This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാന്തത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകാന്തത

സമൂഹത്തിൽ ഒരു വ്യക്തിക്ക്‌ അംഗീകാരമില്ലാത്ത ഒരു പരിതഃസ്ഥിതിവരുമ്പോള്‍ കടുത്ത നിരാശയിലേക്കും മ്ലാനതയിലേക്കും വഴുതിവീഴുന്ന ദുസ്സഹമായ സ്ഥിതിവിശേഷം. പിറക്കുമ്പോള്‍ മനുഷ്യന്‍ ഒരു സമൂഹസ്‌നേഹിയോ സമൂഹവിരോധിയോ അല്ല. ശൈശവകാലത്തെ പരാശ്രയത്വം നിമിത്തം ആദ്യം അമ്മയെയും പിന്നീട്‌ ആയ, അച്ഛന്‍ തുടങ്ങിയവരെയും ആശ്രയിച്ചുജീവിക്കാന്‍ പഠിക്കുന്നു. തന്റെ കുടുംബം എന്ന ചെറിയ സമൂഹത്തിൽനിന്നും സാമൂഹികജീവിതത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയും പിന്നീട്‌ മാനസികവും ശാരീരികവുമായ വളർച്ച എത്തുന്നതോടുകൂടി സാമൂഹികബോധമുള്ള ഒരംഗമായിത്തീരുകയും ചെയ്യുന്നു. സാമൂഹികബോധത്തിലും സംഘം ചേർന്നു ജീവിക്കാനുള്ള വാസനയിലും പ്രായപൂർത്തിവന്നവരിൽ വ്യത്യാസം കാണുമെങ്കിലും ജീവിക്കാന്‍ എല്ലാ മനുഷ്യർക്കും സമൂഹത്തെ ഏറെക്കുറെ ആശ്രയിക്കേണ്ടിയിരിക്കുന്നു.

ഏകാന്തത പലപ്പോഴും മാനസികമായ ഒരവസ്ഥമാത്രമാണ്‌. ആർത്തലയ്‌ക്കുന്ന മനുഷ്യസമുദ്രത്തിനു നടുക്കും ഒരു വ്യക്തിക്ക്‌ ഏകാന്തത അനുഭവപ്പെടാം. അതേസമയം ഒറ്റയ്‌ക്ക്‌ ഒരു ബാഹ്യാകാശവാഹനത്തിലോ അല്ലെങ്കിൽ ഒരു അന്യഗോളത്തിൽത്തന്നെയോ ഇരുന്ന്‌ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരാള്‍ക്ക്‌ വലിയ ഏകാന്തത അനുഭവപ്പെട്ടില്ലെന്നുവരാം. അതിനാൽ ഒരു വ്യക്തിക്ക്‌ ഏകാന്തത അനുഭവപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ ഏറ്റവും ആധികാരികമായി പറയാന്‍ പറ്റുന്ന ഏകവ്യക്തി അയാള്‍ മാത്രമാണ്‌ എന്നു മനശ്ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നു.

തീവ്രമായ ഏകാന്തത അനുഭവിക്കുന്ന മനുഷ്യന്‍ ഞരമ്പുരോഗത്തിന്റെ (neurosis) ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഗവേഷണത്തിനായി കൃത്രിമമായി ഉണ്ടാക്കപ്പെട്ട ഏകാന്തതയിൽ കുടുങ്ങിയ മനുഷ്യർ ഉറക്കമില്ലായ്‌മ, ഇടയ്‌ക്കിടയ്‌ക്ക്‌ അകാരണമായ കരച്ചിൽ, ശരീരശുദ്ധി, വസ്‌ത്രധാരണം മുതലായവയിലുള്ള അശ്രദ്ധ, അർഥമില്ലാത്ത അലഞ്ഞുതിരിയൽ, ചക്രവാളത്തിൽ കണ്ണും നട്ടിരിക്കൽ, ശ്രവണവിഭ്രാന്തി മുതലായ രോഗലക്ഷണങ്ങള്‍ കാണിക്കാം. തീവ്രമായ ഏകാന്തത മാനസികരോഗത്തിന്റെ വക്കത്തെത്തിക്കുന്നതുപോലെ, ചില മാനസിക രോഗങ്ങള്‍ ഏകാന്തത അനുഭവപ്പെടുത്തുകയും ചെയ്യാറുണ്ട്‌. സ്‌കിസോഫ്രനിയ പിടിപെട്ടവരും മ്ലാനത അനുഭവിക്കുന്നവരും സ്വവർഗസംഭോഗക്കാരും മനശ്ശാസ്‌ത്രജ്ഞനോട്‌ സാധാരണപറയുന്ന ഒരു പരാതി അവർക്ക്‌ ദുസ്സഹമായ ഏകാന്തത അനുഭവപ്പെടുന്നുവെന്നാണ്‌.

ജീവിതപങ്കാളി മരിച്ചുപോകുമ്പോഴും പ്രിയപ്പെട്ട മറ്റു വല്ലവരെയും നഷ്‌ടപ്പെടുമ്പോഴും പ്രായാധിക്യമുണ്ടാകുമ്പോഴും മനുഷ്യന്‌ ഏകാന്തത അനുഭവപ്പെടാം. കുട്ടികളുടെ കാര്യത്തിലാണെങ്കിൽ, മാറാരോഗം, മുതിർന്നവരിൽനിന്ന്‌ സ്‌നേഹമില്ലാത്ത പെരുമാറ്റം, അച്ഛനും അമ്മയും തമ്മിലുള്ള നിരന്തരമായ വഴക്ക്‌, അച്ഛന്റെയോ അമ്മയുടെയോ മാറാരോഗം, മരണം, രണ്ടാം വിവാഹം അല്ലെങ്കിൽ ജയിലിൽ പോക്ക്‌ എന്നിവ ഏകാന്തതയ്‌ക്ക്‌ വഴിതെളിക്കുന്നു. ചില സ്‌ത്രീകള്‍ക്ക്‌ ആർത്തവം നിന്നുപോകുന്ന കാലഘട്ടത്തിൽ ഏകാന്തത അനുഭവപ്പെട്ടുകാണുന്നു. പക്ഷേ, കേവലം താത്‌കാലികമായ ഈ വിഷമം ഒരു രോഗലക്ഷണമായി കണക്കാക്കാറില്ല.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അനുഭവപ്പെടുന്ന ഏകാന്തത പലപ്പോഴും മനശ്ശാസ്‌ത്രജ്ഞന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങിനില്‌ക്കുമ്പോള്‍, വൃദ്ധജനങ്ങളിൽക്കാണുന്ന ഈ മനോവൈഷമ്യം മനശ്ശാസ്‌ത്രജ്ഞന്റെയും സാമൂഹികപ്രവർത്തകന്റെയും പ്രശ്‌നമായി മാറുന്നതായിക്കാണാം. ഇതിനുള്ള പ്രധാനകാരണം വൃദ്ധജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുടെ പ്രത്യേകതതന്നെ; ഇവരിൽ പലർക്കും ജീവിതപങ്കാളിയുടെ (മരണംമൂലമുള്ള) വേർപാട്‌ സഹിക്കേണ്ടിവരുന്നു. ഇതിനുംപുറമേ, യുവജനങ്ങള്‍ക്ക്‌ (സന്താനങ്ങള്‍ക്കും മറ്റും) തങ്ങളിൽ വലിയ താത്‌പര്യമൊന്നും ഇല്ല എന്നുള്ള ചിന്തയും അവരിൽ പ്രബലപ്പെട്ടുവരുന്നു. തങ്ങളുടെ സമപ്രായക്കാരായ സുഹൃത്തുക്കളിൽ പലരുടെയും ചരമത്തിനും അവർ സാക്ഷ്യം വഹിക്കേണ്ടിവരുന്നു. തങ്ങളും മരണത്തിന്റെ വക്കിലാണെന്നു മാത്രമല്ല ഈ ലോകത്തിൽ ഒറ്റയ്‌ക്കാണ്‌ എന്നുമുള്ള ദുഃഖചിന്ത അവരെ കാർന്നുതിന്നുന്നു.

സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളാലാണ്‌ വ്യക്തികള്‍ക്ക്‌ ഏകാന്തത അനുഭവപ്പെടുന്നത്‌. സമൂഹത്തിൽ നിന്ന്‌ ഒറ്റപ്പെട്ടും സാമൂഹിക രംഗങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറിയും വ്യാകുലചിന്തയിൽ കഴിയുന്ന വ്യക്തികളെ സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാന്‍ കഴിഞ്ഞാൽ ഏകാന്തത ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. സമൂഹത്തിൽ അവർ അർഹിക്കുന്ന മാന്യത നല്‌കുകയാണു പ്രധാനം. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്ത്വം അവരെ ബോധ്യപ്പെടുത്തുകയും അതു നിറവേറ്റാന്‍ അവരെ പ്രരിപ്പിക്കുകയും ചെയ്യുകയാണ്‌ അഭികാമ്യമായിട്ടുള്ളത്‌. മാനസികരോഗങ്ങള്‍ മൂലമുണ്ടാകുന്ന ഏകാന്തത മനോരോഗ ചികിത്സാവിധികള്‍കൊണ്ടു ഭേദപ്പെടുത്താവുന്നതാണ്‌.

(ഡോ. കെ. ദേവദാസന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍