This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴരപ്പള്ളികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏഴരപ്പള്ളികള്‍
എ.ഡി. 52-ല്‍ ക്രിസ്‌തുവിന്റെ സന്ദേശവുമായി കേരളത്തില്‍വന്ന മാര്‍ത്തോമ്മാശ്ലീഹാ ഇവിടെ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പള്ളികള്‍. ഇതില്‍ ഏഴുപള്ളികള്‍ കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, നിലയ്‌ക്കല്‍, കോക്കമംഗലം (ചേര്‍ത്തല), കോട്ടക്കാവ് (വടക്കന്‍ പറവൂര്‍), പാലയൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. "അരപ്പള്ളി' ഏതാണെന്ന കാര്യത്തില്‍ ഇന്നും അഭിപ്രായൈക്യം ഉണ്ടായിട്ടില്ല. തെക്ക് തമിഴ്‌നാട്ടിലുള്ള തിരുവാംകോട് പള്ളിയും ഈരാറ്റുപേട്ടയ്‌ക്കടുത്തുള്ള അരുവിത്തുറപ്പള്ളിയും കാലടിക്കടുത്തുള്ള മലയാറ്റൂര്‍ പള്ളിയും ഈ സ്ഥാനം അവകാശപ്പെടുന്നുണ്ട്. അരചപ്പള്ളികള്‍ > അരയപ്പള്ളികള്‍ എന്ന പദം അരപ്പള്ളിയായി ചുരുങ്ങിയതാണോ എന്ന സംശയവും നിലവിലുണ്ട്.
ഏഴു പള്ളികളില്‍ കൊല്ലം പള്ളിയും കൊടുങ്ങല്ലൂര്‍പ്പള്ളിയും കടലാക്രമണത്തില്‍ നശിച്ചുപോയി. നിലയ്‌ക്കല്‍ പള്ളി ചോള-പാണ്ഡ്യരുടെ ആക്രമണം മൂലമോ പ്രകൃതിക്ഷോഭം നിമിത്തമോ നാമാവശേഷമായി. വക്രപ്പുലിയുടെയും പറപ്പാറ്റയുടെയും ഉപദ്രവംമൂലം നിലയ്‌ക്കല്‍ നിവാസികള്‍ ആ ദേശം ഉപേക്ഷിച്ചുപോയി എന്നാണ് ക്രസ്‌തവര്‍ക്കിടയിലുള്ള ഐതിഹ്യം. (വക്രപ്പുലിയും പറപ്പാറ്റ-പെരിമ്പാറ്റ-യും എന്താണെന്നു വ്യക്തമല്ല). ഏഴരപ്പള്ളികളില്‍ ഇന്നു നിലവിലുള്ളത് നിരണം, കോട്ടക്കാവ്, പാലയൂര്‍ എന്നിവിടങ്ങളിലെ മാര്‍ത്ത മറിയം പള്ളികള്‍ (വിശുദ്ധമാതാവിന്റെ നാമത്തിലുള്ളവ) മാത്രമാണ്.