This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌തോനിയന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌തോനിയന്‍ ഭാഷയും സാഹിത്യവും

Estonian Language and Literatures

ഭാഷ. ഉറാലിക്‌ ഭാഷാഗോത്രത്തിലെ ഒരു ശാഖയായ ഫിന്നോ-ഉഗ്രിക്‌ വിഭാഗത്തില്‍പ്പെട്ട ഭാഷ. എസ്‌തോനിയയില്‍ അധിവസിക്കുന്ന ജനങ്ങളുടെ മാതൃഭാഷയാണ്‌ എസ്‌തോനിയന്‍. മുന്‍സോവിയറ്റ്‌ യൂണിയന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായിരുന്നു എസ്‌തോനിയ. ബാള്‍ട്ടിക്‌ സമുദ്രത്തിന്റെ തീരത്താണ്‌ എസ്‌തോനിയ സ്ഥിതിചെയ്യുന്നത്‌. അതിരുകള്‍-തെക്ക്‌ ലാത്‌വിയയും റഷ്യയും കിഴക്ക്‌ പൈപ്പസ്‌ തടാകവും നാര്‍വ നദിയും, വടക്കും പടിഞ്ഞാറും ബാള്‍ട്ടിക്‌ കടലും. എസ്‌തോനിയന്‍ സംസാരിക്കുന്നവര്‍ ലെനിന്‍ഗ്രാദ്‌, സ്‌കാവ്‌, ഓംസ്‌ക്‌, ലാത്‌വിയന്‍, ഉക്രനിയന്‍, അബ്‌ഖാസിയന്‍, സ്വീഡന്‍, യു.എസ്‌.എ, കാനഡ എന്നിവിടങ്ങളിലെല്ലാം അധിവസിക്കുന്നുണ്ട്‌. എന്നാല്‍ ഈ ഭാഷ സംസാരിക്കുന്ന ഏകദേശം ഒരു ദശലക്ഷം വരുന്ന ജനത അധിവസിക്കുന്ന എസ്‌തോനിയ ഇന്ന്‌ സ്വതന്ത്രരാഷ്‌ട്രമാണ്‌. 19-ാം ശതകത്തിന്റെ രണ്ടാം പകുതിയിലാണ്‌ എസ്‌തോനിയന്‍സ്‌ എന്ന പേര്‌ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്‌. റഷ്യന്‍ പുരാതനഗ്രന്ഥങ്ങളില്‍ എസ്‌തോനിയക്കാരെയും ബാള്‍ട്ടിക്‌-ഫിന്നിക്‌ വര്‍ഗക്കാരെയും മറ്റും ചുഡ്‌ എന്ന പേരിലാണ്‌ പരാമര്‍ശിച്ചിരുന്നത്‌. പുരാതനകാലത്ത്‌ ബാള്‍ട്ടിക്കില്‍ അധിവസിച്ചിരുന്ന "ചുഡ്‌' എന്നും "വോഡ്‌' എന്നും അറിയപ്പെട്ടിരുന്ന ഗിരിവര്‍ഗങ്ങളില്‍ നിന്നാണ്‌ എസ്‌തോനിയക്കാരുടെ ഉദ്‌ഭവം. സാംസ്‌കാരികമായി ഇവര്‍ അയല്‍വര്‍ഗങ്ങളായ "ലെറ്റ്‌സ്സി' നോടും ലിത്വാനിയന്‍സിനോടും വളരെയടുത്ത ബന്ധമുള്ളവരാണ്‌. ബാള്‍ട്ടിക്‌-ഫിന്നിക്‌ ഗിരിവര്‍ഗഭാഷാഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്‌ എസ്‌തോനിയന്‍ ഭാഷ രൂപം കൊണ്ടത്‌. 20-ാം ശതകത്തിന്റെ ആദ്യപകുതിയിലാണ്‌ എസ്‌തോനിയന്‍ ഭാഷയ്‌ക്ക്‌ സാഹിത്യനിലവാരം കൈവരിക്കാന്‍ കഴിഞ്ഞത്‌.

എസ്‌തോനിയനു പ്രധാനമായും മൂന്നുതരം ഭാഷാഭേദങ്ങളാണുള്ളത്‌: വടക്കുകിഴക്കന്‍ തീരദേശഭേദങ്ങള്‍, വടക്കന്‍ എസ്‌തോനിയന്‍ ഭാഷാഭേദം, തെക്കന്‍ എസ്‌തോനിയന്‍ ഭാഷാഭേദം. ഇവയില്‍ വടക്കന്‍ എസ്‌തോനിയനെയും തെക്കന്‍ എസ്‌തോനിയനെയും അടിസ്ഥാനമാക്കി രണ്ടുതരം സാഹിത്യഭാഷകള്‍ 16-ാം ശതകം മുതല്‍ നിലവില്‍ വന്നു. ഈ രണ്ടുതരം ഭാഷാ ഭേദങ്ങള്‍ക്കും രണ്ടു സമാന്തരഭാഷകള്‍ രൂപം കൊണ്ടു എന്നതാണ്‌ ആ കാലഘട്ടത്തില്‍ ഭാഷയുടെ വളര്‍ച്ചയിലുള്ള മറ്റൊരു പ്രത്യേകത. വടക്കന്‍ എസ്‌തോനിയന്‍ ഭാഷാഭേദം "ടാലിന്‍' എന്നും തെക്കന്‍ എസ്‌തോനിയന്‍ "ടാര്‍തു' എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. ഈ രണ്ടുതരം സമാന്തര ഭാഷകളും രണ്ടു സാഹിത്യഭാഷകളായി വളര്‍ന്നു വരികയും രണ്ടിനും വെണ്ണേറെ വ്യാകരണങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. രണ്ടു ഭാഷകളിലും പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു. കാലക്രമേണ വടക്കന്‍ എസ്‌തോനിയനു പ്രാധാന്യം കൂടി. ഈ അവസരത്തിലാണ്‌ എസ്‌തോനിയന്‍ റിപ്പബ്‌ളിക്‌ രൂപം കൊണ്ടതും ഒരൊറ്റ സാഹിത്യഭാഷയ്‌ക്കു വേണ്ടിയുള്ള വാദം ശക്തിപ്പെട്ടതും. ഉത്തരദക്ഷിണഭാഷകള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ ശക്തിപ്പെട്ടുവെങ്കിലും യഥാര്‍ഥത്തില്‍ ഒരൊറ്റ സാഹിത്യഭാഷ രൂപംകൊണ്ടത്‌ ഉത്തര എസ്‌തോനിയന്‍ ഭാഷാഭേദത്തെ അടിസ്ഥാനമാക്കി മാത്രമായിരുന്നു. ഈ സാഹിത്യഭാഷയ്‌ക്കു പ്രചാരം ലഭിക്കുകയും 19-ാം ശതകത്തിന്റെ അന്ത്യത്തില്‍ ഒരൊറ്റ ദേശീയ സാഹിത്യഭാഷയെന്ന നിലയിലെത്തുകയും ചെയ്‌തു. അത്‌ 20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി വര്‍ണവിന്യാസത്തിലും ഉച്ചാരണശുദ്ധിയിലും അടങ്ങിയിട്ടുള്ള തത്ത്വങ്ങളെ ഒരു വ്യവസ്ഥയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നു. സോവിയറ്റ്‌ അധികാര പ്രഖ്യാപനത്തിനുശേഷം സാഹിത്യഭാഷയുടെ വളര്‍ച്ചയ്‌ക്ക്‌ വളരെ അനുകൂലമായ സാഹചര്യമാണുണ്ടായിരുന്നത്‌. റഷ്യനില്‍ നിന്നും മറ്റും കടം കൊണ്ട നൂറുകണക്കിനു പുതിയ പദങ്ങള്‍കൊണ്ടു സാഹിത്യഭാഷ പരിപുഷ്‌ടമായി. കൂടാതെ എസ്‌തോനിയന്‍ സാഹിത്യകാരന്മാരും ഭാഷാശാസ്‌ത്രജ്ഞന്മാരും അവരുടെ ദേശീയ വളര്‍ച്ചയ്‌ക്കു വേണ്ട സംഭാവനകള്‍ നല്‌കുകയും ചെയ്‌തു.

എസ്‌തോനിയന്‍ പദസഞ്ചയം പുരാതന ഫിന്നോ-ഉഗ്രിക്‌, ബാള്‍ട്ടോ-ഫിന്നിക്‌, ജെര്‍മാനിക്‌, സ്ലാവിക്‌ മുതലായ ഭാഷകളില്‍ നിന്നു കടം കൊണ്ടതാണ്‌. അതോടൊപ്പം ജര്‍മനില്‍ നിന്നും റഷ്യനില്‍ നിന്നും മറ്റുഭാഷകളില്‍ നിന്നും പുതുതായി കടം കൊണ്ട ധാരാളം പദങ്ങളുമുണ്ട്‌ എസ്‌തോനിയനുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഭാഷ ഫിന്നിഷ്‌ ആണ്‌. ഹംഗേറിയനുമായും സോവിയറ്റ്‌ നാടിലെ മറ്റു പല ഭാഷകളുമായും ലഘുവായ ബന്ധം എസ്‌തോനിയനുണ്ട്‌.

സാഹിത്യം. നാടോടിഗാനങ്ങള്‍, യക്ഷിക്കഥകള്‍, പഴഞ്ചൊല്ലുകള്‍, വചനങ്ങള്‍, കെട്ടുകഥകള്‍ മുതലായവയാണ്‌ പ്രാരംഭത്തില്‍ എസ്‌തോനിയന്‍ സാഹിത്യത്തെ പരിപോഷിപ്പിച്ചിരുന്നത്‌. 13-ാം ശതകത്തില്‍ ജര്‍മനിയുടെയും ഡാനിഷ്‌ ഫ്യൂഡല്‍ പ്രഭുക്കളുടെയും ആധിപത്യം സാഹിത്യത്തിന്റെ വളര്‍ച്ചയെ മന്ദീഭവിപ്പിച്ചു. 19-ാം ശതകം വരെ എസ്‌തോനിയന്‍ ജനതയുടെ ആത്മീയ ജീവിതത്തിന്‌ ഉത്തേജനം നല്‌കിയതു നാടോടിസാഹിത്യമായിരുന്നു. 16-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ മതഗ്രന്ഥങ്ങളുടെ പ്രസിദ്ധികരണം ആരംഭിച്ചു. എസ്‌തോനിയന്‍ഭാഷയില്‍ ആദ്യത്തെ മതഗ്രന്ഥം 1525-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 19-ാം ശതകം വരെ മതഗ്രന്ഥങ്ങളുടെ മുന്നേറ്റം തുടര്‍ന്നു. എസ്‌തോനിയന്‍ ഭാഷയിലുള്ള ആദ്യത്തെ കലണ്ടര്‍ 1731-ല്‍ മുദ്രണം ചെയ്‌തു. 18-ാം ശതകത്തിന്റെ ആരംഭത്തില്‍ എസ്‌തോനിയ റഷ്യയുടെ അധീനതയിലായതോടെ സമാധാനപരമായ പുരോഗതിക്കു വഴിയൊരുക്കി. 19-ാം ശതകത്തില്‍ മികച്ച സാഹിത്യസൃഷ്‌ടികള്‍ക്കു സാക്ഷ്യം വഹിക്കുകയും ചെയ്‌തു. സാഹിത്യരംഗത്ത്‌ പ്രമുഖനായ ആദ്യത്തെ വ്യക്തി ജനാധിപത്യവാദിയും, വിദ്യാഭ്യാസപണ്‌ഡിതനുമായ എഫ്‌.ആര്‍.ഫേഹ്‌ല്‍മാന്‍ (1798-1850) ആയിരുന്നു. എസ്‌തോനിയന്‍ നാടോടി സാഹിത്യത്തിലേക്കു ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയും മികച്ച സാഹിത്യകാരനുമായ എഫ്‌. ആര്‍. ക്രായ്‌റ്റ്‌സ്‌വാല്‍ഡ്‌ (1803-82) രചിച്ച കലെവിപൊഗ്‌ (1857-61) എന്ന മഹാകാവ്യം നാടോടിസാഹിത്യത്തെ ആശ്രയിച്ചു രചിക്കപ്പെട്ടതാണ്‌. ഭാഷാശാസ്‌ത്ര പണ്‌ഡിതനായ ജെ. ഹുര്‍ത്‌ (1839-1905) നാടോടി സാഹിത്യ സമാഹരണത്തില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുകയുണ്ടായി.

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സി. ആര്‍. യാക്കോബ്‌സന്റെ ഉടമയില്‍ ആരംഭിച്ച സകാല (1878-82) എന്ന ദിനപത്രം സാമുഹിക പ്രവര്‍ത്തനരംഗത്തു വമ്പിച്ച ചലനമുളവാക്കി. ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട എസ്‌തോനിയന്‍ സാഹിത്യകാരന്മാരുടെ സംഘടന ഒരു പഠനകേന്ദ്രമായി പരിണമിച്ചു. ദേശഭക്തിയും, ഫ്യൂഡല്‍വിരുദ്ധചിന്താഗതികളും ഉള്‍ക്കൊണ്ട കവിതകളുടെ രചനയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച എല്‍. കൊയ്‌ദുല (1843-86) യുടെ കവിതാസമാഹാരമായ നൈറ്റിന്‍ഗേല്‍ ഒഫ്‌ ദി എമയൊഗില്‍ (1867) ഈ കാലഘട്ടത്തിലെ മികച്ച സാഹിത്യസൃഷ്‌ടിയാണ്‌. ദേശീയനവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഫ്യൂഡല്‍ വിരുദ്ധനോവലുകളില്‍ ഇ. ബോന്‍ഹോഹെ (1862-1923) യുടെ ദി അവെന്‍ജെര്‍ (1880) എന്ന കൃതി മുന്നിട്ടു നില്‌ക്കുന്നു.

1890-കളിലെ എസ്‌തോനിയന്‍ സാഹിത്യത്തില്‍ ക്രിട്ടിക്കല്‍ റിയലിസത്തിന്റെ സ്വാധീനം പ്രകടമാണ്‌. റൊമാന്റിസിസവും റിയലിസവും കലര്‍ന്ന കൃതികള്‍ പലതും ഈ കാലഘട്ടത്തില്‍ പ്രസിദ്ധീകൃതവുമായി. ജെ. താം (1861-1907), കെ. ഇ. സൂള്‍ (1862-1950), എ. ഹാവ (1864-1957) എന്നിവരുടെ കവിതകളിലും ജെ. ലിവി (1864-1913) ന്റെ ഗദ്യകൃതികളിലും ഈ സവിശേഷത പ്രകടമാണ്‌. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലെ സാമൂഹികപശ്ചാത്തലവും ജര്‍മന്‍, റഷ്യന്‍, ഫ്രഞ്ച്‌, സ്‌കാന്‍ഡിനേവിയന്‍ എന്നീസാഹിത്യങ്ങളുമായുള്ള സജീവബന്ധവും 1907-ലെ വിപ്ലവവും എസ്‌തോനിയന്‍ സാഹിത്യത്തിന്റെ പരിപോഷണത്തിനു വഴിയൊരുക്കി. ഇ. വില്‍ഡെ രചിച്ച ഇന്‍ എ ഹാര്‍ഷ്‌ ലാന്‍ഡ്‌ (1896), അയണ്‍ ഹാന്‍ഡ്‌സ്‌ (1898) എന്നീ നോവലുകള്‍ ക്രിട്ടിക്കല്‍ റിയലിസത്തിനു അടിത്തറ പാകി. ഇദ്ദേഹത്തിന്റെ ചരിത്രാഖ്യായികകള്‍-ദ്‌ വാര്‍ അറ്റ്‌ മാഹ്‌ത്ര (1902), എന്‍വോയ്‌സ്‌ ഫ്രം അനിജ (1903), ദ്‌ പ്രാഫെറ്റ്‌ മല്‍ത്‌സ്വെത്‌ (1905) എന്നിവ എസ്‌തോനിയന്‍ കര്‍ഷകരുടെ ജീവിതസമരങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്‌. ഇ. പിറ്റേര്‍സന്‍-സര്‍ഗവ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച അള്‍സേഴ്‌സ്‌ (1899-1901) എന്ന ചെറുകഥാസമാഹാരവും ഇത്തരമൊരു കൃതിയാണ്‌

വിപ്ലവകാലത്തു രൂപംകൊണ്ട എസ്‌തോനിയന്‍ തൊഴിലാളിവര്‍ഗസാഹിത്യത്തെ എച്ച്‌. പെഗല്‍മന്‍ (1875-1938)-ന്റെ കവിതകളും ലേഖനങ്ങളും പരിപോഷിപ്പിച്ചു. പി. സ്യൂത്‌സിന്റെ (1883-1956) കവിതകളിലും എഫ്‌. തുഗ്ലസി (1886-97) ന്റെ ഗദ്യകൃതികളിലും വിപ്ലവാത്മകകാല്‌പനികത (revolutionary romanticism) യാണ്‌ മുന്നിട്ടു നില്‌ക്കുന്നത്‌. സാഹിത്യനിലവാരം വര്‍ധിപ്പിക്കുവാനും അന്തര്‍ദേശീയ സാഹിത്യബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും ഈ സാഹചര്യം കളമൊരുക്കി.

1907-ലെ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ട ശേഷം ഇയോ റൊമാന്റിസിസവും ഇംപ്രഷനിസവും വളരുകയും ക്രിട്ടിക്കല്‍ റിയലിസത്തിനു പ്രാമുഖ്യം വര്‍ധിക്കുകയും ചെയ്‌തു. തുഗ്ലസിന്റെ ഹവര്‍ഗ്‌ളാസ്‌ (1913) എന്ന ചെറുകഥസമാഹാരവും എ. കിത്‌സബേര്‍ഗിന്റെ ദ്‌ വെയര്‍ വൂള്‍ഫ്‌ (1912) എന്ന നാടകവും വില്‍ഡെയുടെ ദ്‌ ഹൗസ്‌ ഒഫ്‌ സ്‌പിരിറ്റ്‌ (1913) എന്ന നോവലും ഈ കാലഘട്ടത്തിലുണ്ടായ മികച്ച കൃതികളാണ്‌. ജെ. ലിവിന്റെ യഥാതഥകവിതകളും പ്രതേ്യകം ശ്രദ്ധേയമാണ്‌.

1917-ല്‍ സാര്‍ ഭരണകൂടത്തിന്റെ നിഷ്‌കാസനത്തെ എസ്‌തോനിയന്‍ സാഹിത്യകാരന്മാര്‍ സ്വാഗതം ചെയ്‌തുവെങ്കിലും എസ്‌തോനിയയിലെ റഷ്യന്‍ ആധിപത്യത്തെ അവരിലൊരു വിഭാഗം എതിര്‍ക്കുകയാണുണ്ടായത്‌. ആദു (1884-1939), വി. കിംഗിസെപ്പ്‌ (1888-1922), പെഗല്‍മന്‍ തുടങ്ങിയവര്‍ വിപ്ലവപക്ഷത്ത്‌ കാലുറപ്പിച്ചപ്പോള്‍ പ്രസിദ്ധരായ മറ്റു പല സാഹിത്യകാരന്മാരും പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളുടെ സ്വാധീനത്തിനു വഴിങ്ങിക്കൊടുത്തു.

എസ്‌തോനിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന്‌ 1919-ല്‍ ഒരു ബൂര്‍ഷ്വാഗവണ്മെന്റ്‌ അധികാരത്തില്‍ വന്നു. തുടര്‍ന്ന്‌ വിപ്ലവസാഹിത്യകൃതികളുടെ പ്രസിദ്ധികരണം പരിമിതപ്പെടുത്തുകയും അവയില്‍ പലതും സോവിയറ്റു യൂണിയനില്‍ നിന്ന്‌ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തു. അതോടെ ലെനിന്‍ഗ്രാദ്‌ എസ്‌തോനിയന്‍ വിപ്ലവസാഹിത്യകാരന്മാരുടെ ആസ്ഥാനമായി മാറി. ജെ. മദറിക്‌ എന്ന സാഹിത്യകാരന്‍ എസ്‌തോനിയയിലെ ജയില്‍വാസകാലത്തു രചിച്ച ഓവര്‍ ത്രാവേഴ്‌സ്‌ (1929) എന്ന നോവല്‍ ലെനിന്‍ഗ്രാദിലാണു പ്രസിദ്ധീകരിച്ചത്‌.

എസ്‌തോനിയയിലെ ബൂര്‍ഷ്വാസാഹിത്യത്തിനെതിരായ ഒരു പ്രവണത ആദ്യം മുതല്‌ക്കേ കണ്ടു വന്നിരുന്നു. ജര്‍മന്‍ എക്‌സ്‌പ്രഷനിസത്തിന്റെ സ്വാധീനം ഈ പ്രവണതയ്‌ക്കു പിന്നില്‍ കാണാം. കാലഘട്ടത്തിന്റെ ഗാനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗം കവിതകള്‍ രചിച്ചവരില്‍ ജെ. കാര്‍നെര്‍ (1891-1958), എ. അലെ (1890-1952), ജെ. ബര്‍ബാറൂസ്‌ (1890-1946) എന്നിവര്‍ മുന്നിട്ടു നില്‌ക്കുന്നു. ഗദ്യസാഹിത്യത്തില്‍ ഇംപ്രഷനിസവും സിംബലിസവും ക്രമേണ റിയലിസത്തിനു വഴി മാറിക്കൊടുത്തു. എ.എച്ച്‌. തമസാറെ (1878-1940), എം. മെത്‌സാനുര്‍ക്‌ (1870-1957) എന്നിവരുടെ രചനകളില്‍ ഈ മാറ്റം പ്രകടമാണ്‌. 1922-ല്‍ രൂപം കൊണ്ട എസ്‌തോനിയന്‍ സാഹിത്യകാരസംഘം ലൂമിങ്‌ എന്ന പേരില്‍ ഒരു സാഹിത്യമാസിക പ്രസിദ്ധപ്പെടുത്തി.

എം. മെത്‌സാനുര്‍ക്‌

1920-കളില്‍ ബര്‍ബാറൂസ്‌, അലെ, സെംപെര്‍, ഉന്ദെര്‍ തുടങ്ങിയവര്‍ രചിച്ച കവിതകളില്‍ സാമുഹികാസമത്വമായിരുന്നു മുഖ്യപ്രതിപാദ്യവിഷയം. ഗദ്യസാഹിത്യകാരന്മാര്‍ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതപ്രശ്‌നങ്ങള്‍ യഥാതഥമായി ചിത്രീകരിച്ചു. ഒ. ലുത്‌സ്‌ (1889-1953), പി. വലക്‌ (1893-1959) എന്നിവര്‍ ഈ രംഗത്തു മുന്നിട്ടു നില്‌ക്കുന്നു. തമസാറെയുടെ ട്രൂത്ത്‌ ആന്‍ഡ്‌ ജസ്റ്റിസ്‌ (1926-33), മെത്‌സാനുര്‍കിന്റെ റെഡ്‌ വിന്‍ഡ്‌ (1928), എ. യാക്കോബ്‌സന്റെ സെറ്റില്‍മെന്റ്‌ ഒഫ്‌ പുവര്‍ സിന്നേഴ്‌സ്‌ (1927), ആര്‍. സോര്‍ഗിന്റെ പീസ്‌! ബ്രഡ്‌! ലാന്‍ഡ്‌! (1929) എന്നീ നോവലുകള്‍ ഈ കാലഘട്ടത്തിലെ മികച്ച കൃതികളാണ്‌.

നാടകസാഹിത്യരംഗത്ത്‌ എച്ച്‌. റവൂദ്‌സെപ്പ്‌ (1883-1952) രചിച്ച നാടകങ്ങള്‍ വമ്പിച്ച പ്രചാരം നേടി. യുവസാഹിത്യകാരന്മാരില്‍ മുന്നിട്ടു നിന്നത്‌. ജെ. പരിയോഗി (1892-1941) ആയിരുന്നു. തമസാറെയുടെയും യാക്കോബ്‌സണിന്റെയും നോവലുകളിലും കാര്‍ണര്‍ ബര്‍ബാറൂസ്‌ സ്യൂതിസ്‌തെ എന്നിവരുടെ കവിതകളിലും സാമുഹികവിമര്‍ശനത്തിനാണു പ്രാധാന്യം കല്‌പിക്കപ്പെട്ടത്‌. ഫാസിസത്തിനെതിരെ പല പ്രമുഖ സാഹിത്യകാരന്മാരും ഈ കാലഘട്ടത്തില്‍ തൂലിക ചലിപ്പിക്കുകയുണ്ടായി. 1934-ല്‍ ഭരണരംഗത്തുണ്ടായ അട്ടിമറിയും അതേത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന ബൂര്‍ഷ്വാഭരണകൂടവും ദേശീയതയുടെ പേരില്‍ ബൂര്‍ഷ്വസാഹിത്യത്തെ പ്രാത്സാഹിപ്പിച്ചു. കിവിക്‌സ്‌, വിസ്‌നപൂ, ഗയ്‌ലിത്‌ തുടങ്ങിയവര്‍ ബൂര്‍ഷ്വസാഹിത്യത്തെ പരിപോഷിപ്പിച്ചവരില്‍ പ്രമുഖരാണ്‌. 1930-കളില്‍ കൂടുതല്‍ പ്രാമുഖ്യം നേടിയ സാഹിത്യശാഖ നോവലായിരുന്നു. യാക്കോബ്‌സന്‍, റവൂദ്‌, കെ. റിസ്‌തികവി മുതലായവരുടെ യഥാതഥ നോവലുകള്‍ ഇക്കാലത്തു പ്രകാശിതമായി. റിയലിസ്റ്റ്‌കവികളുടെ കൂട്ടത്തില്‍ പ്രമുഖര്‍ ബര്‍ബാറൂസ്‌, കാര്‍നര്‍, സെംപര്‍, അലെ, സ്യൂതിസ്‌തെ, അല്‍വെര്‍, മെറിലാസ്‌ എന്നിവരായിരുന്നു. തമസാറെ രചിച്ച ന്യൂ ഡെമന്‍ ഫ്രം ഹെല്‍ (1939) എന്ന നോവലും ഇ. തംലാന്‍ രചിച്ച ദി അയണ്‍ ഹോം (1938) എന്ന നാടകവും ഈ ദശകങ്ങളിലെ സവിശേഷതയാര്‍ന്ന കൃതികളാണ്‌.

1940-ല്‍ സോവിയറ്റ്‌ ഭരണകൂടം പുനഃസ്ഥാപിതമായതോടെ എസ്‌തോനിയന്‍ സാഹിത്യം വളര്‍ച്ചയുടെ പുതിയൊരു യുഗത്തിലേക്കു കടന്നു. ജനകീയ സാഹിത്യകാരന്മാരായ ബര്‍ബാറുസ്‌, സെംപെര്‍, കാര്‍നെര്‍, സ്യുതിസ്‌നെ, അലെ മുതലായവര്‍ സോഷ്യലിസ്റ്റുകളായി മാറി. 1941-45 കാലഘട്ടത്തിലെ ദേശഭക്തി യുദ്ധത്തില്‍ ജര്‍മന്‍ ഫാസിസത്തിനെതിരായ സമരത്തില്‍ സാഹിത്യകാരന്മാര്‍ സജീവപങ്കാളികളായി. മറ്റുപല പ്രദേശങ്ങളിലേക്കും മാറിപ്പോകേണ്ടി വന്ന സാഹിത്യകാരന്മാര്‍ അവിടെയും സാഹിത്യരചന തുടര്‍ന്നു. ഫാസിസത്തിനെതിരെ ദേശസ്‌നേഹം തുളുമ്പുന്ന കവിതകള്‍ രചിക്കുന്നതില്‍ സോഷ്യലിസ്റ്റു സാഹിത്യകാരന്മാര്‍ മുന്നിട്ടു നിന്നു. ജര്‍മന്‍ അധീനതയിലുള്ള എസ്‌തോനിയയില്‍ ഉറച്ചുനിന്ന്‌ സാഹിത്യരചന നടത്തിയവര്‍ പലവിധ പീഡനങ്ങള്‍ക്കും വിധേയരായി. ജര്‍മന്‍ ഫാസിസത്തിനു സ്‌തുതി പാടാന്‍ ഒരുങ്ങിയവര്‍ യുദ്ധാവസാനത്തോടെ നാടുവിട്ടു.

മഹായുദ്ധത്തിനുശേഷം സാഹിത്യകാരന്മാര്‍ സോഷ്യലിസ്റ്റു റിയലിസത്തിന്റെ പേരില്‍ സംഘടിക്കുകയുണ്ടായി. തുടര്‍ന്ന്‌ സോവിയറ്റ്‌ എസ്‌തോനിയന്‍ സാഹിത്യത്തിനു പുതിയൊരു രൂപവും ഭാവവും കൈവന്നു. യാക്കോബ്‌സന്റെ നോവലുകളും സെംപര്‍, ഹിന്‍ത്‌ എന്നിവരുടെ നാടകങ്ങളും 1940-കളിലെ മികച്ച കൃതികളാണ്‌. ഗദ്യ സാഹിത്യകാരനായ മനിക്‌ യുദ്ധകാലത്തെ മനുഷ്യസ്വഭാവത്തെ ആധാരമാക്കി മികച്ച രചനകള്‍ നടത്തി. ലെബെറെഹ്‌തിന്റെ നോവലുകളിലും ചെറുകഥകളിലും റനെതിന്റെ ലേഖനങ്ങളിലും യുദ്ധാനന്തര എസ്‌തോനിയന്‍ ഗ്രാമജീവിതത്തിലെ പരിവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നു. വാറന്ദി, റൗദ്‌, സ്‌മൂല്‍ എന്നിവര്‍ രചിച്ച കവിതകളും ഈ കാലഘട്ടത്തിലെ ശ്രദ്ധേയങ്ങളായ സാഹിത്യസൃഷ്‌ടികളാണ്‌. 1955-ല്‍ സ്‌മൂല്‍ പ്രസിദ്ധീകരിച്ച ലെറ്റേഴ്‌സ്‌ ഫ്രം ദ്‌ വില്ലേജ്‌ ഒഫ്‌ സൊഗദാ (1955) എന്ന കൃതി സോവിയറ്റ്‌ എസ്‌തോനിയന്‍ സാഹിത്യത്തിനു പുതിയൊരു മാനം കാഴ്‌ചവച്ചു. 50-കളിലെ മികച്ച നോവലുകള്‍ പലതും വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ്‌. ഹിന്‍ത്‌ രചിച്ച ദ്‌ വിന്‍സികോസ്റ്റ്‌ (1956), ക്രൂസ്റ്റെന്‍ രചിച്ച ദ്‌ ഹേട്‌സ്‌ ഒഫ്‌ ദ്‌ യങ്‌ (1956), സിര്‍ഗെയുടെ ദ്‌ ലാന്‍സ്‌ ആന്‍ഡ്‌ ദ്‌ പീപ്പിള്‍, സെംപെറുടെ റെഡ്‌ കാര്‍നേഷന്‍സ്‌ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. എസ്‌തോനിയന്‍ ജനതയുടെ വര്‍ഗസമരചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കൃതികളാണവ.

കുസ്‌ബെര്‍ഗ്‌

1960-കളിലും 70-കളിലും പുതിയ രചനാരീതികളും പ്രതിപാദ്യങ്ങളും അരങ്ങേറി. സ്‌മൂല്‍ രചിച്ച ഐസ്‌ ബുക്ക്‌ (1959) എന്ന കൃതിക്ക്‌ സോവിയറ്റ്‌ യൂണിയനില്‍ വമ്പിച്ച പ്രചാരം ലഭിച്ചു. മനഃശാസ്‌ത്ര നോവലുകളും സാമൂഹിക നോവലുകളും ചരിത്ര നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടു. കുസ്‌ബെര്‍ഗിന്റെ ഇന്‍ ദ്‌ ഹീറ്റ്‌ ഒഫ്‌ സമ്മര്‍ (1966), റെയിന്‍ ഡ്രാപ്‌സ്‌ (1976), പ്രാമ്‌തിന്റെ വില്ലേജ്‌ വിത്ത്‌ ഔട്ട്‌മെന്‍ (1962), തൂലികിന്റെ ടോസ്‌ഡ്‌ എബൗട്ട്‌ ഇന്‍ ദ്‌ വാര്‍ (1974), വെക്ക്‌മാന്‍ രചിച്ച ആന്‍ഡ്‌ എ ഹന്‍ഡ്രഡ്‌ ഡെത്ത്‌ (1978) എന്നീ നോവലുകള്‍ ഇവയില്‍ മുന്നിട്ടു നില്‌ക്കുന്നു. റനെത്‌ രചിച്ച, സ്റ്റോണ്‍സ്‌ ആന്‍ഡ്‌ ബ്രഡ്‌ (1950) എന്ന നോവലില്‍ 1950-കളിലെ എസ്‌തോനിയന്‍ ഗ്രാമീണജീവിതത്തിന്റെ പ്രതിഫലനമാണു കാണുന്നത്‌.

ഇതേ കാലഘട്ടത്തില്‍ സാഹിത്യജീവിതം ആരംഭിച്ച എം. ഉന്റ്‌, ഇ.വെതമാ, എം. റ്റ്‌റാറ്റ്‌, ബെക്‌മന്‍ മുതലായവര്‍ നവീന സാഹിത്യ രചനാസമ്പ്രദായങ്ങള്‍ പരീക്ഷണവിധേയമാക്കി. ബിറ്റ്‌വീന്‍ ത്രീ പ്ലേഗ്‌സ്‌ (1970-75) എന്ന ചരിത്ര നോവല്‍ ജെ.ക്രാസിനെ പ്രതേ്യകം ശ്രദ്ധേയനാക്കി. സാഹിത്യമേന്മയുള്ള ലേഖനങ്ങള്‍ രചിക്കുന്നതില്‍ മുന്നിട്ടുനിന്നവരില്‍ മെറി, കൂസ്‌ബെര്‍ഗ്‌, പ്രാമെറ്റ്‌, വാല്‍റ്റൊന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. വാറന്ദി, സെംപര്‍, സംഗ്‌, അല്‍വെര്‍, ബെക്‌മന്‍, ക്രാസ്‌, കാലെപ്‌ എന്നിവര്‍ കവിതാസാഹിത്യത്തെ പരിപോഷിപ്പിച്ചവരില്‍ പ്രമുഖരാണ്‌. റുമോ, റ്റ്‌റാറ്റ്‌, സീഗ്‌, റീമെല്‍, ലൂയിക്‌ എന്നീ യുവ സാഹിത്യകാരന്മാരും കാവ്യരചനയില്‍ പ്രാഗല്‌ഭ്യം തെളിയിച്ചവരാണ്‌.

സാമൂഹികവും മനഃശാസ്‌ത്രപരവുമായ നാടകങ്ങള്‍ രചിക്കുന്നതില്‍ എസ്‌തോനിയന്‍ നാടകകൃത്തുക്കള്‍ പ്രതേ്യക താത്‌പര്യം പ്രദര്‍ശിപ്പിച്ചിരുന്നു.1950-കളിലും 60-കളിലുമാണ്‌ മികച്ച നാടകങ്ങള്‍ പലതും രചിക്കപ്പെട്ടത്‌. യാക്കോബ്‌സണ്‍ രചിച്ച ദ്‌ ഓള്‍ഡ്‌ ഓക്‌ (1954), റനെതിന്റെ കോണ്‍ഷ്യന്‍സ്‌ (1956), ദ്‌ ക്രിമിനല്‍ റ്റാന്‍ഗോ (1968) സ്‌മൂലിന്റെ ദ്‌ കേണല്‍സ്‌ വിഡോ (1966) എന്നീ നാടകങ്ങള്‍ എടുത്തു പറയത്തക്കവയാണ്‌. ലിവെസ്‌, വെറ്റെമ, ഉന്റ്‌, യൂറിതുലിക്‌ എന്നിവരുടെ നാടകങ്ങളും ശ്രദ്ധേയങ്ങളാണ്‌. ബെക്‌മന്‍, പര്‍വെ, കബുര്‍, റനമ, പുക്‌റൗദ്‌, നീറ്റ്‌ എന്നിവരാണ്‌ ബാലസാഹിത്യ രചനയില്‍ പ്രശസ്‌തി നേടിയവര്‍.

ഒരു സംഘം സാഹിത്യകാരന്മാര്‍ എസ്‌തോനിയന്‍സാഹിത്യചരിത്രം അഞ്ചുവാല്യങ്ങളിലായി തയ്യാറാക്കിയിട്ടുണ്ട്‌. തുഗ്ലസ്‌, അനിസ്റ്റ്‌, ഉര്‍ഗര്‍റ്റ്‌ എന്നിവരുടെ നിരൂപണകൃതികളും എസ്‌തോനിയന്‍ സാഹിത്യത്തിന്‌ മുതല്‍ക്കൂട്ടാണ്‌. ആയിരത്തിലേറെ ക്ലാസ്സിക്‌ കൃതികളും മറ്റ്‌ സോവിയറ്റ്‌ ഗ്രന്ഥങ്ങളും എസ്‌തോനിയന്‍ ഭാഷയിലേക്കു തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്‌. അഞ്ഞൂറിലേറെ എസ്‌തോനിയന്‍ സാഹിത്യകൃതികള്‍ റഷ്യന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

1990-കളില്‍ മുന്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ എസേ്‌താനിയ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ഇക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ട ഹമിന്‍ടോഡിന്റെ ബോര്‍ഡര്‍ സ്റ്റേറ്റ്‌ എന്ന കൃതി എസേ്‌താനിയന്‍ സാഹിത്യത്തില്‍ ഒരു നാഴികകല്ലായി മാറി. ജാന്‍ ഉണ്‍ഡുസ്‌ക്‌, വിവിലൂയിക്‌ (കവിത) ആന്‍ഡ്രൂകിവിറാക്‌, പീറ്റര്‍ സാട്ടര്‍ (ഗദ്യം) മുതലായവരുടെ രചനകള്‍ ആധുനിക എസ്‌തോനിയന്‍ സാഹിത്യത്തെ പരിപോഷിപ്പിച്ചു. ജാന്‍ക്രാസ്‌, ജാന്‍കപ്‌ലിന്‍സ്‌കി എന്നിവരുടെ കഥകളും നോവലുകളും മറ്റു പലഭാഷകളിലേക്കും തര്‍ജുമചെയ്യപ്പെട്ടു. ജാന്‍ക്രാസ്‌ എന്ന സാഹിത്യകാരന്‍ പലതവണ നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടുകയുണ്ടായി.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ എസ്‌തോനിയന്‍ സാഹിത്യം ഏറെ പരിപുഷ്‌ടി പ്രാപിച്ചു. ചാഹന്‍ഡറിന്റെ ഔട്ട്‌ ഓഫ്‌ കണ്‍ട്രാള്‍ (2008), പീറ്റര്‍ ഹെല്‍മ്‌ഡിന്റെ സെപ്‌തംബര്‍ (2009) എന്നീ നോവലുകള്‍ നിരൂപകരുടെ പ്രശംസനേടിയവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍