This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഷാദ്‌, ഹുസൈന്‍ മുഹമ്മദ്‌ (1930 -)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ഷാദ്‌, ഹുസൈന്‍ മുഹമ്മദ്‌ (1930 -)

Ershad, Hussain Muhammed

ഹുസൈന്‍ മുഹമ്മദ്‌ എര്‍ഷാദ്‌

ബാംഗ്ലദേശ്‌ പ്രസിഡന്റായിരുന്ന രാഷ്‌ട്രതന്ത്രജ്ഞന്‍. 1930 ഫെ. 1-ന്‌ രംഗ്‌പൂരിലാണു ജനനം. സുന്നിമതവിഭാഗത്തില്‍പ്പെട്ടയാളാണ്‌. പശ്ചിമബംഗാളിലെ കൂച്ച്‌ബിഹാര്‍ ജില്ലയിലെ ദിന്‍ഹാത പ്രദേശത്തുനിന്നും കുടിയേറിപ്പാര്‍ത്തവരായിരുന്നു എര്‍ഷാദിന്റെ മാതാപിതാക്കള്‍. 1950-ല്‍ ധാക്ക സര്‍വകലാശാലയില്‍നിന്നും ബിരുദം നേടിയശേഷം 1952-ല്‍ പട്ടാളത്തില്‍ ചേരുകയുണ്ടായി. 1966-ല്‍ ക്വെറ്റയിലെ പ്രശസ്‌തമായ കമാന്‍ഡന്റ്‌ സ്റ്റാഫ്‌ കോളജില്‍നിന്നും വിദഗ്‌ധ പരിശീലനവും നേടി. 1969-ല്‍ സിയാല്‍കോട്ട്‌ മേഖലയിലെ ഒരു ബ്രിഗേഡില്‍ സേവനം പൂര്‍ത്തിയാക്കിയതോടെ മൂന്നാം കിഴക്കന്‍ ബംഗാള്‍ റെജിമെന്റിന്റെ കമാന്‍ഡന്റ്‌ പദവി എര്‍ഷാദിനു സ്വന്തമായി. 1971-ലെ ബാംഗ്ലദേശ്‌ വിമോചനയുദ്ധ കാലഘട്ടത്തില്‍ മറ്റു ബംഗാളി ഓഫീസര്‍മാര്‍ക്കൊപ്പം ഇദ്ദേഹവും ഒരു യുദ്ധത്തടവുകാരനായി. 1973-ല്‍ ബാംഗ്ലദേശ്‌ സ്വതന്ത്രമായപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ്‌ മുജിബുര്‍ റഹ്‌മാന്‍ ഇദ്ദേഹത്തെ ആര്‍മിയുടെ അഡ്‌ജുറ്റാന്‍ഡ്‌ ജനറല്‍ ആയി അവരോധിച്ചു. ഇന്ത്യയിലെ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയില്‍ മിലിട്ടറി പഠനത്തിന്റെ ഉയര്‍ന്ന പരീക്ഷ പാസ്സായതോടെ 1975-ല്‍ എര്‍ഷാദ്‌ ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ആര്‍മി സ്റ്റാഫ്‌ ആയി. സിയായോട്‌ അങ്ങേയറ്റം കൂറു പുലര്‍ത്തിയിരുന്ന എര്‍ഷാദ്‌ പിന്നീട്‌ കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചു. അതോടെ, ഷെയ്‌ഖ്‌ മുജിബുര്‍ റഹ്‌മാന്‍ വിഭാവനം ചെയ്‌ത ബഹുകക്ഷിഭരണത്തിന്‌ അന്ത്യമായി. 1975-ലെ ഒരു പട്ടാള അട്ടിമറിയുടെ ഫലമായി സിയാ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കേണല്‍ അബു താഹെറിന്റെ നേതൃത്വത്തില്‍ നടന്ന ബദല്‍ ഇടപെടലിനെത്തുടര്‍ന്ന്‌ 1975 ന. 7-ന്‌ സിയാ അധികാരത്തില്‍ മടങ്ങിയെത്തി. പട്ടാള അട്ടിമറികള്‍ക്ക്‌ നിയമസാധുത്വം കൈവരിക്കാന്‍ കഴിഞ്ഞതോടെ ഭരണഘടനയിലെ മൂന്നാം ഭേദഗതിപ്രകാരം ബഹുകക്ഷിഭരണസമ്പ്രദായം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്‌തു. ഇതോടെ എര്‍ഷാദ്‌ പുതിയ ചീഫ്‌ ഒഫ്‌ ആര്‍മി സ്റ്റാഫ്‌ പദവിയിലെത്തി. രാഷ്‌ട്രീയ സ്ഥാനമോഹമൊന്നും പ്രകടിപ്പിക്കാതിരുന്നതിനാലും ബംഗാളിഭാഷയില്‍ നല്ല അവഗാഹം പുലര്‍ത്തിയിരുന്നതിനാലും ഇദ്ദേഹം താമസിയാതെ തന്നെ സിയാവുര്‍ റഹ്‌മാന്റെ പൊളിറ്റിക്കോ-മിലിട്ടറി കൗണ്‍സലര്‍ ആയി.

1981 മേയ്‌ 30-ന്‌ സിയ വധിക്കപ്പെട്ടശേഷവും സര്‍ക്കാരിനോടു കൂറു പുലര്‍ത്തിയ എര്‍ഷാദ്‌, സിയായുടെ മുന്‍കാലസഹപ്രവര്‍ത്തകര്‍ നടത്തിയ അട്ടിമറിശ്രമത്തെ അമര്‍ച്ചചെയ്‌തുകൊണ്ട്‌ പുതിയ പ്രസിഡന്റായി അവരോധിക്കപ്പെട്ട അബ്‌ദുസ്‌ സത്താറിനോടും അദ്ദേഹം നേതൃത്വം കൊടുത്ത ബി.എന്‍.പി. (ബാംഗ്ലദേശ്‌ നാഷണല്‍ പാര്‍ട്ടി)യോടും കൂറു പ്രഖ്യാപിച്ചു. 1982-ലെ സത്താറിന്റെ വിജയത്തിന്‌ ഈ നടപടികള്‍ കളമൊരുക്കുകയായിരുന്നു. എന്നാല്‍, അധികനാള്‍ കഴിയുന്നതിനു മുമ്പ്‌ ബി.എന്‍.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തി ഉളവാകുകയും പട്ടാളകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന കടുത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന്‌ ബാംഗ്ലദേശ്‌ രാഷ്‌ട്രീയരംഗം കലുഷിതമാകുകയും ചെയ്‌തു. തുടര്‍ന്ന്‌, ഒരു രക്തരഹിത അട്ടിമറി ശ്രമത്തിലൂടെ 1982 ന. 24-ന്‌ എര്‍ഷാദ്‌, ബാംഗ്ലദേശിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ചീഫ്‌ മാര്‍ഷ്യല്‍ ലാ അഡ്‌മിനിസ്‌ട്രറ്റര്‍ ആയി സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തു.

ചരിത്രത്തിലാദ്യമായി, 1985-ല്‍ ധാക്കയില്‍നടന്ന സാര്‍ക്ക്‌ ഉച്ചകോടി സമ്മേളനത്തില്‍ എര്‍ഷാദ്‌ പ്രമുഖ പങ്കുവഹിക്കാന്‍ നിയുക്തനായി. ദക്ഷിണ-പൂര്‍വ ഏഷ്യന്‍ അംഗരാജ്യങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സ്‌തുത്യര്‍ഹമായ പങ്കാണ്‌ ഇദ്ദേഹം വഹിച്ചത്‌. എക്കാലത്തും പരസ്‌പരശത്രുക്കളായി വര്‍ത്തിച്ചിരുന്ന ഇന്ത്യാ-പാകിസ്‌താന്‍ രാഷ്‌ട്രങ്ങളിലെ സമുന്നത നേതാക്കളായിരുന്ന രാജീവ്‌ ഗാന്ധിയെയും സിയാ-ഉള്‍-ഹക്കിനെയും അനുരഞ്‌ജനത്തിന്റെ പാതയിലേക്ക്‌ ആകര്‍ഷിക്കാന്‍ എര്‍ഷാദ്‌ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്‌. ബാംഗ്ലദേശിന്റെ ഭരണഘടനയില്‍ കാലോചിതമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും മതേതരത്വ ചിന്ത കൈവെടിഞ്ഞ്‌ ബാംഗ്ലദേശിന്റെ ഔദ്യോഗികമതം ഇസ്‌ലാമാണെന്ന്‌ ഉറപ്പുവരുത്തുന്നതിനും എര്‍ഷാദ്‌ ശ്രദ്ധവച്ചു. ഉപജില്ലാ പരിഷത്തുകളുടെ ആവിര്‍ഭാവത്തിനും എര്‍ഷാദിന്റെ പരിഷ്‌കാരശ്രമങ്ങള്‍ ഇടയാക്കി. 1986-ലെ ബാംഗ്ലദേശ്‌ പൊതുതെരഞ്ഞെടുപ്പില്‍ എര്‍ഷാദ്‌ നയിച്ച ജതിയൊ പാര്‍ട്ടി വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. തുടര്‍ന്ന്‌ ഭൂപരിഷ്‌കരണ വ്യവസ്ഥകളിലൂടെ ഭൂരഹിതര്‍ക്ക്‌ ഭൂമിയും മറ്റാനുകൂല്യങ്ങളും ഭരണകൂടം വ്യവസ്ഥചെയ്‌തു. എര്‍ഷാദിന്റെ ഭരണകാലഘട്ടം ബാംഗ്ലദേശിന്റെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏകാധിപത്യപട്ടാളസംവിധാനമായി കണക്കാക്കപ്പെടുന്നു. 1988-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പ്‌ ബി.എന്‍.പി.യും അവാമി ലീഗും സംയുക്തമായി ബഹിഷ്‌കരിക്കുകയുണ്ടായി. ഭരണപരിഷ്‌കാരങ്ങള്‍ ജനോപകാരപ്രദമായി ആവിഷ്‌കരിക്കപ്പെട്ടുവെങ്കിലും എര്‍ഷാദിന്റെ ഭരണകാലം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാളുകളായി ഗണിക്കപ്പെടുന്നു. "ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണല്‍' എന്ന സംഘടന, ബാംഗ്ലദേശിനെ ലോകത്തിലെ ഏറ്റവും അഴിമതിയാര്‍ന്ന രാഷ്‌ട്രമായി വിലയിരുത്തിയിട്ടുണ്ട്‌.

എര്‍ഷാദിന്റെ ഭരണകാലത്താണ്‌ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കോര്‍ത്തിണക്കാന്‍ സഹായകമായ ജമുനാപാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചത്‌. നിരവധി അട്ടിമറികള്‍ക്കും ആക്രമണപ്രത്യാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്ന ബാംഗ്ലദേശ്‌ കരസേനാവിഭാഗത്തിന്‌ കരുത്തും ഊര്‍ജവും പകരാന്‍ എര്‍ഷാദിനു കഴിഞ്ഞു. പ്രസിഡന്റുപദവി കൈവന്നതുമുതല്‍ ഇദ്ദേഹം ഐക്യരാഷ്‌ട്രസഭയുടെ സമ്മേളനങ്ങളില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. സ്‌ത്രീകള്‍ക്കെതിരെയുള്ള ആസിഡ്‌ പ്രയോഗം നടത്തുന്നവര്‍ക്ക്‌ വധശിക്ഷ പ്രഖ്യാപിച്ചത്‌ എര്‍ഷാദിന്റെ നാമം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിന്‌ ഇടയാക്കി.

1987-നുശേഷം ബാംഗ്ലദേശില്‍ സംജാതമായ അരാജകത്വത്തിന്‌ തടയിടാന്‍ എര്‍ഷാദിനും അനുയായികള്‍ക്കും കഴിഞ്ഞില്ല. നിരവധി കുറ്റാരോപണങ്ങള്‍ക്ക്‌ എര്‍ഷാദ്‌ വിധേയനായെങ്കിലും ഇദ്ദേഹത്തെ ബാംഗ്ലദേശ്‌ തുടക്കത്തില്‍ കുറ്റവിമുക്തനാക്കുകയാണുണ്ടായത്‌. 1991-ല്‍ എര്‍ഷാദ്‌ വിരുദ്ധവികാരം ബാംഗ്ലദേശില്‍ അതിശക്തമായിരുന്നു. പ്രധാനപ്രതിപക്ഷമായ അവാമിലീഗുമായി സഹകരിച്ച്‌ പരസ്‌പരധാരണയുടെ ബലത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എര്‍ഷാദ്‌ യത്‌നിച്ചെങ്കിലും അത്‌ നിഷ്‌ഫലമായി. ദീര്‍ഘകാലം അഴിമതിക്കുറ്റമാരോപിച്ച്‌ ജയില്‍ വാസമനുഭവിക്കേണ്ടിവന്ന ഏക ഉന്നതാധികാരരാഷ്‌ട്രത്തലവനായി എര്‍ഷാദ്‌ അറിയപ്പെടുന്നു. താത്‌കാലികമായിട്ടെങ്കിലും പാര്‍ട്ടി നേതൃത്വം കൈവെടിഞ്ഞ്‌ നിശബ്‌ദജീവിതം നയിച്ച എര്‍ഷാദ്‌, 2008 ഏ. 8-ന്‌ വീണ്ടും ജതീയപാര്‍ട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുത്തു. ജതീയപാര്‍ട്ടിയും അവാമിലീഗും സംയുക്തമായി "മൊഹജൊതൊ' എന്ന മുന്നണി രൂപവത്‌കരിച്ചു. തുടര്‍ന്നു നടന്ന ബാംഗ്ലദേശ്‌ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന്‌ നിയോജകമണ്ഡലങ്ങളിലും എര്‍ഷാദ്‌ വ്യക്തിപരമായ വിജയം കണ്ടെത്തി. പില്‌ക്കാലത്ത്‌ മൂന്ന്‌ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ട ജതീയപാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ചെയര്‍മാനായി.

എര്‍ഷാദിന്‌ ഐക്യരാഷ്‌ട്രസഭയുടെ "യു.എന്‍.ലോറിയേറ്റ്‌' പദവി രണ്ടുതവണ ലഭിച്ചു. 1987-ല്‍ ജനസംഖ്യാസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക്‌ അവലംബിച്ച പരിഹാരനിര്‍ദേശങ്ങളെ മാനിച്ച്‌ ഇദ്ദേഹത്തിന്‌ യു.എന്‍. പോപ്പുലേഷന്‍ അവാര്‍ഡും സമ്മാനിക്കപ്പെട്ടു. പരിസ്ഥിതിനാശം തടയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിന്‌ സ്ഥായിയായ ഒരു ധനസമാഹരണം സാധ്യമാക്കുന്ന കാര്യത്തില്‍ എര്‍ഷാദ്‌ കുറെയൊക്കെ വിജയം കണ്ടെത്തിയിരുന്നു. ഇതിന്‌, 1988-ല്‍ എര്‍ഷാദിനെ യു.എന്‍. എന്‍വയോണ്‍മെന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍