This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽ സാൽവഡോർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

എല്‍ സാല്‍വഡോര്‍

El Salvador

മധ്യഅമേരിക്കയിലെ റിപ്പബ്ലിക്കുകളില്‍ ഏറ്റവും ചെറുതും ജനസാന്ദ്രതയാല്‍ ഏറ്റവും മുന്നിട്ടുനില്‌ക്കുന്നതുമായ ജനാധിപത്യ രാഷ്‌ട്രം. ഈ മേഖലയിലെ മറ്റു റിപ്പബ്ലിക്കുകളില്‍നിന്നു വ്യത്യസ്‌തമായി കരീബിയന്‍ കടലിനെ സ്‌പര്‍ശിക്കാതെ കിടക്കുന്ന ഏക രാജ്യമാണ്‌ എല്‍ സാല്‍വഡോര്‍, തെക്ക്‌ പസിഫിക്‌ സമുദ്രം, പടിഞ്ഞാറ്‌ ഗ്വാട്ടെമാല, വടക്കും കിഴക്കും ഹോണ്ടൂറസ്‌ എന്നിങ്ങനെയാണ്‌ എല്‍ സാല്‍വഡോറിന്റെ അതിരുകള്‍; ഇവയില്‍ ഹോണ്ടൂറസ്സുമായുള്ള അതിര്‍ത്തി 1969-ലെ നേരിയതോതിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്‌ നിര്‍ണയിക്കപ്പെടാതെ കിടക്കുകയാണ്‌. പസിഫിക്‌ തീരത്ത്‌ 318 കി.മീ. വീതിയുള്ള എല്‍ സാല്‍വഡോറിന്റെ വിസ്‌തീര്‍ണം 21,040 ച.കി.മീ. ആണ്‌. ജനസംഖ്യ: 68,22,378 (2006). തലസ്ഥാനം സാന്‍ സാല്‍വഡോര്‍.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

പൊതുവേ നിമ്‌നോന്നതമായ ഭൂപ്രകൃതിയാണുള്ളത്‌. പര്‍വതപങ്‌ക്തികള്‍, അഗ്നിപര്‍വതങ്ങള്‍, സമതലങ്ങള്‍, നദീതാഴ്‌വരകള്‍, തടാകങ്ങള്‍ തുടങ്ങിയ ഭൂഭാഗങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു. ഭൂപ്രകൃതിപരമായി എല്‍ സാല്‍വഡോറിനെ അഞ്ച്‌ വിഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. പസഫിക്‌ തീരത്തെ ഇടുങ്ങിയ സമതലമാണ്‌ ആദ്യത്തേത്‌; രാജ്യത്തിന്റെ മൊത്തം വിസ്‌തീര്‍ണത്തിലെ അഞ്ച്‌ ശതമാനം വരുന്ന പ്രദേശമാണിത്‌. തെക്കുഭാഗത്തായിക്കാണുന്ന പര്‍വതപങ്‌ക്തികളാണ്‌ രണ്ടാമത്തെ വിഭാഗം. ശരാശരി 1,220 മീ. ഉയരമുള്ള ഈ പര്‍വതനിരകളില്‍ അനേകം അഗ്നിപര്‍വതങ്ങളുണ്ട്‌. മൊത്തം വിസ്‌തൃതിയുടെ 30 ശതമാനം ഈ പര്‍വതമേഖലയാണ്‌. 25 ശതമാനം മധ്യസമതലവും 20 ശതമാനം മധ്യസമതലത്തോടനുബന്ധിച്ചുള്ള നദീതടങ്ങളും 15 ശതമാനം ഉത്തരഭാഗത്തുള്ള പര്‍വതപ്രദേശവും ഉള്‍ക്കൊള്ളുന്നു. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന്‌ തെക്കുകിഴക്കരികിലേക്ക്‌ ക്രമമായ തോതില്‍ ചാഞ്ഞിറങ്ങുന്ന സാമാന്യം നിരപ്പുള്ള മേഖലയാണ്‌ മധ്യസമതലം. സമുദ്രനിരപ്പില്‍നിന്ന്‌ 395 മുതല്‍ 790 വരെ മീ. ഉയരത്തിലാണ്‌ ഈ പ്രദേശത്തിന്റെ കിടപ്പ്‌. ലെംപ, സാന്‍മിഗുവെല്‍ എന്നീ നദീവ്യൂഹങ്ങളുടെ, മധ്യസമതലത്തിലേക്കു കടന്നുകയറി കിടക്കുന്ന, തടപ്രദേശമാണ്‌ നാലാമത്തെ വിഭാഗം. വടക്കരികിലുള്ള പര്‍വതമേഖല പ്രധാനമായും മെറ്റാപ്പന്‍, ചലാട്ടെനാന്‍ഗോ എന്നീ ഗിരിനിരകളെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌; 1,500-1,975 മീ. ഉയരമുള്ള പര്‍വതപങ്‌ക്തികളാണ്‌ ഇവ.

ലെംപ നദി

ദക്ഷിണപര്‍വതമേഖലയിലെ ഇരുപതിലേറെ സജീവഅഗ്നിപര്‍വതങ്ങളില്‍ ഇസാല്‍കോ (1,830 മീ.), സന്താആന (2,381 മീ.), സാന്‍ സാല്‍വഡോര്‍ (1,961 മീ.), സാന്‍മിഗുവെല്‍ (2,130 മീ.), കൊന്‍ചാഗുവ (1,244 മീ.) എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ ഇസാല്‍കോയെ "പസിഫിക്കിലെ ദീപസ്‌തംഭം' എന്നു വിശേഷിപ്പിക്കാറുണ്ട്‌. സന്താ ആന ആണ്‌ എല്‍ സാല്‍വഡോറിലെ ഏറ്റവും ഉയരം കൂടിയ ഗിരിശിഖരം (2,347 മീ.).

ലോകത്തെ ഭൂകമ്പസാധ്യത ഏറ്റവും കൂടുതലുള്ള മേഖലയാണ്‌ എല്‍ സാല്‍വഡോര്‍. ഭീമാകാരമായ മൂന്ന്‌ ഭൗമഫലകങ്ങള്‍ക്കു പുറത്തായാണ്‌ രാജ്യം കിടക്കുന്നത്‌. ഈ ഫലകങ്ങളുടെ ചലനമാണ്‌ ഇവിടെ ഭൂകമ്പങ്ങളും അഗ്നിപര്‍വതസ്‌ഫോടനങ്ങളും ഉണ്ടാക്കുന്നത്‌. ഇതുവരെയായി അനേകം ഭൂകമ്പങ്ങള്‍ക്ക്‌ എല്‍ സാല്‍വഡോര്‍ വിധേയമായിട്ടുണ്ട്‌. 2005 വരെയുള്ള ഭൂകമ്പങ്ങളില്‍ 1500-ലേറെപ്പേര്‍ മരണപ്പെടുകയും ഒരു ലക്ഷത്തിലധികംപേര്‍ക്ക്‌ വീടുകള്‍ നഷ്‌ടപ്പെടുകയും ചെയ്‌തു.

അപവാഹം

എല്‍ സാല്‍വഡോറില്‍ 300-ലേറെ ചെറുനദികളുണ്ട്‌. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട നദിയാണ്‌ ലെംപ. ഗ്വാട്ടെമാലയില്‍നിന്ന്‌ ഉദ്‌ഭവിച്ച്‌, ഹോണ്ടൂറസ്സിന്റെ ഒരു കോണിലൂടെ സാല്‍വഡോറിന്റെ വടക്കരികിലെത്തുന്ന ലെംപ, രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള മലനിരകളെ മുറിച്ചു കടന്ന്‌ ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും ഒഴുകി പര്‍വതപങ്‌ക്തികള്‍ കടന്ന്‌ പസിഫിക്കില്‍ പതിക്കുന്നു. ഈ നദീമാര്‍ഗത്തിലെ 232 കി.മീ. ദൂരം സാല്‍വഡോറിനുള്ളിലാണ്‌. കിഴക്കേ സാല്‍വഡോറിലെ പ്രധാന നദീവ്യൂഹമാണ്‌ ഗ്രാന്‍ഡെ ദെ സാന്‍ മിഗുവല്‍. ഇവ കൂടാതെ ധാരാളം ചെറുനദികളും തീരസമതലത്തെ ജലസിക്തമാക്കിക്കൊണ്ട്‌ പസിഫിക്കില്‍ പതിക്കുന്നുണ്ട്‌. സാല്‍വഡോറിലെ നിരവധി തടാകങ്ങളില്‍ ലാഗോ ദെ ഇലപ്പാങ്‌ഗോ (65 ച.കി.മീ.), ലാഗുണാ ദെ കോട്ടപ്പെക്‌ (39 ച.കി.മീ.) എന്നിവയ്‌ക്കാണ്‌ ഏറ്റവും കൂടുതല്‍ വലുപ്പമുള്ളത്‌.

കാലാവസ്ഥ

സജീവഅഗ്നിപര്‍വതങ്ങളിലൊന്നായ ഇസാല്‍കോ

ഉഷ്‌ണമേഖലാ കാലാവസ്ഥയാണുള്ളത്‌. ഉള്ളിലേക്കു പോകുന്തോറും ഉയരക്കൂടുതല്‍ നിമിത്തം താപനില സമീകൃതമായിക്കാണുന്നു. പൊതുവേ പറഞ്ഞാല്‍ സമാന അക്ഷാംശങ്ങളിലുള്ള ഇതരമേഖലകളിലേതിനെക്കാള്‍ ഉഷ്‌ണം കുറഞ്ഞ കാലാവസ്ഥയാണുള്ളത്‌. മേയ്‌-ഒക്‌ടോബര്‍ മാസങ്ങളില്‍ കനത്ത മഴ ലഭിക്കുന്നു. നവംബര്‍-ഏപ്രില്‍ മാസങ്ങളിലാണ്‌ വേനല്‍ക്കാലം. പ്രാദേശികതലത്തില്‍ കാലാവസ്ഥയില്‍ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നു.

സസ്യജാലം

മനുഷ്യാധിവാസത്തിന്റെ ഫലമായി നൈസര്‍ഗിക പ്രകൃതി ഏറെക്കുറെ നഷ്‌ടപ്രായമായിട്ടുണ്ടെന്നു പറയാം. തീരസമതലങ്ങളിലും ദക്ഷിണപര്‍വതങ്ങളുടെ സാനുപ്രദേശങ്ങളിലും സവന്നാമാതൃകയിലുള്ള പുല്‍മേടുകള്‍ പത്രപാതി (deciduous) വ്യക്ഷങ്ങളുമായി ഇടകലര്‍ന്ന്‌ കാണപ്പെടുന്നു. ഈ പ്രദേശങ്ങളില്‍ ധാരാളമായുള്ള ബാല്‍സം വൃക്ഷങ്ങള്‍ പുഷ്‌പനിര്‍ഭരവും തടിക്ക്‌ നേരിയ സുഗന്ധമുള്ളവയുമാണ്‌. ഇതിന്റെ കറ ഔഷധനിര്‍മാണത്തിന്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു; തടിക്കും സമ്പദ്‌പ്രാധാന്യമുണ്ട്‌. മധ്യസമതലത്തിലും അനുബന്ധിച്ചുള്ള നദീതടങ്ങളിലും ഉയരം കുറഞ്ഞ പത്രപാതി വൃക്ഷങ്ങളും കുറ്റിക്കാടുകളും ഉപോഷ്‌ണമേഖലയിലെ സഹജപ്രകൃതിയായ ഉയരംകുറഞ്ഞ പുല്‍വര്‍ഗങ്ങളുമാണുള്ളത്‌. പര്‍വതമേഖലകളിലെ ഉന്നതതടങ്ങളിലും ഉപോഷ്‌ണമേഖലാമാതൃകയിലുള്ള പുല്‍മേടുകള്‍ കാണാം; ഇവിടങ്ങളില്‍ ഇലപൊഴിക്കുന്ന ഓക്‌വൃക്ഷങ്ങളും പൈന്‍മരങ്ങളും സമൃദ്ധമായുണ്ട്‌.

ചലാട്ടെ നാന്‍ഗോ എന്നീ ഗിരിനിരകള്‍

എല്‍ സാല്‍വഡോറിലെ പത്രപാതി വൃക്ഷങ്ങളില്‍ സമ്പദ്‌പ്രധാനങ്ങളായ സെഡാര്‍, മഹാഗണി, ലാറെല്‍, നിസ്‌പേറോ, മാദ്രാകക്കാവോ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും മനോഹരങ്ങളായ തടി ഉരുപ്പടികള്‍ നിര്‍മിക്കുന്നതിന്‌ ഉത്തമങ്ങളാണ്‌. ഇക്കാര്യത്തിന്‌ ഏറ്റവും പറ്റിയ മരമാണ്‌ മാക്വിലിഷ്‌വാത്‌. ഈ മരത്തിന്റെ പൂവാണ്‌ എല്‍ സാല്‍വഡോറിന്റെ ദേശീയ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്‌. നിസ്‌പേറോ മരത്തിന്റെ കറ (ചിക്കിള്‍) ച്യൂയിങ്‌ഗം ഉണ്ടാക്കുന്നതിനുള്ള ഒന്നാന്തരം അസംസ്‌കൃത വസ്‌തുവാണ്‌.

കടല്‍ത്തീരത്ത്‌ കണ്ടല്‍വനങ്ങള്‍ കാണപ്പെടുന്നു; ഇവിടങ്ങളില്‍ തെങ്ങ്‌, കവുങ്ങ്‌ തുടങ്ങിയ ഒറ്റത്തടിവൃക്ഷങ്ങളും പുളി, മാവ്‌, തണ്ണീര്‍മത്തന്‍ തുടങ്ങിയവയും സമൃദ്ധമായുണ്ട്‌. എല്‍ സാല്‍വഡോറില്‍ ഓര്‍ക്കിഡുകളുടെ 400 സ്‌പീഷീസുകളും വൃക്ഷങ്ങളുടെ 800 സ്‌പീഷീസുകളും കണ്ടെത്തിയിട്ടുണ്ട്‌.

ജന്തുവര്‍ഗങ്ങള്‍

ജനബാഹുല്യം നിമിത്തം വന്യമൃഗങ്ങള്‍ ഏറിയകൂറും വംശനാശത്തിന്‌ ഇരയായിക്കഴിഞ്ഞിരിക്കുന്നു. കരളുന്ന ജീവികളും ഉരഗങ്ങളും വിവിധയിനം ക്ഷുദ്രജീവികളും സാധാരണയായി കാണപ്പെടുന്ന വര്‍ണശബളമായ തൂവലുകള്‍ നല്‌കുന്ന ബ്ലൂജേയ്‌, ഉറാക്കാ എന്നിവ ഉള്‍പ്പെടെ വിശേഷപ്പെട്ട വിവിധയിനം പക്ഷികളെ ഈ രാജ്യത്ത്‌ കണ്ടെത്താം. കാട്ടുതാറാവ്‌, കൊക്ക്‌, ഞാറ എന്നീയിനങ്ങള്‍ ഇവിടെ സമൃദ്ധമായുണ്ട്‌.

എല്‍ സാല്‍വഡോറിലെ നദികള്‍ സമൃദ്ധമായ ഒരു മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു; ആമ, ചീങ്കണ്ണി തുടങ്ങിയവയുടെ വിഹാരരംഗവുമാണ്‌. മത്സ്യബന്ധനം കാര്യമായ തോതില്‍ നടക്കുന്നത്‌ കടലിലും തീരത്തോടടുത്തുള്ള കായലുകളിലും ആണ്‌. ഇവിടത്തെ കടലില്‍ മത്സ്യങ്ങളുടെ 800 സ്‌പീഷീസുകളും കരയില്‍ പക്ഷികളുടെ 500 സ്‌പീഷീസുകളും ചിത്രശലഭങ്ങളുടെ 1000 സ്‌പീഷീസുകളും കണ്ടെത്തിയിട്ടുണ്ട്‌.

ജനങ്ങള്‍, സംസ്‌കാരം

സ്‌പെയിന്‍കാരുടെ അധിനിവേശകാല(16-ാം ശ.)ത്തിനുമുന്‍പ്‌ എല്‍ സാല്‍വഡോര്‍ മേഖലയെ പോകോമന്‍, കോര്‍ട്ടി, ലെന്‍കയാകി (പൈപില്‍), ഊളുവ എന്നീ തദ്ദേശീയ ഗോത്രങ്ങളാണ്‌ അധിവസിച്ചിരുന്നത്‌. ഇവരില്‍ ആദ്യത്തെ മൂന്നു ഗോത്രക്കാരും നേരത്തെ കുടിയുറപ്പിച്ചവരായിരുന്നിട്ടും സാംസ്‌കാരിക വളര്‍ച്ച നേടിയ യാകി ഗോത്രക്കാര്‍ക്കാണ്‌ ആധിപത്യം ഉണ്ടായിരുന്നത്‌. ഊളുവഗോത്രം താരതമേ്യന ന്യൂനപക്ഷമായിരുന്നു. രത്‌നങ്ങളുടെ നാട്‌ എന്നര്‍ഥം വരുന്ന കസ്‌കത്‌ലാന്‍ എന്ന പേരാണ്‌ യാകികള്‍ തങ്ങളുടെ പ്രദേശത്തിനു നല്‌കിയിരുന്നത്‌. തദ്ദേശീയ സംസ്‌കാരം സമ്പുഷ്‌ടമായിരുന്ന കാലത്ത്‌ കെട്ടിപ്പടുത്തിരുന്ന വന്‍നഗരങ്ങളില്‍ സണ്‍സൊണേറ്റ്‌, അഹുവാചപ്പന്‍ തുടങ്ങിയവ ഇന്നും കേടുപാടുവരാതെ നിലനിന്നുവരുന്നു; തസുമല്‍, പാംപെ, എല്‍ത്രപീതോ, സാന്‍ആന്ദ്ര തുടങ്ങിയ നഗരങ്ങളുടെ ഭഗ്നാവശിഷ്‌ടങ്ങള്‍ പ്രാക്കാല സാംസ്‌കാരികപാരമ്പര്യം വിളിച്ചോതുന്നവയാണ്‌.

സാല്‍വഡോറിലെ മെസ്റ്റിസോകള്‍

സ്‌പെയിനില്‍നിന്നു കുടിയേറിയവരുടെ അംഗസംഖ്യ തുലോം കുറവായിരുന്നുവെങ്കിലും അവര്‍ യാകിജനതയുമായി സംബന്ധപ്പെട്ടുണ്ടായ സങ്കരവര്‍ഗം ഇന്നത്തെ ഒരു പ്രബലവിഭാഗമാണ്‌. എല്‍ സാല്‍വഡോറിലെ ഇന്നത്തെ ജനങ്ങളില്‍ 90 ശതമാനവും സങ്കരവര്‍ഗമായ മെസ്റ്റിസോകളാണ്‌. വെള്ളക്കാരുടെ സംഖ്യ കേവലം ഒരു ശതമാനത്തോളമേ ഉള്ളൂ. ശേഷിക്കുന്നവര്‍ വര്‍ഗശുദ്ധി നിലനിര്‍ത്തുന്ന തദ്ദേശീയരുമാണ്‌. ആഫ്രിക്കക്കാര്‍ പ്രത്യക്ഷമായില്ലാത്ത മധ്യ അമേരിക്കന്‍ രാജ്യമാണ്‌ എല്‍ സാല്‍വഡോര്‍. സ്വന്തം പാരമ്പര്യത്തില്‍ അടിയുറച്ചുകഴിയുന്ന ന്യൂനപക്ഷം അമരേന്ത്യര്‍ ഇപ്പോഴുമിവിടെയുണ്ട്‌.

എല്‍ സാല്‍വഡോറിലെ ജനങ്ങളില്‍ 60 ശതമാനവും രാജ്യത്തിന്റെ ദക്ഷിണഭാഗത്തെ താരതമ്യേന ഉഷ്‌ണക്കൂടുതലുള്ള കുന്നിന്‍പുറങ്ങളിലും തീരസമതലങ്ങളിലും ആണ്‌ വസിക്കുന്നത്‌. ഇവരില്‍ ബഹുഭൂരിപക്ഷവും കൃഷിയിലും കന്നുകാലിവളര്‍ത്തലിലും ഏര്‍പ്പെട്ടിട്ടുള്ളവരാണ്‌. തീരദേശവാസികളില്‍ നല്ലൊരു സംഖ്യ മുക്കുവരാണ്‌. തലസ്ഥാനമായ സാന്‍സാല്‍വഡോര്‍ ഉള്‍പ്പെടെ 70,000-ത്തിലേറെ ജനസംഖ്യയുള്ള മിക്ക നഗരങ്ങളും ഈ മേഖലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. രാജ്യത്തിലെ നാണ്യവിളകളിലെയും ഭക്ഷ്യധാന്യങ്ങളിലെയും ഏറിയ പങ്കും ഉത്‌പാദിപ്പിക്കുന്നത്‌ ഇവിടെയാണ്‌. താരതമ്യേന മഴക്കുറവുള്ള മധ്യസമതലത്തിന്റെ മിക്ക ഭാഗങ്ങളും വിശാലമായ മേച്ചില്‍പ്പുറങ്ങളാണ്‌. ജനങ്ങളില്‍ 40 ശതമാനത്തോളം ഇവിടെയുള്ള ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമായി പാര്‍ത്തുവരുന്നു. വടക്കരികിലുള്ള മലമ്പ്രദേശത്ത്‌ ജനവാസം നന്നേ കുറവാണ്‌.

പൊതുവേ പറഞ്ഞാല്‍ എല്‍സാല്‍വഡോര്‍ ജനപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയാണ്‌. ജനസാന്ദ്രത ച.കി.മീറ്ററിന്‌ 341 എന്ന തോതിലാണ്‌. ജനസംഖ്യയിലെ വാര്‍ഷികവര്‍ധനവ്‌ നാല്‌ ശതമാനത്തോളം ആളുകള്‍ അയല്‍രാജ്യമായ ഹോണ്ടൂറസ്സിലേക്കും 20 ലക്ഷംപേര്‍ യു.എസ്സിലേക്കും കുടിയേറിയിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ജനങ്ങളില്‍ 52 ശതമാനവും റോമന്‍കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവരാണ്‌; 27 ശതമാനം പ്രാട്ടസ്റ്റന്റുകളും. സ്‌പെയിന്‍കാരുടെ അധിനിവേശത്തെത്തുടര്‍ന്ന്‌ സ്‌പാനിഷ്‌ ഭാഷയ്‌ക്ക്‌ പ്രചാരമുണ്ടാക്കുവാനുള്ള ഔദേ്യാഗികമായ ശ്രമത്താല്‍ തദ്ദേശീയരുടേതായി നിലവിലുണ്ടായിരുന്ന നഹുവത്‌, പോട്ടോണ്‍ തുടങ്ങിയ ഭാഷകള്‍ ലുപ്‌തപ്രചാരങ്ങളായി. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം സ്‌പാനിഷ്‌ ആണ്‌ ഇവിടത്തെ ഔദേ്യാഗിക ഭാഷ. നഹുവത്‌ ഭാഷയ്‌ക്കും പ്രചാരമുണ്ട്‌. 81 ശതമാനം ആണ്‌ സാക്ഷരത. സാല്‍വഡോറിന്റെ സംസ്‌കാരത്തില്‍ കത്തോലിക്കാസഭ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. യൂറോപ്പിന്റെയും സ്‌പെയിനിന്റെയും സ്വാധീനമുള്ള മെസ്റ്റിസോ സംസ്‌കാരത്തിനാണ്‌ ഇവിടെ പ്രാമുഖ്യമുള്ളത്‌. ചിത്രകലയിലും കളിമണ്‍ശില്‌പകലയിലും പ്രസിദ്ധിയാര്‍ജിച്ച രാജ്യമാണിത്‌. ഫുട്‌ബോള്‍, സംഗീതം, ഉത്സവാഘോഷങ്ങള്‍ എന്നിവയാണ്‌ ഇവിടത്തെ പ്രധാന വിനോദോപാധികള്‍. കുംബിയയാണ്‌ പ്രധാന സംഗീതം. സല്‍സ, ചല്‍ചോണ തുടങ്ങിയ വകഭേദങ്ങളും ഇതിനുണ്ട്‌. റെഗ്ഗെ, ഹിപ്പ്‌, ഗവീദിയ, ഹോപ്പ്‌ തുടങ്ങിയ നാടോടിസംഗീതവും ഉണ്ട്‌. ഫ്രാന്‍സിസ്‌കൊ, ഗവീദിയ, റോക്ക്‌ ഡാല്‍റ്റന്‍ എന്നിവരാണ്‌ പ്രധാന കവികള്‍.

ചരിത്രം

പ്രാക്‌ചരിത്രം

എല്‍ സാല്‍വഡോറില്‍ പ്രാചീനകാലത്ത്‌ വസിച്ചിരുന്നത്‌ അമേരിന്ത്യന്‍ വംശജരായിരുന്നു. 15-ാം ശതകത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന മൂന്ന്‌ വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട പിപില്‍ വര്‍ഗം, കുസ്‌കത്‌ലാന്‍ തങ്ങളുടെ തലസ്ഥാനമാക്കി. ലംപാ നദിക്കു കിഴക്കു ഭാഗത്തു പാര്‍ത്തിരുന്നത്‌ ഷൊന്താലസ്‌ വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു. സ്‌പെയിന്‍ ആയിരുന്നു എല്‍ സാല്‍വഡോറിലേക്ക്‌ ആദ്യമായി കടന്നുചെന്ന യൂറോപ്യന്‍ ശക്തി.

കൊളോണിയല്‍ വാഴ്‌ച

1524-ല്‍ ഗ്വാട്ടെമാലയില്‍നിന്നും പെട്രാ ഡി അല്‍വരാദൊയുടെ നേതൃത്വത്തില്‍വന്ന സ്‌പാനിഷ്‌സംഘം കുസ്‌കത്‌ലാന്‍ കൈവശപ്പെടുത്തി. പെട്രാ ഡി അല്‍വരാദൊയുടെ സഹോദരന്‍ ദീഗോ ഡി അല്‍വരാദൊ 1525-ല്‍ കുസ്‌കത്‌ലാനു സമീപത്തായി സാന്‍ സാല്‍വഡോര്‍ പട്ടണം സ്ഥാപിച്ചു. 1527 ആയപ്പോള്‍ മാത്രമേ അല്‍വരാദൊ സഹോദരന്മാര്‍ക്ക്‌ പിപില്‍ വര്‍ഗത്തെ പൂര്‍ണമായും കീഴടക്കുവാന്‍ കഴിഞ്ഞുള്ളൂ.

സ്വാതന്ത്യ്രപ്രസ്ഥാനം

1811 മുതല്‍ 1840 വരെയുള്ള മധ്യഅമേരിക്കന്‍ സംഭവവികാസങ്ങളില്‍ സാന്‍ സാല്‍വഡോര്‍ അതിപ്രധാനമായ പങ്കുവഹിച്ചു. 1811-ല്‍ സ്‌പാനിഷ്‌ ആധിപത്യത്തിനുനേരെ എതിര്‍പ്പ്‌ ആദ്യമായി പ്രകടമായി. ഇതും 1814-ലെ മറ്റൊരു സമരവും പരാജയപ്പെട്ടു. 1821 സെപ്‌. 15-ന്‌ ഗ്വാട്ടെമാല, സെന്‍ട്രല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിനു വിധേയമായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചപ്പോള്‍ സാന്‍ സാല്‍വഡോര്‍ ഒരുപടികൂടെ മുന്നോട്ടുപോവുകയും പൂര്‍ണസ്വാതന്ത്യ്രം പ്രഖ്യാപിക്കുകയും ചെയ്‌തു. പള്ളിയും സമ്പന്നവിഭാഗങ്ങളുമടങ്ങുന്ന യാഥാസ്ഥിതികരുടെ പിന്തുണയോടെ മെക്‌സിക്കോയിലെ അഗസ്‌തിന്‍ ദെ ഇതുര്‍ബിദെ ചക്രവര്‍ത്തി സാന്‍ സാല്‍വഡോര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. 1822 ന. 22-ന്‌ സാന്‍ സാല്‍വഡോര്‍ യു.എസ്സുമായി ചേരുവാന്‍ സ്വയം തീരുമാനിക്കുകയും അതിനായി ആ രാജ്യത്തോട്‌ അഭ്യര്‍ഥിക്കുകയും ചെയ്‌തു. എന്നാല്‍ ഈ അഭ്യര്‍ഥന നിരാകരിക്കപ്പെട്ടു.

മധ്യഅമേരിക്കന്‍ ഫെഡറേഷന്‍

എല്‍ സാല്‍വഡോര്‍ ആക്രമിക്കുന്നതിന്‌ ഇതുര്‍ബിദെയുടെ സൈന്യാധിപനായ ജനറല്‍ ഫെയ്‌സോല തയ്യാറെടുക്കുമ്പോള്‍ത്തന്നെ ഇതുര്‍ബിദെ മെക്‌സിക്കോ വിടുവാന്‍ ഇടയായി. സ്വാതന്ത്യ്രം നിലനിര്‍ത്തുവാനും മധ്യഅമേരിക്കന്‍ ഫെഡറേഷന്‍ രൂപവത്‌കരിക്കാനും ഫെയ്‌സോല നിര്‍ബന്ധിതനായി. 1823-ല്‍ ഒരു ഭരണഘടനാനിര്‍മാണസമിതി, ഗ്വാട്ടെമാല, ഹോണ്ടുറാസ്‌, എല്‍ സാല്‍വഡോര്‍, നിക്കരാഗ്വാ, കോസ്റ്ററീക്കാ എന്നീ രാജ്യങ്ങളെ ചേര്‍ത്ത്‌ മധ്യഅമേരിക്കന്‍ ഐക്യസംസ്ഥാനങ്ങള്‍ (United Provinces of Central America)സ്ഥാപിച്ചു. എന്നാല്‍ 1839-ല്‍ ഈ ഫെഡറേഷന്‍ തകര്‍ന്നു.

ആഭ്യന്തരസമരങ്ങള്‍

19-ാം ശതകത്തിനുശേഷമുള്ള എല്‍ സാല്‍വഡോര്‍ റിപ്പബ്ലിക്കിന്റെ (1841 ജനു. 30-ന്‌ ആണ്‌ ഈ പേര്‌ ഔദേ്യാഗികമായി അംഗീകരിക്കപ്പെട്ടത്‌.) ചരിത്രം യാഥാസ്ഥിതികരും ഉത്‌പതിഷ്‌ണുക്കളും തമ്മിലുള്ള സമരത്തിന്റേതാണ്‌. രണ്ട്‌ കക്ഷികളും ഇതര രാജ്യങ്ങളിലെ സമാന്തര കക്ഷികളുടെ സഹായം തേടുകയും അവയെ അങ്ങോട്ടു സഹായിക്കുകയും ചെയ്‌തിരുന്നു. 1840-ല്‍ ഗ്വാട്ടെമാലയിലെ യാഥാസ്ഥിതിക പ്രസിഡന്റായ റാഫേല്‍ കരേര തന്റെ സ്‌നേഹിതനായ ഫ്രാന്‍സിസ്‌കോ മാലെസ്‌പിനെ എല്‍ സാല്‍വഡോറിലെ പ്രസിഡന്റായി അവരോധിച്ചു. 1840-70 കാലത്ത്‌ മൂന്നുതവണ യാഥാസ്ഥിതികരെ അധികാരത്തിലേറ്റാന്‍ കരേരയ്‌ക്കു കഴിഞ്ഞെങ്കിലും ഉത്‌പതിഷ്‌ണുക്കള്‍ മൂന്ന്‌ തവണയും അവരെ അധികാരത്തില്‍നിന്നും പുറന്തള്ളുകയുണ്ടായി. ഇതിനുശേഷം 1931 വരെ താരതമേ്യന ശാന്തമായ രാഷ്‌ട്രീയാന്തരീക്ഷമാണ്‌ ഇവിടെ നിലനിന്നിരുന്നത്‌.

സൈനികാധിപത്യം

1931 കാലത്ത്‌ ഉയര്‍ന്നുവന്ന ജനാധിപത്യാവകാശ പ്രക്ഷോഭണങ്ങള്‍ സൈനിക ശക്തിയില്‍ അമര്‍ന്നുപോയി. 1927 മുതല്‍ 1931 വരെ പ്രസിഡന്റായിരുന്ന പീയോറോമെറോ ബോസ്‌കേ തന്റെ പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ സാല്‍വഡോര്‍ കോണ്‍ഗ്രസ്‌ ആര്‍തറോ അരൗഗോവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു; എന്നാല്‍, ഒരു വര്‍ഷം തികയുന്നതിനുമുന്‍പ്‌ അദ്ദേഹം പുറത്താക്കപ്പെട്ടു. ഒരു സൈനിക അട്ടിമറിയിലൂടെ മാക്‌സിമിലിയാനോ ഹെര്‍ക്കാണ്ടസ്‌ മാര്‍ട്ടിനസ്‌ അധികാരത്തില്‍വന്നു. ഒന്നാംലോകയുദ്ധകാലത്ത്‌ അച്ചുതണ്ടുശക്തികള്‍ക്കനുകൂലമായിരുന്ന എല്‍ സാല്‍വഡോര്‍ രണ്ടാംലോകയുദ്ധത്തില്‍ അവര്‍ക്കെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌.

രണ്ടാംലോകയുദ്ധാനന്തരകാലം

പ്രസിഡന്റ്‌ മാര്‍ട്ടിനസ്സിനെ 1945 വരെ അധികാരത്തില്‍ തുടരാനുവദിച്ചുകൊണ്ട്‌ ഒരു പുതിയ ഭരണഘടന 1939-ല്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ 1944 മേയില്‍ ഇദ്ദേഹത്തിന്‌ നാടുവിടേണ്ടിവന്നു. എന്നാല്‍ സൈനികാധിപത്യം ഇതോടെ അവസാനിച്ചില്ല. വൈസ്‌ പ്രസിഡന്റായിരുന്ന ജനറല്‍ ആന്‍ഡ്രസ്‌ മെനന്‍ഡസ്‌ പ്രസിഡന്റായി. 1944 ഒക്‌ടോബറില്‍ ഒരു പുതിയ സൈനിക അട്ടിമറിയിലൂടെ കേണല്‍ ഒസ്‌മീന്‍ അഗ്വിറെ വൈസാലിനാസ്‌ അധികാരം പിടിച്ചെടുത്തു. ജനറല്‍ സാല്‍വഡോര്‍ കാസ്റ്റനേഡാ കാസ്റ്റ്രാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1948 ന. 30-ന്‌ പ്രസിഡന്റ്‌ കാസ്റ്റനേഡാ കാസ്റ്റ്രാ ഒരു ഭരണഘടനാസമ്മേളനം വിളിച്ചുകൂട്ടി. തനിക്ക്‌ പ്രസിഡന്റ്‌ പദവിയില്‍ തുടരത്തക്കവിധം അടിസ്ഥാനനിയമത്തെ ഭേദഗതി ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ രണ്ടാഴ്‌ചയ്‌ക്കുശേഷം (1948 ഡി. 14) ഭരണം സൈനികരുടെ കൈകളിലായി. ലഫ്‌. കേണല്‍ മാനുവല്‍ കൊര്‍ദോബാ പ്രസിഡന്റായി. നാല്‌ പട്ടാളമേധാവികളുടെ നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ്‌ വ്യവസ്ഥാപിത ഭരണവും പത്രസ്വാതന്ത്യ്രവും കൃത്യമായ തെരഞ്ഞെടുപ്പും വാഗ്‌ദാനം ചെയ്‌തു. 1949-ല്‍ ലഫ്‌. കേണല്‍ ഓസ്‌കാര്‍ ഒസിറിയോ ഇതിന്റെ തലവനായി; 1950-ല്‍ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയകക്ഷിയായ പി.ആര്‍.യു.ഡി.(Partido Revolucionario de Unification Democratica)ക്ക്‌ രാജ്യത്തിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ മേധാവിത്വം പുലര്‍ത്തുവാന്‍ കഴിഞ്ഞു. ===സമീപകാലസംഭവങ്ങള്‍===\

ഓസ്‌കാര്‍ ഒസിറിയോ

ഒസിറിയോ ആറുവര്‍ഷം പ്രസിഡന്റായി തുടര്‍ന്നു. ഈ കാലത്ത്‌ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. 1957-ല്‍ എല്‍ സാല്‍വഡോറിന്‌ അതിഭീകരമായ രണ്ട്‌ ദുരന്തങ്ങളനുഭവിക്കേണ്ടിവന്നു. മേയ്‌ 6-ന്‌ 1,200 പേരെ ജീവാപായപ്പെടുത്തുകയും 4,000 പേര്‍ക്ക്‌ അംഗഭംഗമുണ്ടാക്കുകയും 40,000 പേരെ ഭവനരഹിതരാക്കുകയും ചെയ്‌ത വലിയ ഒരു ഭൂകമ്പമുണ്ടായി; ആഗ. 8-ന്‌ എല്‍ സാല്‍വഡോറിന്റെ മധ്യമേഖലയാകെ അഗ്നിബാധയ്‌ക്കിരയായി.

ലാറ്റിന്‍ അമേരിക്കയ്‌ക്കായുള്ള യു.എന്‍. സാമ്പത്തിക കമ്മിഷന്‍ നിര്‍ദേശങ്ങളെത്തുടര്‍ന്ന്‌ 1951-ല്‍ എല്‍ സാല്‍വഡോര്‍ മധ്യഅമേരിക്കന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. "സാന്‍ സാല്‍വഡോര്‍ ചാര്‍ട്ടര്‍' എന്നറിയപ്പെടുന്ന നിയമാവലിയുടെ അടിസ്ഥാനത്തില്‍ മധ്യഅമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ സംഘടന (organization de estatos centro americanos-ODECA) രൂപവത്‌കരിച്ചു. മധ്യഅമേരിക്കന്‍ രാഷ്‌ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തബന്ധമുറപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കുവാന്‍ കമ്മിറ്റികളും സംഘടിപ്പിക്കപ്പെട്ടു.

സാന്‍സാല്‍വഡോറിലാണ്‌ സംഘടനയുടെ കേന്ദ്ര ഓഫീസ്‌. സംഘടനയുടെ ആദ്യത്തെ സെക്രട്ടറിജനറലായി തെരഞ്ഞെടുക്കപ്പെട്ടത്‌ എല്‍ സാല്‍വഡോറിലെ ജോസ്‌ ഗ്വില്ലര്‍ മോട്രാബാനിനോ ആയിരുന്നു. 1955 മേയില്‍ യു.എന്‍. കമ്മിഷന്റെ ആഭിമുഖ്യത്തില്‍ എല്‍ സാല്‍വഡോറില്‍ ഒരു സാമ്പത്തിക സമ്മേളനം നടന്നു. രണ്ട്‌ ഗ്വാട്ടെമാലന്‍ വിഭാഗങ്ങളും തമ്മില്‍ 1954-ല്‍ ആരംഭിച്ച യുദ്ധത്തില്‍ എല്‍സാല്‍വഡോര്‍ മധ്യസ്ഥത വഹിക്കുകയുണ്ടായി. സാല്‍വഡോറില്‍വച്ചുനടന്ന സന്ധിസംഭാഷണം വിജയിപ്പിക്കുന്നതില്‍ പ്രസിഡന്റ്‌ ഒസിറിയോ ഒരു നല്ല പങ്കുവഹിച്ചു.

ജോസ്‌മരിയാ ലെമസ്‌

പി.ആര്‍.യു.ഡി. സ്ഥാനാര്‍ഥിയായ ലഫ്‌. കേണല്‍ ജോസ്‌മരിയാ ലെമസ്‌ 1956-ല്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന്‌ മറ്റു കക്ഷികള്‍ നിരോധിക്കപ്പെട്ടിരിക്കുകയോ അഥവാ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയോ ചെയ്‌തിരുന്നു. 1956, 1958, 1960 വര്‍ഷങ്ങളില്‍ ദേശീയ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പി.ആര്‍.യു.ഡി. സ്ഥാനാര്‍ഥികള്‍ എല്ലാ സീറ്റും നേടി. എന്നാല്‍ സാമ്പത്തികക്കുഴപ്പംമൂലം ഈ ഗവണ്‍മെന്റ്‌ അട്ടിമറിക്കപ്പെട്ടു (1960). തുടര്‍ന്ന്‌ മൂന്നുമാസം അധികാരത്തിലിരുന്ന ആറംഗസൈനിക ഭരണകൂടം ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുത്തു; മറ്റൊരു സൈനികവിഭാഗം 1961 ജനുവരിയില്‍ അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന്‌ ഇടതുപക്ഷ ചായ്‌വുള്ള കക്ഷികളെ പങ്കെടുപ്പിക്കാതെ ഭരണഘടനാ കണ്‍വെന്‍ഷനെ നിയോഗിക്കുന്നതിന്‌ നടത്തിയ തെരഞ്ഞെടുപ്പില്‍ പുതിയ "നാഷണല്‍ കണ്‍സിലിയേഷന്‍ പാര്‍ട്ടി' (Partido Conciliation Nacional)എല്ലാ സീറ്റുകളും നേടി. പാര്‍ട്ടി സ്ഥാനാര്‍ഥിയായ കേണല്‍ ജൂലിയോ അദല്‍ ബര്‍ട്ടോ റിവെര 1962 മുതല്‍ അഞ്ച്‌ വര്‍ഷത്തേക്ക്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1967-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ വലതുപക്ഷ കക്ഷികളെയും രണ്ട്‌ ഇടതുപക്ഷ കക്ഷികളെയും മത്സരിക്കുവാനനുവദിച്ചു. ഭരണകക്ഷി സ്ഥാനാര്‍ഥിയായ കേണല്‍ ഫിദല്‍സാന്‍ഷെസ്‌ ഹെര്‍ണാണ്ടസ്‌ തെരഞ്ഞെടുക്കപ്പെട്ടു.

1972-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടാളഭരണകൂടത്തിനെതിരെ ക്രിസ്‌തിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ നെപ്പോളിയന്‍ ദുവാര്‍ത്തെ മത്സരിച്ചെങ്കിലും വ്യാപകമായ അട്ടിമറിമൂലം പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ കലാപത്തെ ഭരണകൂടം അടിച്ചമര്‍ത്തി; കമ്യൂണിസ്റ്റ്‌ ഗറില്ലാപോരാളികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും 1979-ല്‍ പല സ്ഥലങ്ങളിലും സായുധാക്രമണങ്ങള്‍ നടത്തുകയും ചെയ്‌തു. 12 വര്‍ഷക്കാലം നടന്ന ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റുകളും ജന്മികളുടെ ചാവേറുകളും സൈന്യവും ഏറ്റുമുട്ടി. 900 സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. 1980-ല്‍ പിസിഡി നേതാവ്‌ ദുവാര്‍ത്തെ പട്ടാള ഓഫീസര്‍മാരുടെ സംഘമായ റവല്യൂഷണറി ഗവണ്‍മെന്റ്‌ ജണ്ടയില്‍ലയിച്ചു. 1982 വരെയുള്ള താത്‌കാലിക ഗവണ്‍മെന്റിനെ ദുവാര്‍ത്തെയാണ്‌ നയിച്ചത്‌. പട്ടാളവാഴ്‌ചയ്‌ക്കെതിരെ ഫറാങോ മാര്‍ത്തി നാഷണല്‍ ഫ്രണ്ട്‌ (FMNL) ഗറില്ലാപോരാട്ടം തുടങ്ങി. ആഭ്യന്തരകലഹത്തില്‍ ജന്മിമാരുടെ ചാവേറുകള്‍ ലിബറേഷന്‍ ഫ്രണ്ടുകാരെയും സാധാരണക്കാരെയും കൊന്നൊടുക്കി. സര്‍ക്കാരിന്‌ സൈനികസഹായം നല്‌കരുതെന്ന്‌ അമേരിക്കയോട്‌ അഭ്യര്‍ഥിച്ച ആര്‍ച്ചുബിഷപ്പ്‌ റോമരോ 1980-ല്‍ വധിക്കപ്പെട്ടു. 1981 സെപ്‌. 15-ന്‌ രാജ്യം സ്വതന്ത്രമായി. 1982 മാ. 28-ല്‍ പുതിയ കോണ്‍സ്റ്റിറ്റ്യുവന്റ്‌ തെരഞ്ഞെടുപ്പില്‍ ആല്‍വരോ ആല്‍ഫ്രദോ മഗാത്ത ബോര്‍ഗ താത്‌കാലിക പ്രസിഡന്റായി. അമേരിക്കന്‍ സഹായത്തോടെ ഇടതുപക്ഷ രാഷ്‌ട്രീയത്തടവുകാരെ പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‌കിയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷന്‍ ഹെര്‍ബര്‍ട്ട്‌ ഏണെസ്റ്റോ കൊല്ലപ്പെട്ടു. 1989-ലെ തെരഞ്ഞെടുപ്പില്‍ നാഷണല്‍ റിപ്പബ്ലിക്കന്‍ അലയന്‍സിന്റെ ആല്‍ഫ്രദോ ക്രിസ്‌തിയാനി പ്രസിഡന്റായി. പട്ടാളത്തിന്റെ നിഷ്‌ഠുരതയെപ്പറ്റി വ്യാപകമായ പരാതിയുണ്ടായതിനെത്തുടര്‍ന്ന്‌ 1989-ല്‍ പ്രസിഡന്റ്‌ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചു. ആറ്‌ ജെസ്യൂട്ട്‌ പുരോഹിതര്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ അമേരിക്ക സര്‍ക്കാരിനു നല്‌കിയ സഹായം നിര്‍ത്തി. മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ പ്രസിഡന്റുമാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്‌ ഐക്യരാഷ്‌ട്രസംഘടന പ്രശ്‌നത്തില്‍ ഇടപെട്ടു. 1991 സെപ്‌. 25-ന്‌ സര്‍ക്കാരും എഫ്‌.എം.എന്‍.എല്‍. ഗറില്ലകളും സമാധാനക്കരാറിലും 1992-ല്‍ അന്തിമമായ സമാധാനസന്ധിയിലും ഒപ്പുവച്ചു. 1992-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു.

1994-ലെ തെരഞ്ഞെടുപ്പില്‍ അറീന(ARENA) പാര്‍ട്ടിയുടെ ടോണിസാക പ്രസിഡന്റായി. 1994 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അറീനയോടൊപ്പം എഫ്‌.എം.എന്‍.എല്ലും പങ്കെടുത്തിട്ടുണ്ട്‌. 2006-ല്‍ തലസ്ഥാനമായ സാന്‍ സാല്‍വഡോറില്‍ എഫ്‌.എം.എന്‍.എല്ലിന്റെ വയലെറ്റ മെസഹിവാര്‍ മേയറായി. രാജ്യത്തെ ആദ്യത്തെ വനിതാ മേയറാണിവര്‍. 2004-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നാഷണല്‍ റിപ്പബ്ലിക്കിന്റെ അന്റോണിയോ സാഹയും 2009-ല്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മൊറീഷ്യോ ഫ്യൂണും പ്രസിഡന്റുമാരായി.

ആഭ്യന്തരയുദ്ധം മനുഷ്യജീവനെ മാത്രമല്ല കാര്‍ഷികമേഖലയെയും തകര്‍ത്തു. ഗ്രാമീണമേഖലകളില്‍ തൊഴിലില്ലായ്‌മ രൂക്ഷമായതോടെ ജനങ്ങള്‍ നഗരങ്ങളിലേക്കു കുടിയേറി. ആയിരക്കണക്കിന്‌ ആളുകള്‍ വിദേശരാജ്യങ്ങളിലേക്കുംപോയി. യുദ്ധകാലത്തെ രാഷ്‌ട്രീയക്കാര്‍ക്ക്‌ പാര്‍ലമെന്റ്‌ പൊതുമാപ്പുനല്‌കി. പുതിയ ഭരണഘടനാപ്രകാരം ആഭ്യന്തരസാഹചര്യങ്ങളില്ലാതെ പട്ടാളത്തെ ആഭ്യന്തര സുരക്ഷാചുമതലകളില്‍നിന്നും ഒഴിവാക്കി. ആര്‍മി, നേവി, ഫയര്‍ഫോഴ്‌സ്‌ ഉള്‍പ്പെടെ പട്ടാളക്കാരുടെ എണ്ണം 6300-ല്‍നിന്നും 1500 ആക്കിക്കുറച്ചു. സുപ്രീംകോടതിയിലെ മുഴുവന്‍ ന്യായാധിപന്മാരെയും മാറ്റി.

ഭരണം

എല്‍സാല്‍വഡോറിന്റെ രാഷ്‌ട്രത്തലവനും സര്‍ക്കാര്‍തലവനും പ്രസിഡന്റാണ്‌. ബഹുകക്ഷി അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പുകള്‍ നടത്തുക, പതിനെട്ടു വയസ്സ്‌ പൂര്‍ത്തിയാക്കിയ പുരുഷനും സ്‌ത്രീക്കും വോട്ടവകാശമുണ്ട്‌. ഏകമണ്ഡലമുള്ളതാണ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലി. കേവലഭൂരിപക്ഷം 51 ശതമാനമാണ്‌. ഇത്‌ ഒരു സ്ഥാനാര്‍ഥിക്കും ലഭിച്ചില്ലെങ്കില്‍ മുപ്പതു ദിവസത്തിനുശേഷം വീണ്ടും റണ്‍ ഒഫ്‌ ഇലക്ഷന്‍ നടത്തും. ഒന്നാം റൗണ്ടില്‍ കൂടുതല്‍ വോട്ടു ലഭിച്ചവര്‍ക്കു മാത്രമേ ഇതില്‍ പങ്കെടുക്കാന്‍ അവകാശമുള്ളു. അഞ്ചുവര്‍ഷമാണ്‌ പ്രസിഡന്റിന്റെ കാലാവധി. വീണ്ടും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ നിയമമില്ല.

സമ്പദ്‌വ്യവസ്ഥ

എല്‍ സാല്‍വഡോറില്‍ വ്യാവസായിക സമ്പദ്‌വ്യവസ്ഥയാണ്‌ നിലവിലുള്ളത്‌. കാര്‍ഷികോത്‌പന്നങ്ങളില്‍ നാണ്യവിളകള്‍ക്കാണ്‌ പ്രാധാന്യം. കാപ്പി, പരുത്തി, കരിമ്പ്‌ എന്നിവ സമൃദ്ധമായി കൃഷിചെയ്യപ്പെടുന്നു. നെല്ല്‌, ചോളം, എള്ള്‌, തുവര, കനിവര്‍ഗങ്ങള്‍, ഹെനെക്വിന്‍ ഇനത്തില്‍പ്പെട്ട ചണം എന്നിവയാണ്‌ ഇതരവിളകള്‍. മൊത്തം കാര്‍ഷികോത്‌പാദനത്തിലെ മൂന്നിലൊന്നോളം കാപ്പിക്കുരുവാണ്‌; കയറ്റുമതിയിലൂടെയുള്ള വരുമാനത്തില്‍ പകുതിയിലേറെ കാപ്പി വിപണനത്തിലൂടെയാണ്‌ ലഭിക്കുന്നത്‌. കന്നുകാലി വളര്‍ത്തലും പ്രധാനപ്പെട്ട ഒരു ഉപജീവനമാര്‍ഗമാണ്‌. വനവിഭവങ്ങളില്‍ ഔഷധോപയോഗമുള്ള ബാള്‍സംകറയും നിസ്‌പേറോചിക്കിളും പ്രധാനപ്പെട്ട കയറ്റുമതിയിനങ്ങളാണ്‌. ഗൃഹോപകരണങ്ങളും തടിയുരുപ്പടികളും വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്‌. വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗവണ്‍മെന്റ്‌ നിയന്ത്രണത്തില്‍ പ്രാത്സാഹിപ്പിക്കപ്പെട്ടുവരുന്നു. തലസ്ഥാനമായ സാന്‍ സാല്‍വഡോറിന്‌ 56 കി.മീ. വടക്ക്‌ കിഴക്കായി ലെംപാ നദിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജലവൈദ്യുത പദ്ധതിയാണ്‌ രാജ്യത്തിലെ ഊര്‍ജവിതരണകേന്ദ്രം. വേറെയും അനേകം ജലവൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

1960-നുശേഷം സെന്‍ട്രല്‍ അമേരിക്കന്‍ കോമണ്‍ മാര്‍ക്കറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യവസായവത്‌കരണം ത്വരിതപ്പെട്ടു. വിദേശസഹായത്തോടെ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും നിലവിലുണ്ടായിരുന്ന ഫാക്‌ടറികളെ വിപുലീകരിക്കുകയും ചെയ്‌തു. ലഹരിപാനീയങ്ങള്‍, ഭക്ഷ്യപേയപദാര്‍ഥങ്ങള്‍, ജൈവവളങ്ങള്‍, സിമന്റ്‌, പ്ലാസ്റ്റിക്‌, സിഗററ്റ്‌, പാദരക്ഷകളും ഇതരതുകല്‍ സാധനങ്ങളും പരുത്തിത്തുണി, പെട്രാളിയം ഉത്‌പന്നങ്ങള്‍, ചെറുകിടയന്ത്രങ്ങള്‍ എന്നിവ കയറ്റുമതി ചെയ്‌തുവരുന്നു. ഇന്ധനം, ഭക്ഷണം എന്നിവയാണ്‌ പ്രധാന ഇറക്കുമതി വിഭവങ്ങള്‍. ജലവൈദ്യുതിയും പെട്രാളിയവുമാണ്‌ പ്രകൃതിവിഭവങ്ങള്‍. വൈദ്യുതിഉത്‌പാദനവും വിതരണവും സ്വകാര്യവത്‌കരിച്ചിട്ടുണ്ട്‌. പൊതുമേഖലയിലും സ്വകാര്യമേഖലയിലുള്ള സംരംഭങ്ങളിലൂടെ ടൂറിസം വ്യാപകമായ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്‌. പ്രതിവര്‍ഷം രണ്ടുലക്ഷത്തിലേറെ ടൂറിസ്റ്റുകള്‍ എല്‍ സാവഡോറില്‍ എത്തുന്നു. മിരാമുണ്ടോവനം ഇവിടത്തെ പ്രസിദ്ധിയാര്‍ജിച്ച സന്ദര്‍ശകകേന്ദ്രമാണ്‌. യുദ്ധകാലത്തെ ഒളിത്താവളങ്ങളും രൂക്ഷമായയുദ്ധം നടന്ന സ്ഥലങ്ങളും ഇപ്പോള്‍ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളാണ്‌. ഗറില്ലാതലസ്ഥാനമായ പെര്‍ക്കിനിലെ വിപ്ലവമ്യൂസിയത്തില്‍ തോക്കുകളും യൂണിഫോമുകളും സൂക്ഷിച്ചിട്ടുണ്ട്‌.

തികഞ്ഞ അസമത്വമാണ്‌ രാജ്യത്തിന്റെ മൊത്തം സ്ഥിതിയിലുള്ളത്‌. വരുമാനത്തിന്റെ 40 ശതമാനം ധനികര്‍ക്കും ആറ്‌ ശതമാനം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ലഭിക്കുന്നു. കേന്ദ്രബാങ്കിന്റെ നിയന്ത്രണത്തില്‍ ഒന്‍പത്‌ വന്‍കിട ബാങ്കിങ്‌ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. പതിനഞ്ച്‌ ഫ്രീട്രഡ്‌ സോണുകള്‍ ഇവിടെയുണ്ട്‌. മൂല്യവര്‍ധിത നികുതിയുണ്ടെങ്കിലും നികുതിഭാരം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്‌ എല്‍ സാല്‍വഡോര്‍. 2001 മുതല്‍ യു.എസ്‌. ഡോളറാണ്‌ ഇവിടത്തെ നിയമാനുസൃത നാണയം. പരമ്പരാഗതനാണയമായ കോളോണ്‍ 2004-ല്‍ പിന്‍വലിച്ചു.

ഗതാഗതം

എല്‍ സാല്‍വഡോറിലെ റോഡുകള്‍

സങ്കീര്‍ണ ഭൂപ്രകൃതിമൂലം ദുഷ്‌പ്രാപ്യമായ ചുരുക്കം മേഖലകളെ ഒഴിവാക്കിയാല്‍, എല്‍ സാല്‍വഡോറിലെ ഗതാഗതവ്യവസ്ഥ തികച്ചും പര്യാപ്‌തമാണെന്നു പറയാം. ഗ്വാട്ടെമാലയില്‍നിന്ന്‌ ഹോണ്ടൂറസ്സിലേക്ക്‌ രാജ്യത്തെ കുറുകേ മുറിച്ചുകടന്നുപോകുന്ന രണ്ടുഹൈവേ(പാന്‍ അമേരിക്കന്‍ ഹൈവേ)കളുടെ പിരിവുകളായി, എല്‍സാല്‍വഡോറിലെ എല്ലാ കേന്ദ്രങ്ങളിലേക്കുമായി 10,029 കി.മീ. റോഡുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ഏതാണ്ട്‌ 283 കിലോമീറ്ററോളം വരുന്ന റെയില്‍പ്പാതകളുമുണ്ട്‌. പുറങ്കടലുമായി ബന്ധം പുലര്‍ത്തുന്നതിന്‌ നാല്‌ തുറമുഖങ്ങളാണുള്ളത്‌: അക്കാജൂത്‌ല, ലാലിബര്‍ട്ടാഡ്‌, ലായൂണിയന്‍, എല്‍ത്രിയൂണിഫ്രാ ഇവ നാലും പസിഫിക്‌ തീരത്താണ്‌. അത്‌ലാന്തിക്‌ സമുദ്രവുമായി സമ്പര്‍ക്കം നേടുവാന്‍ ഗ്വാട്ടിമാലയിലെ പോര്‍ട്ടോ ബാരിയോസിനെയാണ്‌ ആശ്രയിക്കുന്നത്‌; തലസ്ഥാനമായ സാന്‍ സാല്‍വഡോറും ഈ തുറമുഖമായി റോഡ്‌-റെയില്‍ മാര്‍ഗങ്ങളിലൂടെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. സാന്‍ സാല്‍വഡോറിന്‌ എട്ട്‌ കി.മീ. അകലത്തായി ഇലപ്പാന്‍ഗോ ഫീല്‍ഡ്‌ എന്ന അന്താരാഷ്‌ട്ര വിമാനത്താളവും ഉണ്ട്‌.

നഗരങ്ങള്‍

എല്‍സാല്‍വഡോറിലെ നഗരവാസികളില്‍ 50 ശതമാനവും തലസ്ഥാനമായ സാന്‍ സാല്‍വഡോറിലാണ്‌ വസിക്കുന്നത്‌. ഭരണ-ഗതാഗത കേന്ദ്രമായ ഈ നഗരം പലയിനം ഉദ്യാനങ്ങള്‍കൊണ്ട്‌ രമണീയമാക്കപ്പെട്ടിരിക്കുന്നു. നഗരത്തിന്‌ 10 കി.മീ. പടിഞ്ഞാറുള്ള അഗ്നിപര്‍വതജന്യമായ ഇലോപാന്‍ഗോ തടാകം ഒരു ഉല്ലാസകേന്ദ്രമായി മാറ്റപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ കിഴക്കേതീരത്തെ പ്രധാനനഗരം സാന്‍മിഗുവെല്‍ ആണ്‌; ഇതേ പേരുള്ള അഗ്നിപര്‍വതത്തിന്റെ സാനുപ്രദേശത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌. പടിഞ്ഞാറേ തീരത്തെ വ്യാപാരകേന്ദ്രവും പ്രധാന നഗരവുമായി വര്‍ത്തിക്കുന്നത്‌ സാന്താ ആന ആണ്‌. അക്കാഹുത്‌ലയാണ്‌ മറ്റൊരു പ്രധാനനഗരം. അതിവേഗം വികസിക്കുന്ന തലസ്ഥാനനഗരങ്ങളില്‍ ഒന്നായ സാന്‍ സാല്‍വഡോറില്‍ ഒരു വേള്‍ഡ്‌ ട്രഡ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍