This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർത്ത്‌ മൂവർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ത്ത്‌ മൂവര്‍

Earthmover

മണ്ണു മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന യന്ത്രം. സിവിൽ എന്‍ജിനീയറിങ്ങിലെ മിക്ക നിര്‍മാണ പദ്ധതികളും ആരംഭിക്കുന്നത്‌ ഈ പ്രക്രിയയോടു കൂടിയാണ്‌. മണ്ണുമാറ്റൽ ആരംഭിക്കുന്നതിനു മുമ്പ്‌ മാറ്റുന്ന മണ്ണിന്റെ അല്ലെങ്കിൽ പദാര്‍ഥത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ ചില വസ്‌തുതകള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. വിവിധ ആഴത്തിലുള്ള മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ എടുത്ത്‌ പരിശോധിച്ച്‌ അവയുടെ സ്വഭാവവും ഭാരവും നിര്‍ണയിക്കുന്നു. മണ്ണിന്റെ സ്വഭാവവും ചെയ്യേണ്ട പ്രവൃത്തിയും അനുസരിച്ച്‌ യന്ത്രം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. കുഴിച്ചെടുക്കേണ്ട പദാര്‍ഥത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച ഒരു ഏകദേശരൂപം കിട്ടിയശേഷം മാറ്റേണ്ടുന്ന വ്യാപ്‌തം നിര്‍ണയിക്കണം. കുഴിച്ചെടുക്കപ്പെടുമ്പോള്‍ മണ്ണിന്റെ വ്യാപ്‌തം സുമാര്‍ നാല്‌പത്തിയഞ്ചു ശതമാനം വര്‍ധിക്കുന്നു. മാറ്റുന്ന മണ്ണ്‌ കൂട്ടിയിടുമ്പോള്‍ ഈ വസ്‌തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. മണ്ണ്‌ മാറ്റുന്ന രീതി താഴെപറയുന്ന വസ്‌തുതകളെ ആശ്രയിച്ചിരിക്കുന്നു; കുഴിക്കുന്ന പ്രദേശത്തിന്റെ കിടപ്പ്‌, കുഴിച്ചെടുക്കപ്പെടേണ്ട ഭാഗത്തിന്റെ നീളം, വീതി, ഉയരം, മാറ്റേണ്ടുന്ന മണ്ണിന്റെ പ്രകൃതി, മാറ്റപ്പെട്ട മണ്ണ്‌ ഇടുന്ന സ്ഥലം. ഈ വസ്‌തുതകളെ ആധാരമാക്കി മണ്ണു മാറ്റുന്ന പ്രവൃത്തിയെ ഏഴായി തരംതിരിക്കാം. ഈ ഓരോ വിഭാഗത്തിലുംപെട്ട പ്രവൃത്തിക്ക്‌ അനുയോജ്യമായി മണ്ണുമാറ്റുന്ന യന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഗണ്യമായ ആഴമുള്ള വലിയ കുഴികളുടെ നിര്‍മാണമാണ്‌ മണ്ണുമാറ്റൽ പ്രവൃത്തിയിൽപ്പെട്ട ഒന്ന്‌. ഇത്തരം പ്രവൃത്തികളിൽ ഏര്‍പ്പെട്ടിരിക്കുന്ന യന്ത്രങ്ങള്‍ കുഴിയുടെ ഇരുപാര്‍ശ്വങ്ങളിൽ നിന്നും മണ്ണ്‌ ചുരണ്ടിയെടുത്ത്‌ മണ്ണ്‌ എടുക്കുന്ന വാഹനത്തിലേക്ക്‌ മാറ്റുന്നു. പവര്‍ ഷവലുകളാണ്‌ ഇത്തരം പ്രവൃത്തിക്ക്‌ ഉപയോഗിക്കാറുള്ളത്‌. പവര്‍ ഷവലുകള്‍ പല തരത്തിലുണ്ട്‌. കുഴിക്കുന്ന മണ്ണിന്റെ പ്രകൃതിയെയും കുഴിയുടെ ആകൃതിയെയും ആധാരമാക്കി യോജിച്ച പവര്‍ ഷവലുകള്‍ ഉപയോഗപ്പെടുത്തണം. വിസ്‌തൃതമായ ആഴമേറിയ കുഴികള്‍ കുഴിക്കലാണ്‌ മറ്റൊരു മണ്ണുമാറ്റൽ പ്രവൃത്തി. ഈ പ്രവൃത്തിക്കായി സാധാരണ ഉപയോഗിക്കുന്നത്‌ ക്രാളര്‍ ട്രാക്‌ടറുകളാണ്‌. ഈ ട്രാക്‌ടറുകളിന്മേൽ ബുള്‍ഡോസര്‍, ആംഗിള്‍ഡോസര്‍, റിപ്പറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഘടിപ്പിച്ചിരിക്കും. കാഠിന്യം കുറഞ്ഞ കളിമണ്ണ്‌, ചേറ്‌ എന്നിവ മാറ്റുന്നതിന്‌ ഡ്രാഗ്‌ലയിന്‍ എന്ന യന്ത്രമാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. വീതി കുറഞ്ഞ ആഴമേറിയ ചാലുകള്‍ കുഴിക്കുവാന്‍ ബക്കറ്റുകളുടെ രൂപത്തിലുള്ള സാമഗ്രികളാണ്‌ ഉപയോഗിക്കാറുള്ളത്‌. ഈ സജ്ജീകരണത്തെ "ക്ലാമ്പ്‌ഷെൽ ബക്കറ്റ്‌' എന്നു പറയുന്നു. വളരെ ആധികം ആഴമില്ലാത്ത ചാലുകളുടെ (ഉദാ. ജലസേചന കനാലുകള്‍) നിര്‍മാണത്തിനും ഇത്തരം ബക്കറ്റുകള്‍ ഉപയോഗപ്പെടുത്താം. തുരങ്കങ്ങളുടെ നിര്‍മാണം, വെള്ളത്തിനടിയിൽ നിന്നുമുള്ള മണ്ണുമാറ്റൽ എന്നിവയാണ്‌ മറ്റു രണ്ട്‌ മണ്ണുമാറ്റൽ പ്രവൃത്തികള്‍. വാസ്‌തവത്തിൽ ഈ രണ്ട്‌ പ്രവൃത്തികളും മണ്ണുമാറ്റൽ പ്രക്രിയയുടെ നിര്‍വചനത്തിൽ ഉള്‍പ്പെടുന്നില്ല. തുരങ്കങ്ങളുടെ നിര്‍മാണത്തിന്‌ തുളയ്‌ക്കുന്ന യന്ത്രങ്ങളും വെള്ളത്തിനടിയിലുള്ള മണ്ണുമാറ്റുന്നതിന്‌ ഡ്രഡ്‌ജറുകളും ഉപയോഗപ്പെടുത്താവുന്നതാണ്‌.

(ഡോ.പി. ശങ്കരന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍