This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസെക്കീൽ നിസിം (1924 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസെക്കീൽ നിസിം (1924 - 2004)

Ezekiel Nissim

എസെക്കീല്‍ നിസിം

ഇന്ത്യന്‍ ഇംഗ്ലീഷ്‌ കവി. ഇന്ത്യനിംഗ്ലീഷ്‌ കവിത്രയത്തില്‍ പ്രമുഖന്‍ (എ.കെ. രാമാനുജവും കമലാദാസുമാണ്‌ മറ്റു രണ്ടുപേര്‍) 1924 ഡി. 14-ന്‌ മുംബൈയിലെ ഒരു യഹൂദകുടുംബത്തില്‍ ജനിച്ചു. മുംബൈയിലെ വില്‍സന്‍ കോളജില്‍ ഇംഗ്ലീഷും ലണ്ടനിലെ ബേര്‍ക്‌ബെക്‌ കോളജില്‍ തത്ത്വശാസ്‌ത്രവും പഠിച്ചു. ക്വെസ്റ്റ്‌, പോയട്രി-ഇന്ത്യ എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ്‌ പ്രാഫസറായിരുന്നു. 1964-ലും 78-ലും ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ്‌ പ്രാഫസറായിരുന്നു. 1964-ലും 78-ലും വിസിറ്റിങ്‌ പ്രാഫസറായിരുന്ന ഇദ്ദേഹത്തിന്‌ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ പോയട്രി ഫെസ്റ്റിവലില്‍ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

എ റ്റൈം റ്റു ചെയ്‌ഞ്ച്‌ (1952), സിക്‌സ്റ്റി പോയംസ്‌ (1953), ദ്‌ തേഡ്‌ (1959), ദി അണ്‍ഫിനിഷ്‌ഡ്‌ മാന്‍ (1960), ദി എക്‌സാക്‌റ്റ്‌ നെയിം (1965), സ്‌നെയ്‌ക്‌ സ്‌കിന്‍ ആന്‍ഡ്‌ അദര്‍ പോയംസ്‌ (1974), ഹിംസ്‌ ഇന്‍ ഡാര്‍ക്‌നസ്‌ (1982) എന്നിവയാണ്‌ നിസിം എസെക്കീലിന്റെ പ്രധാനകൃതികള്‍. ഒരു മനുഷ്യനെന്ന നിലയില്‍ തന്റെ ആത്മസത്തയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിന്റെ ഫലമാണ്‌ ഇദ്ദേഹത്തിന്റെ മിക്ക കവിതകളും. തന്റെ മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കവി കലാസുഭഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ദി അണ്‍ഫിനിഷ്‌ഡ്‌ മാന്‍, ദി എക്‌സാക്‌റ്റ്‌ നെയിം എന്നിവ ഭൂതകാലത്തില്‍ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്നു. ദൈനംദിന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ കവിയുടെ മനസ്സിനെ എന്തുമാത്രം മഥിച്ചിരുന്നുവെന്നതിനു നിദര്‍ശനമായി വിളങ്ങുന്നു അമ്മകൂടിയായ ഒരു ഗ്രാമീണസ്‌ത്രീയെ തേള്‍ കടിച്ചതു പ്രതിപാദ്യമായുള്ള "നൈറ്റ്‌ ഒഫ്‌ ദ്‌ സ്‌കോര്‍പിയോന്‍' എന്ന കവിത.

എ.കെ. രാമാനുജനോടൊപ്പം സ്വാതന്ത്യ്രാനന്തര ഇന്ത്യന്‍ ഇംഗ്ലീഷ്‌ കവിതയുടെ ശൈലിയും ഛന്ദസ്സും രൂപപ്പെടുത്തിയ ആള്‍ എന്ന ഖ്യാതി എസെക്കീലിനുണ്ട്‌. സമുചിതമായ ഒരു സൗന്ദര്യബോധത്തിനും അലങ്കാരശാസ്‌ത്രത്തിനുംവേണ്ടിയുള്ള കവിയുടെ അന്വേഷണത്തിന്റെ കാവ്യാവിഷ്‌കാരമാണ്‌ "പോയറ്റ്‌, ലവര്‍, ബേഡ്‌ വോച്ചര്‍' എന്ന കവിതയെന്നു പറയാം. പരമ്പരാഗത ഭാരതീയ സംസ്‌കാരവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയാതെ സമകാലികയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന കവിയെ ഹിംസ്‌ ഇന്‍ ഡാര്‍ക്‌നസ്സില്‍ കാണാം. ജോസഫ്‌ ഫുര്‍ത്താദോക്കു ശേഷം ഇംഗ്ലീഷ്‌ ഭാഷയെ ഭാരതവത്‌കരിക്കാനുള്ള ശ്രമത്തില്‍ "ബാബു' ഇംഗ്ലീഷ്‌ വിദഗ്‌ധമായി പ്രയോഗിച്ച ഒരേയൊരു കവി എസെക്കീലാണെന്നാണ്‌ നിരൂപകമതം. "ഗുഡ്‌ബൈ പാര്‍ട്ടി റ്റു മിസ്‌ പുഷ്‌പ റ്റി.എസ്‌.', "വെരി ഇന്ത്യന്‍ പോയം ഇന്‍ ഇന്ത്യന്‍ ഇംഗ്ലീഷ്‌', "ദ്‌ പ്രാഫസര്‍' തുടങ്ങിയ കവിതകള്‍തന്നെ ഉദാഹരണം. ഭാരതീയര്‍ ഇണ്ണിധം ഇന്ത്യനിംഗ്ലീഷിലൂടെ ചിന്തിക്കുന്നു എന്നു വ്യക്തമാക്കാന്‍ നമ്മുടെ പല തെറ്റായ ഇംഗ്ലീഷ്‌ പ്രയോഗങ്ങളും കവി തന്റെ കവിതകളില്‍ കുറിക്കുകൊള്ളുംവിധം ഉപയോഗിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ഇംഗ്ലീഷ്‌ മുഖ്യധാരാ ഭാരതീയ സാഹിത്യത്തിന്റെ ഭാഗമായി മാറുന്നതിന്‌ എസെക്കീല്‍ നല്‌കിയിട്ടുള്ള സംഭാവന നിസ്‌തുലം തന്നെയാണ്‌. എസെക്കീലിന്റെ കവിതകളില്‍ അനാവരണം ചെയ്യപ്പെടുന്ന ഭാവപ്രപഞ്ചത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ശ്രദ്ധേയമാണ്‌. ആദ്യകാല കവിതകളില്‍ ഇന്ദ്രിയപരത(sensuous-ness) മുന്നിട്ടുനില്‍ക്കുന്നതു കാണാം. വ്യക്തികള്‍ സ്ഥലങ്ങള്‍, ഓര്‍മകള്‍, സംഭവങ്ങള്‍, നൈമിഷികാനുഭൂതികള്‍ തുടങ്ങിയവയെല്ലാം കവിയില്‍ കവിത ഉണര്‍ത്തുന്നു. പില്‌ക്കാലകവിതകളില്‍ ബുദ്ധിപരതയും തത്ത്വചിന്തയും ദര്‍ശനവും മുന്‍തൂക്കം നേടുന്നു. അനുഭൂതികളുടെ മേഖലയില്‍ നിയന്ത്രിതത്വവും ശൈലിയില്‍ സുഘടിതത്വവും ഈ ഘട്ടത്തില്‍ കൈവരുന്നു. "മെമ്മോ ഫോര്‍ എ വെഞ്ചെര്‍', "വെരി ഇന്ത്യന്‍ പോയം ഇന്‍ ഇന്ത്യന്‍ ഇംഗ്ലീഷ്‌', "അര്‍ബന്‍', "എന്റര്‍പ്രസ്‌', "എ മോണിങ്‌ വോക്‌' തുടങ്ങിയ കവിതകള്‍ ഈ ഘട്ടത്തിന്റെ പ്രാതിനിധ്യസ്വഭാവമുള്ളവയാണ്‌. "എ മോണിങ്‌ വോക്‌' എന്ന കവിതയില്‍, മുംബൈ നഗരവീഥിയിലൂടെ നടന്നുനീങ്ങുന്ന കവി "ചേരികളാല്‍ രുഗ്‌ണമായ പ്രാകൃതനഗരം' (Barbaric city sick with slums)എന്നാണ്‌ ആ നഗരത്തെ വിശേഷിപ്പിക്കുന്നത്‌. ഹൃദ്യമായ "ഐറണി,' (വിപരീതോക്തി)യാല്‍ സമ്പന്നമാണ്‌ എസെക്കീലിന്റെ ഒട്ടുമിക്ക കവിതകളും. ഇന്ത്യന്‍ ഇംഗ്ലീഷ്‌ കാവ്യശാഖയ്‌ക്ക്‌ കനത്ത സംഭാവനയാണ്‌ എസെക്കീല്‍ നല്‌കിയിട്ടുള്ളതെന്നു കാണാം.

എസെക്കീല്‍ രചിച്ച മൂന്നു നാടകങ്ങള്‍ ത്രീ പ്ലെയ്‌സ്‌ എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകൃതമായി. "നളിനി', "മാര്യേജ്‌ പോയം', "ദ്‌ സ്ലീപ്‌ വാക്കേഴ്‌സ്‌' എന്നിവയാണ്‌ ഈ നാടകങ്ങള്‍. കളക്‌റ്റഡ്‌ പോയംസ്‌ 1952-88 എന്ന പേരില്‍ ഇദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂര്‍ണസമാഹാരം 1989-ല്‍ പുറത്തിറങ്ങി. തിരഞ്ഞെടുത്ത ഗദ്യരചനകളുടെ സമാഹാരമാണ്‌ സെലക്‌റ്റഡ്‌ പ്രാസ്‌ (1992). നിസിം എസെക്കീല്‍: എ സ്റ്റഡി എന്ന പേരില്‍ ചേതന്‍ കര്‍ണാനി 1974-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും സാഹിത്യസപര്യയുടെയും വസ്‌തുനിഷ്‌ഠമായ ചിത്രം കാഴ്‌ചവയ്‌ക്കുന്നു. ചില മറാഠികൃതികള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തതും എസെക്കീലിന്റെ സംഭാവനയായുണ്ട്‌. ലേറ്റര്‍ഡേ സാംസ്‌ എന്ന കവിതാസമാഹരത്തെ മുന്‍നിര്‍ത്തി 1983-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ഇദ്ദേഹത്തിനു സമ്മാനിച്ചു. 2004 ജനു. 9-ന്‌ എസെക്കീല്‍ അന്തരിച്ചു.

(ആര്‍.എല്‍.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍