This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏപിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏപിസ്
Apis
പ്രാചീന ഈജിപ്‌ഷ്യരുടെ വൃഷഭദേവത. കാളയുടെ രൂപത്തിലും കാളയുടെ ശിരസ്സുള്ള മനുഷ്യരൂപത്തിലുമാണ് ഈ ദേവത ആരാധിക്കപ്പെട്ടിരുന്നത്. നൈല്‍-ദേവതയുടെ അവതാരമായും ശക്തിയുടെയും സമൃദ്ധിയുടെയും ദേവതയായും ഏപിസ് ആദരിക്കപ്പെടുന്നുണ്ട്. അതിപ്രാചീനകാലം മുതല്‌ക്കേ ഗ്രീസിലും റോമിലും ഈ വൃഷഭോപാസന നിലവിലിരുന്നതായി കാണുന്നു. ഈ ദേവതയുടെ ആരാധനാകേന്ദ്രം മെംഫിസാണെന്നു വിശ്വസിച്ചുപോരുന്നു.
കാലാന്തരത്തില്‍ ഗ്രീക്ക് പാതാളദേവതയായ ഒസീറിസ്സിന്റെ അവതാരമെന്ന മറ്റൊരു മേന്മകൂടി ഏപിസിന് ലഭിക്കുകയുണ്ടായി. ഏപിസിന്റെ നിറം കറുപ്പാണെന്നാണു സങ്കല്‌പം. ഇതിന് 29 പ്രത്യേക അടയാളങ്ങളുള്ളതായി വിശ്വാസികള്‍ കരുതുന്നു. കറുത്തനെറ്റിയിലെ വെളുത്ത ത്രികോണത്തിന്റെ അടയാളം ഇവയില്‍ മുഖ്യമാണ്. നെറ്റിയില്‍ വലതുഭാഗത്തായി ചന്ദ്രക്കലയുടെ ആകൃതിയില്‍ വെളുത്ത അടയാളവും മുതുകില്‍ കഴുകന്റെയും നാക്കിനടിയില്‍ വണ്ടിന്റെയും അടയാളങ്ങളും വാലില്‍ ഇരട്ട രോമങ്ങളും ഏപിസിനുള്ളതായി വിശ്വസിക്കുന്നു. ഈ അടയാളങ്ങളുള്ള പുതിയ കാളയെ കാണുന്നത് ഏപിസിന്റെ ദര്‍ശനമായി കരുതി ജനങ്ങള്‍ ആഹ്ലാദം കൊള്ളുക പതിവായിരുന്നു. കിഴക്കോട്ടഭിമുഖമായ കെട്ടിടത്തില്‍ ഏപിസിനെ നിര്‍ത്തി നാലുമാസം തീറ്റികൊടുക്കയും കറുത്ത വാവിന് അതിനെ ഉപചാരപൂര്‍വം അലങ്കരിച്ച് കപ്പലില്‍ക്കയറ്റി ഹെലിയോപ്പോളിസിലേക്കയയ്‌ക്കുകയും ചെയ്‌തിരുന്നു. അവിടെ വീണ്ടും 40 ദിവസംകൂടി പുരോഹിതര്‍ ഏപിസിനെ തീറ്റികൊടുത്തു വളര്‍ത്തിയശേഷം മെംഫിസിലെ ദേവാലയത്തിലേക്കയയ്‌ക്കുന്നു.
പുതിയ ഏപിസിനെ കാണുമ്പോള്‍ ആചാരങ്ങളോടുകൂടി പഴയതിനെ നൈല്‍നദിയില്‍ താഴ്‌ത്തിക്കൊല്ലുകയും പിന്നീട് "മമ്മി'യാക്കി ഭൂഗര്‍ഭത്തിലുള്ള അറകളില്‍ അടക്കംചെയ്‌തു സൂക്ഷിക്കുകയും ചെയ്യുക ഈജിപ്‌ഷ്യരുടെ പതിവായിരുന്നു. 25 വര്‍ഷത്തില്‍ കൂടുതലായി ജീവിക്കാന്‍ ഏപിസിനെ അനുവദിച്ചിരുന്നില്ല. വിലയേറിയ തൈലങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ ജഡം കേടുകൂടാതെ സൂക്ഷിച്ചിരുന്നത്. പുതിയ ഏപിസിനെ കണ്ടുപിടിക്കുമ്പോള്‍ ആഹ്ലാദമാഘോഷിക്കുകയും പഴയതിന്റെ മരണത്തില്‍ 60 ദിവസത്തെ ദുഃഖാചരണം നടത്തുകയും ചെയ്യുന്ന സമ്പ്രദായവും നിലവിലിരുന്നു. ഇക്കാലമത്രയും വിശ്വാസികള്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കുകയായിരുന്നു പതിവ്.
ഏപിസിന് പ്രവചനശക്തിയുണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. തന്മൂലം പല ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനായി ജനങ്ങള്‍ ഈ സങ്കല്‌പദേവതയുടെ ഉപദേശങ്ങള്‍ തേടുക സര്‍വസാധാരണമായിരുന്നു.
ടോളമി ഒന്നാമന്‍ സോട്ടറുടെ കാലത്ത് ഏപിസിന്റെ പ്രധാന ആരാധനാകേന്ദ്രം അലക്‌സാന്‍ഡ്രിയയിലേക്ക് മാറ്റി. പില്‌ക്കാലത്ത് ആഥന്‍സിലും ഗ്രീക്ക് സാമ്രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും റോമിലും ഏപിസ്-സങ്കല്‌പവും തത്സംബന്ധമായ വിശ്വാസവും ആരാധനയും വ്യാപകമായി.