This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏറനാട്‌

കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയില്‍പ്പെട്ട ഒരു താലൂക്ക്‌. ആദികാലത്ത്‌ പരപ്പനാടും രാമനാടും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 13-ാം ശതകം വരെ വള്ളുവനാട്ടധിപതിയായിരുന്ന വള്ളുവക്കോനാതിരിയുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നു ഇത്‌. പിന്നീട്‌ മലബാറിലെ പ്രധാനിയായി വളര്‍ന്ന സാമൂതിരി ഈ സ്ഥലങ്ങള്‍ കീഴടക്കുകയും ഇവിടങ്ങളിലെ മാടമ്പിമാരെയും ദേശവാഴികളെയും തന്റെ ചൊല്‌പടിക്കു കൊണ്ടുവരികയും ചെയ്‌തു. സാമൂതിരി തന്റെ സാമന്തനായ പരപ്പനാട്‌ രാജാവിനെ ഈ പ്രദേശങ്ങളുടെ ഭരണാധിപനാക്കി. കുലശേഖര ചക്രവര്‍ത്തിയായ ഭാസ്‌കര രവിവര്‍മ ക (എ.ഡി. 962-1019) യഹൂദന്മാര്‍ക്കും വേണാട്‌ രാജാവായിരുന്ന അയ്യന്‍ അടികള്‍ തിരുവടികള്‍ സിറിയന്‍ ക്രിസ്‌ത്യാനികള്‍ക്കും നല്‌കിയ ചെപ്പേടുകളില്‍ ഏറനാട്‌ ഉടൈയവരെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം പ്രാചീന ഏറനാട്ടിലെ നെടിയിരിപ്പ്‌ എന്ന അംശത്തിലായിരുന്നു. ഈ രാജവംശത്തിനു നെടിയിരിപ്പു-വംശമെന്നും ഏറാടി-വംശമെന്നും പേരുണ്ടായത്‌ ഇങ്ങനെയാണ്‌. സാമൂതിരി വംശത്തിലെ രണ്ടാംകൂര്‍ രാജാവ്‌ ഏറാള്‍പ്പാട്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇവരുടെ കൊട്ടാരം സ്ഥിതി ചെയ്‌തിരുന്നതും ഇവിടെയാണ്‌. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തോടുകൂടി സാമൂതിരി കുടുംബാംഗങ്ങള്‍ തിരുവിതാംകൂറില്‍ അഭയം തേടി. സാമന്തനായ പരപ്പനാട്‌ രാജാവും മറ്റും അഭയാര്‍ഥികളായി അവിടെ എത്തിയിരുന്നു. 1792-ല്‍ മലബാര്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അധീനതയില്‍ വന്നതോടെ ഇവര്‍ തിരിച്ചുപോയി. കമ്പനി അധികാരികള്‍ ഈ രാജാക്കന്മാരെ പുനരവരോധിക്കുകയും കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്ന ചുമതല ഏല്‌പിക്കുകയും ചെയ്‌തു. എന്നാല്‍ ഭീമമായ തുക നികുതികുടിശ്ശിക വരുത്തിയതിനാല്‍ ഇവരെ അധികാരഭ്രഷ്‌ടരാക്കി, മാലിഖാന നല്‌കി കമ്പനിയുടെ പ്രജകളാക്കി മാറ്റി. ബ്രിട്ടീഷ്‌ ആധിപത്യത്തോടെ ഏറനാട്‌, ചേരനാട്‌ എന്നിങ്ങനെ രണ്ടു താലൂക്കുകളായി ഏറനാട്‌ വിഭജിക്കപ്പെട്ടു. 1860-ല്‍ ഇരു താലൂക്കുകളെയും വീണ്ടും സംയോജിപ്പിച്ച്‌ ചേരനാട്‌ എന്ന പേരില്‍ ഒറ്റ താലൂക്കുണ്ടാക്കി. എന്നാല്‍ 1886-ല്‍ വള്ളുവനാടിന്റെ ഒരു ഭാഗവും ചേരനാടിന്റെ ഭാഗമാക്കിയ ഏറനാടു മുഴുവനും കോഴിക്കോട്‌ റവന്യൂ വിഭാഗത്തിലൊതുക്കപ്പെട്ടു.

1857-ലെ കണക്കനുസരിച്ച്‌ ഏറനാട്ടില്‍ 35,419 അടിമകള്‍ ഉണ്ടായിരുന്നതായി മലബാര്‍ കളക്‌റ്ററായിരുന്ന ലോഗന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. മറ്റേതു താലൂക്കിലുമുള്ളതിനെക്കാള്‍ കൂടുതലായിരുന്നു ഇവിടത്തെ അടിമകളുടെ എണ്ണം എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.

"അഴിഞ്ഞില്ലത്ത്‌ ഏറാടിമാരും', "തിനയഞ്ചേരി ഇളയത്‌' എന്ന, സാമൂതിരിയുടെ മന്ത്രിപദമലങ്കരിച്ചിരുന്ന മോണ്ടമംഗലത്ത്‌ മൂസ്സും ഏറനാട്‌ പ്രദേശത്തുകാരായിരുന്നു. 1803-ല്‍ ബ്രിട്ടീഷുകാരോടേറ്റുമുട്ടി വെടിയേറ്റുമരിച്ച ഉണ്ണിമൂസമൂപ്പനും അദ്ദേഹത്തിന്റെ കരുത്തനായ കൂട്ടാളി മഞ്ചേരി അത്തന്‍ കുരുക്കളും ഈ നാട്ടുകാരാണ്‌.

"മാപ്പിളലഹള' എന്ന പേരിലറിയപ്പെടുന്ന കലാപങ്ങളില്‍ അധികവും സംഭവിച്ചത്‌ പഴയ ഏറനാട്ടില്‍ വച്ചായിരുന്നു. 1921-ലെ കലാപകേന്ദ്രങ്ങള്‍ ഏറനാടും വള്ളുവനാടുമായിരുന്നു.

ഇന്ത്യക്കു സ്വാതന്ത്യ്രം ലഭിക്കുകയും 1956-ല്‍ ഐക്യകേരളം ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ഏറനാടിന്റെ കുറെഭാഗം കോഴിക്കോട്‌ ജില്ലയിലും ശേഷിച്ചഭാഗം പാലക്കാട്‌ ജില്ലയിലും ലയിപ്പിച്ചു. 1969 ജൂണില്‍ പഴയ ഏറനാടിന്റെ മിക്കഭാഗവും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ മലപ്പുറം ജില്ല രൂപവത്‌കൃതമായത്‌. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ഒരു താലൂക്ക്‌ ആണ്‌ ഏറനാട്‌. പടിഞ്ഞാറ്‌ തിരൂര്‍-കോഴിക്കോട്‌ താലൂക്കുകളും വടക്ക്‌ തെക്കേവയനാട്‌ താലൂക്കും കിഴക്ക്‌ പാലക്കാട്‌-നീലഗിരി ജില്ലകളും തെക്ക്‌ പാലക്കാട്‌ ജില്ലയുമാണ്‌ അതിര്‍ത്തികള്‍. വിസ്‌തൃതി 2162.80 ച.മീ. താലൂക്കാസ്ഥാനം മഞ്ചേരിയാണ്‌. 57 റവന്യൂ വില്ലേജുകള്‍ ഈ താലൂക്കിലുണ്ട്‌. മഞ്ചേരിയും മലപ്പുറവുമാണ്‌ പ്രധാന സാമൂഹിക വികസന മണ്ഡലങ്ങള്‍. കരിമ്പുഴ, കുതിരപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍ എന്നിവയാണ്‌ ഈ താലൂക്കിലൂടെ ഒഴുകുന്ന പുഴകള്‍. വായൂട്ടുമല, വെള്ളാരമല, ചേക്കുമല, ഊറോട്ടുമല തുടങ്ങിയ ഉയരംകൂടിയ മലകളും ലോകത്തിലെ ഏറ്റവും പ്രാചീനമായ തേക്കിന്‍കാടുകളുള്ള നിലമ്പൂര്‍ വനവും ഇവിടെയാണ്‌. ഉയര്‍ന്ന മലയിടുക്കുകളും വനങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ ഈ പ്രദേശം പ്രകൃതി രമണീയമാണ്‌. നെല്ല്‌, മരച്ചീനി, റബ്ബര്‍, കുരുമുളക്‌, തേങ്ങ, അടയ്‌ക്ക എന്നിവയാണ്‌ പ്രധാന കാര്‍ഷികോല്‌പന്നങ്ങള്‍.

മലമ്പൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ കരിങ്കല്‍ ഗുഹകള്‍, ശിലാസ്‌തംഭങ്ങള്‍ എന്നിവയുടെ അവശിഷ്‌ടങ്ങള്‍ കാണാം. മിക്ക ജില്ലാ ഓഫീസുകളും മഞ്ചേരിയിലും മലപ്പുറത്തുമാണുള്ളത്‌. കൊണ്ടോട്ടി, കോട്ടയ്‌ക്കല്‍, ഇലയ്‌ക്കൂര്‍, നിലമ്പൂര്‍, പൂക്കോട്ടൂര്‍ തുടങ്ങിയവ ഈ താലൂക്കിലെ പ്രധാന കേന്ദ്രങ്ങളാണ്‌. മമ്പാടും മഞ്ചേരിയിലും കോളജുകളും കോട്ടയ്‌ക്കല്‍ ആയുര്‍വേദകോളജും ഏറനാട്ടിലുണ്ട്‌. കാലിക്കട്ട്‌ സര്‍വകലാശാലയുടെ ആസ്ഥാനവും ഇവിടെയാണ്‌. നോ. മലപ്പുറം ജില്ല; മലബാര്‍ കലാപങ്ങള്‍

(ഡോ. സി.കെ. കരീം)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B1%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍