സാധ്യതയുള്ളത്.
മേല്‌പ്പറഞ്ഞ രീതിയില്‍ വിമാനങ്ങളെ വേര്‍തിരിക്കുന്നത് പോളിസി തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. അടയ്‌ക്കേണ്ട വരിസംഖ്യ(Premium)യുടെ അളവ് വളരെ കൂടുതലായതിനാല്‍ വ്യോമയാന ഇന്‍ഷ്വറന്‍സിന്റെ എല്ലാതരത്തിലുള്ള റിസ്‌ക് കവറേജുകളും മുഴുവനായി ആരും പ്രയോജനപ്പെടുത്തേണ്ടിവരുന്നില്ല. അവരവരുടെ ആവശ്യങ്ങളും പ്രവര്‍ത്തനങ്ങളുമനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കുന്നു.
വിമാനാപകടങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബാധ്യതയ്‌ക്ക് രാജ്യാന്തരനിയമങ്ങളനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് അപകടം നടന്ന രാജ്യത്തിന്റെയും ബാധ്യതയാണ്. ഇന്ത്യയില്‍ ഇന്‍ഷ്വറന്‍സ് വ്യവസായത്തിന്റെ ഒരു ശതമാനത്തിനുള്ളിലാണ് വ്യോമയാന ഇന്‍ഷ്വറന്‍സിന്റെ ഉപഭോഗനിരക്ക്. വ്യോമയാന അപകടങ്ങളിലൂടെയുള്ള നഷ്‌ടസാധ്യത കണക്കിലെടുത്ത് ഇന്ത്യയില്‍ വ്യോമയാന ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. വ്യോമയാന പോളിസികളെല്ലാം തന്നെ വിമാനങ്ങള്‍ക്കും അതിനുള്ളിലെ യാത്രകള്‍ക്കും അപകടങ്ങള്‍മൂലമുണ്ടാകുന്ന നഷ്‌ടങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്നവയാണ്. ഇന്‍ഷ്വറന്‍സ് എടുക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നതനുസരിച്ച് എല്ലാതരത്തിലുള്ള ഇന്‍ഷ്വറന്‍സ് സംരക്ഷണവും വ്യോമയാന ഇന്‍ഷ്വറന്‍സ് പോളിസികള്‍ നല്‍കി വരുന്നു. അവരുടെ ആവശ്യപ്രകാരം ചില പ്രത്യേകതരം സംരക്ഷണം മാത്രമായും കമ്പനികള്‍ നല്‍കിവരുന്നുണ്ട്. സാധാരണ രീതിയില്‍ വ്യോമയാന ഇന്‍ഷ്വറന്‍സ്, വിമാനത്താവളങ്ങളില്‍ തന്നെ പറന്നുയരുന്നതിന് മുമ്പുണ്ടാകുന്ന അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷകളെന്നും പറക്കലിനിടെയുണ്ടാകുന്ന അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷകളെന്നും രണ്ടായിത്തിരിച്ചിട്ടുണ്ട്. പറന്നുയരുന്നതിനുമുമ്പുണ്ടാകാന്‍ സാധ്യതയുള്ള തീപിടിത്തങ്ങളും പൊട്ടിത്തെറിയുമൊക്കെയാണ് ആദ്യവിഭാഗത്തിലുള്‍പ്പെടുന്നത്. പറന്നുയര്‍ന്നതിനുശേഷം ആകാശത്ത് വച്ചുണ്ടാകുന്ന കൂട്ടിയിടികളും, പൊട്ടിത്തെറികളും മരങ്ങളിലോ കെട്ടിടങ്ങളിലോ ഒക്കെ തട്ടിയുണ്ടാകുന്ന അപകടങ്ങളും രണ്ടാമത്തെ വിഭാഗത്തിലുള്‍പ്പെടുന്നു. വ്യോമയാന ഇന്‍ഷ്വറന്‍സ് താഴെപ്പറയുംവിധം പരിരക്ഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നു.
1. വിമാന ഇന്‍ഷ്വറന്‍സ് (എല്ലാ പരിരക്ഷയും ഉള്‍പ്പെടെ). വിമാനത്തിനുണ്ടാകാനിടയുള്ള എല്ലാത്തരം നഷ്‌ടങ്ങളും ഈ ഇന്‍ഷ്വറന്‍സ് പരിരക്ഷയിലൂടെ ലഭിക്കുന്നതാണ്. ഏത് തരത്തിലുള്ള വിമാനങ്ങള്‍ക്കും ഹെലിക്കോപ്‌ടറുള്‍പ്പെടെ ഇത്തരം പോളിസികളില്‍ ചേരാവുന്നതാണ്. വിമാനത്തിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പൈലറ്റിനുമുള്‍പ്പെടെയുള്ള ആശുപത്രി ചെലവുകളുമെല്ലാം തന്നെ ഇത്തരം പോളിസികളില്‍ ലഭിക്കുന്നു. എന്‍ജിനും വിമാനത്തിനുമുണ്ടാകുന്ന തേയ്‌മാനം സാധാരണരീതിയില്‍ പരിരക്ഷ അര്‍ഹിക്കുന്നില്ല. യുദ്ധംമൂലമുണ്ടാകുന്ന നഷ്‌ടങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കപ്പെടാറില്ല.
2. യാത്രക്കാരുടെ ബാധ്യതാ ഇന്‍ഷ്വറന്‍സ്. യാത്രക്കാര്‍ക്ക് വിമാനാപകടംമൂലമുണ്ടാകുന്ന ശാരീരികവൈകല്യങ്ങള്‍ക്കും മരണം സംഭവിക്കുകയാണെങ്കില്‍ അനന്തരാവകാശികള്‍ക്കും ഉണ്ടാകാനിടയുള്ള നഷ്‌ടം ഇത്തരത്തിലുള്ള പോളിസികളിലൂടെ തീര്‍പ്പാക്കപ്പെടുന്നു. യാത്രക്കാര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങളല്ലാതെ മറ്റൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല.
3. പൊതുബാധ്യതാ ഇന്‍ഷ്വറന്‍സ്. വിമാനത്തിന് പുറത്തുള്ളവര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങളാണ് ഇത്തരത്തിലുള്ള പോളിസികളിലൂടെ സംരക്ഷിക്കപ്പെടുന്നത്. വിമാനാപകടംമൂലം വിമാനത്തിനോ വിമാനത്തിലെ യാത്രക്കാര്‍ക്കോ ഉണ്ടാകുന്ന നഷ്‌ടം ഇതിലുള്‍പ്പെടുന്നില്ല. പകരം വിമാനാപകടംമൂലം വീടുകള്‍ക്കോ, വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിക്കുന്നതും കൃഷിനാശം സംഭവിക്കുന്നതും വിമാനത്താവളങ്ങള്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങളുമെല്ലാം തന്നെ പൊതുബാധ്യതാ ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരുന്നു.
4. വിമാനം മൈതാനത്ത് നിര്‍ത്തിയിട്ടിരിക്കുമ്പോഴുണ്ടാകുന്ന അപകട ഇന്‍ഷ്വറന്‍സ്. മോഷണംമൂലമോ തീപിടിത്തം, കൊടുങ്കാറ്റ് മുതലായ അപകടംമൂലമോ വിമാനങ്ങളുടെ ഉടമസ്ഥനുണ്ടാകാനിടയുള്ള നഷ്‌ടങ്ങള്‍ എല്ലാം തന്നെ ഇത്തരത്തിലുള്ള പോളിസികളിലൂടെ സംരക്ഷിക്കപ്പെടുന്നു. സാധാരണരീതിയില്‍ യാത്രാവേളയിലുണ്ടാകുന്ന നഷ്‌ടങ്ങളൊന്നും തന്നെ ഇതില്‍ ഉള്‍പ്പെടുന്നില്ല.
5. വിമാനം മൈതാനത്ത് ചലിച്ചുകൊണ്ടിരിക്കുമ്പോഴുള്ള അപകട ഇന്‍ഷ്വറന്‍സ്. വിമാനം പറന്നുയരാനോ നിലത്തിറക്കാനോ ശ്രമിക്കുമ്പോഴല്ലാതെ മൈതാനത്തിലൂടെ നീങ്ങുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ മാത്രമാണ് ഇതിലുള്‍പ്പെടുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് മൈതാനത്തിലൂടെ തന്നെ മാറ്റിയിടുമ്പോഴാണ് ഇത്തരത്തില്‍ വിമാനങ്ങള്‍ മൈതാനങ്ങളിലൂടെ നീങ്ങുന്നത്. വിമാനഉടമകളും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ ഇതിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം നിമിത്തം പല കമ്പനികളും ഇത്തരത്തിലുള്ള പോളിസികള്‍ ഇപ്പോള്‍ നല്‍കാറില്ല.
6. വ്യോമയാന ഉത്‌പന്നങ്ങളുടെ ബാധ്യതാ ഇന്‍ഷ്വറന്‍സ്. വിമാനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടാണ് ഇത്തരം ഇന്‍ഷ്വറന്‍സുകള്‍. കേടുപാടുകള്‍ സംഭവിക്കുക, എന്‍ജിന് തകരാറുകള്‍ സംഭവിക്കുക, നിര്‍മാണത്തിനിടെയുണ്ടാകുന്ന പിഴവുകള്‍മൂലമുണ്ടാകുന്ന നഷ്‌ടങ്ങള്‍ എന്നിവയ്‌ക്കെല്ലാംതന്നെ പരിരക്ഷ ലഭിക്കുന്നു.
7. ലൈസന്‍സ് നഷ്‌ടപ്പെടുന്നതുമായി ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ്. പൈലറ്റുള്‍പ്പെടെ വിമാനത്തിലെ ജീവനക്കാര്‍ക്ക് വ്യക്തമായ ലൈസന്‍സ് നിര്‍ബന്ധമാണ്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ചിലപ്പോള്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടാനിടയുണ്ട്. ഇത്തരത്തില്‍ താത്‌കാലികമായോ സ്ഥിരമായോ ലൈസന്‍സ് റദ്ദാക്കാനിടയാകുന്നത്‌മൂലം ജീവനക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്‌ടമാണ് ഇത്തരം പോളിസികളിലൂടെ പരിരക്ഷിക്കപ്പെടുന്നത്.
വിവിധ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കുന്ന ഉത്‌പന്നങ്ങള്‍ മറ്റ് കമ്പനികളില്‍നിന്ന് വ്യത്യാസപ്പെടാം. അതുപോലെ തന്നെ അവര്‍ ഈടാക്കുന്ന പ്രീമിയത്തിലും ബാധ്യതകളുടെ അളവനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാവുന്നതാണ്.
(ഡോ. ബാലു, ബി.)