This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌ക്വിവെൽ, അഡോള്‍ഫോ പെരെസ്‌ (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌ക്വിവെല്‍, അഡോള്‍ഫോ പെരെസ്‌ (1931 - )

Esquivel, Adolfo Perez

അഡോള്‍ഫോ പെരെസ്‌

നോബല്‍സമ്മാനജേതാവായ അര്‍ജന്റീനിയന്‍ വാസ്‌തുവിദ്യാ ശില്‌പിയും പസിഫിസ്റ്റും. 1931 ന. 26-ന്‌ ബ്യൂണസ്‌ ഐറിസില്‍ ജനിച്ചു. സ്‌പാനിഷ്‌ കുടിയേറ്റ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയായിരുന്നു പിതാവ്‌. എസ്‌ക്വിവെലിന്‌ മൂന്ന്‌ വയസ്സുള്ളപ്പോള്‍ത്തന്നെ മാതാവ്‌ മരണമടഞ്ഞിരുന്നു.

തികഞ്ഞ ദാരിദ്ര്യത്തിലും കഷ്‌ടപ്പാടുകളിലുമാണ്‌ എസ്‌ക്വിവെല്‍ ബാല്യകാലം ചെലവിട്ടത്‌. എങ്കില്‍കൂടി ഇദ്ദേഹത്തിന്‌ മാന്വല്‍ ബെല്‍ഗ്രാനോ ലളിതകലാവിദ്യാലയത്തിലും തുടര്‍ന്ന്‌ ലാപ്ലാറ്റാ ദേശീയ സര്‍വകലാശാലയിലും പഠനം നടത്താന്‍ അവസരം ലഭിക്കുകയുണ്ടായി. വാസ്‌തുവിദ്യയിലും ശില്‌പനിര്‍മാണകലയിലും അസാമാന്യമായ വൈദഗ്‌ധ്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ രംഗത്ത്‌ വിദഗ്‌ധപഠനം നടത്തി, പ്രാഫസര്‍ പദവി വരെ കൈവരിച്ച ഇദ്ദേഹം 25 വര്‍ഷത്തോളം പ്രാഥമികവും മധ്യമവുമായ സര്‍വകലാശാലാതലങ്ങളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. വിവിധ ശില്‌പകലാസങ്കേതങ്ങളില്‍ സ്വരൂപിച്ച മികവ്‌ പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

1960-കളില്‍ ഇദ്ദേഹം ലാറ്റിന്‍അമേരിക്കന്‍ ക്രസ്‌തവ പസിഫിസ്റ്റുസംഘടനകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു. 1974-ല്‍ അധ്യാപകവൃത്തി ഉപേക്ഷിക്കുകയും, ദാരിദ്ര്യമനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ലാറ്റിന്‍അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശൃംഖലയുടെ ഏകോപനച്ചുമതല ഏറ്റെടുക്കുകയും ചെയ്‌തു. 1976 മാര്‍ച്ചില്‍ ഒരു പട്ടാള അട്ടിമറിയെത്തുടര്‍ന്ന്‌ ജനറല്‍ ഹോര്‍ഹെ വിഡേല ഏകാധിപതിയായി പരിണമിച്ചപ്പോള്‍ വ്യത്യസ്‌ത സംഘട്ടനങ്ങളില്‍ ഉള്‍പ്പെട്ടു ദുരന്താനുഭവങ്ങള്‍ക്കിരയായ കുടുംബങ്ങളുടെ ക്ഷേമത്തിനും മനുഷ്യാവകാശസംരക്ഷണത്തിനുമായി നിലകൊണ്ട സംഘടനകള്‍ക്കു സഹായമെത്തിക്കാന്‍ മുന്‍കൈെയടുത്തു. ഈ വേളയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട "എന്‍.ജി.ഒ.' എന്ന പ്രസ്ഥാനം, മനുഷ്യാവകാശ പ്രക്ഷോഭപരിപാടികളിലൂടെ പട്ടാളദുഷ്‌ഭരണത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ അന്താരാഷ്‌ട്രതലത്തില്‍ത്തന്നെ അഭിപ്രായസമന്വയം രൂപീകരിച്ചെടുക്കാന്‍ പരിശ്രമിക്കുകയുണ്ടായി. 1975-ല്‍ ബ്രസീലിയന്‍ സൈനിക പൊലീസ്‌ വിഭാഗം ഇദ്ദേഹത്തെ തടവറയിലാക്കി. 1976-ല്‍ ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരോടൊപ്പം വടക്കേഅമേരിക്കയിലെ ഇക്വഡോര്‍ ജയിലില്‍ ഇദ്ദേഹത്തെ പാര്‍പ്പിക്കുകയുമുണ്ടായി. 1977-ല്‍ ബ്യൂണസ്‌ ഐറിസിലേക്ക്‌ മാറ്റപ്പെട്ട എസ്‌ക്വിവെലിനെ അതിക്രൂരമായി പീഡിപ്പിക്കുകയും 14 മാസക്കാലത്തോളം വിചാരണ നടത്താതെതന്നെ കാരാഗൃഹവാസത്തിലാക്കുകയും ചെയ്‌തു.

ലാറ്റിന്‍അമേരിക്കന്‍ സമാധാന നിയമഫൗണ്ടേഷന്‍, അന്താരാഷ്‌ട്ര മനുഷ്യാവകാശ സംരക്ഷണലീഗ്‌ എന്നിവയുടെ ബഹുമാന്യ പ്രസിഡന്റുപദവി വഹിച്ചിട്ടുണ്ട്‌. പെര്‍മനന്റ്‌ പീപ്പിള്‍സ്‌ ട്രബ്യൂണലിലെ സജീവാംഗവുമായിരുന്നു ഇദ്ദേഹം. എസ്‌ക്വിവെലിന്‌ പോപ്പ്‌ ജോണ്‍പോള്‍ XXIII സ്‌മാരകസമ്മാനം ലഭിച്ചു. മനുഷ്യാവകാശ ധ്വംസന ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധയത്‌നത്തിന്റെ പേരില്‍ 1980-ല്‍ ഇദ്ദേഹത്തിന്‌ നോബല്‍സമ്മാനം ലഭിച്ചു.

2010-ല്‍ ഇദ്ദേഹം കുട്ടികളെ അര്‍ധസൈനികസദൃശമായ പരിശീലന വിധേയരാക്കുന്ന ഭരണസംവിധാനത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള അവസ്ഥയെ നാസിജര്‍മനിയിലെ യുവജനങ്ങളുടെ നിര്‍ബിന്ധിത സേവനപരിപാടികളോടാണ്‌ ഉപമിച്ചത്‌. അഹിംസ ഒരു ആദര്‍ശനിഷ്‌ഠയായി കൈക്കൊണ്ടു നടത്തിയ ലാറ്റിന്‍അമേരിക്കന്‍ പോരാട്ടങ്ങളുടെ അനുഭവങ്ങള്‍, ഇദ്ദേഹം രചിച്ച വാക്കിങ്‌ റ്റുഗെദര്‍ വിത്ത്‌ ദ്‌ പീപ്പിള്‍ എന്ന പുസ്‌തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍