This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എവർത്‌, ഹന്‍സ്‌ (16-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എവര്‍ത്‌, ഹന്‍സ്‌ (16-ാം ശ.)

Evart Hans

ഫ്‌ളെമിഷ്‌ ചിത്രകാരന്‍. അന്റ്‌വെര്‍പില്‍ ജനിച്ച ഇദ്ദേഹം 1545 മുതല്‍ 75 വരെ ഒരു ഛായാചിത്രകാരന്‍ എന്നനിലയില്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചു. എവര്‍ത്തിന്റെ രചനകള്‍ പലതും ഇന്നും പ്രചുരപ്രചാരത്തിലാണെങ്കിലും ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി വിശദമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 1554 മുതല്‍തന്നെ ഇദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ രാജകൊട്ടാരത്തില്‍ നിന്നു പ്രാത്സാഹനം ലഭിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്‌. ഹോള്‍ബെയിന്‍ ഹന്‍സിന്റെ കലാപാരമ്പര്യത്തിന്റെ പ്രതിഫലനം എവര്‍ത്‌ ഹന്‍സിന്റെ രചനകളില്‍ പ്രകടമായി കാണുന്നുണ്ട്‌. ഒട്ടാവയിലെ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ലേഡി ഡാക്കര്‍ എന്ന ഛായാചിത്രം ഇതിനുദാഹരണമായി പറയാം. ഇതില്‍ ലേഡി ഡാക്കറുടെ വലിയചിത്രത്തോടൊപ്പം അതേ കാന്‍വാസില്‍ അവരുടെ ഭര്‍ത്താവിന്റെ ചെറിയ ഒരു ചിത്രംകൂടി ചേര്‍ത്തുകാണുന്നു. ഈ രീതി ഹോള്‍ബെയിന്റേതാണ്‌. ജാന്‍വാന്‍ സ്‌കോറല്‍, ക്വിന്‍ടെന്‍ മാസ്സി എന്നീ കലാകാരന്മാരുടെ ശൈലികളും എവര്‍ത്തിനെ സ്വാധീനിച്ചിട്ടുണ്ട്‌. പക്ഷേ ഫ്‌ളെമിഷ്‌ കലാപാരമ്പര്യത്തില്‍നിന്നും നേടിയ പ്രതിചേഷ്‌ട-അന്യാപദേശസമ്പ്രദായത്തോടുള്ള (മാനറിസ്റ്റ്‌ അലിഗറി) അഭിരുചി ഇദ്ദേഹത്തിന്റെ രചനകളെ കൂടുതല്‍ ഉദാത്തമാക്കുന്നു. സോമര്‍ സെറ്റിലെ ഡണ്‍സര്‍ കാസിലില്‍ സൂക്ഷിച്ചിട്ടുള്ള സര്‍ ജോണ്‍ലട്രല്‍ (1950) ഇദ്ദേഹത്തിന്റെ പ്രസിദ്ധരചനകളിലൊന്നാണ്‌. പ്രക്ഷുബ്‌ധമായ ഒരു സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങുന്ന അര്‍ധനഗ്നനായ സര്‍ ജോണ്‍ ലട്രലിന്റെ ചിത്രമാണിത്‌. തകര്‍ന്ന ഒരു കപ്പലും പശ്ചാത്തലത്തില്‍ക്കാണാം. അദ്ദേഹം മുഷ്‌ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. സമാധാനത്തിന്റെ ദേവതയും തോഴിമാരും ഈ കൈ കവര്‍ന്നുനില്‌ക്കുന്നു. മിഡില്‍ എസെക്‌സിലെ ഹാംപ്‌ടണ്‍ കോര്‍ട്ട്‌ പാലസ്സില്‍ സൂക്ഷിച്ചിട്ടുള്ള "ക്വീന്‍ എലിസബെത്ത്‌ കണ്‍ഫൗണ്ടിങ്‌ ജൂനോ, മിനര്‍വാ ആന്‍ഡ്‌ വീനസ്‌' എന്ന ചിത്രവും സുന്ദരമാണ്‌. പാരിസിന്റെ വിധിതീര്‍പ്പിന്‌ ഒരു പുതിയ വ്യാഖ്യാനം ഇതില്‍ നല്‌കിയിരിക്കുന്നു. മേരി ട്യൂഡറിന്റെ വിവിധ ഛായാചിത്രങ്ങളുടെ രചനയില്‍ അവരുടെ പ്രിയ ചിത്രകാരനായിരുന്ന ആന്റോണിസ്‌ മോറിനെ എവര്‍ത്‌ മനഃപൂര്‍വം അനുകരിക്കുന്നതായി കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍