This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌പിരാന്റോ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌പിരാന്റോ ഭാഷയും സാഹിത്യവും

Espiranto Language and Literature

ഒരു കൃത്രിമ ഭാഷ. അന്തര്‍ദേശീയ ഭാഷയായോ ബന്ധഭാഷയായോ ഉപയോഗിക്കാന്‍വേണ്ടി രൂപീകരിച്ച ഒരു ഭാഷയാണ്‌ എസ്‌പിരാന്റോ. നൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ ഈ ഭാഷ രൂപം കൊണ്ടത്‌. പല ഭാഷകളും ഇത്തരത്തില്‍ രൂപംകൊണ്ടെങ്കിലും എസ്‌പിരാന്റോ ഭാഷയ്‌ക്കുമാത്രമാണ്‌ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചത്‌. യൂറോപ്യന്‍ ഭാഷകളില്‍നിന്നും മറ്റുഭാഷകളില്‍നിന്നും ഉള്ള പ്രത്യയങ്ങളെയും ഉപസര്‍ഗങ്ങളെയും ആധാരമാക്കി സൃഷ്‌ടിച്ച ഒരു ഭാഷയാണിത്‌.

1880-ലാണ്‌ ആദ്യമായി ഒരു കൃത്രിമ ഭാഷ രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചത്‌. പോളണ്ടുകാരനായ ലസാറസ്‌ ലുഡ്‌വിഗ്‌സാമെന്‍ ഹോഫ്‌ 1887-ല്‍ ഒരു അന്തര്‍ദേശീയ കൃത്രിമ ഭാഷയ്‌ക്ക്‌ രൂപംകൊടുത്തു. മാതൃഭാഷയ്‌ക്കു പുറമേ ഒരു ഭാഷകൂടി അറിഞ്ഞിരുന്നാല്‍ ലോകത്തെങ്ങുമുള്ള ജനങ്ങളുടെ ആശയവിനിമയം സുസാധ്യമാകുകയും വ്യക്തികള്‍ തമ്മിലുള്ള ഉരസലുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. എന്നാല്‍ രണ്ടാം ഭാഷയായിരിക്കേണ്ടത്‌ ലോകത്തെങ്ങും സംസാരിക്കുന്ന ഭാഷയുമാകരുത്‌. ഇങ്ങനെ രൂപംകൊണ്ട കൃത്രിമഭാഷയാണ്‌ എസ്‌പിരാന്റോ. "എസ്‌പിരാന്റോ' എന്ന പദത്തിന്‌ "പ്രതീക്ഷിക്കുന്ന ആള്‍' എന്നാണ്‌ അര്‍ഥം. ഭാഷാ കലഹങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അറുതി വരുത്താമെന്ന വിശ്വാസത്തോടുകൂടിയാണ്‌ ഈ കൃത്രിമ ഭാഷാനിര്‍മാണം ആരംഭിച്ചത്‌. ഒരു ബഹുഭാഷാ പണ്ഡിതനായ സാമെന്‍ഹോഫിന്‌ ഈ ദൗത്യം പ്രയാസമേറിയതായിരുന്നില്ല. "എസ്‌പിരാന്റോ' എന്ന ആശയം പരസ്യപ്പെടുത്തുന്നതിന്‌ മുന്‍പുതന്നെ ഇദ്ദേഹം ഈ ഭാഷാരൂപത്തില്‍ പഴയനിയമവും ഹാംലെറ്റും, ഗെയ്‌ഥെ, മോളിയേ, ഗോഗോള്‍ എന്നിവരുടെ കൃതികളും വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. തത്‌ഫലമായി എസ്‌പിരാന്റോ ഭാഷയുടെ സാഹിത്യപരവും സാങ്കേതികവുമായ ഉപയോഗങ്ങള്‍ മനസ്സിലാക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1887-ല്‍ "അന്താരാഷ്‌ട്രഭാഷ'(Internacia ling vo) എന്ന പുസ്‌തകം പ്രസിദ്ധീകൃതമായതോടെ ജനങ്ങള്‍ ഈ ഭാഷയെപ്പറ്റി അറിഞ്ഞുതുടങ്ങി. 1889-ല്‍ ഈ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ വിവര്‍ത്തനം പുറത്തുവന്നു. രണ്ടു പ്രസിദ്ധീകരണങ്ങളും പ്രകാശിതമായതോടെ പല രാജ്യങ്ങളിലെയും ജനങ്ങളെ ഈ ഭാഷ ആകര്‍ഷിച്ചു.

ഈ ഭാഷയുടെ പ്രചരണാര്‍ഥം പല ഭാഗത്തും സംഘടനകള്‍ രൂപീകരിച്ചു. റഷ്യ, ജര്‍മനി, അമേരിക്ക, ഫിലാഡെല്‍ഫിയ മുതലായ സ്ഥലങ്ങളിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം സജീവമായിരുന്നത്‌. ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയ്‌ക്ക്‌ ലീഗ്‌ ഒഫ്‌ നേഷന്‍സിലെ ഒരു റിപ്പോര്‍ട്ടില്‍ എസ്‌പിരാന്റോ ഒരു അന്തര്‍ദേശീയ ഉപഭാഷയായി പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ഫ്രാന്‍സിലും ബെല്‍ജിയത്തിലും എസ്‌പിരാന്റോ ഭാഷയില്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി.

അന്തര്‍ദേശീയ പ്രാധാന്യമുള്ള ചര്‍ച്ചാസമ്മേളനങ്ങളില്‍ വിവിധഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ പങ്കെടുക്കുന്നതുമൂലം ഇവര്‍ക്ക്‌ പൊതുവായ ഒരു ഭാഷ ആവശ്യമായിത്തീര്‍ന്നു. ശാസ്‌ത്രം, വാണിജ്യം, രാഷ്‌ട്രീയം, സാമ്പത്തികം, മതപരം ഇങ്ങനെ വിവിധ തുറകളില്‍ ഒരു അന്തര്‍ദേശീയ ഭാഷയുടെ ആവശ്യകത അനുഭവപ്പെട്ടു. പല ഭാഷകള്‍ സംസാരിക്കാനുള്ള വൈഷമ്യത്തിന്‌ എസ്‌പിരാന്റോ ഭാഷാ പരിഹാരം കണ്ടെത്തുമെന്ന വിശ്വാസം ജനങ്ങളില്‍ രൂഢമൂലമായി. ഇതുകൂടാതെ ഭാഷകളെപ്പറ്റി വേണ്ടത്ര ജ്ഞാനം ഇല്ലാത്തവര്‍ക്കുകൂടി എസ്‌പിരാന്റോ ഭാഷയില്‍ക്കൂടി ഇതര ഭാഷകള്‍ പ്രയാസം കൂടാതെ പഠിക്കാമെന്നും തെളിഞ്ഞു.

ഏകദേശം 65 ഭാഷകളിലുള്ള പ്രധാന പ്രസിദ്ധീകരണങ്ങള്‍, അതായത്‌ പുരാതന സാഹിത്യങ്ങള്‍, നോവല്‍ സാഹിത്യങ്ങള്‍, സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പല വാല്യങ്ങളിലായി എസ്‌പിരാന്റോ സാഹിത്യം 1948-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 110 പ്രസിദ്ധീകരണങ്ങള്‍ എസ്‌പിരാന്റോ ഭാഷയുടെ പ്രചാരണത്തിന്‌ ലോകത്തുടനീളം ഉണ്ടായി. "ദ്‌ യൂനിവേഴ്‌സല്‍ എസ്‌പിരാന്റോ അസോസിയേഷന്‍' (യു.ഇ.എ.) 2438 പ്രതിനിധികളെ 56 രാജ്യങ്ങളിലായി നിയമിച്ചു. ഇവര്‍ ജിജ്ഞാസുക്കളായ ആളുകള്‍ക്ക്‌ ഈ ഭാഷയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‌കി. യു.ഇ.എ. എന്ന ഈ പൊതുസംഘടന കൂടാതെ ഓരോ തുറയിലും പ്രത്യേകം പ്രത്യേകം സംഘടനകളും രൂപീകരിക്കപ്പെട്ടു. 1947-ല്‍ സ്‌കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ തലങ്ങളില്‍ എസ്‌പിരാന്റോ ഭാഷ പഠിപ്പിക്കുകയും ഈ ഭാഷയില്‍ പല അധ്യാപകരും പ്രാവീണ്യം നേടുകയും ചെയ്‌തു. 1923-ല്‍ നുറന്‍ബര്‍ഗിലെ എസ്‌പിരാന്റോ വാര്‍ഷിക കോണ്‍ഗ്രസ്സില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുത്തു. 43 രാജ്യങ്ങളില്‍നിന്നായി 4963 പ്രതിനിധികള്‍ സന്നിഹിതരായി. ഇതുകൂടാതെ 730 അന്തര്‍ദേശീയ സെമിനാറുകള്‍, വിവിധ ആവശ്യങ്ങള്‍ക്കായി സംഘടിപ്പിക്കുകയും എസ്‌പിരാന്റോ ഭാഷ ഈ സെമിനാറുകളില്‍ ഉപയോഗിക്കുകയും ചെയ്‌തു. തര്‍ജുമയ്‌ക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഒരേ ഒരു ഭാഷയായിരുന്നു എസ്‌പിരാന്റോ.

എസ്‌പിരാന്റോ ഭാഷയിലെ വ്യാകരണനിയമങ്ങളും പദാവലിയും ഉപയോഗിച്ച്‌ 39 ഭാഷകളില്‍ അന്താരാഷ്‌ട്ര ആശയവിനിമയം നടത്താന്‍ കഴിയുന്നു. ആഫ്രിക്കാന്‍സ്‌, അല്‍ബേനിയന്‍, അറബിക്‌, ബാസ്‌ക്‌, ബള്‍ഗേറിയന്‍, കറ്റാലന്‍-ക്രാഷ്യന്‍, ചെക്‌, ഡാനിഷ്‌, ഡച്ച്‌, ഇംഗ്ലീഷ്‌, എസ്‌തോനിയന്‍, ഫിന്നിഷ്‌, ഫ്‌ളെമിഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, ഗ്രീക്‌, ഹംഗേറിയന്‍, ഐസ്‌ലാന്‍ഡിക്‌, ഇറ്റാലിയന്‍, ജാപ്പനീസ്‌, ലിത്വാനിയന്‍, മലായ്‌, നോര്‍വീജിയന്‍, പേര്‍ഷ്യന്‍, പോളിഷ്‌, പോര്‍ച്ചുഗീസ്‌, റൊമാന്‍ഷ്‌, റൊമേനിയന്‍, റഷ്യന്‍, സെര്‍ബിയന്‍, സ്ലോവക്‌, സ്ലൊവേനിയന്‍, സ്‌പാനിഷ്‌, സ്വീഡിഷ്‌, ഉക്രനിയന്‍, വെല്‍ഷ്‌, യിദ്ദിഷ്‌ മുതലായ ഭാഷകളാണ്‌ ഈ ഉപാധി സ്വീകരിച്ചത്‌. ഒന്നും രണ്ടും യുദ്ധകാലത്തും രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ഈ ഭാഷ ഉപയോഗിച്ചിരുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം എസ്‌പിരാന്റോ ഭാഷയ്‌ക്കു പ്രചാരം ലഭിച്ചു. 1902-ല്‍ ഇംഗ്ലണ്ടില്‍ ഒരു എസ്‌പിരാന്റോ ക്ലബ്ബും ഫ്രാന്‍സില്‍ ഒരു പാഠ്യപുസ്‌തകവും തയ്യാറാക്കി. 1905-ല്‍ ആദ്യത്തെ എസ്‌പിരാന്റോ കോണ്‍ഗ്രസ്‌ ഫ്രാന്‍സില്‍ സമ്മേളിച്ചു. എസ്‌പിരാന്റോ ഭാഷയില്‍ പ്രാവീണ്യം ലഭിച്ച എഴുന്നൂറ്‌ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന്‌ 56-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ 2500-ലധികം അംഗങ്ങളെ ലോകത്തെമ്പാടുമായി എസ്‌പിരാന്റോ ഭാഷയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌. യു.എസ്സിലും കാനഡയിലും പല പ്രധാന നഗരങ്ങളിലും എസ്‌പിരാന്റോ അഭ്യസനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സാഹിത്യം. 1887 മുതലാണ്‌ എസ്‌പിരാന്റോ ഭാഷ പുഷ്‌ടിപ്രാപിച്ചുതുടങ്ങിയത്‌. ലസാറസ്‌ ലുഡ്‌വിഗ്‌ സാമെന്‍ ഹോഫിന്റെ ലിങ്‌വോ ഇന്റര്‍നേസിയന്‍ എന്ന പ്രസിദ്ധീകരണമാണ്‌ എസ്‌പിരാന്റോ എന്ന നാമകരണത്തിന്‌ അടിസ്ഥാനമായിത്തീര്‍ന്നത്‌. ഏകദേശം പത്തുവര്‍ഷത്തിനുശേഷം റഷ്യയിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഈ ഭാഷ പ്രചരിക്കുകയും ല എസ്‌പിരാന്റിസ്റ്റോ എന്ന പ്രസിദ്ധീകരണം രൂപംകൊള്ളുകയും ചെയ്‌തു. ഫിലാഡെല്‍ഫിയയിലെ അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി ഈ ഭാഷയില്‍ ആകൃഷ്‌ടമായി, സാമെന്‍ഹോഫിന്റെ കൃതി ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. ഈ കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി ഏകദേശം 30 എസ്‌പിരാന്റോ സൊസൈറ്റികള്‍ ഒരു വര്‍ഷത്തിനകം രൂപീകൃതമായി. 1906-ല്‍ ഒക്‌ലഹോമില്‍ അമേരിക്കന്‍ എസ്‌പിരാന്റിസ്റ്റിമും 1907-ല്‍ ബൂസ്റ്റണില്‍ അമേരിക്കന്‍ എസ്‌പിരാന്റി ജേര്‍ണലും രൂപംകൊണ്ടു. വാഷിങ്‌ടണില്‍ 1910-ലും കാലിഫോര്‍ണിയയില്‍ 1915-ലും രണ്ടു എസ്‌പിരാന്റോ യൂണിവേഴ്‌സല്‍ കോണ്‍ഫറന്‍സുകള്‍ നടത്തുകയുണ്ടായി. 1922-ല്‍ ഈ ഭാഷ ഒരു അന്താരാഷ്‌ട്ര ഉപഭാഷയായി ഐകകണ്‌ഠ്യേന പ്രഖ്യാപിക്കപ്പെട്ടു. ഒന്നും രണ്ടും ലോകയുദ്ധത്തിനിടയ്‌ക്ക്‌ ഫ്രാന്‍സ്‌, ബെല്‍ജിയം എന്നിവിടങ്ങളില്‍ എസ്‌പിരാന്റോ ഭാഷ പ്രചരിച്ചു. ആദ്യത്തെ പോസ്റ്റ്‌വാര്‍ എസ്‌പിരാന്റോ കോണ്‍ഗ്രസ്‌ 1946-ല്‍ ഉത്തര അമേരിക്കയില്‍ കോണ്‍വേയിലും 1947-ല്‍ ആദ്യത്തെ പോസ്റ്റ്‌-വാര്‍ വേള്‍ഡ്‌ കോണ്‍ഗ്രസ്‌ സ്വിറ്റ്‌സര്‍ലണ്ടിലെ ബര്‍നിലും നടന്നു. 1948-ല്‍ അമേരിക്കയില്‍ എസ്‌പിരാന്റോ ഭാഷയുടെ പ്രചരണം, ദ്‌ വോയ്‌സ്‌ ഒഫ്‌ അമേരിക്ക ഏറ്റെടുത്തു.

എസ്‌പിരാന്റോയില്‍ കാവ്യങ്ങളും ഉപന്യാസങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. 1958-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എസ്‌പിരാന്റോ അന്തോളൊജിയോ എന്ന കാവ്യസമാഹാരത്തില്‍ 29 രാജ്യങ്ങളില്‍നിന്നുള്ള 90 കവികളുടെ കൃതികള്‍ അടങ്ങിയിരിക്കുന്നു. ദാന്തെ, ഗെയ്‌ഥെ, മോളിയോ, വോള്‍ത്തയര്‍, ഇബ്‌സണ്‍, ടാഗൂര്‍, സാര്‍ത്ര്‌ എന്നിവരുടെ ചില കൃതികള്‍ വിവര്‍ത്തനം ചെയ്‌ത്‌ ഈ കാവ്യസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാമെന്‍ഹോഫ്‌ ആദ്യമായി ഷെയ്‌ക്‌സ്‌പീയറുടെ ഹാംലെറ്റ്‌ എന്ന നാടകം എസ്‌പിരാന്റോയില്‍ വിവര്‍ത്തനം ചെയ്‌തു; തുടര്‍ന്ന്‌ പഴയനിമയവും. 1905-ല്‍ ഇദ്ദേഹം പ്രസിദ്ധം ചെയ്‌ത എസ്‌പിരാന്റോയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫണ്‍ഡമെന്റോ ദേ എസ്‌പിരാന്റോ എന്ന കൃതി ഈ ഭാഷാസാഹിത്യത്തില്‍ പ്രധാന്യമര്‍ഹിക്കുന്നു. ഈ ഗ്രന്ഥം എസ്‌പിരാന്റോ ഭാഷാരൂപത്തെപ്പറ്റി വിവരിക്കന്നതോടൊപ്പം ഭാഷാനിയമങ്ങള്‍ പ്രകൃതി നിയമം പോലെ നിലനില്‌ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്‌പിരാന്റോ ഭാഷാപ്രചാരണത്തിനുവേണ്ടി 1905-ല്‍ രൂപംകൊണ്ട സ്ഥാപനം 1908-ല്‍ "എസ്‌പിരാന്റോ അക്കാദമി' ആയി ഉയര്‍ന്നു. "യൂനിവേര്‍സാല എസ്‌പിരാന്റോ അസോസിയോ' എന്നു പേരുള്ള ഈ അക്കാദമിയുടെ ആസ്ഥാനം ഹോളണ്ടിലെ റോട്ടര്‍ഡാം നഗരം ആണ്‌. ഇതിന്‌ 85 രാജ്യങ്ങളില്‍ ശാഖകളും അമ്പത്‌ ദേശീയസംഘടനകളും ഉണ്ട്‌. 1963-ല്‍ 80 ലക്ഷം ആളുകള്‍ എസ്‌പിരാന്റോ സംസാരിച്ചിരുന്നതായി മാരിയോപൈ എന്ന അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രസ്‌താവിക്കുന്നു. എസ്‌പിരാന്റോ അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്‌. 1987-ലെ ശതാബ്‌ദി സമ്മേളനം സാമെന്‍ഹോഫ്‌ പിറന്ന പോളണ്ടിലെ വാഴ്‌സാനഗരത്തില്‍വച്ച്‌ ആഘോഷപൂര്‍വം നടന്നു. ഏഴായിരത്തിലധികം മൗലികകൃതികള്‍ എസ്‌പിരാന്റോയ്‌ക്ക്‌ അവകാശപ്പെടാനുണ്ട്‌; കൂടാതെ നൂറിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും. എഴുന്നൂറിലധികം അന്താരാഷ്‌ട്രസമ്മേളനങ്ങളില്‍ എസ്‌പിരാന്റോ ഉപയോഗിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ഈ ഭാഷ പ്രചരിപ്പിക്കാനുള്ള ഉദ്യമത്തെ 1954-ലും 1959-ലും യുനെസ്‌കോ പ്രകീര്‍ത്തിക്കുകയുണ്ടായി. ന്യൂയോര്‍ക്കിലെ എസ്‌പിരാന്റോ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലണ്ടനിലെ യു.ഇ.എ. റിസര്‍ച്ച്‌ ആന്‍ഡ്‌ ഡോക്യമെന്റേഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ ഈ ലോകഭാഷ പ്രചരിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുന്നു.

സാമെന്‍ഹോഫ്

1917-ല്‍ എസ്‌പിരാന്റോ സ്ഥാപകനായ സാമെന്‍ഹോഫ്‌ അന്തരിച്ചെങ്കിലും ഭാഷയുടെ പ്രചാരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിവര്‍ത്തനങ്ങളുള്‍പ്പെടെ മുപ്പതിനായിരത്തിലധികം കൃതികള്‍ ഈ ഭാഷയിലുണ്ട്‌. ഇവ ബ്രിട്ടീഷ്‌ എസ്‌പിരാന്റോ അസോസ്സിയേഷന്റെ ലൈബ്രറിയില്‍ ഉണ്ടത്ര. എസ്‌പിരാന്റോ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ ടാഗൂറിന്റെ കൃതികളും ഉള്‍പ്പെടുന്നു. പല ഭാഷകളില്‍നിന്നും ഈ ഭാഷയിലേക്കു വിവര്‍ത്തനങ്ങള്‍ ഉണ്ടായി. എസ്‌പിരാന്റോ സാഹിത്യനിര്‍മാണത്തില്‍ വ്യാപൃതമായിരിക്കുന്ന രണ്ടു മുഖ്യകേന്ദ്രങ്ങളാണ്‌ ഹംഗറിയും സ്‌കോട്ട്‌ലന്‍ഡും.

വിവിധ ഗ്രന്ഥ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ പുറമേ ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്‌. മറ്റു ഭാഷകളില്‍നിന്നു വിവര്‍ത്തനം ചെയ്യപ്പെട്ട ആനുകാലികങ്ങളുടെ സംക്ഷേപവും ഇവയില്‍പ്പെടുന്നു. ഇംഗ്ലണ്ടില്‍ സെക്കണ്ടറി പഠനഭാഷയായി എസ്‌പിരാന്റോ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1954-ല്‍ ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ-ശാസ്‌ത്ര-സംസ്‌കാരസംഘടന (യുനെസ്‌കോ) എസ്‌പിരാന്റോയുടെ സേവനത്തെ അംഗീകരിച്ചു. എസ്‌പിരാന്റോ ഭാഷയിലുള്ള സന്ദേശങ്ങള്‍ ലോകത്തെമ്പാടുമുള്ള കമ്പിയാപ്പീസുകളില്‍ സ്വീകരിച്ചുവരുന്നു.

എണ്‍പതിലധികം രാജ്യങ്ങളില്‍ 150-ലക്ഷത്തില്‍പ്പരം ജനങ്ങള്‍ക്ക്‌ പരിചിതമായ എസ്‌പിരാന്റോ 600-ലധികം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നു. ജപ്പാനിലും ബ്രസീലിലും മധ്യയൂറോപ്പിലും വേരുറച്ചുകഴിഞ്ഞ എസ്‌പിരാന്റോ ആണ്‌ ഏറ്റവും വിജയം വരിച്ച കൃത്രിമ ഭാഷ.

(ഡോ. ആര്‍. സരസ്വതി അമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍