This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസിക്‌സ്‌

Essex

1. ആംഗ്ലോ-സാക്‌സന്‍ കാലങ്ങളില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന ഒരു രാജ്യം. 5-ാം ശതകത്തിലെ സാക്‌സന്‍ ആക്രമണകാരികള്‍ ഈ ഭൂവിഭാഗത്തിന്‌ (സാക്‌സന്‍ ജനതയുടെ കിഴക്കന്‍ അധിവാസപ്രദേശം എന്നര്‍ഥത്തില്‍) എസിക്‌സ്‌ എന്ന പേരുനല്‌കി. പ്രാചീനാവശിഷ്‌ടങ്ങള്‍ ധാരാളമായി ലഭ്യമല്ലെങ്കിലും സ്ഥലനാമത്തെ സംബന്ധിച്ച തെളിവുകള്‍ അനുസരിച്ച്‌ പ്രാചീന കുടിപാര്‍പ്പു പ്രദേശങ്ങളിലൊന്നായാണ്‌ എസിക്‌സ്‌ പരിഗണിക്കപ്പെടുന്നത്‌. എസിക്‌സും ഇതര സാക്‌സന്‍ രാജ്യങ്ങളും ചേര്‍ന്ന്‌ സാക്‌സന്‍ സപ്‌തരാജ്യങ്ങള്‍ (Saxon Heptarchy)എന്നറിയപ്പെട്ടിരുന്നു; എങ്കിലും ഈ പേര്‌ സൂചിപ്പിക്കുന്നതുപോലെ ഒരു സംഘടന ഔപചാരികമായി രൂപവത്‌കരിക്കപ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിന്റെ ദക്ഷിണപൂര്‍വഭാഗത്തായിരുന്ന ഈ രാജ്യം തേംസ്‌ നദിമുതല്‍ സ്റ്റോര്‍ നദിവരെ വ്യാപിച്ചിരുന്നു. ഇന്നത്തെ എസിക്‌സ്‌, ലണ്ടന്‍, മിഡില്‍ടണ്‍, ഹെര്‍ട്ട്‌ ഫോര്‍ഡ്‌ ഷയര്‍ എന്നീ കൗണ്ടികളടങ്ങുന്നതായിരുന്നു എസിക്‌സ്‌ രാജ്യം. ഇതിന്റെ രാജകീയ പാരമ്പര്യം മറ്റുള്ളവയില്‍നിന്നെല്ലാം വിഭിന്നമായിരുന്നു. സാക്‌സന്‍ ദേവനായ സീക്‌സ്‌നീറ്റില്‍ നിന്നായിരുന്നു രാജാക്കന്മാരുടെ പിന്തുടര്‍ച്ച.

കെന്റിലെ എതല്‍ബര്‍ട്ടിന്റെ സഹോദരിയായ റിക്യൂളിന്റെ പുത്രന്‍ സീബെര്‍ട്ടിന്റെ ഭരണകാലത്ത്‌ (604) എസിക്‌സ്‌ ക്രിസ്‌തുമത പരിവര്‍ത്തനത്തിന്‌ വിധേയമായി; അതിന്റെ സ്വാധീനത അല്‌പകാലത്തേക്ക്‌ ക്ഷയിച്ചെങ്കിലും 653-ല്‍ രാജാവായ സീജ്‌ബെര്‍ട്ട്‌ മതപരിവര്‍ത്തനം ചെയ്‌തതോടെ ക്രിസ്‌തുമതം എസിക്‌സില്‍ ശാശ്വതീകരിക്കപ്പെട്ടു.

825-ല്‍ എസിക്‌സ്‌ വെസിക്‌സിലെ രാജാവായ എഗ്‌ബര്‍ട്ടിനു കീഴടങ്ങി. 860 ആയപ്പോഴേക്കും അതിന്‌ ഒരു പ്രത്യേക നിലനില്‌പില്ലാതാവുകയും മേര്‍ഷിയയുടെ മേധാവിത്വത്തിന്‍ കീഴിലാവുകയും ചെയ്‌തു. നോ. ആംഗ്ലോ-സാക്‌സന്മാര്‍

2. കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു കൗണ്ടിയും യു.എസ്‌.എ.യിലെ ഒരു പട്ടണവും എസിക്‌സ്‌ എന്നപേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍