This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏത്തവാഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏത്തവാഴ

ഏത്തവാഴ

മുഖ്യമായ ഒരിനം വാഴ. സൈറ്റാമിനേ സസ്യഗോത്രത്തില്‍പ്പെട്ട മ്യൂസേസി കുടുംബത്തിലെ മ്യൂസാ ജീനസ്സിലാണ്‌ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മ്യൂസാ ജീനസ്സില്‍ത്തന്നെ വിവിധ സ്‌പീഷീസുകളുണ്ട്‌. എങ്കിലും ഇന്ന്‌ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളെല്ലാം തന്നെ മ്യൂസാ അക്യുമിനേറ്റ, മ്യൂസാ ബള്‍ബിസിയാന എന്നീ രണ്ടു വന്യസ്‌പീഷീസുകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞവയോ അവയുടെ സങ്കരയിനങ്ങളോ ആണ്‌. ആറ്റുനേന്ത്രന്‍, ചെങ്ങഴിക്കോടന്‍, കല്ലേത്തന്‍, മിണ്ടോളി, മൂങ്കില്‍, ഒറ്റമൂങ്കില്‍, കൂനൂര്‍നേന്ത്രന്‍, സാന്‍സിബാര്‍ എന്നീ പലപേരുകളില്‍ ഏത്തവാഴയുടെ വിവിധയിനങ്ങള്‍ അറിയപ്പെടുന്നു. രൂപത്തിലും വലുപ്പത്തിലും രുചിയിലും ഇവയ്‌ക്കുതമ്മില്‍ അല്‌പം ചില വ്യതിയാനങ്ങള്‍ ഉണ്ടെന്നുമാത്രം.

തെക്കുകിഴക്കേ ഏഷ്യയാണ്‌ പൊതുവേ വാഴയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌. എന്നാല്‍ സമീപകാലഗവേഷണം പറയുന്നത്‌ ഇതിന്റെ ജന്മസ്ഥലം പശ്ചിമഘട്ടമാണെന്നാണ്‌. ഉഷ്‌ണമേഖലാപ്രദേശത്ത്‌ ഒട്ടാകെ ഇതു കൃഷി ചെയ്യുന്നുണ്ട്‌. വാഴക്കൃഷിയെപ്പറ്റിയുള്ള അതിപുരാതന ചരിത്രരേഖകള്‍ ഇന്ത്യയില്‍ നിന്നാണ്‌ ലഭിച്ചിട്ടുള്ളത്‌. 500 ബി.സി.യില്‍ എഴുതപ്പെട്ട സംസ്‌കൃതഗ്രന്ഥങ്ങളില്‍ വാഴയെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. എന്നാല്‍ ജക്കാര്‍ത്തയില്‍ നിന്നു ലഭ്യമായ ചില ചരിത്രരേഖകളില്‍ (ബി.സി. 350) ഒരു പ്രത്യേകയിനം വാഴ ഇന്നേക്ക്‌ 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കൃഷി ചെയ്‌തിട്ടുള്ളതായി പറഞ്ഞിരിക്കുന്നു. വന്യമൃഗങ്ങളുടെ ദംഷ്‌ട്രകള്‍പോലെ നീണ്ടുകൂര്‍ത്ത മുനയും വളരെ വലുപ്പമുള്ള കായ്‌കളുണ്ടാക്കുന്ന ഒരിനത്തെപ്പറ്റിയാണ്‌ അതില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. ഈ ഇനം വാഴയില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാവണം ഏത്തവാഴ. മൃഗങ്ങളുടെ കൊമ്പിനോട്‌ സാദൃശ്യമുള്ളതുകൊണ്ട്‌ ഇംഗ്ലീഷുഭാഷയില്‍ ഹോണ്‍ബനാന(horn banana) എന്ന ഒരു പ്രത്യേകനാമവും വിഭാഗവും പിന്നീടുണ്ടായി. ഈയിനം വാഴയോടു സാദൃശ്യമുള്ള മറ്റൊന്നാണ്‌ ഫ്രഞ്ച്‌ വാഴ (French Plantation)ഏത്തവാഴയുടെ ഉദ്‌ഭവം ഈ ഫ്രഞ്ച്‌ വാഴയില്‍നിന്നാണെന്നും ഒരു അഭിപ്രായമുണ്ട്‌.

വാഴയില്‍ വിത്ത്‌ (seed) ഉണ്ടാകാറില്ല വന്ധ്യത(sterility)യും അനിഷേകജനനവും (parthenogenesis) ആണ്‌ ഇതിനുനിദാനം. കായികപ്രവര്‍ധനമാണ്‌ വാഴയുടെ വര്‍ഗോത്‌പാദനമാര്‍ഗം. വാഴയുടെ മൂട്ടില്‍ ഉപരിതലത്തിനു സമാന്തരമായി വളരുന്ന ഭൂകാണ്ഡത്തിന്റെ പാര്‍ശ്വമുകുളങ്ങളില്‍ നിന്നും പൊട്ടിമുളച്ചുണ്ടാകുന്ന മുളകള്‍ വിത്ത്‌, കന്ന്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈ കന്നുകളില്‍നിന്നാണ്‌ വാഴ പൊട്ടിമുളച്ചുണ്ടാകുന്നത്‌.

ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ നന കൂടാതെ നല്ല മഴയുള്ള സ്ഥലങ്ങളിലും നനയുടെ സഹായത്തോടെ മഴകുറവുള്ള പ്രദേശങ്ങളിലും ഏത്തവാഴക്കൃഷി ചെയ്യാം. എല്ലാക്കാലങ്ങളിലും ഇതു കൃഷിചെയ്യാവുന്നതാണ്‌. കാറ്റിന്റെ ശല്യമുണ്ടാകുന്ന സ്ഥലങ്ങള്‍ ഏത്തവാഴയ്‌ക്ക്‌ യോജിച്ചതല്ല. ചരല്‍കലര്‍ന്ന ചെമ്മണ്ണ്‌, ചുവന്നമണ്ണ്‌, കളിമണ്ണ്‌ എന്നിവ ഇതിന്റെ വളര്‍ച്ചയ്‌ക്ക്‌ യോജിച്ചതാണ്‌. കരപ്രദേശങ്ങളിലും പാടങ്ങളിലും കൃഷി ചെയ്യാം. പാടങ്ങളില്‍ വളര്‍ത്തുന്ന വാഴകള്‍ക്ക്‌ ജലസേചനം ചുരുങ്ങിയ തോതില്‍മതി.

മൂന്നുനാലു മാസം പ്രായമുള്ള ആരോഗ്യവും വലുപ്പവുമുള്ള കന്നുകള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ 60 സെ.മീ. വീതം നീളവും വീതിയും താഴ്‌ചയുമുള്ള കുഴികളില്‍ നടാം. നടുമ്പോള്‍ അടിവളമായി 10 കിലോ ഗ്രാം ചാണകമോ മറ്റേതെങ്കിലും ജൈവവളമോ നല്‍കണം. തുടര്‍ന്നും ജൈവവളം മാത്രം നല്‍കി കൃഷിചെയ്യാം. രാസവള ശിപാര്‍ശ 190 ഗ്രാം നൈട്രജന്‍ 115 ഗ്രാം ഫോസ്‌ഫേറ്റ്‌, 300 ഗ്രാം പൊട്ടാഷ്‌ എന്ന കണക്കിലാണ്‌. ഇതു കുടം വരുന്നതുവരെ ഓരോ മാസവും ഗഡുക്കളായി നല്‍കാം. ആദ്യഗഡു (നട്ട്‌ ഒരുമാസം കഴിഞ്ഞ്‌) 40:65:60 എന്ന കണക്കിലും തുടര്‍ന്ന്‌ 30:50:60 എന്ന കണക്കിലും (രണ്ടുമാസം കഴിഞ്ഞ്‌) തുടര്‍ന്നുള്ള നാലു മാസങ്ങളില്‍ 30:00:60 എന്ന കണക്കിലുമാണ്‌ നല്‍കേണ്ടത്‌. ആദ്യത്തെ അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ നാലോ അഞ്ചോ തവണയായി പച്ചിലവളം പ്രയോഗിക്കേണ്ടതാണ്‌. മൂട്ടില്‍നിന്നും ഉണ്ടാകുന്ന മുളകളെ ആദ്യകാലംതന്നെ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്‌താല്‍ വാഴയുടെ കരുത്ത്‌ വര്‍ധിക്കുന്നതായും നല്ല കുലകള്‍ ലഭിക്കുന്നതായും കണ്ടിട്ടുണ്ട്‌. വാഴ കുലച്ചശേഷം രണ്ടുമൂന്നു കന്നുകള്‍വരെ വളരാന്‍ അനുവദിക്കാം.

ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ വാഴയുടെ ഉള്ളില്‍ കാണ്ഡത്തിന്റെ അധോഭാഗത്തായി പൂവ്‌ ഉടലെടുക്കുകയായി. ഇപ്രകാരം ഉടലെടുത്ത പൂക്കള്‍ ഉള്ളില്‍വച്ചുതന്നെ പലവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു. കുലയ്‌ക്കുന്നതിന്‌ ഒരുമാസം മുമ്പ്‌ പൂര്‍ണ വളര്‍ച്ചയെത്തിയ പൂക്കള്‍ മുകളിലേക്ക്‌ നീങ്ങിത്തുടങ്ങും; ശരാശരി ഒരു ദിവസം എട്ട്‌ സെ.മീ. എന്ന ക്രമത്തിലായിരിക്കും നീങ്ങുക. പൂവുണ്ടായശേഷം കുല പുറത്തേക്കു വരുന്നതിന്‌ വേനല്‍ക്കാലങ്ങളില്‍ മൂന്നു മാസവും മഞ്ഞുകാലങ്ങളില്‍ ആറുമാസവും വേണ്ടിവരും. കുലച്ച്‌ 60-75 ദിവസങ്ങള്‍ക്കുള്ളില്‍ കായ്‌ മൂപ്പെത്തും.

രോഗങ്ങള്‍. രോഗങ്ങള്‍ തടയാന്‍ വാഴനടുംമുമ്പ്‌ കന്നുകള്‍ 20 ഗ്രാം സ്യൂഡോമോണാസ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതില്‍ മുക്കിയശേഷം നടുക. കുറുനാമ്പ്‌, കൊക്കാന്‍, പനാമാ വില്‍റ്റ്‌, സിഗാട്ടോക്ക രോഗം എന്നിവയാണ്‌ വാഴരോഗങ്ങളില്‍ പ്രധാനം. തടതുരപ്പന്‍ പുഴു, മാണവണ്ട്‌ എന്നിവ വാഴയുടെ മുഖ്യ ശത്രുകീടങ്ങളാണ്‌.

ഏത്തക്കായ്‌ വിഭവങ്ങള്‍. കേരളീയരുടെ ആഹാരക്രമത്തില്‍ പ്രാധാന്യമുള്ള ഒന്നാണ്‌ ഏത്തക്കായും അതുകൊണ്ടുള്ള വിഭവങ്ങളും. കായ്‌ പഴമായും പച്ചയായും ഉപയോഗിക്കാം. പച്ചക്കായ്‌ കറിക്ക്‌ ഉപയോഗിക്കുന്നു. തൊലി നീക്കം ചെയ്‌ത്‌ അരിഞ്ഞും നുറുക്കിയും എണ്ണയില്‍ വറുത്ത്‌ ഉപ്പേരിയുണ്ടാക്കാറുണ്ട്‌. സദ്യയൊരുക്കുമ്പോള്‍, വിശേഷിച്ചും ഓണക്കാലത്ത്‌ മുഖ്യവിഭവമാണ്‌ വറുത്തുപ്പേരി. ഉപ്പു ചേര്‍ത്തും ശര്‍ക്കര ചേര്‍ത്തും (ശര്‍ക്കര വരട്ടി) ഉപ്പേരിയുണ്ടാക്കാം. മൂത്ത കായ്‌കള്‍ തൊലിനീക്കി ഉണക്കിപൊടിയാക്കി കുട്ടികള്‍ക്ക്‌ നല്‌കാറുണ്ട്‌. പഴുത്തകായ്‌കള്‍ തൊലിനീക്കി ഉണക്കിയും ശര്‍ക്കര ചേര്‍ത്തു വരട്ടിയും അലുവയാക്കിയും വളരെനാള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്‌. പ്രഥമനുണ്ടാക്കാനും ഏത്തവാഴപ്പഴം ഉപയോഗിക്കാറുണ്ട്‌. വാഴനാര്‌ ഉപയോഗിച്ച്‌ ബാഗുകളും അലങ്കാരവസ്‌തുക്കളുമൊക്കെ ഉണ്ടാക്കുന്നു.

(എസ്‌. രാമചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍