This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏബിസി ശക്തികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏബിസി ശക്തികള്‍
അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നീ മൂന്നു തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ ധാരണയെ വ്യഞ്‌ജിപ്പിക്കുന്ന സംജ്ഞ.
1905-ഓടുകൂടി ഈ രാജ്യങ്ങളിലെ നേതാക്കന്മാര്‍ അനൗപചാരികമായി പലതവണ സമ്മേളിച്ച് സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. ഈ സമ്മേളനങ്ങളെ പരാമര്‍ശിച്ചാണ് പ്രസ്‌തുത സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. 1915 മേയ് 25-ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയര്‍സില്‍വച്ച് ഈ രാജ്യങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് പ്രാബല്യമുള്ള ഒരു സന്ധിയില്‍ ഒപ്പുവച്ചു. അതോടെ അവയുടെ രാഷ്‌ട്രീയബന്ധങ്ങള്‍ക്ക് ഔപചാരിക സ്വഭാവമുണ്ടാകുകയും ഏബിസി ശക്തികള്‍ എന്ന പേര്‍ സാര്‍വത്രികമാവുകയും ചെയ്‌തു.
മൂന്നുഘട്ടങ്ങളിലായാണ് ഈ ത്രികകക്ഷിസഖ്യം രൂപവത്‌കരിക്കപ്പെട്ടത്. 1906-ല്‍ അര്‍ജന്റീനയും ചിലിയും തമ്മില്‍ ഒരു യുദ്ധം ആസന്നമായപ്പോള്‍ ആ അവസ്ഥയെക്കുറിച്ചും യുദ്ധം എങ്ങനെ ഒഴിവാക്കണമെന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഇതേസമയം ബ്രസീലിയന്‍ ഐക്യപ്രചാരകര്‍ ബ്രസീലിന്റെയും ചിലിയുടെയും ആയുധശേഖരം വെട്ടിച്ചുരുക്കുവാന്‍ ഉതകുന്ന സ്ഥിരമായ സംവിധാനത്തിനുവേണ്ടി വാദിച്ചു. ഒന്നാം ഘട്ടം, ഈ ആശയ പ്രചാരണത്തിന്റേതായിരുന്നു. ഇതുമൂലം ജനങ്ങളില്‍ രൂഢമൂലമായിരുന്ന പ്രാദേശികതയും സ്‌പര്‍ധയുമില്ലാതാക്കുവാന്‍ കഴിഞ്ഞു. ഈ സൗഹൃദത്തിന് അംഗീകാരം നേടുവാന്‍ വിദേശീയ സമ്മതി ഉണ്ടാകേണ്ടിയിരുന്നു. 1914-ലെ യു.എസ്. മെക്‌സിക്കോ തര്‍ക്കത്തില്‍ കൂട്ടായ മധ്യസ്ഥത വഹിച്ചുകൊണ്ട് ഏബിസി രാജ്യങ്ങള്‍ ഈ അംഗീകാരം നേടിയെടുത്തു. 1914 ഏ. 9-ന് മെക്‌സിക്കോ തീരത്തിറങ്ങിയ ചില യു.എസ്. നാവികര്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ക്ഷമാപണത്തോടെ അവര്‍ വിട്ടയയ്‌ക്കപ്പെട്ടുവെങ്കിലും യു.എസ്., കമാന്‍ഡറായ അഡ്‌മിറല്‍ മേയോ ഇത് ഒരു യു.എസ്.-മെക്‌സിക്കോ യുദ്ധത്തിനു കാരണമാക്കി. യു.എസ്., മെക്‌സിക്കോയിലെ വേരക്രൂസ് തുറമുഖത്ത് ബോംബാക്രമണം നടത്തിയതിനെ (1914 ഏ. 21-22) തുടര്‍ന്നായിരുന്നു ഏബിസി ശക്തികളുടെ മധ്യസ്ഥതാശ്രമം നടന്നത്. നയാഗ്രയില്‍ കൂടിയ ഒത്തുതീര്‍പ്പു സമ്മേളനം 1914 മേയ് മുതല്‍ ആഗസ്റ്റ് വരെ നീണ്ടുനിന്നു. ഏബിസി ശക്തികളുടെ ഇടപെടല്‍ യു.എസ്.-മെക്‌സിക്കോ തര്‍ക്കത്തിന് താത്‌കാലികപരിഹാരമുണ്ടാക്കി. ഇത് കൂടുതല്‍ നയതന്ത്രപരമായ കൂടിയാലോചനകള്‍ക്ക് അവസരം നല്‌കിയെങ്കിലും മെക്‌സിക്കന്‍ പ്രസിഡന്റ് വിക്‌ടോറിയാനോ വാര്‍തെയുടെ പതനത്തിനു കാരണമായി. രണ്ടാംഘട്ടം ഇതോടെ അവസാനിച്ചു.
മൂന്നാം ഘട്ടത്തില്‍ ഏബിസി ശക്തികള്‍ ത്രികക്ഷി സഖ്യം ഒപ്പുവച്ചു. സംഘര്‍ഷകാരണങ്ങളെക്കുറിച്ച് നിഷ്‌പക്ഷമായ ഒരന്വേഷണത്തിനുദ്യമിക്കാതെ പരസ്‌പരം യുദ്ധത്തിലേര്‍പ്പെടാന്‍ പാടില്ലെന്ന് ഈ കരാറില്‍ മൂന്നു രാജ്യങ്ങളും പ്രതിജ്ഞ ചെയ്‌തിരുന്നു. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ ഒരിക്കലും നടപ്പാക്കിയിരുന്നില്ല.
വിദൂര ലാറ്റിനമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ ഇടയില്‍ പോലും റയോഗ്രാന്‍ഡേക്ക് തെക്കുള്ള യു.എസ്. ഇടപെടലിനെ സംബന്ധിച്ചു ബോധമുണ്ടാക്കിയെന്നതാണ് ഈ ത്രികക്ഷിസഖ്യത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യം. ദക്ഷിണാര്‍ധഗോളത്തിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ തങ്ങള്‍ ക്രിയാത്മക പങ്കാളികളാണെന്ന പ്രശസ്‌തി നേടുന്നതിന് ഈ സന്ധിയിലൂടെ ഏബിസി ശക്തികള്‍ക്കു സാധിച്ചു.
1942-ല്‍ ഏബിസി ശക്തികളും യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇക്വഡോറിയന്‍-പെറുവിയന്‍ യുദ്ധത്തിന് മധ്യസ്ഥത വഹിച്ചു. അര്‍ജന്റീനയും ബ്രസീലും പ്രത്യക്ഷമായി ഒപ്പത്തിനെത്താന്‍ മത്സരിക്കുന്നുണ്ടെങ്കിലും ശത്രുക്കളല്ല. ജലസ്രാതസ്സുകളെയും വിഭവങ്ങളെയുംകുറിച്ച് രണ്ടുകൂട്ടരും കൊമ്പുകോര്‍ത്തിട്ടുണ്ട്. അര്‍ജന്റീന-ബ്രസീല്‍-പരാഗ്വേ അതിര്‍ത്തിയില്‍ പരാന നദിയില്‍ റെട്ടപു ഡാം പണിത് ജലവൈദ്യുതപദ്ധതി നടപ്പിലാക്കുന്നതിനുള്ള ബ്രസീലിന്റെ തീരുമാനം 1966-ല്‍ അര്‍ജന്റീന എതിര്‍ത്തു. ഈ പദ്ധതി അര്‍ജന്റീനയുടെ ജലവിഭവങ്ങളെ സാരമായി ബാധിക്കുമെന്നവര്‍ ഭയപ്പെട്ടു. ഒരു ദശാബ്‌ദക്കാലം നീണ്ടുനിന്ന ശീതസമരം 1973-ലെ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു. 1980-ല്‍ ബ്രസീലിയന്‍ പ്രസിഡന്റ് ഫിഗിറേഡോ അര്‍ജന്റീനയില്‍ എത്തി. സാങ്കേതിക വിവരങ്ങള്‍, ന്യൂക്ലിയര്‍ ഇന്ധനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പരസ്‌പരം കൈമാറുന്ന കാര്യം ഈ ചര്‍ച്ചയില്‍ ധാരണയായി.
1982-ലെ ഫോക്‌ലന്‍ഡ് യുദ്ധത്തില്‍ ബ്രസീല്‍ അര്‍ജന്റീനയുടെ പക്ഷം ചേരുകയായിരുന്നു. ഈ യുദ്ധത്തില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ഇവിടത്തെ സേനാഭരണത്തിന് അറുതിയുണ്ടായി. ഫോക്‌ലന്‍ഡ് വിഷയം ഇരുരാജ്യങ്ങളും (ബ്രസീലും അര്‍ജന്റീനയും) ലോകവേദികളിലും റീജിയണല്‍ സമ്മേളനങ്ങളിലും ഉന്നയിച്ചെങ്കിലും ഇപ്പോഴും പരിഹൃതമായിട്ടില്ല. ഈ വിഷയത്തില്‍ ചിലിയും അര്‍ജന്റീനയ്‌ക്കൊപ്പമാണ്. 1983-ലെ പൊതുതെരഞ്ഞെടുപ്പില്‍ റൗള്‍ അല്‍ഫോണ്‍സിന്‍ അര്‍ജന്റീനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ചിലിയുമായി നിലനിന്നിരുന്ന അതിര്‍ത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു.
1985-ലെ പൊതുതെരഞ്ഞെടുപ്പില്‍ ജോസ് സാര്‍ണിയെ ബ്രസീലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964 മുതല്‍ 21 വര്‍ഷത്തോളം ഇവിടെ നിലനിന്ന പട്ടാളഭരണത്തിന് അവസാനമായി. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുമായി സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ഇദ്ദേഹം. അര്‍ജന്റീനയിലെയും ബ്രസീലിലെയും പ്രസിഡന്റുമാര്‍ പരസ്‌പരം സൗഹൃദസന്ദര്‍ശനങ്ങള്‍ നടത്തുകയും രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക കൂട്ടായ്‌മകള്‍ പുനഃരാരംഭിക്കുകയും ചെയ്‌തു. ഉഭയകക്ഷി വാണിജ്യകരാറായ "മെര്‍കോസറി'ല്‍ ഇരു രാഷ്‌ട്രത്തലവന്മാരും 1985-ല്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. 1991 മുതല്‍ വ്യവസ്ഥകള്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി.
ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു പവര്‍ബ്ലോക്കായി മാറുന്നതിന് തങ്ങളുടെ കൂട്ടായ്‌മ അനിവാര്യമാണെന്ന് ഇരുരാജ്യങ്ങളുടെയും രാഷ്‌ട്രത്തലവന്മാര്‍ മനസ്സിലാക്കി. ഇതിന്റെ ഭാഗമായി പ്രാരംഭനടപടികള്‍ 2002-ല്‍ ആരംഭിച്ചു. 2003 മുതല്‍ സാധ്യമായ എല്ലാ മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. വേള്‍ഡ് ട്രഡ് ഓര്‍ഗനൈസേഷന്‍ (W.T.O.) കാങ്കൂണില്‍വച്ച് നടത്തിയ മീറ്റിങ്ങില്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വാണിജ്യ ഇടപാടുകള്‍ക്കുവേണ്ടി ഇരുരാജ്യങ്ങളും നിലകൊണ്ടു. ഇവരുടെ ഇടപെടലുകള്‍ ജി. 20-യില്‍ അന്തര്‍ദേശീയ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്‌തമാവുകയും ചെയ്‌തു. ഈ രണ്ടുരാജ്യങ്ങളുടെയും ശ്രമഫലമായി 2008-ല്‍ "യൂണിയന്‍ ഒഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ്' സ്ഥാപിതമായി. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയുണ്ടായിക്കിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ യു.എസ്. ഡോളര്‍ ഒഴിവാക്കി സ്വന്തം കറന്‍സികള്‍ വിനിമയത്തിനായി ഉപയോഗിക്കാന്‍ 2008 മുതല്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്‌തിട്ടുണ്ട്.
യുദ്ധോപകരണങ്ങളുടെ നിര്‍മിതിയിലും റോക്കറ്റ്, സ്‌പേസ്, ന്യൂക്ലിയര്‍ ഗവേഷണങ്ങളിലും വാണിജ്യ നിക്ഷേപസംരംഭങ്ങളിലും ഇവര്‍ ഒരുമിച്ചുനില്‌ക്കുന്നു. ഈ രണ്ടു രാജ്യങ്ങളും കൂടിച്ചേരുമ്പോള്‍ ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വിസ്‌തൃതിയുടെ 63 ശതമാനവും ജനസംഖ്യയുടെ 60 ശതമാനവും ജി.ഡി.പി.യുടെ 61 ശതമാനവും ഉള്‍പ്പെടുന്നു.
അര്‍ജന്റീന മറ്റൊരു അയല്‍രാജ്യമായ ചിലിയുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പെറു-ബൊളീവിയ സഖ്യകക്ഷികള്‍ക്കെതിരെ അര്‍ജന്റീനയും ചിലിയും ഒരുമിച്ചുനിന്ന് യുദ്ധംചെയ്‌തു (1836-39). എന്നാല്‍ 1864 മുതല്‍ 66 വരെയുള്ള ചിഞ്ചാസ് യുദ്ധത്തില്‍ (ചിഞ്ചാ ദ്വീപിനെച്ചൊല്ലി പെറുവും ചിലിയും തമ്മിലുണ്ടായ യുദ്ധം) അര്‍ജന്റീന പക്ഷംപിടിക്കാതെ ഒഴിഞ്ഞുനിന്നു. 1874-ല്‍ ഇവര്‍ തമ്മിലുണ്ടായ യുദ്ധത്തിലും അര്‍ജന്റീന മൗനംദീക്ഷിക്കുകയായിരുന്നു. 1891-ലെ ബാള്‍ട്ടിമൂര്‍ പ്രശ്‌നത്തില്‍ യു.എസ്.എ.യും ചിലിയും കൊമ്പുകോര്‍ത്തപ്പോള്‍ അര്‍ജന്റീന യു.എസ്.എ.യുടെ പക്ഷംചേര്‍ന്നു.
1902-ലെ പാക്‌റ്റോസ് ഡി മേയോ കരാര്‍പ്രകാരം ചില മേഖലകളിലുള്ള ഇവരുടെ അധികാരങ്ങളില്‍ പരസ്‌പരം കൈകടത്താതിരിക്കാന്‍ തീരുമാനിച്ചെങ്കിലും 1960-കളില്‍ ബീഗ്‌ള്‍ പ്രശ്‌നത്തില്‍ വീണ്ടും ഉരസല്‍ ഉണ്ടായി. ബീഗ്‌ള്‍ ചാനലിലെ പിക്‌റ്റന്‍, ലെനക്‌സ്, ന്വേവ എന്നീ ദ്വീപുകള്‍ക്കുവേണ്ടിയുള്ള ഇവരുടെ തര്‍ക്കം അന്തര്‍ദേശീയ ട്രബ്യൂണലിന്റെ മുന്നിലെത്തി. ട്രബ്യൂണല്‍ ഈ ദ്വീപുകള്‍ ചിലിയുടേതെന്നു വിധിച്ചപ്പോള്‍ 1978-ല്‍ അര്‍ജന്റീന ചിലിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ അവസരോചിതമായ ഇടപെടല്‍മൂലം ഈ യുദ്ധം ഒഴിവാകുകയായിരുന്നു. 1984-ലെ സൗഹൃദ ഉടമ്പടിപ്രകാരം ഈ ദ്വീപുകളിന്മേല്‍ ചിലിയ്‌ക്കുള്ള അവകാശം അര്‍ജന്റീന അംഗീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2009-ലും ഒരു ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്.
2005-ലെ കണക്കുകള്‍ പ്രകാരം അര്‍ജന്റീനയുടെ കയറ്റുമതി വാണിജ്യ ശൃംഖലയില്‍ മൂന്നാംസ്ഥാനത്താണ് ചിലി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ചിലിയുടെ നല്ലൊരു ശതമാനം മൂലധനവും അര്‍ജന്റീനയിലെ റീട്ടെയില്‍ മേഖലയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. വാണിജ്യമേഖലയെക്കൂടാതെ മൈനിങ്, നാച്വറല്‍ ഗ്യാസ് എന്നിവയിലും സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഈ മൂന്ന് രാജ്യങ്ങളിലും സോഷ്യലിസ്റ്റ് മുന്നേറ്റമുണ്ടായത് ഏകദേശം സമാനരൂപത്തിലാണ്.
(സാബു,എസ്.)