This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏഡന്‍

Eden

ഏഡന്‍ തുഖമുഖം - ആകാശകാഴ്‌ച

അറേബ്യാ ഉപദ്വീപിന്റെ തെക്കേതീരത്തുള്ള തുറമുഖനഗരം. 120 50' വ.; 450 0' കി. ദ.യെമന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനനഗരമായ ഏഡന്‍ (Aden) ചെങ്കടലിന്റെ പ്രവേശനദ്വാരത്തുള്ള ബാബ്‌ എല്‍മാന്‍ഡബില്‍നിന്ന്‌ 160 കി.മീ. കിഴക്കു മാറി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 8,00,000 (2005).

സമുദ്രനിരപ്പില്‍നിന്ന്‌ 300 മീ. വരെ ഉയരത്തിലുള്ള രണ്ടു മുനമ്പുകളിലാണ്‌ ഏഡനിലെ നഗരാധിവാസം വ്യാപിച്ചിട്ടുള്ളത്‌; ഇവ രണ്ടുംതന്നെ നിര്‍ജീവങ്ങളായ അഗ്നിപര്‍വതങ്ങളാണ്‌. കിഴക്കുഭാഗത്തെ മുനമ്പിന്മേലാണ്‌ ഇപ്പോഴത്തെ തുറമുഖവും പ്രധാന നഗരവും സ്ഥിതിചെയ്യുന്നത്‌. ലിറ്റില്‍ ഏഡന്‍ എന്നു വിളിക്കപ്പെടുന്ന പടിഞ്ഞാറേ മുനമ്പ്‌ നന്നെ വീതികുറഞ്ഞ കടല്‍ത്തീരത്തിലൂടെ പ്രധാന നഗരവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കിഴക്കേ മുനമ്പിന്റെ വടക്കുകിഴക്കരികിലായുള്ള വിശാലമായ അഗ്നിപര്‍വത വക്ത്ര(crater)ത്തിലാണ്‌ പുരാതനനഗരം വളര്‍ന്നിട്ടുള്ളത്‌. അതിനോടനുബന്ധിച്ച്‌ അന്നത്തെ കപ്പല്‍ത്താവളവും കാണാം. ആധുനിക തുറമുഖം മുനമ്പിന്റെ വടക്കുപടിഞ്ഞാറുഭാഗത്താണ്‌. "ഏഡന്‍ക്യാമ്പ്‌' എന്നു വിളിക്കപ്പെടുന്ന പഴയ നഗരഭാഗത്തിനു മുകളിലായി ശുദ്ധജല വിതരണത്തിനു മഴവെള്ളം സംഭരിക്കാനുദ്ദേശിച്ച്‌ പാറയിടുക്കുകളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള കൃത്രിമ തടാകങ്ങള്‍ കാണാം. വടക്കുപടിഞ്ഞാറ്‌ സോമാലി വര്‍ഗക്കാരുടേതായ അധിവാസങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള മഅലാ ജില്ലയാണുള്ളത്‌. നൗകകളുടെയും ഇതര ജലയാനങ്ങളുടെയും നിര്‍മാണത്തില്‍ പരമ്പരാഗതമായി ഏര്‍പ്പെട്ടിട്ടുള്ളവരാണ്‌ ഇവിടത്തെ സോമാലികള്‍. മഅലായ്‌ക്കു പടിഞ്ഞാറാണ്‌ പഴയ തുറമുഖമായ തവാഹി. വിദേശരാജ്യങ്ങളുടെ പ്രതിനിധിമന്ദിരങ്ങള്‍, വ്യാപാരക്കമ്പനികളുടെ ആസ്ഥാനങ്ങള്‍, വന്‍കിടബാങ്കുകള്‍ തുടങ്ങിയവ ഇവിടെ കേന്ദ്രീകരിച്ചു കാണുന്നു. തുറമുഖത്തിന്‌ 11 കി.മീ. വടക്കു മാറി ഖര്‍മാര്‍കര്‍ ഇസ്‌ത്‌മസ്സില്‍ ഒരു വിമാനത്താവളവും ഉണ്ട്‌.

ഏഡനിലെ കാലാവസ്ഥ തികച്ചും സുഖകരമാണെന്നു കരുതാന്‍ നിര്‍വാഹമില്ല. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ നീണ്ടു നില്‌ക്കുന്ന ഉഷ്‌ണകാലത്ത്‌ അത്യുഷ്‌ണം അനുഭവപ്പെടുന്നു. മഴ നന്നെ കുറഞ്ഞ തോതിലേ ലഭിക്കുന്നുള്ളൂ; ചില ആണ്ടുകളില്‍ തീരെ പെയ്യാറുമില്ല. മറ്റു മാസങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ പ്രഭാവമാണുള്ളത്‌. അപ്പോള്‍ താരതമ്യേന ചൂടു കുറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നു.

ബ്രിട്ടീഷ്‌ ഭരണത്തിനുമുമ്പ്‌ 1513 മുതല്‍ 38 വരെയും 1547 മുതല്‍ 48 വരെയും ഏഡന്‍ പോര്‍ച്ചുഗീസ്‌ അധീനതയിലായിരുന്നു. ഇതിനിടയിലുള്ള പത്തുവര്‍ഷക്കാലവും 1845 വരെയും ഒട്ടൊമന്‍ സാമ്രാജ്യത്തിന്‍ കീഴിലായിരുന്നു. തുടര്‍ന്ന്‌ സുല്‍ത്താനേറ്റ്‌ ഒഫ്‌ ലഹജ്‌ ഭരണം നടത്തി. 1839-ല്‍ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ സൈന്യം ഏഡനിലിറങ്ങി. 1937 വരെ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണത്തിന്‍കീഴിലായിരുന്നു. 1937-ല്‍ കോളനി ഒഫ്‌ ഏഡന്‍ നിലവില്‍വന്നു. 1967-ല്‍ ബ്രിട്ടീഷുകാര്‍ ഏഡനില്‍ നിന്നൊഴിഞ്ഞു. 1970-ല്‍ ഏഡന്‍ പിപ്പീള്‍സ്‌ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ യമന്റെ തലസ്ഥാനമായി. 1992-ല്‍ ഏഡനില്‍ അല്‍ക്വയ്‌ദയുടെ ഭീകരാക്രമണം നടന്നു. 1994-ല്‍ റിപ്പബ്ലിക്‌ ഒഫ്‌ യമന്റെ ഭാഗമായി. 2007-ല്‍ പുനരേകീകരണത്തിനെതിരെ ഏഡനില്‍ സൗത്ത്‌ യമന്‍ മൂവ്‌മെന്റ്‌ ശക്തിയാര്‍ജിച്ചു. തുടര്‍ന്ന്‌ ഏഡനെ ഒരു സ്വതന്ത്ര വ്യാപാരമേഖലയായി പ്രഖ്യാപിച്ചു. ഇതിന്‌ ഗള്‍ഫ്‌ ഒഫ്‌ ഏഡന്‍ എന്ന പേരും നല്‍കപ്പെട്ടു.

എണ്ണ കയറ്റുമതിക്കാണ്‌ മുന്‍ഗണന, യെമന്‍, സൗദി അറേബ്യ, സോമാലി റിപ്പബ്ലിക്‌, എത്യോപ്യ തുടങ്ങിയ സമീപസ്ഥ രാജ്യങ്ങളിലേക്കുള്ള വിപണന സാധനങ്ങളുടെ വിതരണവും മുഖ്യമായി ഏഡനാണ്‌ കൈകാര്യം ചെയ്യുന്നത്‌. എണ്ണ തുടങ്ങിയ വിപണന വിഭവങ്ങളുടെ കയറ്റിറക്കാണ്‌ പ്രധാന തൊഴില്‍. സോപ്പ്‌, അലൂമിനിയം പാത്രങ്ങള്‍, ധാതുജലം എന്നിവയുടെ നിര്‍മാണം, എണ്ണയാട്ട്‌, പരുത്തിത്തുണിയിലെ ചിത്രലേഖനം എന്നീ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ലിറ്റില്‍ ഏഡനില്‍ ഒരു എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടനുബന്ധിച്ച്‌ നാലു കപ്പലുകളില്‍ ഒരേയവസരം എണ്ണ നിറയ്‌ക്കുന്നതിനുള്ള തുറമുഖ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ണ ശുദ്ധീകരണശാലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള ടൗണ്‍ഷിപ്പ്‌ ഇപ്പോള്‍ വിപുലമായ ഒരു നഗരമായി വളര്‍ന്നിട്ടുണ്ട്‌. ലിറ്റില്‍ ഏഡനെ മാതൃനഗരവുമായി ബന്ധിപ്പിക്കുന്ന കടല്‍ത്തീര വീഥിക്ക്‌ 32 കി.മീ. നീളമുണ്ട്‌.

സൂയസ്‌തോട്‌ അടച്ചിട്ടതുമൂലവും ആഭ്യന്തരതൊഴില്‍ കുഴപ്പങ്ങള്‍ കാരണവും ഏഡന്റെ വാണിജ്യ പ്രാധാന്യത്തിന്‌ ഇടക്കാലത്ത്‌ മാന്ദ്യം സംഭവിച്ചിരുന്നു; ഇപ്പോള്‍ പൂര്‍വകാല പ്രാബല്യം വീണ്ടെടുത്തുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A1%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍