This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറാള്‍പ്പാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏറാള്‍പ്പാട്‌

കോഴിക്കോട്‌ സാമൂതിരി രാജകുടുംബത്തിലെ ഇളമുറത്തമ്പുരാന്‍. ഏറാടിപ്പാട്‌ എന്നും വ്യവഹാരമുണ്ട്‌. സാമൂതിരി തീപ്പെടുമ്പോള്‍ ഏറാള്‍പ്പാട്‌ സാമൂതിരിപ്പാടായി ഉയരുകയും തീപ്പെട്ട സാമൂതിരിയുടെ അപരക്രിയകളെല്ലാം നടത്തുകയും ചെയ്‌തിരുന്നു.

ഏറാള്‍പ്പാട്‌ സാമൂതിരിപ്പാടാവുകയോ തീപ്പെടുകയോ ചെയ്യുമ്പോള്‍ മൂന്നാം കൂറായ മൂന്നാള്‍പ്പാട്‌, ഏറാള്‍പ്പാട്‌ സ്ഥാനത്തിലേക്കു വരും. സാമൂതിരിപ്പാടിനുള്ള അരിയിട്ടുവാഴ്‌ച, പല്ലക്ക്‌, പകല്‍വിളക്ക്‌, പാവാട, പറക്കും കൊടി, മുന്നില്‍ത്തളി മുതലായ സ്ഥാനമാനങ്ങള്‍ ഏറാള്‍പ്പാടിനും ഉണ്ടായിരുന്നു. ഏറാള്‍പ്പാടിന്റെ അരിയിട്ടു വാഴ്‌ച നടത്തുമ്പോള്‍ സാമൂതിരിപ്പാടും വരിക്കുമാഞ്ചേരി നമ്പൂതിരിയും ഏറാള്‍പ്പാടിന്റെ തലയില്‍ മൂന്നു പ്രാവശ്യം അരികോരി ചൊരിയുകയും സാമൂതിരിപ്പാട്‌, ഏറാള്‍പ്പാടായി നിയമിക്കുന്ന ഒരു തീട്ടൂരം ഇദ്ദേഹത്തിന്‌ കൊടുക്കുകയും ചെയ്‌തിരുന്നു. ഏറാള്‍പ്പാടിന്റെ മന്ത്രി ചെറൂളി അച്ചനും കാര്യദര്‍ശി പുന്നശ്ശേരി നമ്പിയും ആയിരുന്നു. കൊട്ടിച്ചെഴുന്നെള്ളുമ്പോള്‍ ഏറാള്‍പ്പാടോടൊപ്പം പല്ലക്കില്‍ പന്നിയൂര്‍ സ്വരൂപി തിരുമനശ്ശേരി നമ്പൂതിരി അകമ്പടി സുഹൃത്തായും ഇരുന്നിരുന്നു.

സാമൂതിരി സാമ്രാജ്യത്തിനു നെടുങ്ങനാട്‌ ഒരു മര്‍മസ്ഥാനവും ശത്രുവായ വെള്ളാട്ടര സ്വരൂപത്തിന്‌ ഒരു കടിഞ്ഞാണും ആയിരുന്നതിനാല്‍ അതിന്റെ രക്ഷയ്‌ക്കായി ഏറാള്‍പ്പാട്‌ നെടുങ്ങനാട്ടിലെ കരിമ്പുഴയില്‍ സ്ഥിരമായിത്തന്നെ താമസിച്ചിരുന്നു. കരിമ്പുഴയിലെ തേവര്‍ ശ്രീരാമന്‍ ആയിരുന്നതിനാല്‍, ഹനൂമാനെ ഏറാള്‍പ്പാടു തന്റെ കൊടിയുടെ ചിഹ്നമായി വന്ദിച്ചുവന്നു. തെങ്കര, കരിമ്പുഴ, പാറട്ടി എന്നീ ചേരിക്കലുകളും കരിമ്പുഴ, മമ്മിയൂര്‍, പെരുങ്ങാട്ടുകുളം എന്നീ ദേവസ്വങ്ങളും ഏറാള്‍പ്പാടിന്റെ സ്ഥാനസ്വത്തുക്കളായിരുന്നു. കൊല്ലം 985-ലെ കരാറുപ്രകാരം പ്രതിഫലമായി സാമൂതിരിപ്പാടിന്‌ ഇന്ത്യാഗവണ്‍മെന്റ്‌ വര്‍ഷംതോറും കൊടുത്തിരുന്ന മാലിഖാനയില്‍ നിന്നു 15,000 ഉറുപ്പിക ഏറാള്‍പ്പാടിനു ലഭിച്ചു വന്നിരുന്നു.

ഭാരതപ്പുഴയുടെ വടക്കേ കരയിലെ തിരുനാവാക്ഷേത്രത്തിലെ മുപ്പതുദിവസത്തെ മാമാങ്കമഹോത്സവം സാമൂതിരി നടത്തുമ്പോള്‍ തെക്കുനിന്നു കൊച്ചിരാജാവ്‌ ആക്രമിക്കാതിരിക്കാന്‍ ഏറാള്‍പ്പാട്‌ തെക്കേക്കരയില്‍ തന്നെ മുപ്പതുദിവസവും താമസിക്കുക പതിവായിരുന്നു. ഉത്സവം 25-ാം ദിവസത്തിലെ സാമൂതിരിപ്പാടിന്റെ എഴുന്നള്ളത്തിന്‌ അകമ്പടിയും ഏറാള്‍പ്പാട്‌ തന്നെ നടത്തിയിരുന്നു. മാമാങ്കം 30-ാം ദിവസം രാവിലെ ഏറാള്‍പ്പാടു വടക്കേക്കര വാകയൂര്‍ മണിത്തറയില്‍ നിലപാടുനില്‌ക്കുന്ന സാമൂതിരിയെ നമസ്‌കരിച്ച്‌, മണിത്തറയില്‍ കയറി സാമൂതിരിയുടെ വലത്തു ഭാഗത്തു നിലയുറപ്പിച്ചു നില്‌ക്കും. ഉടനെ മങ്ങാട്ടച്ചന്റെ നേതൃത്വത്തില്‍ പതിനായിരവും മുപ്പതിനായിരവും വാളും പരിചയുമായി മണ്ടിത്തറമുമ്പാകെ വന്നു സാമൂതിരിയെയും ഏറാള്‍പ്പാടിനെയും വന്ദിക്കും. അപ്പോള്‍ തന്നെ സാമൂതിരിപ്പാടും ഏറാള്‍പ്പാടും തിരുനാവായ്‌ തേവരെ മൂന്നു പ്രാവശ്യം കൈകൂപ്പി ഉത്സവം അവസാനപ്പിക്കുകയും ചെയ്യും. എ.ഡി. 1766-ലാണ്‌ ഒടുവിലത്തെ മാമാങ്കം നടന്നിരുന്നത്‌.

പോര്‍ത്തുഗീസുകാര്‍ക്കും കൊച്ചിരാജാവിനും എതിരെ സാമൂതിരി നടത്തിയ യുദ്ധങ്ങളില്‍ സാമൂതിരിയുടെ സേനാധിപത്യം വഹിച്ചിരുന്നത്‌ ഏറാള്‍പ്പാടായിരുന്നു. അവസാന യുദ്ധത്തില്‍ പരാജയപ്പെട്ട സാമൂതിരി രാജ്യഭാരം ഏറാള്‍പ്പാടിനെ ഏല്‌പിച്ച്‌ ക്ഷേത്രാപാസനയ്‌ക്കു പോയെന്നാണ്‌ ഐതിഹ്യം. നോ. മാമാങ്കം, സാമൂതിരി

(കെ.വി.കൃഷ്‌ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍