This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലാദിഗണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലാദിഗണം

അഷ്‌ടാംഗഹൃദയം സൂത്രസ്ഥാനത്തിലെ "ശോധനാദി ഗണസംഗ്രഹണീയം' എന്ന പതിനഞ്ചാമധ്യായത്തിലുള്‍പ്പെട്ട ഒരു പ്രസിദ്ധഗണം. ശരീരത്തില്‍ പ്രയോഗിച്ചാല്‍ മിക്കവാറും ഒരേ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഔഷധദ്രവ്യങ്ങളെ വിവേചിച്ചറിഞ്ഞ്‌ അവയെ ഗണങ്ങളാക്കി പ്രതിപാദിക്കുന്ന അധ്യായമാണ്‌ മേല്‍ സൂചിപ്പിച്ച ഗ്രന്ഥപ്രകരണം.

""ഏലായുഗ്മതുരുഷ്‌കകുഷ്‌ഠ ഫലിനീ-
	മാംസീജലധ്യാമക-
സ്‌പൃക്കാചോരക ചോചപത്ര തഗര-
	സ്ഥൗണേയജാതിരസാ:
ശുക്തി വ്യാഘ്രനഖൗ സുരാഹ്വമഗുരു
	ശ്രീനിവാസക: കുങ്കുമം
ചണ്ഡാഗുല്‌ഗുലു ദേവധൂപഖപുരാഃ
	പുന്നാഗനാഗാഹ്വയം.''
""ഏലാദികാ വാതകഫൗ
വിഷം ച വിനിയച്ഛതി
വര്‍ണപ്രസാദനഃ കണ്ഡൂ-
പിടകാകോഠ നാശനഃ''
 

ഇതനുസരിച്ച്‌ ചിറ്റേലം, പേരേലം, കുന്തുരുക്കം (കറുത്തത്‌), കൊട്ടം, ഞാഴല്‍പ്പൂവ്‌, മാഞ്ചി, ഇരുവേലി, നാന്മുഖപ്പുല്ല്‌, ചോനകപ്പുല്ല്‌, കച്ചൂരിക്കിഴങ്ങ്‌, ഇലവങ്‌ഗം, പച്ചില, തകരം, തൂണീയാങ്കം, ജാതിക്ക, നറുപശ, മുത്തുച്ചിപ്പി, പുലിച്ചുവടിവേര്‌, നാഗുണം, ദേവതാരം, അകില്‌, തിരുവട്ടപ്പശ, കുങ്കുമം, ചണ്ണക്കിഴങ്ങ്‌, ഗുല്‌ഗുലു, ചെഞ്ചില്യം, കുന്തുരുക്കം (വെളുത്തത്‌), പുന്നപ്പൂവ്‌, നാഗപ്പൂവ്‌ എന്നിങ്ങനെ 29 മരുന്നുകള്‍ കൂടിയതാണ്‌ ഏലാദിഗണം. ഈ ഗണം വാതകഫവികാരങ്ങളെയും വിഷത്തെയും ശമിപ്പിക്കും. ശരീരത്തിന്റെ നിറം ശോഭനമാക്കും. ചൊറി, കുരു, വട്ടപ്പുണ്ണ്‌ എന്നിവയെ ശമിപ്പിക്കും. ഈ മരുന്നുകളുടെ ചൂര്‍ണമോ ഇവയിട്ടു കാച്ചിയ തൈലമോ ഉപയോഗിക്കാവുന്നതാണ്‌.

ഏലാദിഗണത്തില്‍പ്പെട്ട മരുന്നുകളെല്ലാം സമം പൊടിച്ചാണ്‌ ചൂര്‍ണമുണ്ടാക്കുന്നത്‌. മോരിലോ; ഏലാദി വെളിച്ചെണ്ണ, നാല്‍പ്പാമരാദി വെളിച്ചെണ്ണ മുതലായ തൈലങ്ങളിലോ ചേര്‍ത്തു പുരട്ടുകയാണ്‌ ചികിത്സാരീതി. വാതകഫവികാരജന്യങ്ങളായ രോഗങ്ങള്‍ക്കും മുകളില്‍പ്പറഞ്ഞ മറ്റു രോഗങ്ങള്‍ക്കും ഏലാദിചൂര്‍ണത്തിന്റെ പ്രസ്‌തുത ബഹ്യോപയോഗം കൊണ്ട്‌ ശമനം ലഭിക്കുന്നതാണ്‌.

പ്രസിദ്ധമായ അസനവില്വാദിയോഗത്തിന്റെ കൂടെ ഏലാദിഗണത്തില്‍പ്പെട്ട മരുന്നുകള്‍ ഓരോന്നും വിഹിതമായ തോതില്‍ എടുത്ത്‌ കല്‌ക്കത്തിനായി ചേര്‍ത്തുകൊണ്ട്‌ അസന-ഏലാദിയോഗം ഉണ്ടാക്കാറുണ്ട്‌. ഏള്ളെണ്ണയുപയോഗിച്ച്‌ അസന-ഏലാദിയെണ്ണയും വെളിച്ചെണ്ണയുപയോഗിച്ച്‌ അസന-ഏലാദിവെളിച്ചെണ്ണയും നിര്‍മിക്കുന്നു. ഈ സവിശേഷയോഗത്തിന്‌ അസനവില്വാദിയുടെയും ഏലാദിയുടെയും ഗുണമേളനം ലഭ്യമാകയാല്‍ കുറേക്കൂടി വ്യാപകമായ രീതിയില്‍ ഫലപ്രദമായിരിക്കും. കണ്ണ്‌, ചെവി, ശിരസ്സ്‌, എന്നീ ശരീരഭാഗങ്ങള്‍ക്ക്‌ ഈ അസന-ഏലാദിതൈലങ്ങള്‍ ഉത്തമങ്ങളാണ്‌; ചൊറി, ചിരങ്ങ്‌, കുരു മുതലായവയ്‌ക്കു വിശിഷ്‌ടപ്രത്യൗഷധങ്ങളുമാണ്‌. രോഗപ്രകൃതിയും ദേഹപ്രകൃതിയുമനുസരിച്ചാണ്‌ എള്ളെണ്ണയോ വെളിച്ചെണ്ണയോ വേണ്ടെതെന്നു നിശ്ചയിക്കുന്നത്‌.

(ഡോ.പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍