This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്‌കലേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്‌കലേറ്റർ

Escalator

ചലിക്കുന്ന കോവണി. അംബരചുംബികളായ കെട്ടിടങ്ങളില്‍ വിവിധ നിലകള്‍ക്കിടയിലുള്ള സഞ്ചാരത്തിനാണ്‌ സാധാരണ എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നത്‌. എങ്കിലും തുറസ്സായ സ്ഥലങ്ങളില്‍ ഉയരവ്യത്യാസം വളരെ ഉള്ള തലങ്ങളിലേക്കു യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇതുപയോഗിക്കാറുണ്ട്‌. ഏഷ്യയില്‍ ആദ്യമായി മുംബൈയിലാണ്‌ തുറസ്സായ സ്ഥലത്ത്‌ ഉപയോഗിക്കുന്നതിനുള്ള എസ്‌കലേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്‌. അമേരിക്കക്കാരനായ ചാള്‍സ്‌ ഡി. സിബര്‍ജര്‍ ആണ്‌ എസ്‌കലേറ്റര്‍ കണ്ടുപിടിച്ചത്‌. 1900-ത്തില്‍ പാരിസിലെ പ്രദര്‍ശനത്തില്‍ ആദ്യമായി ഒരു എസ്‌കലേറ്റര്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ലണ്ടനില്‍ ഭൂഗര്‍ഭ റെയില്‍വേ പ്രചാരത്തില്‍ വന്നതോടെ യാത്രക്കാരെ കിഴുക്കാംതൂക്കായി കയറ്റി ഇറക്കുക ഒരു പ്രശ്‌നമായിത്തീര്‍ന്നു. തുടര്‍ന്ന്‌ എസ്‌കലേറ്ററുകളുടെ പ്രവര്‍ത്തനത്തിന്‌ പ്രചാരം ലഭിച്ചു. 1911-ല്‍ ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനില്‍ രണ്ട്‌ എസ്‌കലേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന്‌ ഏറ്റവും കൂടുതല്‍ എസ്‌കലേറ്ററുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്ന്‌ ബ്രിട്ടനാണ്‌.

എസ്‌കലേറ്റര്‍

യാത്രക്കാരെ സൗകര്യപ്രദമായും സുരക്ഷിതമായും അതിവേഗം ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കുന്നതില്‍ ലിഫ്‌റ്റുകളെക്കാള്‍ കാര്യക്ഷമത എസ്‌കലേറ്ററുകള്‍ക്കുണ്ട്‌. എസ്‌കലേറ്ററിന്റെ മേന്മകള്‍ പലതാണ്‌. അവയുടെ പ്രവര്‍ത്തനം അനുസ്യൂതമാണെന്നതിനാല്‍ കാത്തുനില്‌പ്‌ എന്ന പ്രശ്‌നമേ ഇല്ല. ലിഫ്‌റ്റുകളിലാവശ്യമായ നിര്‍ത്തുക, വീണ്ടും ഓടിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ എസ്‌കലേറ്ററുകളില്‍ ആവശ്യമില്ലാത്തതിനാല്‍ ധാരാളം സമയം ലാഭിക്കാന്‍ കഴിയുന്നതുപോലെ ബട്ടന്‍ അമര്‍ത്തി ലിഫ്‌റ്റ്‌ ഓപ്പറേറ്ററെ വിളിക്കുക, ലിഫ്‌റ്റ്‌ തറനിരപ്പിനൊപ്പിച്ചു നിര്‍ത്തി കവാടം തുറന്ന്‌ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുക, വീണ്ടും കവാടം അടച്ചു ഭദ്രമാക്കുക തുടങ്ങിയവയൊന്നും എസ്‌കലേറ്ററുകളില്‍ ആവശ്യമില്ല. എസ്‌കലേറ്ററുകള്‍ കെട്ടിടത്തില്‍ രണ്ടുവിധത്തില്‍ സജ്ജീകരിക്കാം; സമാന്തരമായും കുറുകെയും. കുറുകേയുള്ള സജ്ജീകരണമാണ്‌ കൂടുതല്‍ പ്രചാരത്തിലുള്ളത്‌. ചെലവും സ്ഥലവും കുറച്ചുമതി എന്നതിനു പുറമേ നിര്‍മാണത്തിനാവശ്യമായ പദാര്‍ഥങ്ങളുടെ അളവും കുറച്ചുമതി എന്ന മെച്ചവും ഈ രീതിയിലുള്ള സജ്ജീകരണത്തിനുണ്ട്‌. സമാന്തരമായ സജ്ജീകരണത്തിനാകട്ടെ ചെലവ്‌ വളരെ കൂടുതലായിരിക്കും. എങ്കിലും കൂടുതല്‍ കാര്യക്ഷമതയും ഭംഗിയും ഈ സമ്പ്രദായത്തിനുണ്ട്‌.

സജ്ജീകരണം ഏതുതരത്തിലുള്ളതായാലും എസ്‌കലേറ്ററുകള്‍ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കത്തക്ക വിധത്തില്‍ കെട്ടിടത്തിന്റെ പ്രമുഖമായ ഒരു ഭാഗത്താണ്‌ നിര്‍മിക്കേണ്ടത്‌. എസ്‌കലേറ്ററിന്റെ ലക്ഷ്യസ്ഥാനം വളരെ വ്യക്തമായി, യാത്രക്കാര്‍ക്കു മനസ്സിലാകത്തക്കവണ്ണമുള്ള "നിര്‍ദേശങ്ങള്‍' അനുയോജ്യമായ സ്ഥലത്ത്‌ എഴുതിവയ്‌ക്കേണ്ടതാണ്‌. ഇത്‌ കാലതാമസവും മറ്റു വിഷമങ്ങളും ഒഴിവാക്കാന്‍ ഉപകരിക്കും. എസ്‌കലേറ്ററുകളിലേക്കുള്ള പ്രവേശനസ്ഥലം വിസ്‌തൃതമായിരിക്കണം. നീണ്ട ക്യൂവും തിക്കുംതിരക്കും യാതൊരു കാരണവശാലും ഉണ്ടാവാനിടയായിക്കൂടാ.

തറനിരപ്പില്‍നിന്നും 300 ചരിഞ്ഞാണ്‌ ചലിക്കുന്ന കോണിപ്പടികള്‍ സാധാരണ നിര്‍മിക്കുന്നത്‌. ഏണിപ്പടിയുടെ സുരക്ഷിതമായ ചലനവേഗം മിനിട്ടില്‍ 40 മീറ്ററില്‍ കൂടുതല്‍ ആവാന്‍പാടില്ല. സാധാരണ മിനിട്ടില്‍ 30 മീ., 40 മീ. എന്നീ രണ്ട്‌ വേഗങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഒരു എസ്‌കലേറ്ററിനെ രണ്ടു വ്യത്യസ്‌ത വേഗങ്ങളില്‍ ഓടിക്കുവാന്‍ സാധ്യമായ വിധത്തിലായിരിക്കും നിര്‍മിക്കുക. തിരക്കുള്ള സമയങ്ങളില്‍ ഉയര്‍ന്നവേഗം ഉപയോഗപ്പെടുത്തുന്നു; മറ്റു സമയങ്ങളില്‍ കുറഞ്ഞ വേഗവും. കൂടുതല്‍ വേഗത്തിലും ശുഷ്‌കാന്തിയോടും നടക്കുവാന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക്‌ കുറഞ്ഞ വേഗമായിരിക്കും ഏറ്റവും സൗകര്യപ്രദം. 80 സെ.മീ., 120 സെ.മീ. എന്നിങ്ങനെ രണ്ട്‌ വീതികളിലുള്ള കോണിപ്പടികള്‍ ഉപയോഗിക്കാം. ഒരു പടിയില്‍ തിരക്കുകൂടിയ സമയങ്ങളില്‍ 1മ്പ യാത്രക്കാരനെന്ന നിരക്കിലും മറ്റു സമയങ്ങളില്‍ 1 യാത്രക്കാരനെന്ന നിരക്കിലും സഞ്ചരിക്കാം എന്ന അടിസ്ഥാനത്തില്‍ എസ്‌കലേറ്ററുകളുടെ "വാഹക കഴിവ്‌' താഴെ കാണിച്ചിരിക്കുന്ന വിധത്തിലായിരിക്കുമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു.

കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനായി എസ്‌കലേറ്ററുകള്‍ മൂന്നുഭാഗമായിട്ടാണ്‌ നിര്‍മിക്കാറുള്ളത്‌. ഉരുക്കിന്റെ വെല്‍ഡ്‌ചെയ്‌ത ചട്ടക്കൂടിന്മേലാണ്‌ എല്ലാ ഭാരവും വരുന്നത്‌. ഈ ചട്ടക്കൂടിന്മേല്‍ കോണിപ്പടികള്‍ നീങ്ങുവാനുള്ള റെയിലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പല്‍ച്ചക്രങ്ങള്‍, ലോഹച്ചങ്ങല, മോട്ടോര്‍ എന്നിവയാണ്‌ പടികളെ ചലിപ്പിക്കുന്നതിനുള്ള ഭാഗങ്ങള്‍. ചങ്ങലകള്‍ക്കോ മറ്റു ഭാഗങ്ങള്‍ക്കോ കേടുപാടുകളോ ആഘാതമോ സംഭവിക്കുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വയം പ്രവര്‍ത്തിത സുരക്ഷിത സ്വിച്ച്‌ ഉണ്ടായിരിക്കും. കൂടാതെ, അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കുതന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന മറ്റൊരു നിയന്ത്രണ സ്വിച്ചും ഘടിപ്പിക്കാറുണ്ട്‌. ഏണിപ്പടികളുടെ ഇരുവശത്തുമുള്ള കൈപ്പിടികള്‍ പടികളുടെ അതേ വേഗത്തില്‍ത്തന്നെ പല്‍ച്ചക്രങ്ങളാല്‍ ചലിപ്പിക്കപ്പെടുന്നു. പടികളില്‍ കയറുവാനും ഇറങ്ങുവാനുള്ള സ്ഥലത്ത്‌ തടസ്സങ്ങളും തടഞ്ഞുവീഴലുകളും ഉണ്ടാവാത്ത വിധത്തിലാണ്‌ പടികളുടെ നിര്‍മാണം. കൈപ്പടികള്‍ യാത്രക്കാര്‍ക്ക്‌ എത്താന്‍ കഴിയാത്ത സ്ഥലത്തുവച്ച്‌ അപ്രത്യക്ഷമാകത്തക്കവിധത്തില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ അപകടസാധ്യത കുറയുന്നു. തീപിടുത്തംമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെയുള്ള സജ്ജീകരണങ്ങളും എസ്‌കലേറ്ററുകളില്‍ കൊടുത്തിരിക്കും. വൈദ്യുതമോട്ടോറുകളാണ്‌ എസ്‌കലേറ്ററുകളുടെ ചലനത്തിനാവശ്യമായ ശക്തി നല്‌കുന്നത്‌. സാധാരണ ഒരേ മോട്ടോര്‍ തന്നെ നാല്‌ ഏണിപ്പടികളെ ഒരേ സമയത്ത്‌ ഓടിക്കാന്‍ ഉപയോഗിക്കുന്നു. ഇന്‍ഡക്ഷന്‍ തരത്തില്‍പ്പെട്ട, 400 വോള്‍ട്ടതയില്‍ ഓടുന്ന, ത്രീ ഫേസ്‌ മോട്ടോറുകളാണ്‌ കൂടുതല്‍ പ്രചാരത്തിലിരിക്കുന്നത്‌. മോട്ടോര്‍ ഉത്‌പാദിപ്പിക്കുന്ന ശക്തിയുടെ 40 ശതമാനം ഘര്‍ഷണത്തിലൂടെ താപമായി മാറുന്നു. അതിനാല്‍ എസ്‌കലേറ്ററുകള്‍ക്കടുത്ത്‌ നല്ല വായുസഞ്ചാരമുള്ള ഏര്‍പ്പാട്‌ ഉണ്ടായിരിക്കണം. മോട്ടോറിന്റെ കുതിരശക്തി അഞ്ച്‌ മുതല്‍ 15 വരെയാവാം. ഈ ശക്തി എസ്‌കലേറ്ററിന്റെ വലുപ്പം, വേഗം, സഞ്ചാര ഉയരം എന്നിവയെ ആശ്രയിച്ചിരിക്കും.

സഞ്ചരിക്കുന്ന കോണിപ്പടികളുടെ നിര്‍മാണച്ചെലവ്‌ അവയുടെ വലുപ്പം, സഞ്ചാരഉയരം എന്നിവയെ ആശ്രയിച്ചിരിക്കും. 80 സെ.മീ. വീതിയുള്ള ഒരു എസ്‌കലേറ്ററിന്റെ നിര്‍മാണത്തിന്‌ ആദ്യത്തെ മൂന്ന്‌ മീ. സഞ്ചാരഉയരത്തിന്‌ 25 ലക്ഷം രൂപയോളം ചെലവുവരും. പിന്നീടുള്ള ഓരോ മീറ്ററിനും 20,000 എന്ന നിരക്കിലായിരിക്കും ചെലവ്‌. 120 സെ.മീ. വീതിയുള്ള എസ്‌കലേറ്ററിന്‌ ആദ്യത്തെ മൂന്ന്‌ മീറ്ററിന്‌ സുമാര്‍ 27 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മീറ്ററിനും 25,000 രൂപയും ചെലവ്‌ വരുന്നു.

(ഡോ. പി. ശങ്കരന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍