This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കിമോ നായ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌കിമോ നായ്‌

Eskimo Dog

എസ്‌കിമോ നായ്‌

ഗ്രീന്‍ലാന്‍ഡ്‌, ലാബ്രഡോര്‍ എന്നിവിടങ്ങളിലും വടക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും കാണപ്പെടുന്ന ഒരിനം നായ്‌. വിരിഞ്ഞ നെഞ്ചോടുകൂടിയ ഇവ അതീവശക്തിയുള്ള ഇനമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. ഈ ഇനത്തിന്റെ ശരീരം വളരെ കട്ടികൂടിയ രോമസ്‌തരത്താല്‍ മൂടപ്പെട്ടിരിക്കും. സാധാരണ രണ്ട്‌ അട്ടിയായാണ്‌ രോമം കാണപ്പെടുക; നീണ്ടു മുഷിഞ്ഞ രോമം പുറമേയും കട്ടികൂടി മൃദുവായ രോമം അതിനുള്ളിലും. ചെറുതും നിവര്‍ന്നു നില്‌ക്കുന്നതുമായ ചെവി, പുറത്തു കുറുകെയായി ചുരുട്ടിവച്ചിട്ടുള്ള രീതിയില്‍ കാണപ്പെടുന്ന വാല്‍, രോമാവൃതമായ വലിയ കൈ-കാല്‍-പത്തികള്‍ (paws)എന്നിവ എസ്‌കിമോ നായുടെ പ്രതേ്യകതകളാണ്‌. 30-40 കിലോഗ്രാം വരെയാണ്‌ ഒരു സാധാരണ നായുടെ തൂക്കം; 50-65 സെ.മീ. ഉയരമുണ്ടാകും. നായുടെ കുരയെക്കാള്‍ ചെന്നായ്‌ "ഓലി'യിടുന്നതിനോടാണ്‌ ഇതിന്റെ ശബ്‌ദത്തിന്‌ കൂടുതല്‍ സാദൃശ്യം. ഇതിന്റെ അനന്യസാധാരണമായ ശക്തിയും ബുദ്ധിയുംമൂലം ശതാബ്‌ദങ്ങളായി ഈ ഇനത്തെ സ്‌ളെഡ്‌ വലിക്കുന്നതിനും ഭാരം ചുമക്കുന്നതിനുമായി ഉപയോഗിച്ചുവരുന്നു. വേട്ടനായും മനുഷ്യന്റെ വാത്സല്യപാത്രമായ വളര്‍ത്തുമൃഗവുമാണിത്‌. അമേരിക്ക പ്രഭവമായിട്ടുള്ളതും സ്‌ളെഡ്‌ വലിക്കുന്നതുമായ ഏതിനത്തിനും ഇപ്പോള്‍ എസ്‌കിമോ നായ്‌ എന്ന പേര്‌ നല്‌കിവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍