This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽജിന്‍ II (1849 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്‍ജിന്‍ II (1849 - 1917)

Elgin II

ഇന്ത്യയിലെ വൈസ്രായി (1894-98). വൈസ്രായി ആയിരുന്ന എല്‍ജിന്‍ I-ന്റെ പുത്രനായി 1849 മേയ്‌ 16-ന്‌ കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ചു. ഗ്ലെനാല്‍മണ്ട്‌, ഈറ്റണ്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം ചെയ്‌തു. ലിബറല്‍ രാഷ്‌ട്രീയത്തില്‍ തത്‌പരനായിരുന്ന എല്‍ജിന്‍ കക സ്‌കോട്ടിഷ്‌ ലിബറല്‍ അസോസിയേഷന്റെ അധ്യക്ഷനായി. 1876-ല്‍ മേരി കാര്‍നെഗിയെ വിവാഹം ചെയ്‌തു. 1886-ല്‍ ഗ്ലാഡ്‌സ്റ്റന്റെ മന്ത്രിസഭയില്‍ അംഗമായി ഹ്രസ്വകാലം സേവനമനുഷ്‌ഠിച്ചു.

1894-ല്‍ ഇന്ത്യന്‍ വൈസ്രായിയായി എല്‍ജിന്‍ നിയമിതനായി. ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലെ ഉദേ്യാഗസ്ഥാംഗങ്ങള്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം വോട്ടുരേഖപ്പെടുത്തണമെന്ന എല്‍ജിന്റെ ഉത്തരവ്‌ വിവാദകാരണമായി. ചെന്നൈ, മുംബൈ, ബംഗാള്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരുടെ നിയന്ത്രണത്തിലായിരുന്ന സൈന്യവിഭാഗങ്ങളെ സംഘടിപ്പിച്ച്‌ ഒരേ കമാന്‍ഡറുടെ കീഴിലാക്കി (1895). 1894-95 കാലത്ത്‌ വടക്ക്‌ പടിഞ്ഞാറ്‌ അതിര്‍ത്തി പ്രദേശത്തെ ചിത്രാലില്‍ അധികാരത്തര്‍ക്കമുണ്ടായി. ബ്രിട്ടീഷുകാരുടെ അംഗീകാരമുണ്ടായിരുന്ന അവിടത്തെ ഭരണാധികാരിയായ നൈസാം ഉല്‍മുക്കിനെ സഹോദരനായ അമീര്‍ ഉല്‍ മുല്‍ക്ക്‌ വധിച്ച്‌ അധികാരം പിടിച്ചെടുത്തെങ്കിലും അയാളെ പുതിയ മെഹ്‌താര്‍ (ഭരണാധിപന്‍) ആയി അംഗീകരിക്കുവാന്‍ എല്‍ജിന്‍ വിസമ്മതിച്ചു. 1895 മാര്‍ച്ച്‌ മുതല്‍ അമീര്‍ ഉല്‍ മുല്‍ക്ക്‌ അവിടത്തെ ബ്രിട്ടീഷ്‌ ഏജന്റായ ഡോ. റോബര്‍ട്‌സനെ ആക്രമിക്കുകയും അദ്ദേഹം ചിത്രാല്‍ ദുര്‍ഗത്തില്‍ അഭയം തേടുകയും ചെയ്‌തു. എന്നാല്‍ താമസിയാതെ ബ്രിട്ടീഷ്‌സൈന്യം ചിത്രാലിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചതോടെ ഉല്‍മുല്‍ക്ക്‌ അവിടെനിന്നും പലായനം ചെയ്‌തു.

1895-ലെ വരള്‍ച്ചയും തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളും സംജാതമായ സ്ഥിതി നേരിടുന്നതില്‍ പരാജയപ്പെട്ട എല്‍ജിനും ബ്രിട്ടീഷ്‌ ഗവണ്‍മെന്റും നിശിതമായി വിമര്‍ശിക്കപ്പെട്ടു. പ്ലേഗ്‌ നിരോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ ഉദേ്യാഗസ്ഥനായ നാന്‍ഡിനെയും അയേഴ്‌സ്റ്റിനെയും മതപരമായ ചില കാരണങ്ങളാല്‍ പ്രകോപിതരായ ജനങ്ങള്‍ വധിച്ചു (1896 ജൂണ്‍). 1897-ല്‍ മറ്റുപലയിടത്തും ഗവണ്‍മെന്റിനെതിരായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഇവയെല്ലാം ശക്തമായി അമര്‍ച്ച ചെയ്യപ്പെട്ടു.

ഇന്ത്യന്‍ കമ്മട്ടങ്ങളില്‍ വെള്ളിനാണയങ്ങളുടെ നിര്‍മാണം പുനരാരംഭിക്കുവാനുള്ള ഒരു ഫ്രഞ്ച്‌-യു.എസ്‌. നിര്‍ദേശത്തെ എല്‍ജിന്റെ ഗവണ്‍മെന്റ്‌ നിരാകരിച്ചു. രാജ്യത്തെ റവന്യൂ വരുമാനത്തില്‍ വര്‍ധനവ്‌ ഉണ്ടാക്കി. എങ്കിലും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെ നേരിടുവാനായി എല്ലാ ഇറക്കുമതി-സാധനങ്ങളുടെമേലും അഞ്ച്‌ ശതമാനം അധികത്തീരുവ ചുമത്തി. എന്നാല്‍ ലങ്കാഷയറില്‍നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്ന പരുത്തിയുടെമേല്‍ തീരുവ ബാധകമാക്കിയിരുന്നില്ല. ഈ നടപടി ഇന്ത്യാക്കാരുടെ പ്രതിഷേധത്തിനു കാരണമായി. 1897-ല്‍ ബര്‍മയിലെ ചീഫ്‌ കമ്മിഷണര്‍ പദവി നിര്‍ത്തലാക്കിക്കൊണ്ട്‌ തത്‌സ്ഥാനത്ത്‌ ഒരു ലഫ്‌. ഗവര്‍ണറെ നിയമിച്ചു. ബര്‍മയിലും പഞ്ചാബിലും ഓരോ ലജിസ്ലേറ്റീവ്‌ കൗണ്‍സിലിനും വ്യവസ്ഥ ചെയ്‌തു. ജനക്ഷേമകരങ്ങളായ അനേകം നിയമങ്ങള്‍ ഇദ്ദേഹത്തിന്റെ ഭരണകാലത്തു പാസ്സാക്കപ്പെട്ടു.

1898-ല്‍ എല്‍ജിന്‍ ഉദേ്യാഗമൊഴിഞ്ഞു. ഇംഗ്ലണ്ടിലേക്കു മടങ്ങിയ ഇദ്ദേഹം 1905-ല്‍ ക്യാമ്പ്‌ബെല്‍ മന്ത്രിസഭയില്‍ കൊളോണിയല്‍ സെക്രട്ടറിയായും 1914-ല്‍ ആബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്‌ചാന്‍സലറായും സേവനമനുഷ്‌ഠിച്ചു. 1917 ജനു. 18-ന്‌ ബ്രാംഹാളില്‍ എല്‍ജിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍