This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എവാർട്ട്‌സ്‌, വില്യം മാക്‌സ്‌വെൽ (1818 - 1901)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എവാര്‍ട്ട്‌സ്‌, വില്യം മാക്‌സ്‌വെല്‍ (1818 - 1901)

Evarts, William Maxwell

വില്യം മാക്‌സ്‌വെല്‍ എവാര്‍ട്ട്‌സ്‌

യു.എസ്സിലെ രാജ്യതന്ത്രജ്ഞനും നിയമജ്ഞനും. 1818 ഫെ. 6-നു ബോസ്റ്റണില്‍ ജനിച്ചു. യേല്‍, ഹാര്‍വാഡ്‌ എന്നീ സര്‍വകലാശാലകളിലെ വിദ്യാഭ്യാസാനന്തരം അഭിഭാഷകവൃത്തി സ്വീകരിച്ചു. ക്രമേണ ആ രംഗത്തും ലബ്‌ധപ്രതിഷ്‌ഠനായി. അഭിഭാഷകവൃത്തിയോടൊപ്പം രാഷ്‌ട്രീയരംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു വിഗ്‌ കക്ഷിക്കാരനായി പൊതുരംഗത്തു പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട്‌ റിപ്പബ്ലിക്കന്‍ കക്ഷിയിലേക്കു മാറി. യു.എസ്‌. പ്രസിഡന്റ്‌ ആന്‍ഡ്രൂ ജോണ്‍സന്റെ കീഴില്‍ അറ്റോര്‍ണി ജനറലായും (1868 ജൂല.-1869 മാ.) പ്രസിഡന്റ്‌ റതര്‍ഫോര്‍ഡ്‌ ഡി. ഹെയ്‌സിന്റെ കീഴില്‍ സ്റ്റേറ്റ്‌ സെക്രട്ടറിയായും (1877-81) സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഫ്രഞ്ചുകാര്‍ നിര്‍മിച്ചുകൊണ്ടിരുന്ന പനാമകനാല്‍ യു.എസ്‌. നിയന്ത്രണത്തിനു കീഴിലായിരിക്കുമെന്ന പ്രഖ്യാപനമാണ്‌ സ്റ്റേറ്റ്‌ സെക്രട്ടറി എന്ന നിലയില്‍ യു.എസ്സിന്‌ എവാര്‍ട്ട്‌സിന്റേതായി ലഭിച്ച ഏറ്റവും വലിയ സംഭാവന. 1885 മുതല്‍ 91 വരെ എവാര്‍ട്ട്‌സ്‌, യു.എസ്‌. സെനറ്റില്‍ ന്യൂയോര്‍ക്കിന്റെ പ്രാധിനിധ്യം വഹിച്ചു. യു.എസ്‌. സെനറ്റ്‌ മുന്‍പാകെ പ്രസിഡന്‍റ്‌ ആന്‍ഡ്രൂ ജോണ്‍സന്റെ ഇംപീച്ച്‌മെന്റ്‌ വിചാരണ(1868)യില്‍ എവാര്‍ട്ട്‌സ്‌, അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു. ജനീവയില്‍ ചേര്‍ന്ന "അലബാമ അവകാശത്തര്‍ക്കത്തെ സംബന്ധിച്ച മധ്യസ്ഥതാ നടപടിക്രമങ്ങളിലും (1871-72) യു.എസ്സിന്റെ അഭിഭാഷകന്‍ ഇദ്ദേഹമായിരുന്നു. ഹെയ്‌സ്‌-ടില്‍ഡന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകാലത്ത്‌ (1876) റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുഖ്യ നിയമോപദേശകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1891-ല്‍ അന്ധതനിമിത്തം രാഷ്‌ട്രീയത്തില്‍നിന്നും അഭിഭാഷകവൃത്തിയില്‍നിന്നും വിരമിച്ചു. 1901 ഫെ. 28-ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ എവാര്‍ട്ട്‌സ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍