This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്റ്റേറ്റ്‌സ്‌ ജനറൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്റ്റേറ്റ്‌സ്‌ ജനറല്‍

Estates General

ഫ്രഞ്ച്‌ രാജവാഴ്‌ചക്കാലത്തെ പുരോഹിതര്‍, കുലീനര്‍, ബൂര്‍ഷ്വാസി എന്നീ സാമൂഹിക വര്‍ഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന ദേശീയ പാര്‍ലമെന്റ്‌. മധ്യകാലഘട്ടങ്ങളില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം പ്രതിനിധിസഭകള്‍ നിലവിലിരുന്നു. എങ്കിലും ഫ്രാന്‍സിലെ ജനപ്രതിനിധി സഭയെയാണ്‌ ഈ പദംകൊണ്ട്‌ പ്രധാനമായും വിവക്ഷിച്ചിരുന്നത്‌.

18-ാം ശതകത്തിന്റെ ഏകദേശം അന്ത്യംവരെ ഈ അസംബ്ലികള്‍ എസ്റ്റേറ്റുകളുടെ അഥവാ സാമൂഹികവര്‍ഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. പൗരോഹിത്യവര്‍ഗം, അഭിജാതവര്‍ഗം, പ്രതേ്യകാവകാശങ്ങളുള്ള ഇതരവര്‍ഗങ്ങള്‍-പ്രധാനമായും പട്ടണങ്ങളിലെ ബൂര്‍ഷ്വാസി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും എസ്റ്റേറ്റുകളെ പ്രതിനിധാനം ചെയ്‌തിരുന്നു. വര്‍ഗങ്ങള്‍ എന്നതിലുപരി എസ്റ്റേറ്റുകള്‍ അവയുടെ പ്രതിനിധികളെ സൂചിപ്പിക്കുന്ന പദമായി മാറി. എസ്റ്റേറ്റുകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്‌ വേണ്ടിയല്ല, പകരം രാജ്യതാത്‌പര്യത്തെ പൊതുവേ ഉദ്ദേശിച്ചാണ്‌ നിലകൊണ്ടിരുന്നത്‌; എങ്കിലും കര്‍ഷകരുടെയും സാമാന്യജനങ്ങളുടെയും ശബ്‌ദം അപൂര്‍വമായി മാത്രമേ ഇവിടെ കേട്ടിരുന്നുള്ളു. എസ്റ്റേറ്റുകള്‍ വിളിച്ചുകൂട്ടുന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ നിര്‍ണയിക്കുന്നതും രാജാവായിരുന്നു. വിവിധ എസ്റ്റേറ്റുകളുടെ ചര്‍ച്ച മിക്കപ്പോഴും രഹസ്യമായിട്ടായിരിക്കും. എന്നാല്‍ അവ വിവിധ മാര്‍ഗങ്ങളിലൂടെ സംയോജിപ്പിക്കുവാനുള്ള സംവിധാനമുണ്ടായിരുന്നു. തീരുമാനങ്ങള്‍ മിക്കവാറും ഏകകണ്‌ഠമാകേണ്ടിയിരുന്നു; എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ കേവലഭൂരിപക്ഷതീരുമാനങ്ങളും സ്വീകാര്യമായിരുന്നു.

13-ാം ശതകത്തിന്റെ ആരംഭത്തില്‍ ഫ്രഞ്ച്‌ രാജവാഴ്‌ചക്കാലത്ത്‌ ആരംഭിച്ച ഈ സമ്പ്രദായം 18-ാം ശതകത്തിന്റെ അന്ത്യം വരെ തുടര്‍ന്നു.

19-ാം ശതകത്തില്‍ യൂറോപ്പില്‍ രൂപംപ്രാപിച്ച ആധുനികപാര്‍ലമെന്റുകള്‍, വിവിധ രാജ്യങ്ങളിലെ എസ്റ്റേറ്റുകള്‍ നേരത്തെ കൈവരിച്ച നേട്ടങ്ങളുടെ ചരിത്രപരമായ തുടര്‍ച്ചയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍