This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഗോഗ്രാഫ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ഗോഗ്രാഫ്‌

Ergograph

കാർഷികവിളകളുടെ വ്യാപ്‌തി, വിളവെടുപ്പുകാലം എന്നിവയിൽ കാലാവസ്ഥ ചെലുത്തുന്ന സ്വാധീനം ആപേക്ഷികമായി രേഖപ്പെടുത്തുന്നതിന്‌ ഉപയോഗിച്ചുപോരുന്ന ആരേഖം. കാർഷികവിളകളിൽ ഓരോന്നിന്റെയും ആയുസ്‌ വ്യത്യസ്‌തമായിരിക്കും. തന്മൂലം വിളവെടുപ്പിനുവേണ്ടിവരുന്ന കാലയളവ്‌ ഏതാനും മാസങ്ങള്‍ മുതൽ ഒന്നോ ഒന്നരയോ വർഷംവരെയായി വ്യത്യാസപ്പെട്ടുകാണുന്നു. കാർഷികവിളകളുടെ വളർച്ചയിൽ നേരിട്ടു സ്വാധീനമുള്ള ആർദ്രാഷ്‌ണഘടകങ്ങള്‍ ശരാശരി താപനിലയും വർഷപാതവുമാണ്‌. വിളവെടുപ്പുകാലം മാസക്കണക്കിൽ നിർണയിക്കാവുന്നതാണ്‌. ഓരോ വിളയും കൃഷിചെയ്യപ്പെടുന്ന സ്ഥലത്തിന്റെ വിസ്‌തീർണം ഹെക്‌ടറിലോ ചതുരശ്ര കിലോമീറ്ററിലോ മറ്റ്‌ ക്ഷേത്രഫല-ഏകകങ്ങളിലോ രേഖപ്പെടുത്താം. ഈ ചരങ്ങളെയെല്ലാം ഒരുമിച്ച്‌ ഒരേ ലേഖാചിത്രത്തിൽ അടയാളപ്പെടുത്തുന്ന സമ്പ്രദായമാണ്‌ എർഗോഗ്രാഫ്‌.

ചിത്രത്തിൽ കാണിച്ചിട്ടുള്ള എർഗോഗ്രാഫിലെ ലംബാക്ഷങ്ങളിൽ ഒന്നിൽ താപനിലയും രണ്ടാമത്തേതിൽ വർഷപാതവും ഊർധ്വദിശയിൽ അങ്കനം ചെയ്‌തിരിക്കുന്നു. തിരശ്ചീനാക്ഷം പന്ത്രണ്ടായി വിഭജിച്ച്‌ മാസങ്ങള്‍ അടയാളപ്പെടുത്തുന്നു. ഇതേ അക്ഷത്തിൽത്തന്നെ സൗകര്യപ്രദമായ തോതനുസരിച്ച്‌ വിസ്‌തീർണം അങ്കനം ചെയ്യുന്നു; ഒരു ച.കി.മീ. ഇത്ര ഹെക്‌ടർ എന്ന ക്രമത്തിലുള്ള അങ്കനമാർഗമാണ്‌ സ്വീകരിക്കാറുള്ളത്‌.

ലഭ്യമായ ദത്തങ്ങളെ ആധാരമാക്കി പ്രസക്ത പ്രദേശത്തെ ആർദ്രാഷ്‌ണാവസ്ഥ രേഖപ്പെടുത്തുകയാണ്‌ ആദ്യത്തെ പടി; താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ തിരശ്ചീനാക്ഷത്തിനു സമാന്തരമായ നേർത്ത വക്രരേഖയാലും ശരാശരി വർഷപാതം ലംബാക്ഷത്തിനു സമാന്തരമായ സ്‌തംഭങ്ങള്‍ മുഖേനയും സൂചിപ്പിക്കാം. തിരശ്ചീനാക്ഷത്തിൽ നിന്നു താഴേക്ക്‌ വിളവുകാലത്തിന്റെ അടിസ്ഥാനത്തിലും വിളവിറക്കുന്ന ഭൂമിയുടെ വിസ്‌തീർണത്തെ സംബന്ധിച്ച മുന്‍ഗണനാക്രമത്തിലും ഓരോ വിളയ്‌ക്കും ആപേക്ഷികമായ പ്രാതിനിധ്യം നല്‌കുന്നതോടെ എർഗ്രാഗ്രാഫ്‌ പൂർണമാകും.

എർഗോഗ്രാഫുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അല്‌പം ചില ഭേദഗതികളോടെ നിർമിച്ചുപയോഗിക്കാറുണ്ട്‌. ഒരാണ്ടിലെ വ്യത്യസ്‌ത കാലയളവുകളിൽ നടന്ന ജോലിയുടെ താരതമ്യപഠനം നിർവഹിക്കുന്നതിന്‌ ഗിഡെസ്‌ എന്ന ഭൂമിശാസ്‌ത്രജ്ഞന്‍ നിഷ്‌കർഷിച്ച സമ്പ്രദായം ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. കാർട്ടീസിയന്‍ വ്യവസ്ഥ പാലിച്ച്‌ വൃത്താകൃതിയിൽ നിർമിച്ച ഈ ലേഖ വ്യത്യസ്‌ത കാലയളവുകളിൽ നിർവഹിച്ച ജോലിയുടെ സ്വഭാവവും പരിമാണവും നിർണയിക്കുന്നതിന്‌ പര്യാപ്‌തമാണ്‌.

(പി.ജി. വിഷ്‌ണുകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍