This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എൽബ് നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എല്‍ബ് നദി
Elb River
യൂറോപ്പിലെ പ്രധാന നദികളിലൊന്ന്. ചെക്ക്സ്ലോവാക്കിയ-പോളണ്ട് അതിര്‍ത്തിയിലുള്ള റീസെന്ജ്ബെര്ജ് പര്‍വതത്തില്‍ നിന്ന് ഉദ്ഭവിച്ചൊഴുകുന്ന ചെറുനദികള്‍ ചെക്കോസ്ലാവാക്കിയയില്‍ സംഗമിച്ച് എല്‍ബ് ആയി രൂപാന്തരപ്പെടുന്നു. ആദ്യം തെക്കോട്ടൊഴുകുന്ന നദി ബൊഹീമിയയിലെത്തുമ്പോഴേക്കും ഏതാണ്ട് ചാപാകാരദിശയില് ഗതിമാറി പടിഞ്ഞാറോട്ടു തിരിയുന്നു. പിന്നീട് വടക്കുപടിഞ്ഞാറായി ഒഴുകി എര്സ്ബെര്ഗ് പര്‍വതത്തിനു കുറുകെ 6.4 കി. മീ. നീളത്തിലുള്ള ചുരത്തിലൂടെ ജര്‍മനിയിലേക്കു കടക്കുന്നു. ഡ്രസ്ഡന്‍, മാഗ്ഡിബര്‍ഗ്, വെര്ബന് തുടങ്ങിയ പ്രാചീന വാണിജ്യകേന്ദ്രങ്ങളെ തഴുകുന്ന ഈ നദിയിലെ വിറ്റെന്‍ബര്‍ഗ് മുതല്‍ ലാവെന്‍ ബര്‍ഗ് വരെയുള്ള ഭാഗം പശ്ചിമ-പൂര്‍വ ജര്മനികള്ക്കിടയ്ക്കുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ്. ഹാംബുര്‍ഗ് പിന്നിടുന്നതോടെ എല്‍ബ് അനേകം കൈവഴികളായി പിരിയുന്നു; കുറേ താഴേക്കു ചെല്ലുമ്പോള്‍ ഇവ വീണ്ടും ഒന്നായി നദിയുടെ വീതി വര്‍ധിക്കുന്നുണ്ട്. ഹാംബുര്‍ഗില്‍ 0.5 കി. മീ. വീതിയുള്ള എല്‍ബ് പതനസ്ഥാന (കക്ക്സ്ഹെവന്) ത്തെത്തുമ്പോഴേക്കും 14 കി. മീ. വീതിയുള്ളതായിത്തീരുന്നു. നോര്‍ത്ത് സീയിലാണ് ഈ നദി പതിക്കുന്നത്. നദീമുഖത്തു നിന്നു 109 കി. മീ. ഉള്ളിലായി ഹാംബുര്‍ഗ് സ്ഥിതിചെയ്യുന്നു. എല്‍ബ് നദിയിലൂടെ വന്‍കിട കപ്പലുകള്‍ക്കുപോലും എത്തിച്ചേരാവുന്നതിനാല്‍ ഈ നഗരം യൂറോപ്പിലെ തുറമുഖങ്ങളില്‍ ഏറ്റവും വലുതായിത്തീര്‍ന്നിരിക്കുന്നു.
1094 കി. മീ. ആണ് എല്‍ബിന്റെ മൊത്തം നീളം. നദീമാര്‍ഗത്തിലെ 563 കിലോമീറ്ററോളം ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനുള്ളിലാണ്. എല്‍ബ് നദി 1,44,056 ച. കി. മീ. പ്രദേശം ജലസിക്തമാക്കുന്നു. ഇടത്തു നിന്നു ഒഴുകിച്ചേരുന്ന വെല്താപ (മോള്‍ഡാവ്), ഓര്‍ഷ് (ഏഗെര്), മുള്ഡേ, സാലേ എന്നിവയും വലത്തുനിന്നു വന്നെത്തുന്ന ഈസാര്‍, ബ്ലാക്ക് എല്‍സ്റ്റര്‍, ഹാവെല്, ആല്‍സ്റ്റര്‍ എന്നിവയുമാണ് എല്‍ബിന്റെ പ്രധാന പോഷക നദികള്‍. എല്ബിന് ഹാംബുര്‍ഗ് വരേക്കും വേലിയേറ്റത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഒഴുക്കിന്റെ ദിശ മിക്കപ്പോഴും സാധാരണദിശയ്ക്കു വിപരീതമായിത്തീരാറുണ്ട്. വേലിയേറ്റത്തിന്റെ ഫലമായി ഹാംബുര്‍ഗ് തുറമുഖത്തെ ജലനിരപ്പ് 2.5 മീറ്ററോളം ഉയരുന്നത് സാധാരണമാണ്. കൊടുങ്കാറ്റുള്ള അവസരങ്ങളില്‍ ജലനിരപ്പ് വളരെയേറെ ഉയരുകയും ഹാംബുര്‍ഗിന്റെ പല ഭാഗങ്ങളും പ്രളയബാധിതമാവുകയും ചെയ്യാറുണ്ട്.
എല്‍ബ് നദിയും അനുബന്ധിച്ചുള്ള കൃത്രിമത്തോടുകളും വഴി ഹാംബുര്‍ഗില്‍ നിന്ന് ബര്‍ലിനിലേക്കും മധ്യജര്‍മനിയിലെ ഇതര ഉള്‍നാടന്‍ തുറമുഖങ്ങളിലേക്കും ചെക്ക്സ്ലോവാക്കിയയിലേക്കും കപ്പല്‍മാര്‍ഗം സഞ്ചരിക്കാന്‍ സാധിക്കുന്നു. 1922-ലെ വെഴ്സയ്ല്സ് കരാറനുസരിച്ച് ഈ നദിയിലൂടെയുള്ള കപ്പല്‍സഞ്ചാരം ഇന്റര്‍നാഷണല്‍ കമ്മിഷന് ഒഫ് എല്‍ബിന്റെ മേല്നോട്ടത്തിലായി. ജര്‍മനിയും ഇംഗ്ലണ്ടുമായുള്ള കരാര്‍ 1929-2028 കാലയളവിലേക്കാണ്.