This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാധിപത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഏകാധിപത്യം

Autocracy

ഭരണകൂടത്തിന്റെ അധികാരങ്ങള്‍ തന്നില്‍ത്തന്നെ നിക്ഷിപ്‌തമാക്കി ഒരൊറ്റയാള്‍ നടത്തുന്ന അനിയന്ത്രിതഭരണം. ഏകാധിപതിയുടെമേല്‍ വ്യവസ്ഥാപിത നിയന്ത്രണങ്ങളൊന്നും തന്നെ ബാധകമായിരിക്കയില്ല.

ആദ്യകാലം മുതല്‍ക്കുതന്നെ ഗവണ്‍മെന്റിന്റെ രൂപമനുസരിച്ച്‌ രാഷ്‌ട്രങ്ങള്‍ മൂന്നായി തരംതിരിക്കപ്പെട്ടിരിക്കുന്ന; രാജവാഴ്‌ച, അഭിജാതാധിപത്യം (Aristocracy), ജനാധിപത്യം. രാജവാഴ്‌ച, അതിന്റെ വൈകൃതമായ സ്വേച്ഛാധിപത്യം (Tyranny); അഭിജാതാധിപത്യം, അതിന്റെ വൈകൃതമായ അല്‌പാധിപത്യം (Oligarchy); ജനാധിപത്യം, അതിന്റെ വൈകൃതമായ പാമരപ്രഭുത്വം (Mobocracy) എന്നിങ്ങനെയാണ്‌ പ്ലേറ്റോ ഗവണ്‍മെന്റുകളെ തരംതിരിച്ചത്‌ (റിപ്പബ്ലിക്ക്‌ 8-ഉം 9-ഉം പുസ്‌തകങ്ങള്‍). അരിസ്റ്റോട്ടലാകട്ടെ ആധുനിക അര്‍ഥത്തിലുള്ള ജനാധിപത്യത്തിന്‌ "പോളിറ്റി' എന്ന പദം പ്രയോഗിക്കുകയും ഡെമോക്രസി എന്ന പദത്തെ പോളിറ്റിയുടെ വൈകൃതമെന്നു വിശേഷിപ്പിക്കുകയും ചെയ്‌തു. പോളിറ്റിയെന്ന്‌ അരിസ്റ്റോട്ടല്‍ വിശേഷിപ്പിച്ചത്‌ മധ്യവര്‍ഗങ്ങളുടെ ഭരണത്തെയാണെന്നും പാമരന്മാരുടെ (ദരിദ്രരായ താണവര്‍ഗങ്ങള്‍) നേതൃത്വത്തിലുള്ള ഭരണത്തെ ഡെമോക്രസി(ജനാധിപത്യം)യെന്നു വിവക്ഷിച്ചുവെന്നും പ്രാചീന രാഷ്‌ട്രമീമാംസാ സംഹിതകളുടെ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഭരണാധികാരിയുടെ ഹിതം മാത്രമാണ്‌ ഏകാധിപത്യഭരണകൂടത്തിന്റെ അധികാരത്തിനുള്ള ന്യായീകരണം സമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യത്തിന്റെ സ്ഥായിയായ ആദര്‍ശതത്ത്വങ്ങളോ മൗലികമായ നിയമങ്ങളോ ഇല്ല. നിയമമോ നടപടിക്രമങ്ങളോ ഏകാധിപതിയുടെ ഇച്ഛയെ തടസ്സപ്പെടുത്തുന്നില്ല. അതിന്റെ നിയമം സാന്ദര്‍ഭികമായ ആവശ്യത്തെ മുന്‍നിര്‍ത്തിയുള്ളതുമാത്രമാണ്‌. ഒരു നിയമത്തിനും ഏകാധിപതിയുടെ കല്‌പനയില്‍ കവിഞ്ഞ പദവിയുണ്ടായിരിക്കുകയില്ല. നീതിയെ സംബന്ധിച്ച തന്റെ പ്രഖ്യാപനങ്ങള്‍ക്കൊന്നും സാമൂഹികമായ അടിസ്ഥാനമുണ്ടായിരിക്കണമെന്നില്ല.

ഏകാധിപത്യത്തിന്റെ ചരിത്രം

യുദ്ധമോ ആഭ്യന്തരകലാപമോ നിമിത്തം ആപത്‌കരമായ രാഷ്‌ട്രീയ സാഹചര്യമുണ്ടാകുമ്പോള്‍ പുരാതന റോമന്‍ റിപ്പബ്ലിക്കില്‍ അവലംബിച്ചിരുന്ന സൈനിക ഭരണസമ്പ്രദായമാണ്‌ ഏകാധിപത്യം. സെനറ്റിന്റെ അപേക്ഷപ്രകാരം കോണ്‍സല്‍മാര്‍ ചേര്‍ന്ന്‌ മുന്‍കോണ്‍സല്‍മാരില്‍ ഏറ്റവും ധീരനും സത്യസന്ധനുമായ ഒരാളെ ഏകാധിപതിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക്‌ സെനറ്റിനോട്‌ ഉത്തരവാദിത്തമുണ്ടായിരിക്കയില്ല. ഈ പ്രത്യേക അധികാര കേന്ദ്രീകരണം പരമാവധി ആറുമാസമേ നീണ്ടുനില്‌ക്കുമായിരുന്നുള്ളൂ.

ആദ്യത്തെ റോമന്‍ ഏകാധിപതിയെ തിരഞ്ഞെടുത്തത്‌ ബി.സി. 500-ാമാണ്ടിലാണ്‌. പ്രാരംഭകാലത്ത്‌ റോമിലെ അഭിജാതവര്‍ഗമായ പെട്രീഷ്യന്മാരില്‍ നിന്നുമാണ്‌ ഏകാധിപതികളെ തിരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ ബി.സി. 356-ാമാണ്ടോടുകൂടി പ്ലെബിയന്മാരും തിരഞ്ഞെടുക്കപ്പെട്ടു തുടങ്ങി. ബി.സി. 3-ാം ശതകത്തിനു ശേഷം ഏകാധിപത്യം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങി. സുള്ളായുടെയും ജൂലിയസ്‌ സീസറുടെയും കാലത്തോടെ ഇത്‌ പുനരുദ്ധരിക്കപ്പെട്ടുവെങ്കിലും ഏകാധിപത്യം പേരില്‍മാത്രമൊതുങ്ങി.

സ്വേച്ഛാധിപത്യം (Tyranny) എന്ന ഗ്രീക്ക്‌ സംജ്ഞയ്‌ക്ക്‌ ഇന്നറിയപ്പെടുന്ന ഏകാധിപത്യത്തോട്‌ സാമ്യമുണ്ട്‌. സ്വേച്ഛാധിപതിയായ ഒരു വ്യക്തി തനിയെയോ അഥവാ തനിക്ക്‌ അധീനരായ വ്യക്തികളിലൂടെയോ നിയമനിര്‍മാണ നിര്‍വഹണപരമായ എല്ലാ അധികാരങ്ങളും പിടിച്ചടക്കിയിരിക്കുന്ന ഗവണ്‍മെന്റുരൂപം എന്ന അര്‍ഥത്തില്‍ ഇത്‌ ഉപയോഗിച്ചുപോന്നു.

ഗ്രീസും റോമും കാലികമായ സ്വേച്ഛാധിപത്യത്തിന്‌ വിധേയമായിരുന്നുവെങ്കിലും അവിടെങ്ങും ബാബിലോണിയ, അസീറിയ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിലേതുപോലെ അനിയന്ത്രിതാധിപത്യസിദ്ധാന്തം ആവിഷ്‌കരിക്കപ്പെടുകയോ പ്രയോഗിക്കപ്പെടുകയോ ചെയ്‌തിട്ടില്ല. യഹൂദ പാരമ്പര്യത്തിനോ രാഷ്‌ട്രീയ - അമിതാധിപത്യസിദ്ധാന്തത്തിനോ പ്രയോഗത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഏകദൈവവിശ്വാസം മനുഷ്യസാഹോദര്യത്തിലും ദൈവത്തിന്റെ മുമ്പില്‍ സമാനതയിലും വിശ്വസിക്കുവാന്‍ ഇടയാക്കുകയും ഒരു അനിയന്ത്രിതാധിപരാജാവിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്‌തു. നിയമത്തിനു പിന്നിലെ നിയമത്തെ സംബന്ധിച്ച ബൈബിള്‍ സങ്കല്‌പം ഭൗമിക ഗവണ്‍മെന്റിനും മേലായ ദൈവികനിയമത്തെക്കുറിച്ച്‌ ഐഹിക രാജാക്കന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. എന്നാല്‍ പ്രാചീനകാലത്ത്‌, മിക്ക കിഴക്കന്‍ രാജ്യങ്ങളിലും ഏകാധിപത്യഭരണകൂടങ്ങള്‍ നിലനിന്നിരുന്നു. ഗ്രീക്ക്‌-റോമന്‍ സംസ്‌കാരങ്ങളുടെ സവിശേഷതകളായ വ്യഷ്‌ടിവാദം, അസ്വസ്ഥത, അന്വേഷണം എന്നിവ ഏഷ്യയിലെ അനിയന്ത്രിതാധിപത്യത്തിന്റെ (absolute authority) യൂറോപ്പിലേക്കുള്ള വ്യാപനത്തിനെതിരെ കോട്ടകളെപ്പോലെ ചെറുത്തുനിന്നു.

മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ ആചാരങ്ങളെയും പുരാതനനിയമങ്ങളെയും സംബന്ധിച്ച ശക്തമായ ബോധം, ഒരു രാഷ്‌ട്രീയ സിദ്ധാന്തവും ഭരണസംവിധാനവുമെന്ന നിലയിലേക്കുള്ള നിയന്ത്രിതാധിപത്യത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തി. മധ്യകാലത്തെ സുപ്രധാന സവിശേഷതയായ ഫ്യൂഡലിസത്തിന്റെ ആവിര്‍ഭാവം സാമൂഹികവും സാമ്പത്തികവുമായിരുന്നുവെങ്കിലും അതിന്‌ സുപ്രധാന രാഷ്‌ട്രീയ വിവക്ഷകളുമുണ്ടായിരുന്നു. അടിയാന്‌ ജന്മിയോട്‌ കൂറും അനുസരണയും ബഹുമാനവും ഉണ്ടായിരുന്നു; പകരം ജന്മി അടിയാന്‌ സംരക്ഷണവും സഹായവും നീതിയും നല്‌കണമെന്ന ധാരണയുമുണ്ടായിരുന്നു.

16-ാം ശ. മുതല്‍ അമിതാധിപത്യം പാശ്ചാത്യലോകത്ത്‌ ശക്തമായൊരു രാഷ്‌ട്രീയ യാഥാര്‍ഥ്യമായിത്തീര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അതിശക്തമായ കുലീനവിഭാഗങ്ങളുടെ ചെറുത്തുനില്‌പുകാരണം അത്യധികം ആയാസകരമായിട്ടായിരുന്നു ഇറ്റലി ഒഴികെയുള്ള രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ച്‌ ഇംഗ്ലണ്ടിലെ രാജാവാണ്‌ ആദ്യമായി തികച്ചും അനിയന്ത്രിതാധികാര രാജാവ്‌ (absolute prince) ആയിരിക്കുവാന്‍ വേണ്ട ശക്തി ആര്‍ജിച്ചത്‌. ട്യൂഡര്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍ രാജകീയാധികാരത്തിന്റെ ഉപകരണം മാത്രമായിരുന്നു പാര്‍ലമെന്റ്‌. എന്നാല്‍ എലിസബെത്തിന്റെ ഭരണകാലാവസാന വര്‍ഷങ്ങളില്‍ അത്‌ കുറേക്കൂടി ശക്തമായിത്തീര്‍ന്നു. ഫ്രാന്‍സില്‍ രാജകീയാധികാരശക്തി വിജയം വരിച്ചത്‌ കുറേക്കൂടെ വൈകിയായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്‍റി VIII നോളം ശക്തനായ ആദ്യത്തെ ഫ്രഞ്ചുരാജാവ്‌ ലൂയി XIV-ാമനായിരുന്നു. 17-ാം നൂറ്റാണ്ടോടുകൂടി യൂറോപ്പിലെ മിക്കരാഷ്‌ട്രങ്ങളും അനിയന്ത്രിതാധികാര വാഴ്‌ചയ്‌ക്ക്‌ കീഴിലായി. 1789-ലെയും 1848-ലെയും വിപ്ലവംവരെയും ഈ ഗവണ്‍മെന്റ്‌രൂപത്തിനായിരുന്നു പ്രാമാണ്യം. അമിതാധികാര രാജാക്കന്മാരുടെ ഭരണോപകരണങ്ങള്‍ അപ്രഗല്‌ഭങ്ങളായിരുന്നു. മിക്കപ്പോഴും അവര്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നേരിടേണ്ടതായും വന്നു. അതുകൊണ്ട്‌ ഇത്തരം ഭരണകൂടങ്ങളുടെ അധികാരം ആധുനിക ഗവണ്‍മെന്റുകളുടേതുപോലെ ഫലപ്രദമായിരുന്നില്ല.

സഭയുടെയും സമ്രാട്ടിന്റെയും സാര്‍വത്രികാധികാരത്തെ സംബന്ധിച്ച അവകാശവാദങ്ങള്‍ക്കും കുലീനരുടെയും ചെറുകിടരാജാക്കന്മാരുടെയും വിഘടന പ്രവണതകള്‍ക്കുമെതിരായുള്ള സമരത്തിലൂടെ ആധുനിക ദേശീയരാഷ്‌ട്രങ്ങള്‍ ജന്മമെടുത്തു. രാജകീയ പരമാധികാരം എന്ന തത്ത്വത്തില്‍ നിന്നുദ്‌ഭവിച്ച അനിയന്ത്രിതാധികാര സിദ്ധാന്തം ഒരു പുതിയ രാഷ്‌ട്രീയ സംഘടനാരൂപത്തില്‍ ദേശീയരാഷ്‌ട്രങ്ങളെ ഏകീകരിക്കുവാനും ബലവത്താക്കുവാനും സഹായിച്ചു. 1917-ന്‌ മുമ്പ്‌ റഷ്യയില്‍നിലനിന്നിരുന്ന സാര്‍ഭരണവും 20-ാം നൂറ്റാണ്ടിലെ നാസിസ്വേച്ഛാധിപത്യവും ഫാസിസ്റ്റ്‌സ്വേച്ഛാധിപത്യവും ആണ്‌ ആധുനിക ഏകാധിപത്യ ഭരണക്രമത്തിന്റെ പരമമായ രൂപങ്ങള്‍.

വ്യത്യസ്‌ത പദപ്രയോഗങ്ങള്‍

ഏകാധിപത്യത്തെ വിവക്ഷിക്കുന്നതിന്‌ ആംഗലഭാഷയില്‍ വിവിധപദങ്ങള്‍ പ്രയോഗിക്കുന്നുണ്ട്‌. അബ്‌സലൂട്ടിസം (അനിയന്ത്രിതാധിപത്യം), ഓട്ടോക്രസി (ഏകാധിപത്യം), ഡെസ്‌പോട്ടിസം (സ്വേച്ഛാപ്രഭുത്വം), ടിറനി (സ്വേച്ഛാധിപത്യം), ഡിക്‌റ്റേറ്റര്‍ഷിപ്പ്‌ (സര്‍വാധിപത്യം). ഒന്നിലേറെ വ്യക്തികള്‍ ചേര്‍ന്നുള്ള അനിയന്ത്രിതാധികാരഭരണവും "അബ്‌സല്യൂട്ടിസം' എന്ന സംജ്ഞയ്‌ക്ക്‌ കീഴില്‍വരാം. വ്യക്തമായി നിര്‍വചിക്കപ്പെട്ട നിയമത്തിന്റെയും ധാര്‍മികത്വത്തിന്റെയും സംയമം കൂടാതെ ഭരണാധിപനോ ഭരണാധിപന്മാരോ ഒരു സമൂഹത്തെ ഭരിക്കുന്നതിനുപയോഗിക്കുന്ന രാഷ്‌ട്രീയസിദ്ധാന്തവും സംവിധാനവും എന്ന്‌ അബ്‌സലൂട്ടിസത്തെ നിര്‍വചിക്കാം. ഓട്ടോക്രസി എന്ന പദത്തെയാകട്ടെ ഭരണാധിപന്റെ വ്യാമോഹത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കുന്നതിന്‌ രാഷ്‌ട്രീയവും നിയമപരവുമായ സ്ഥാപനങ്ങള്‍ വികസിപ്പിക്കുവാന്‍ കഴിയാത്ത പിന്നോക്ക സമൂഹങ്ങളില്‍ നിലനില്‌ക്കുന്ന ഒന്നായി പരിമിതപ്പെടുത്തിയാണ്‌ നിര്‍വചിച്ചിരിക്കുന്നത്‌.

യന്ത്രവത്‌കൃതസമൂഹങ്ങളിലെ ഏകാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഡിക്‌റ്റേറ്റര്‍ഷിപ്പ്‌ എന്ന പദമാണ്‌ പ്രയോഗിക്കപ്പെടുന്നത്‌. എന്തെന്നാല്‍ ഈ കാലഘട്ടത്തെ ഏകാധിപത്യം കൂടുതല്‍ വ്യാപകവും ശക്തവുമാണ്‌.

എന്നാല്‍ ഏകാധിപത്യം നിലനില്‌ക്കണമെങ്കില്‍ സൈന്യത്തെയും മറ്റു പ്രബല ന്യൂനപക്ഷങ്ങളെയും തൃപ്‌തിപ്പെടുത്തേണ്ടതുണ്ട്‌. ഏറ്റവും നിരങ്കുശനായ ഏകാധിപതിപോലും ഉദ്യോഗസ്ഥ-അഭിജാതവര്‍ഗങ്ങളുടെ പൊതുതാത്‌പര്യങ്ങളുടെയും ഇടപെടലുകളുടെയും സ്വാധീനതയ്‌ക്ക്‌ വിധേയനാണ്‌.

വ്യക്ത്യധിഷ്‌ഠിത ഭരണാധികാരികള്‍

"കിങ്‌' എന്ന ആംഗ്ലോ-സാക്‌സന്‍ പദത്തിന്റെ അര്‍ഥം "കഴിവുള്ള മനുഷ്യന്‍' എന്നാണ്‌. മറ്റുള്ളവരുടെ മേലുള്ള അധികാരത്തിന്റെ യാതൊരു സൂചനയും ഈ പദത്തിനില്ല. കിങ്ങിനു സമാനമായ ലാറ്റിന്‍പദം കൈയ്‌സ്‌ എന്നും ഇന്ത്യന്‍ പദം രാജാവ്‌ എന്നുമാണ്‌. രാജാവ്‌ മന്ത്രിസഭയുമായി കൂടിയാലോചന നടത്തുന്നതിലോ അതിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്നതിലോ ഏകശാസനാസംവിധാനത്തിനു നിരക്കാത്ത യാതൊന്നുമില്ല. തന്റെ ഔന്നത്യത്തില്‍ സമൂഹത്തില്‍ നിന്നും വളരെയധികം ഉയര്‍ന്ന ഏകനായ ഭരണാധിപനാണ്‌ മോണാര്‍ക്ക്‌. ഏതുതരം ഏജന്റുകളിലൂടെ ഭരിച്ചാലും ഭരണരീതിയെ മോണാര്‍ക്കി(രാജവാഴ്‌ച) എന്നാണ്‌ വിളിക്കുക. രാജവാഴ്‌ച ഒരു പരമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്‌ത വര്‍ഗത്തില്‍ അധിഷ്‌ഠിതമാണ്‌. വംശാവലിയല്ലാതെ മറ്റൊരു അനുശാസനത്തോടും അതിനുത്തരവാദിത്തമില്ല. "ഞാന്‍ തന്നെ രാഷ്‌ട്രം' എന്ന ലൂയി തകഢ-ാമന്റെ പ്രഖ്യാപനത്തിന്റെ താത്‌പര്യം ഇതാണ്‌. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണനയങ്ങളും അത്രത്തോളം സമഗ്രാധിപത്യപരമായിരുന്നു. എന്നാല്‍ ജപ്പാനിലെ രാജാക്കന്മാര്‍ പൊതുവേ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാര്‍ യഥാര്‍ഥ-അധികാരം കൈയടക്കി വയ്‌ക്കുകയും ചെയ്‌തിരുന്നു. ജനങ്ങളുടെ "ചെറിയച്ഛന്‍' എന്നര്‍ഥമുള്ള ഷാ എന്ന പദവി, വീടുപോലെ പിതൃപ്രാമുഖ്യ ഭരണത്തിന്‍കീഴിലുള്ള ഒരു കുടുംബമാണ്‌ രാഷ്‌ട്രം എന്ന ആശയത്തെ ധ്വനിപ്പിക്കുന്നു. സാമാന്യമായ അര്‍ഥത്തില്‍ മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ പാദുഷ (ബാദ്‌ശാഹ്‌), പാഷാ, ഷാ എന്നീ പേരുകളാണ്‌ രാജസ്ഥാനത്തിന്‌ നല്‌കിയിരുന്നത്‌. ഇവിടെ രാജാവ്‌ ജനങ്ങളുടെ സംരക്ഷകനാണ്‌.

റോമാക്കാരെ സംബന്ധിച്ചിടത്തോളം രാജത്വത്തെ സംബന്ധിച്ച സംബോധന അധികാരത്തിന്റെ ഭാഷയിലായിരുന്നു. പ്രാചീന റോമന്‍ റിപ്പബ്ലിക്കില്‍ ഒരു പ്രത്യേക യുദ്ധത്തില്‍ വിജയിയായ സൈനിക ജനറലിന്‌ ഇംപറേറ്റര്‍ (imperator) എന്ന പേരുനല്‌കിയിരുന്നു. ഇതില്‍നിന്നാണ്‌ എംപറര്‍ (emperor) എന്ന പദം ആവിര്‍ഭവിച്ചത്‌. ആക്രമണങ്ങളും കീഴടക്കലുകളുമാണ്‌ ചക്രവര്‍ത്തിയുടെ യശസ്സ്‌ ഉയര്‍ത്തുന്നത്‌. മഹാനായ അലക്‌സാണ്ടര്‍, ചെങ്കിസ്‌ഖാന്‍, നെപ്പോളിയന്‍ എന്നീ ചക്രവര്‍ത്തിമാര്‍ ആ പദത്തിന്റെ എല്ലാ സവി ശേഷതകളുടെയും മൂര്‍ത്തീകരണങ്ങളായിരുന്നു. നോ. രാജാവ്

സ്വേച്ഛാപ്രഭുത്വം. ഡെസ്‌പോട്ട്‌ (Despot) എന്ന പദത്തിന്‌ യജമാനന്‍ അഥവാ പ്രഭു എന്ന അര്‍ഥമാണുണ്ടായിരുന്നത്‌. പില്‌ക്കാലത്ത്‌ ഇത്‌ തങ്ങളുടെ മക്കളോ മരുമക്കളോ പ്രവിശ്യാഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ അവര്‍ക്കു നല്‌കുന്ന ബഹുമതിബിരുദമായിത്തീര്‍ന്നു. 12-ാം ശതകത്തിന്റെ അവസാനം എഞ്ചലസ്‌ എന്ന്‌ ഇരട്ടപ്പേരുള്ള അലക്‌സിസ്‌ കകകാമനാണ്‌ ഈ പദവി ആദ്യമായി സൃഷ്‌ടിക്കുകയും ചക്രവര്‍ത്തി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അതിനു നല്‌കുകയും ചെയ്‌തതെന്ന്‌ പറയപ്പെടുന്നു. പില്‌ക്കാലത്ത്‌ ഈ പദത്തിന്‌ സ്വേച്ഛാധിപതി അഥവാ അനിയന്ത്രിതാധിപതി എന്ന അര്‍ഥമുണ്ടായി. സങ്കുചിതമായ അര്‍ഥത്തില്‍ ഇതിന്റെ ആശയം നിഷ്‌ഠുരശാസനം എന്നാണ്‌. കാരണം അമിതാധികാരത്തിന്റെ ഉടമസ്ഥതയും അതിന്റെ ദുരുപയോഗവും ഒന്നിനോടൊന്ന്‌ ബന്ധപ്പെട്ട കാര്യങ്ങളാണ്‌.

സ്വേച്ഛാധിപതി (Tyrant). "ടൈറന്റ്‌' എന്ന ഗ്രീക്കുപദം ദുശ്ശകുനം പിടിച്ച ഒന്നായിമാറിയിരിക്കുന്നു. സ്വേച്ഛാദുര്‍ഭരണത്തെയാണ്‌ ഇപ്പോള്‍ ടിറനി എന്നു വിവക്ഷിക്കുന്നത്‌. എന്നാല്‍ ആദ്യം അധികാരത്തിന്റെ പ്രയോക്താവ്‌ എന്ന അര്‍ഥം മാത്രമേ ഈ പദത്തിനുണ്ടായിരുന്നുള്ളൂ. നഗരങ്ങള്‍ ചെറുതും വേറിട്ടുള്ള ഭരണത്തിന്‍കീഴിലും ആയിരുന്നപ്പോള്‍ സ്വേച്ഛാധിപതിയുടെ ഭരണം എക്‌സിക്യൂട്ടീവ്‌ മേയറുടേതുപോലെ ആയിരുന്നു. ഇറ്റാലിയന്‍ നഗരങ്ങളില്‍ ഇത്തരം ഭരണാധികാരികളെ പോഡെസ്റ്റ (podesta) എന്നു പറഞ്ഞിരുന്നു.

സ്വേച്ഛാധിപതിയെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ്‌ ഓട്ടോക്രാറ്റ്‌ (autocrat). ഗ്രീക്കു സങ്കല്‌പമനുസരിച്ച്‌, വ്യക്തിപരമായ യോഗ്യതകള്‍ എന്തൊക്കെയായാലും അധികാരം വിനിയോഗിക്കുന്നതിനുള്ള തന്റെ അവകാശം (ദൈവികാനുമതിയാല്‍ ലഭിച്ചത്‌) തന്നില്‍ത്തന്നെ നിക്ഷിപ്‌തമാക്കിയിരിക്കുന്നയാളാണ്‌ ഓട്ടോക്രാറ്റ്‌.

സര്‍വാധിപതി (Dictator). മുമ്പു സൂചിപ്പിച്ചതുപോലെ അടിയന്തരാവസ്ഥക്കാലത്ത്‌ സര്‍വ അധികാരങ്ങളും നിക്ഷിപ്‌തമാക്കിക്കൊണ്ട്‌ നിയമിക്കപ്പെട്ടിരുന്ന മജിസ്‌ട്രറ്റില്‍ നിന്നുമാണ്‌ "ഡിക്‌റ്റേറ്റര്‍' എന്ന പദം ആവിര്‍ഭവിച്ചത്‌. ലാറ്റിനില്‍ ഈ പദത്തിന്‌ അത്ര സൈനിക പ്രാധാന്യമില്ലായിരുന്നു. സമൂഹമോ സവിശേഷ സാഹചര്യമോ നിര്‍ദേശിച്ചാലല്ലാതെ ഒരു സര്‍വാധിപതിക്കും ആധിപത്യം പുലര്‍ത്താന്‍ കഴിയില്ലെന്നാണ്‌ പരമ്പരാഗത ലാറ്റിന്‍ ധാരണ. തിബര്‍ നദീതീരത്തുള്ള പുരാതന ലാറ്റിന്‍ റിപ്പബ്ലിക്കിന്റെ ഈ പാരമ്പര്യത്തെ മുസ്സോളിനിയും ഹിറ്റ്‌ലറും പോലും മാനിച്ചിരുന്നുവെന്നു വാദിക്കുന്നവരുണ്ട്‌. എത്രതന്നെ കപടമായിട്ടാണെങ്കിലും ഔപചാരിക നടപടിക്രമങ്ങളുള്ള ജനഹിതപരിശോധനയില്‍ അടിസ്ഥാനമാക്കിയായിരുന്നു അവര്‍ തങ്ങളുടെ അധികാരം വിനിയോഗിച്ചിരുന്നത്‌. ഇത്‌ പൂര്‍വികരില്‍ നിന്നാര്‍ ജിക്കുകയോ സന്തതികള്‍ക്ക്‌ കൈമാറുകയോ ചെയ്യുന്നതല്ല.

ഏകാധിപത്യ ഭരണകൂടങ്ങള്‍

ഫ്രാന്‍സ്‌ ആണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഏകാധിപത്യം വളര്‍ന്നുവന്ന ആദ്യത്തെ രാജ്യം. രാഷ്‌ട്രീയ സൈദ്ധാന്തികനായ ബൊദൊന്‍ തന്റെ കൃതികളിലൂടെ ഏകാധിപത്യത്തെ ന്യായീകരിക്കുകയും അതിന്‌ തത്ത്വശാസ്‌ത്രപരമായ അടിത്തറ നല്‌കുകയും ചെയ്‌തു. അതിശക്തമായ സൈന്യം ഏകാധിപത്യത്തെ താങ്ങിനിര്‍ത്തി. 16-ഉം 18-ഉം നൂറ്റാണ്ടുകളില്‍ ഫ്രഞ്ചുരാജവാഴ്‌ച യൂറോപ്പിലെങ്ങും വ്യാപകമായി അംഗീകരിക്കപ്പെട്ടു. രാജാവിന്റെ ദൈവികാനുമതിയെ സംബന്ധിച്ച സിദ്ധാന്തം അധികാരപ്രയോഗത്തിന്‌ തുണയായിരുന്നു. ദേശീയവാദികള്‍പോലും ഏകാധിപതിയെ രാഷ്‌ട്രനേതാവായി കരുതുകയും അദ്ദേഹത്തിന്റെ മഹത്ത്വത്തില്‍ അഭിമാനിക്കുകയും ചെയ്‌തു. സ്‌പെയിന്‍, പ്രഷ്യ, റഷ്യ എന്നിവ ഫ്രഞ്ചുരീതിയിലുള്ള ഏകാധിപത്യത്തിന്റെ മറ്റു ദൃഷ്‌ടാന്തങ്ങളാണ്‌. ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, മതപരമായ അസഹിഷ്‌ണുതയുടെ വളര്‍ച്ച, ആശയങ്ങളുടെ തകര്‍ച്ച, ബുദ്ധിപരമായ തളര്‍ച്ച എന്നിവയിലൂടെയാണ്‌ സ്‌പെയിനില്‍ ഏകാധിപത്യം വളര്‍ന്നുവന്നത്‌. സാമ്പത്തികനില ഏറ്റവും ശോചനീയമായി. അഭിജാതവര്‍ഗവും പുരോഹിതരും നികുതിയിളവനുഭവിച്ചപ്പോള്‍, നികുതി സംവിധാനം താണവര്‍ഗങ്ങളെ തളര്‍ത്തുകയും വ്യവസായങ്ങളെ മുരടിപ്പിക്കുകയും ചെയ്‌തു.

ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, സാമ്പത്തിക ക്ഷേമത്തിന്റെ ക്രമീകൃത വികസനം, സൈന്യത്തിനായി വന്‍തോതില്‍ സാമ്പത്തിക വിഭവവിനിയോഗം എന്നിവയായിരുന്നു പ്രഷ്യന്‍ ഏകാധിപത്യത്തിന്റെ പ്രധാന നയങ്ങള്‍. സമ്പദ്‌ഘടന സൈന്യവത്‌കരിക്കപ്പെട്ടു. ബ്യൂറോക്രസി വളര്‍ന്നു; ഭൂപ്രഭുക്കളുടെ മേധാവിത്വം ശാശ്വതീകരിക്കപ്പെട്ടു.

റഷ്യന്‍ ഏകാധിപത്യം സമ്പദ്‌ഘടനയുടെ സൈന്യവത്‌കരണത്തിലാണ്‌ അധികം ഊന്നിനിന്നത്‌. കുലീനരുടെ വിധേയത്വം ഉറപ്പുവരുത്തുകയും കര്‍ഷകരുടെയും കുടിയാന്മാരുടെയും മേല്‍ കനത്ത നികുതിഭാരം കെട്ടിവയ്‌ക്കുകയും ചെയ്‌തു. റഷ്യന്‍ പാത്രിയാര്‍ക്കിസ്‌ പദവി അവസാനിപ്പിക്കുകയും ക്രസ്‌തവസഭയെ ഭരണത്തിന്റെ ഒരു വകുപ്പെന്നനിലയില്‍ തരംതാഴ്‌ത്തുകയും ചെയ്‌തു.

ഡെന്മാര്‍ക്ക്‌, പോളണ്ട്‌, സ്വിറ്റ്‌സര്‍ലണ്ട്‌, ഹോളണ്ട്‌, മുഗള്‍സാമ്രാജ്യം ഇവയാണ്‌ ഏകാധിപത്യഭരണകൂടങ്ങളുടെ മറ്റു ദൃഷ്‌ടാന്തങ്ങള്‍. മുസോളിനിയുടെ ഇറ്റലി, ഹിറ്റ്‌ലറുടെ ജര്‍മനി, സലാസറുടെ പോര്‍ച്ചുഗല്‍ എന്നിവയായിരുന്നു 20-ാം നൂറ്റാണ്ടിലെ ഏകാധിപത്യത്തിന്റെ മകുടോദാഹരണങ്ങള്‍. ഏതാധിപത്യത്തിന്റെ വിവിധ മാതൃകകളാല്‍ ഭരിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 21-ാം നൂറ്റാണ്ടോടെ സോഷ്യലിസത്തില്‍ അധിഷ്‌ഠിതമായ ഭരണകൂടങ്ങള്‍ നിലവില്‍വന്നു. ഒപ്പം ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാഷ്‌ട്രങ്ങളില്‍ ജനാധിപത്യവും സ്വീകരിക്കപ്പെട്ടു.

ലോകവ്യാപക ജനാധിപത്യസൂചിക (വേള്‍ഡ്‌വൈഡ്‌ ഡെമോക്രസി ഇന്‍ഡക്‌സ്‌) 167 രാജ്യങ്ങളെ പഠനത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. 60 നിശ്ചിതസൂചകങ്ങള്‍ ഉപയോഗിച്ചാണ്‌ രാഷ്‌ട്രത്തിന്റെ സ്വഭാവം നിശ്ചയിക്കപ്പെടുന്നത്‌. തിരഞ്ഞെടുപ്പിന്റെ ഘടന, പൗരസ്വാതന്ത്യ്രം, രാഷ്‌ട്രീയകക്ഷികള്‍ എന്നിങ്ങനെ. 2006-ലാണ്‌ ജനാധിപത്യസൂചിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സൂചികയില്‍ 55 രാഷ്‌ട്രങ്ങളാണ്‌ ഏകാധിപത്യമോ ഏകാധിപത്യസ്വഭാവമോ ഉള്ളവയായി വിലയിരുത്തപ്പെട്ടത്‌. ലോകജനസംഖ്യയുടെ 36മ്മ ശതമാനം ഏകാധിപത്യഭരണത്തിന്‍കീഴിലാണെന്നാണ്‌ ഇത്‌ അര്‍ഥമാക്കുന്നത്‌. എന്നാല്‍ ഈ രാജ്യങ്ങളിലെ സങ്കീര്‍ണമായ രാഷ്‌ട്രീയസംവിധാനങ്ങളെ മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന സൂക്ഷ്‌മമായ ഭരണവ്യവസ്ഥയെ നിര്‍ണയിക്കാന്‍ പ്രായേണ ദുഷ്‌കരമാണെന്നുള്ളതാണ്‌.

ഏകാധിപത്യത്തിന്റെ ദുഷ്‌പ്രവണതകള്‍ക്കും ഏകാധിപതികള്‍ അടിച്ചേല്‌പിച്ച ക്രൂരതകള്‍ക്കും എതിരായി പല ഏകാധിപത്യരാഷ്‌ട്രങ്ങളിലും ജനകീയശബ്‌ദം ഉയര്‍ന്നുതുടങ്ങിയത്‌ വര്‍ത്തമാനകാലത്തിന്റെ സവിശേഷതയാണ്‌. ഈ ജനകീയ കൂട്ടായ്‌മയില്‍ പല ഏകാധിപതികളും കടപുഴകി വീഴുന്ന കാഴ്‌ച വര്‍ത്തമാനകാല ചരിത്രത്തില്‍ വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. 2011-ല്‍ വിമതര്‍ സ്ഥാനഭ്രഷ്‌ടനാക്കിയ ലിബിയന്‍ ഭരണാധികാരിയായ ഗദ്ദാഫി ഏകാധിപത്യവാഴ്‌ചയുടെ സമീപകാലപതനങ്ങള്‍ക്ക്‌ മികച്ച ഉദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍