This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽവുഡ്‌, ചാള്‍സ്‌ അബ്രാം (1873-1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്‍വുഡ്‌, ചാള്‍സ്‌ അബ്രാം (1873-1946)

Ellwood, Charles Abram

ചാള്‍സ്‌ അബ്രാം എല്‍വുഡ്‌

യു.എസ്‌. സാമൂഹ്യശാസ്‌ത്രജ്ഞന്‍. ന്യൂയോര്‍ക്കിലെ ഓഗ്‌ഡന്‍സ്‌ബര്‍ഗിനുസമീപം 1873-ല്‍ ജനിച്ചു. 1892-ല്‍ നിയമവിദ്യാഭ്യാസത്തിനായി കോര്‍ണല്‍ സര്‍വകലാശാലയില്‍ പ്രവേശിച്ച ഇദ്ദേഹം, എഡേ്വഡ്‌ എ. റോസ്സിന്റെ സ്വാധീനതയുടെ ഫലമായി സാമൂഹികശാസ്‌ത്രങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. സാമ്പത്തികശാസ്‌ത്രത്തിലും സാമൂഹികശാസ്‌ത്രത്തിലും പാണ്ഡിത്യം നേടിയ എല്‍വുഡ്‌ 1899-ല്‍ സംപ്രാളിഗോമിനാ ടു സോഷ്യല്‍ സൈക്കോളജി എന്ന പ്രബന്ധം തയ്യാറാക്കി ഡോക്‌ടറേറ്റ്‌ ബിരുദം നേടി. സി.എച്ച്‌. കൂളിയുടെ പ്രരണയെത്തുടര്‍ന്ന്‌ ഈ ഗവേഷണഗ്രന്ഥത്തിലെ സിദ്ധാന്തങ്ങള്‍ എല്‍വുഡ്‌ തന്റെ പില്‌ക്കാല കൃതികളില്‍ വിപുലപ്പെടുത്തിയിട്ടുണ്ട്‌. ലിയോനോഡ്‌ റ്റി. ഹോബ്‌ഹൗസ്‌, റോബര്‍ട്ട്‌ ആര്‍. മാരെറ്റ്‌ എന്നീ സാമൂഹികശാസ്‌ത്രജ്ഞരുടെ ശിക്ഷണത്തിന്റെ ഫലമായി എല്‍വുഡ്‌ മനഃശാസ്‌ത്രസാമൂഹിക ശാസ്‌ത്രത്തെ (Psychological Sociology)സാമൂഹികപ്രക്രിയയുടെ സാംസ്‌കാരിക വ്യാഖ്യാനം എന്ന വിസ്‌തൃതമായ ചട്ടക്കൂടിനുള്ളില്‍ പ്രതിഷ്‌ഠിക്കുവാന്‍ ശ്രമിച്ചു.

1927-28-ല്‍ യൂറോപ്പും 1937-ല്‍ ലാറ്റിന്‍ അമേരിക്കയും സന്ദര്‍ശിക്കുകയും അന്തര്‍ദേശീയബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ താത്‌പര്യം കാണിക്കുകയും ചെയ്‌ത എല്‍വുഡ്‌ സാമൂഹിക നന്മയ്‌ക്ക്‌ ലോകസമാധാനം അനിവാര്യമാണെന്ന്‌ സിദ്ധാന്തിച്ചു. ഇദ്ദേഹത്തിന്റെ യൂറോപ്യന്‍ പര്യടനം മികച്ച സാമൂഹികശാസ്‌ത്രജ്ഞന്മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനു സഹായകമായി. അതിന്റെ ഫലമായി ഇദ്ദേഹത്തിന്‌ 1935-36-ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സോഷേ്യാളജിയുടെ പ്രസിഡന്റായി സേനവമനുഷ്‌ഠിക്കാനവസരം ലഭിച്ചു.

1900-ത്തില്‍ എല്‍വുഡ്‌ മിസ്സൗറി സര്‍വകലാശാലയില്‍ സാമൂഹികശാസ്‌ത്രവകുപ്പിന്റെ അധ്യക്ഷനായി നിയമിതനായി. തുടര്‍ന്ന്‌ 1930-ല്‍ ഡ്യൂക്ക്‌ സര്‍വകലാശാലയില്‍ സാമൂഹ്യശാസ്‌ത്രവകുപ്പ്‌ ആരംഭിക്കുന്നതിന്‌ ഇദ്ദേഹം ക്ഷണിക്കപ്പെടുകയും മരിക്കുന്നതുവരെ ആ സ്ഥാനത്ത്‌ തുടരുകയും ചെയ്‌തു. ഇ.ബി. റോയിട്ടര്‍, ലൂഥര്‍ എല്‍. ബെര്‍ണാര്‍ഡ്‌ മുതലായവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണ്‌. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗ്രന്ഥം സോഷേ്യാളജി ഇന്‍ ഇറ്റ്‌സ്‌ സൈക്കോളജിക്കല്‍ ആസ്‌പെക്‌റ്റ്‌സ്‌ (1912) ആണ്‌. ഇന്‍ട്രാഡക്ഷന്‍ ടു സോഷ്യല്‍ സൈക്കോളജി (1917), സൈക്കോളജി ഒഫ്‌ ഹ്യൂമന്‍ സൊസൈറ്റി (1925), കള്‍ച്ചറല്‍ എവല്യൂഷന്‍: എ സ്റ്റഡി ഒഫ്‌ സോഷ്യല്‍ ഒറിജിന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ (1927), മെത്തേഡ്‌സ്‌ ഇന്‍ സോഷ്യോളജി: എ ക്രിട്ടിക്കല്‍ സ്റ്റഡി (1933), സോഷേ്യാളജി: പ്രിന്‍സിപ്പിള്‍സ്‌ ആന്‍ഡ്‌ പ്രാബ്‌ളംസ്‌ (1910), ദ്‌ സോഷ്യല്‍ പ്രാബ്‌ളംസ്‌: എ റികണ്‍സ്‌ട്രക്‌റ്റീവ്‌ അനാലിസിസ്‌ (1915), ദ്‌ റികണ്‍സ്‌ട്രക്ഷന്‍ ഒഫ്‌ റിലിജിയന്‍ (1922), ക്രിസ്റ്റ്യാനിറ്റി ആന്‍ഡ്‌ സോഷ്യല്‍ സയന്‍സ്‌ (1923) എന്നിവയാണ്‌ എല്‍വുഡ്ഡിന്റെ മറ്റു പ്രധാന കൃതികള്‍. ശാസ്‌ത്രീയവും യുക്തിപരവുമായ തത്ത്വങ്ങള്‍ അനുസരിച്ചായിരിക്കണം സാമൂഹിക പരിവര്‍ത്തനം ഉണ്ടാകേണ്ടത്‌ എന്ന്‌ എല്‍വുഡ്‌ സിദ്ധാന്തിക്കാറുണ്ടെങ്കിലും തന്റെ തലമുറയിലുള്ള ഇതര സാമൂഹിക ശാസ്‌ത്രജ്ഞന്മാരെ അപേക്ഷിച്ച്‌ ഇദ്ദേഹം മതാധിഷ്‌ഠിതമൂല്യങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‌കിയിരുന്നു.

ശാസ്‌ത്രീയമായ മനഃശാസ്‌ത്രവും വ്യവസ്ഥാപിത സാമൂഹികശാസ്‌ത്രവും സംയോജിപ്പിക്കുന്നതില്‍ എല്‍വുഡ്‌ വിജയിച്ചിട്ടുണ്ട്‌. ശാശ്വതമായ ലോകസമാധാനം കൈവരിക്കാതെ ജനാധിപത്യ സമൂഹം നിലനിര്‍ത്തുന്നതിനോ "സോഷ്യല്‍ ഉട്ടോപിയ' (Social Utopia) സ്ഥാപിതമാകുന്നതിനോ സാധ്യമല്ലെന്നും ഇതു നേടിയെടുക്കണമെങ്കില്‍ ശക്തമായ ഒരു ലോകസംഘടന കൊണ്ടുമാത്രമേ സാധിക്കൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. 30-ഓളം പുസ്‌തകങ്ങള്‍ എല്‍വുഡിന്റേതായി ലഭിച്ചിട്ടുണ്ട്‌. 1946-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍