This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കിമോ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌കിമോ കല

ം== Eskimo Art ==

ആര്‍ട്ടിക്‌ മേഖലയില്‍പ്പെട്ട അമേരിക്കന്‍ ആദിവാസികളായ എസ്‌കിമോകളുടെ കല. വടക്കേ അമേരിക്ക, ഗ്രീന്‍ലാന്‍ഡ്‌, ലാബ്രഡോര്‍, അലാസ്‌കാ, അലൂഷ്യന്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങളില്‍ അതിപുരാതനകാലം മുതല്‌ക്കുതന്നെ ഇവര്‍ നിവസിച്ചുവരുന്നു. ഇവരുടെ ജീവിതരീതിക്കനുസരണമായി രൂപംപ്രാപിച്ച എസ്‌കിമോ കല വസ്‌ത്രാലങ്കാരങ്ങളിലും വിവിധ കമ്പിളിത്തുണിത്തരങ്ങള്‍ കൊണ്ടുവസ്‌ത്രങ്ങള്‍ നിര്‍മിക്കുന്നതിലും ഒതുങ്ങിനിന്നു. എങ്കിലും ദന്തം, മാന്‍കൊമ്പ്‌, വാല്‍റസ്സുകളുടെ തേറ്റ എന്നിവകൊണ്ടു നിര്‍മിച്ചിരിക്കുന്ന ഉപകരണങ്ങളും മോടിപിടിപ്പിക്കുന്നതിനായി അവയില്‍ ചെയ്‌തുവന്ന കൊത്തുപണികളും ചില ശില്‌പങ്ങളും എസ്‌കിമോ കലയില്‍പ്പെടുന്നവയായുണ്ട്‌. ഇവയില്‍ പല ഉപകരണങ്ങളും ആയുധങ്ങളും അവര്‍ അനുദിനജീവിതത്തില്‍ കണ്ടുവരാറുള്ള ജന്തുക്കളുടെ ആകൃതിയിലാണ്‌ നിര്‍മിച്ചിരുന്നത്‌.

"ഇനുവാ' എന്ന മുഖാവരണം

ബി.സി. 2000 കൊല്ലങ്ങള്‍ക്കുമുന്‍പുള്ളവയാണെന്നു കരുതപ്പെടുന്ന ഉപകരണങ്ങളില്‍നിന്നാണ്‌ എസ്‌കിമോകള്‍ നിര്‍മിച്ചിട്ടുള്ള ആദ്യകാല ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്‌. എസ്‌കിമോ ഉപകരണങ്ങളുടെ അലങ്കാരഭംഗിയും ശില്‌പവൈശിഷ്‌ട്യവും എ.ഡി. 1000-മാണ്ടുവരെ വളരെയൊന്നും വികസിച്ചിരുന്നില്ല. കാലക്രമേണ ഉപകരണങ്ങളുടെ ആവശ്യം വര്‍ധിച്ചതോടുകൂടി എസ്‌കിമോ കല അതിവേഗം വികസിച്ചു. മുഖാവരണങ്ങളും മറ്റും തടിയിലും അനുദിനജീവിതത്തില്‍ കാണുന്ന ജന്തുക്കളുടെ രൂപങ്ങള്‍ ദന്തത്തിലും കൊമ്പിലും കൊത്തിത്തുടങ്ങി. എസ്‌കിമോകള്‍ നിര്‍മിച്ച ഉപകരണങ്ങളില്‍ അനുഭവബോധത്തിന്റെയും ഭാവനാശക്തിയുടെയും പ്രതിഫലനം സ്‌പഷ്‌ടമായി കാണാന്‍ കഴിയുന്നു.

മതപരമായ ആഘോഷങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്ന "ഇനുവാ' (inua)എന്ന മുഖാവരണം എസ്‌കിമോ കലാരൂപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. ഇനുവായുടെ നിര്‍മാണോദ്ദേശ്യം പ്രകൃത്യതീത ശക്തിയുമായുള്ള ആശയവിനിമയമാണ്‌. ഇതിന്റെ മുഖം ഒരു ഭാഗം ജന്തുവിന്റെയും മറുഭാഗം മനുഷ്യന്റെയും മുഖത്തിനു തുല്യമായി രൂപപ്പെടുത്തിയിരിക്കുന്നു.

പടിഞ്ഞാറന്‍ എസ്‌കിമോകല വടക്കന്‍ അലാസ്‌കയില്‍ ഉദ്‌ഭവിക്കുകയും "ഒക്‌വിക്‌' എന്ന പേരിലറിയപ്പെടുന്ന ഒരു സംസ്‌കാരത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായി ഭവിക്കുയും ചെയ്‌തു. നിതേ്യാപയോഗ സാധനങ്ങളെ മോടിപിടിപ്പിക്കുന്നതിനുവേണ്ടി ചാട്ടുളി(Harpoon) കോടാലി, സൂചിപ്പെട്ടി എന്നിവയില്‍ വളഞ്ഞ വരകള്‍കൊണ്ടും വൃത്തങ്ങള്‍കൊണ്ടും അലങ്കരിക്കുന്ന ശൈലിയിലുള്ള കൊത്തുപണികളില്‍ കൂടിയാണ്‌ ഇവിടത്തെ കല വികസിച്ചുവന്നത്‌. ദന്തത്തില്‍ ചിറകുകളോടുകൂടിയ രൂപശില്‌പങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം എന്താണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അലങ്കാരവസ്‌തുക്കള്‍ക്കു പുറമേ അസാധാരണമായ മനുഷ്യരൂപശില്‌പ മാതൃതകകളും ഇവര്‍ നിര്‍മിച്ചിരുന്നു. ഓക്‌വിക്‌ മഡോണ (അലാസ്‌കാ കോളജ്‌, അലാസ്‌ക യൂണിവേഴ്‌സിറ്റി മ്യൂസിയം), ഓക്‌വിക്‌ വീനസ്‌ (വാഷിങ്‌ടണ്‍ നാഷനല്‍ മ്യൂസിയം) തുടങ്ങിയ അനേകം വിശിഷ്‌ടശില്‌പങ്ങള്‍ ഈ മാതൃകയില്‍പ്പെട്ടവയാണ്‌.

അലാസ്‌കന്‍ ശില്‌പങ്ങളിലെന്നപോലെ ആര്‍ട്ടിക്‌ ശില്‌പങ്ങളില്‍ ശില്‌പവൈദഗ്‌ധ്യം അത്രത്തോളം പ്രകടമല്ല. അലാസ്‌കാഎസ്‌കിമോകളെ അപേക്ഷിച്ച്‌ ആര്‍ട്ടിക്‌ വാസികള്‍ കലാചാതുരിയില്‍ ആശാസ്യമായ നിലയില്‍ പുരോഗമിച്ചിരുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അവരുടെ ശില്‌പകല വടക്കന്‍ എസ്‌കിമോ ആശയങ്ങളാല്‍ പ്രരിതവുമായിരുന്നില്ല. ഉദാഹരണമായി തമിരുവില്ലിന്റെ(bow drill) പ്രയോഗം അവര്‍ മനസ്സിലാക്കിയിരുന്നില്ല. സ്വന്തമായി നിര്‍മിച്ചിരുന്ന ശില്‌പങ്ങളില്‍ തടിയും കൊമ്പും ചിലപ്പോള്‍ ദന്തവുമാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. കാനഡയിലെ തുലേ സംസ്‌കാരവും (സു. 900-1800) ഗ്രീന്‍ലാന്‍ഡിലെ "ഇനുഗ്‌സുക്‌' (സു. 1400) സംസ്‌കാരവും ആധുനിക എസ്‌കിമോ സംസ്‌കാരത്തിന്റെ ഉറവിടങ്ങളാണ്‌. ഇന്നാകട്ടെ എസ്‌കിമോകള്‍, കച്ചവടക്കാരുടെയും മിഷനറിമാരുടെയും പ്രരണയ്‌ക്കു വശംവദരായി സ്റ്റിയാറ്റൈറ്റ്‌ (Steatite) കല്ലുകളില്‍ മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളും നിര്‍മിച്ചുവരുന്നു. പല കലകളുടെയും സങ്കരരൂപമാണ്‌ ആധുനിക എസ്‌കിമോ കല എന്നു വരികിലും സഹജമായ ഈടും ഗാംഭീര്യവും ഇപ്പോഴും ഈ കലയില്‍ കാണാന്‍ സാധിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍