This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കിമോ-അല്യൂട്‌ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌കിമോ-അല്യൂട്‌ ഭാഷകള്‍

Eskimo-Aleut Languages

എസ്‌കിമോ-അല്യൂട്‌ ഗോത്രത്തില്‍പ്പെട്ട ഭാഷകള്‍. ഒരു ലക്ഷത്തോളം ജനങ്ങളുടെ ഭാഷയായ എസ്‌കിമോ ഗ്രീന്‍ലാന്‍ഡ്‌, കാനഡ, അലാസ്‌ക, സൈബീരിയ എന്നിവിടങ്ങളില്‍ സംസാരിക്കുന്നു. അല്യൂട്‌ ഉപദ്വീപിലും മുന്‍സോവിയറ്റ്‌ യൂണിയനിലെ കമാന്‍ഡർ ഉപദ്വീപിലുമായി ഏകദേശം 2000 പേർ അല്യൂട്‌ ഭാഷ സംസാരിക്കുന്നു. ഒരേ ഗോത്രത്തിലെ ഭാഷകളാണെങ്കിലും തമ്മില്‍ വൈരുധ്യങ്ങള്‍ ഏറെയാണ്‌.

അലാസ്‌ക ഉപദ്വീപില്‍ പ്രചാരത്തിലിരുന്ന ഈ ഭാഷകള്‍ക്ക്‌ സാദൃശ്യങ്ങളും വൈജാത്യങ്ങളും ഉണ്ട്‌. ഇവ തമ്മില്‍ സാദൃശ്യമുണ്ടെന്നും ഇവ ഒരേ പൂർവഭാഷയില്‍നിന്നു വന്നതാണെന്നും 1814-ല്‍ ഡാനിഷ്‌ ഭാഷാശാസ്‌ത്രജ്ഞനായ റാസ്‌മസ്‌റാസ്‌ക്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ അഭിപ്രായത്തോട്‌ പലരും വിയോജിപ്പു പ്രകടിപ്പിച്ചു. 20-ാം ശതകത്തില്‍നടന്ന പഠനങ്ങളുടെ ഫലമായി റാസ്‌മസിന്റെ അഭിപ്രായത്തെ പിന്താങ്ങുകയും 4000 വർഷങ്ങള്‍ക്കുമുന്‍പ്‌ ഇവ ഒരു മൂലഭാഷയില്‍നിന്നു രൂപപ്പെട്ടതാണ്‌ എന്നു തെളിയിക്കുകയും ചെയ്‌തു. എസ്‌കിമോ ഭാഷയ്‌ക്ക്‌ ഇന്യൂട്ട്‌ എന്നും യുപ്പിക്‌ എന്നും രണ്ടു പ്രധാന ശാഖകളുണ്ട്‌. എസ്‌കിമോ ഭാഷ സംസാരിക്കുന്ന ജനവർഗത്തെ ആസ്‌പദമാക്കിയാണ്‌ ഈ വിഭജനം. ഈ ഗോത്രത്തിലെ ഏറ്റവും ചെറിയ ഭാഷയായ അല്യൂടിന്‌ പൂർവ (ഉനലാസ്‌കന്‍), പശ്ചിമ (അതുഅന്‍) ഭേദങ്ങളുണ്ടായിരുന്നു. പശ്ചിമഭേദത്തിന്‌ അത്‌കന്‍ എന്ന ഒരു ഭാഷാഭേദവുമുണ്ട്‌. അലാസ്‌കയിലെ അമേരിന്ത്യന്‍ ഭാഷകള്‍, സൈബീരിയയിലെ ചുക്‌ഛി ഭാഷകള്‍, ജപ്പാനിലെ ഐനു എന്നിവയുമായി ബന്ധം സ്ഥാപിക്കന്‍ ശ്രമം നടന്നെങ്കിലും ശാസ്‌ത്രീയമായി അവ തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്‌. ഈ ഭാഷകളെ സ്വതന്ത്രഭാഷകളായി കണക്കാക്കുന്നതാണ്‌ ഉചിതം. ഉറാല്‍-ആള്‍ടെയ്‌ക്‌, ഇന്തോ-യൂറോപ്യന്‍ ഗോത്രങ്ങളുമായി ഈ ഭാഷയ്‌ക്കു ബന്ധമുണ്ടെന്നും ചില വാദഗതികള്‍ നിലവിലുണ്ട്‌. ആള്‍ടെയ്‌ക്‌, പാലിയോ സൈബീരിയന്‍ എന്നീ ഭാഷാഗോത്രങ്ങളോടു മാത്രമല്ല, സിനോ-തിബത്തന്‍ ഭാഷാഗോത്രങ്ങളോടും എസ്‌കിമോ അല്യൂട്‌ ഭാഷകള്‍ക്കു ബന്ധമുള്ളതായി ഊഹിക്കുന്നു.

1741-നുശേഷം കിഴക്കന്‍ സൈബീരിയയില്‍ എത്തിച്ചേർന്ന റഷ്യന്‍ വ്യാപാരികളാണ്‌ അല്യൂട്‌ എന്ന പദം ആദ്യമായി പ്രയോഗിച്ചുതുടങ്ങിയത്‌. യഥാർഥ അല്യൂട്‌ ജനതയും റഷ്യന്‍ അലാസ്‌കയിലെ ജനങ്ങളും ഇതു പൊതുവായി ഉപയോഗിച്ചുവന്നു.

ഗ്രീന്‍ലാന്‍ഡില്‍ വിദ്യാലയങ്ങള്‍, മതാലയങ്ങള്‍, റേഡിയോ എന്നിവയുടെ മാധ്യമമാണ്‌ എസ്‌കിമോ ഭാഷ. കാനഡയിലും അലാസ്‌കയിലും മതവിദ്യാഭ്യാസ രംഗത്താണ്‌ ഈ ഭാഷ മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്‌. മുന്‍സോവിയറ്റ്‌ എസ്‌കിമോ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ മാധ്യമമായി എസ്‌കിമോ ഭാഷയുടെ ഉപഭേദങ്ങള്‍ ഉപയോഗിക്കുന്നു. എസ്‌കിമോ-അല്യൂട്‌ ഭാഷകള്‍ ചിത്രലിപി(Pictograph)കളുപയോഗിച്ചാണ്‌ അടുത്തകാലംവരെ എഴുതിയിരുന്നത്‌. 1721 മുതല്‍ ഗ്രീന്‍ലാന്‍ഡിലെ എസ്‌കിമോകള്‍ ലത്തീന്‍ലിപികള്‍ ഉപയോഗിച്ചുവന്നു. കാനഡയിലെ എസ്‌കിമോകള്‍ക്കാകട്ടെ 1885 വരെ ക്രീ അക്ഷരവ്യവസ്ഥയാണു പ്രാബല്യത്തിലിരുന്നത്‌. 1939 വരെ ലത്തീന്‍ അക്ഷരങ്ങളാണ്‌ മുന്‍സോവിയറ്റ്‌ സൈബീരിയയില്‍ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട്‌ റഷ്യന്‍ അക്ഷരവ്യവസ്ഥ സ്വീകരിച്ചു. മറ്റ്‌ എസ്‌കിമോ പ്രദേശങ്ങളില്‍ വിവിധരീതിയിലുള്ള അക്ഷരവ്യവസ്ഥകളാണ്‌ നിലനിന്നിരുന്നത്‌. സയന്‍സ്‌, സാങ്കേതികാവശ്യങ്ങള്‍ മുതലായവയ്‌ക്ക്‌ ഒരു ഏകീകൃത അക്ഷരവ്യവസ്ഥ ഉപയോഗിച്ചുപോന്നു. 20-ാം ശതകത്തിലും റോമന്‍ലിപി ഈ ഭാഷകളില്‍ ഉപയോഗിച്ചുതുടങ്ങിയില്ല.

എസ്‌കിമോ-അല്യൂട്‌ ഭാഷകളെ സംബന്ധിച്ചിടത്തോളം സ്വനിമവ്യവസ്ഥ വളരെ ശിഥിലമാണ്‌. ഇ, ഉ, അ എന്നിങ്ങനെ മൂന്ന്‌ സ്വരാക്ഷരങ്ങളും 20 വ്യഞ്‌ജനാക്ഷരങ്ങളും ഉണ്ട്‌. സ്വനിമ വ്യവസ്ഥയില്‍ വളരെയധികം വിലക്കുകളുണ്ട്‌. വാക്കുകളുടെ ആരംഭത്തിലും അന്ത്യത്തിലും സ്വരാക്ഷരങ്ങളോ ഏക വ്യഞ്‌ജനമോ മാത്രമേ വരാന്‍ സാധ്യതയുള്ളൂ. അതുപോലെതന്നെ ഒരേ വാക്കില്‍ രണ്ടില്‍ക്കൂടുതല്‍ അക്ഷരങ്ങള്‍ ചേർന്നു കൂട്ടക്ഷരങ്ങളും ഈ ഭാഷയില്‍ ഉണ്ടാകാറില്ല. സ്ഥാനഭേദം കൊണ്ട്‌ 48 തരം മൂല്യമുണ്ടാകാവുന്ന 12 മൗലിക ചിഹ്നങ്ങളുള്ള എസ്‌കിമോ ഭാഷാലിപി ഇംഗ്ലീഷ്‌ മിഷനറിമാർ രൂപപ്പെടുത്തിയതാണ്‌. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ എസ്‌കിമോകള്‍ക്ക്‌ റോമന്‍ലിപി പരിചിതമത്ര. ഈ ഭാഷകളുടെ രൂപിമശാസ്‌ത്രമാകട്ടെ വളരെ സങ്കീർണമാണ്‌. ഗ്രീക്‌ ഭാഷയെപ്പോലെ ധാരാളം പ്രത്യയങ്ങള്‍ ഉപയോഗിക്കുന്ന ഒരു ഭാഷയാണിത്‌. അല്യൂട്‌ ഭാഷയെക്കാള്‍ കൂടുതല്‍ പ്രത്യയങ്ങള്‍ എസ്‌കിമോ ഭാഷയിലാണ്‌ കാണപ്പെടുന്നത്‌. അതായത്‌ എസ്‌കിമോ ഭാഷയില്‍ നാമത്തിനു 312-ഉം ക്രിയയ്‌ക്ക്‌ ഏകദേശം 1000-ഉം പ്രത്യയങ്ങള്‍ ചേർക്കുന്നു. ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ മൂന്നു വചനങ്ങള്‍ ഈ ഭാഷയില്‍ കാണുന്നു. ക്രിയകളില്‍ ഭാവം, വചനം എന്നിവ വ്യക്തമാകുന്നുവെങ്കിലും കാലപ്രത്യയം പ്രതേ്യകമായി നില്‌ക്കുന്നു.

എസ്‌കിമോ ജനതയുടെ രാജ്യം സൈബീരിയയുടെ ഉത്തരഭാഗമായ ഗ്രീന്‍ലാന്‍ഡ്‌ മുതല്‍ പശ്ചിമഭാഗമായ ദെസ്‌നേവ്‌ മുനമ്പുവരെ വ്യാപിച്ച്‌ കിടക്കുന്നു. ഈ ഭൂപ്രദേശത്തെ ഒരു പ്രത്യേകത ഇവിടെ സംസാരിക്കപ്പെടുന്ന ഭാഷകള്‍ക്ക്‌ ഒരു എകീകൃതരൂപം ഉണ്ടെന്നുള്ളതാണ്‌. സമാസരൂപേണ പദങ്ങള്‍ സംയോജിപ്പിക്കുന്ന രീതിയാണ്‌ ഈ ഭാഷയില്‍ കാണുന്നത്‌. ഒരു യോഗാത്മക ഭാഷ (agglutinative)യായ എസ്‌കിമോ ഭാഷയില്‍ ധാരാളം പ്രത്യയങ്ങള്‍ കാണാം. പദങ്ങളോട്‌ പ്രത്യയങ്ങള്‍ കുട്ടിച്ചേർക്കുന്നു. ഇത്തരത്തില്‍ രൂപംകൊള്ളുന്ന ഓരോ വാക്കിനും ഓരോ വാക്യത്തിന്റെ ആശയം ദ്യോതിപ്പിക്കാന്‍ കഴിയും.

എസ്‌കിമോ ജനതയ്‌ക്ക്‌ സ്വന്തമായ എഴുത്തുവ്യവസ്ഥ ഇല്ല. എന്നാല്‍ അലിഖിതങ്ങളായ ഐതിഹ്യങ്ങളുടെ വലിയ ഒരു ശേഖരം തന്നെ പൈതൃക സമ്പത്തായി ഇവർക്ക്‌ ഉണ്ട്‌. ഇവയില്‍ പലതും ഇപ്പോള്‍ ശേഖരിച്ചിട്ടുണ്ട്‌. കെട്ടുകഥകള്‍, കവിതകള്‍, ഗാനങ്ങള്‍ എന്നിവയാണ്‌ അധികവും. കെട്ടുകഥകളിലധികവും പദ്യരൂപേണ ഉള്ളവയാണ്‌.

ദേശീയ പ്രാധാന്യമുള്ള സാഹിത്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിലാണു രൂപംകൊണ്ടത്‌. 1721-ല്‍ ഡെന്മാർക്കുകാരുടെ കുടിയേറ്റത്തോടെ പല ഐതിഹ്യങ്ങളുടെയും പ്രചാരം കുറഞ്ഞു. പകരം മതപ്രാധാന്യമുള്ള ലഘുലേഖകളും ബൈബിളില്‍നിന്നു വിവർത്തനം ചെയ്യപ്പെട്ട സ്‌തുതിഗീതങ്ങളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ 1850-ല്‍ സ്ഥിതിവീണ്ടും മാറി. ഹെന്റിറിങ്കിന്റെ നേതൃത്വത്തില്‍ അവശേഷിച്ച പല ഐതിഹ്യങ്ങളും ശേഖരിക്കപ്പെട്ടു. 1861-ല്‍ ഗ്രീന്‍ലന്‍ഡിലെ ജനങ്ങള്‍ അതുഅഗഗ്‌ദ്‌ ലിയുറ്റിറ്റ്‌ എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനപ്പെട്ട നോവലുകളില്‍നിന്നുള്ള വിവർത്തനങ്ങള്‍, ലേഖനങ്ങള്‍, വാർത്തകള്‍ മുതലായവ ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ കാലഘട്ടാവസാനമായപ്പോഴേക്കും മതപ്രാധാന്യമുള്ള പല ചെറിയ കൃതികളും രൂപംകൊണ്ടു. സി.ജെ. സ്‌പിങ്‌ലർ ഉത്തമസ്‌തോത്രങ്ങളും ഗീതങ്ങളും രചിച്ചു. ഗ്രീന്‍ലാന്‍ഡിലെ ജനതയ്‌ക്കു ലഭ്യമായിരുന്ന ഒരേ ഒരു ഉപരിപഠനമാർഗം മതോപദേശകരായി പരിശീലനം നേടുക എന്നതായിരുന്നു. ആദികാല കൃതികളെല്ലാംതന്നെ മതപ്രാധാന്യമുള്ളവയായിരുന്നു. യൂറോപ്പില്‍നിന്നുള്ള വൃത്തങ്ങളും ഡാനിഷിലെ സ്‌തോത്രങ്ങളും പ്രമഗീതങ്ങളും എസ്‌കിമോ സാഹിത്യത്തിനു മാതൃകകളായിരുന്നു.

1915-ല്‍ മത്തിയാസ്‌ സ്റ്റോർച്‌ സിംഗ്‌നാഗ്‌തുഗാധ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഇത്‌ ഗ്രീന്‍ലന്‍ഡിലെ ആദ്യത്തെ നോവലായിരുന്നു. ഗ്രീന്‍ലാന്‍ഡിലെ സമകാലിക സ്ഥിതിഗതികള്‍ ചിലപ്പോള്‍ വിമർശനാത്മകവും എന്നാല്‍ രമണീയവും നർമരസപ്രധാനവുമായി ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ധാരാളം നോവലുകള്‍ രചിക്കപ്പെട്ടുവെങ്കിലും ഹാന്‍സ്‌ല്യന്‍ഗേ, അവഗോല്യന്‍ഗേ എന്നിവരുടെ കൃതികളാണ്‌ പ്രാധാന്യമർഹിക്കുന്നത്‌. ഹെന്റിക്‌ ലുന്ദ്‌ (1875-1948) സ്‌ത്രാത്രങ്ങള്‍ക്കു പുറമേ ധാരാളം ഗീതങ്ങള്‍ രചിച്ചു. എന്നാല്‍ ഇതില്‍ എസ്‌കിമോ ജനതയുടെ പാരമ്പര്യങ്ങള്‍ക്കു പ്രാധാന്യം നല്‌കിയിരുന്നില്ല. ജൊനാഥന്‍ പെറ്റേർസന്‍ ജനസ്വാധീനമുള്ള കവിയായിരുന്നെങ്കിലും ഡാനിഷ്‌ സ്വാധീനം ഇദ്ദേഹത്തിന്റെ കവിതകളില്‍ അമിതമായിരുന്നു. പീറ്റർ ഒള്‍സന്‍ ആദിയായ കവികള്‍ പുരാതന ഐതിഹ്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുകയും ദേശീയബോധം വളർത്തുകയും ചെയ്‌തു.

നാടകരചനാരംഗത്തും ധാരാളം സൃഷ്‌ടികള്‍ ഉണ്ടായി. കാറല്‍ ഹെയ്‌ല്‍മാന്‍, ഹാന്‍സ്‌ല്യാന്‍ഗേ എന്നിവർ ഈ രംഗത്ത്‌ പ്രശസ്‌തരത്ര. 1956-ല്‍ ഗ്രീന്‍ലാന്‍ഡില്‍ ഒരു പ്രസിദ്ധീകരണശാല ആരംഭിച്ചതോടുകൂടി ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇവയിലധികവും സ്‌കൂള്‍ ബുക്കുകളായിരുന്നു. അതുഅഗഗ്‌ദ്‌ലി യുറ്റിറ്റ്‌ എന്ന വാരാന്തപ്പതിപ്പ്‌ ഗ്രീന്‍ലാന്‍ഡിലെ എല്ലാ ജില്ലകളിലും സുലഭമായി. വർഷങ്ങളോളം ഗ്രീന്‍ലാന്‍ഡിലെ ആകാശവാണി പ്രക്ഷേപണങ്ങള്‍ സാഹിത്യത്തെ സ്വാധീനിച്ചിരുന്നു. 1969-ല്‍ ഗ്രീന്‍ലാന്‍ഡില്‍ ഒരു സാംസ്‌കാരികസംഘടന രൂപംകൊള്ളുകയും കല, സാഹിത്യം എന്നിവയുടെ പുരോഗതിക്കുവേണ്ടി പ്രവർത്തനം തുടങ്ങുകയും ചെയ്‌തു.

(ഡോ. ആർ. സരസ്വതി അമ്മ)

അപൂർവം ചിലയിടങ്ങളില്‍ എസ്‌കിമോ സാഹിത്യം മതപരമായ ആശയവിവർത്തനങ്ങള്‍ക്കുവേണ്ടിമാത്രം ഉപയോഗിക്കുന്നുണ്ട്‌. ഏതാനും വർഷങ്ങളായി അലാസ്‌കാ എസ്‌കിമോകള്‍ ഇംഗ്ലീഷില്‍ എഴുതുകയും റ്റുട്രാറ്റെംസ്‌ എന്ന ഒരു വാരാന്ത്യപതിപ്പ്‌ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കവിതകള്‍, വാർത്തകള്‍, ചെറുകഥകള്‍ ആദിയായവ ഈ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെ മാതൃഭാഷാപ്രമം വളർന്നുകൊണ്ടിരിക്കുന്നു.

നുഡ്‌റസ്‌മുസ്സന്റെ എസ്‌കിമോ സോങ്‌സ്‌ ആന്‍ഡ്‌ സ്റ്റോറീസ്‌ (1973) ജോണ്‍ റോബർട്ട്‌ കൊളംബോയുടെ പോയംസ്‌ ഒഫ്‌ ദ ഇന്യൂട്ട്‌ (1981), നോർതേണ്‍ വോയ്‌സസ്‌: ഇന്യൂട്ട്‌ റൈറ്റിങ്‌ ഇന്‍ ഇംഗ്ലീഷ്‌ മുതലായവയാണ്‌ പില്‌ക്കാലകൃതികളില്‍ ശ്രദ്ധേയമായവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍