This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർവിന്‍ ഫൊണ്‍ സ്റ്റെന്‍ബക്‌ (1244-1318)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എർവിന്‍ ഫൊണ്‍ സ്റ്റെന്‍ബക്‌ (1244-1318)

Erwin Von Steinbach

ജര്‍മന്‍ വാസ്‌തുവിദ്യാവിദഗ്‌ധന്‍. മധ്യകാലഘട്ടത്തിലെ സമുന്നതനായ ജര്‍മന്‍ ശില്‌പി എന്ന നിലയിലും പ്രസിദ്ധന്‍.

സ്റ്റ്രാസ്‌ബര്‍ഗ്‌ ദേവാലയം പോലെയുള്ള അത്യുദാത്തങ്ങളായ അനേകം ദേവാലയങ്ങള്‍ എര്‍വിന്‍ നിര്‍മിച്ചിട്ടുണ്ട്‌. എര്‍വിന്റെ ശവകുടീരത്തില്‍ കൊത്തിവച്ചിട്ടുള്ള വിവരങ്ങളില്‍നിന്നാണ്‌ ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്‌. സ്റ്റ്രാസ്‌ബര്‍ഗ്‌ ദേവാലയത്തിന്റെ പടിഞ്ഞാറേ മുഖപ്പ്‌ എര്‍വിനാണ്‌ സംവിധാനം ചെയ്‌തതെന്നു കരുതപ്പെടുന്നു. 1277-ല്‍ ആണ്‌ ഇതിന്റെ നിര്‍മാണം തുടങ്ങിയത്‌. രണ്ടാമത്തെ മുഖപ്പ്‌ എര്‍വിന്റെ രൂപകല്‌പനപ്രകാരം 20 മീ. വരെ കെട്ടിത്തീര്‍ത്തുവെങ്കിലും 1298-ലെ തീപിടിത്തം കാരണം നശിച്ചുപോയി. പിന്നീട്‌ ഇതു പുതുക്കിപ്പണിയേണ്ടിവന്നപ്പോള്‍ മറ്റു കലാകാരന്മാരുമായി ആലോചിച്ചാണ്‌ എര്‍വിന്‍ രൂപകല്‌പന തയ്യാറാക്കിയത്‌. മുന്‍വശത്തെ മുഖപ്പിനുവേണ്ടി ഇദ്ദേഹം നിര്‍മിച്ച "ട്രാസറി' ഗോഥിക്‌ ശൈലിയുടെ മികച്ച ഒരു ഉദാഹരണമാണ്‌. രണ്ട്‌ പുത്രന്മാരും ഒരു പുത്രിയുമാണ്‌ ഇദ്ദേഹത്തിനുണ്ടായിരുന്നത്‌. ഇവരും വാസ്‌തുവിദ്യയില്‍ വൈദഗ്‌ധ്യം നേടിയിരുന്നു. എര്‍വിന്‌ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ചില പണികള്‍ അദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാര്‍ പൂര്‍ത്തിയാക്കുകയുണ്ടായി. എര്‍വിന്റെ ശവകൂടീരവും പുത്രന്മാര്‍ തന്നെയാണ്‌ നിര്‍മിച്ചത്‌. സ്റ്റ്രാസ്‌ബര്‍ഗ്‌ ദേവാലയത്തെപ്പറ്റി ഗൊയ്‌ഥേ രചിച്ച കവിതയില്‍ (1773) എര്‍വിനെ പരാമര്‍ശിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1318 ജനു-17-ന്‌ സ്റ്റ്രാസ്‌ബര്‍ഗില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍