This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌തേവ്‌, മൗറീസ്‌ (1904 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌തേവ്‌, മൗറീസ്‌ (1904 - 2001)

Esteve Maurice

മൗറീസ്‌ എസ്‌തേവ്‌

ഫ്രഞ്ച്‌ ചിത്രകാരന്‍. 1904-ല്‍ കുലാന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. പ്രാരംഭശിക്ഷണം പാരീസിലെ വിവിധ അക്കാദമികളില്‍ നിര്‍വഹിച്ചു. 1938 വരെ പാരിസിലെ "സലോണ്‍ ദെ സറിന്‍ഡിപെന്‍ഡാന്‍'(Salon des Surindependants)പ്രദര്‍ശനത്തില്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന്റെ രചനകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട്‌ 1961-ല്‍ ബേസലിലെ കുന്‍സ്റ്റാളില്‍ ഈ ചിത്രങ്ങളുടെ പുനര്‍പ്രദര്‍ശനം നടത്തുകയുണ്ടായി.

1924-29 വരെ വാന്‍ ഗോഗ്‌, സെസാന്‍ എന്നിവരുടെ മാത്രമല്ല, പ്രമുഖരായ ചില സര്‍ റിയലിസ്റ്റു ചിത്രകാരന്മാരുടെയും രചനകളില്‍ ഇദ്ദേഹം ആകൃഷ്‌ടനായി. അവരെ അനുകരിച്ച്‌ ചിത്രരചന നിര്‍വഹിക്കുന്നതില്‍ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1935-ന്‌ ശേഷം ഇദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങള്‍ ഏറിയപങ്കും യഥാതഥ്യശൈലിയില്‍ നിന്നും വ്യതിരിക്തമായി വിഷയാധിഷ്‌ഠിതസ്വഭാവമുള്ളവയായിരുന്നു. ഇവയില്‍ രൂപങ്ങളുടെയും വര്‍ണങ്ങളുടെയും സമഞ്‌ജസമായ സമ്മേളനം പ്രകടമായി കാണാം. ദി ഇന്റീരിയേഴ്‌സ്‌ (1942) എന്ന ചിത്രം ഇതിനുദാഹരണമാണ്‌. 1944-നു ശേഷം എസ്‌തേവ്‌, തന്റെ ചിത്രരചനാ ശൈലിയുടെ പൊതുനിലവാരത്തിനു കോട്ടം വരുത്താതെ അതിന്റെ ഘടനയില്‍ അയവുവരുത്തി. രചനാവൈഭവത്തിനും വര്‍ണ പ്രയോഗ വൈദഗ്‌ധ്യത്തിനും പ്രശസ്‌തിയാര്‍ജിച്ച ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ 1947-നു ശേഷം ക്രമേണ മൂര്‍ത്തങ്ങളായ ലൗകികാശയങ്ങളെ വിട്ട്‌, സാങ്കല്‌പികങ്ങളും, ഭാവനാ പ്രസൂതങ്ങളുമായ വിഷയങ്ങളെ ആധാരമാക്കിത്തുടങ്ങി. ഇദ്ദേഹത്തിന്റെ ലിത്തോഗ്രാഫര്‍ (1950) എന്ന ചിത്രം ഇതിനുദാഹരണമാണ്‌.

ആന്തരിക പ്രരണയനുസരിച്ചും എന്നാല്‍ അതിനെ മാത്രം പൂര്‍ണമായി ആശ്രയിക്കാതെയും ഭാവിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ടുള്ള പുരോഗമനോന്മുഖമായ ഒരു ശൈലിയാണ്‌ എസ്‌തേവ്‌ സ്വീകരിച്ചത്‌. പുതുമയെത്തേടി മുന്നാക്കം പായുന്ന പ്രതിഭയുടെ അദമ്യമായ സര്‍ഗശക്തിയില്‍ നിന്നു രൂപമെടുത്തതും അതുല്യവും വാസനാസമ്പൂര്‍ണവുമായ നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ പ്രമുഖരായിരുന്ന ഫ്രഞ്ച്‌ ചിത്രകലാകാരന്മാരില്‍ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കിവരുന്നു.

2001 ജൂലൈ 29-ന്‌ കുലാനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍