This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എവറസ്റ്റ്‌, സർ ജോർജ്‌ (1790 - 1866)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എവറസ്റ്റ്‌, സര്‍ ജോര്‍ജ്‌ (1790 - 1866)

Everest, Sir George

ജോർജ്‌ എവറസ്റ്റ്‌

ബ്രീട്ടീഷ്‌ ഭൂസർവേക്ഷണ വിദഗ്‌ധന്‍. 1790 ജൂല. 4-ന്‌ ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ചിൽ ജനിച്ചു. വൂള്‍വിച്ചിലെ മാർലോഗ്രാമർ സ്‌കൂളിലും റോയൽ മിലിട്ടറിഅക്കാദമിയിലും വിദ്യാഭ്യാസം നടത്തി. ഇന്ത്യയിലെ സർവേവകുപ്പിൽ സമൂലമായ പല പരിഷ്‌കാരങ്ങള്‍ വരുത്തുകയും അന്ന്‌ ലഭ്യമായിരുന്ന മെച്ചപ്പെട്ട സർവേക്ഷണോപകരണങ്ങള്‍ ഉപയോഗിച്ച്‌ ശേഖരിച്ച കൃത്യമായ അളവുകളും കണക്കുകൂട്ടലുകളുംവഴി ഇന്ത്യയുടെ മൊത്തം ത്രികോണമിതീയ സർവേക്ഷണം (trigonometrical survey)നടത്തുകയും ചെയ്‌തു. രണ്ട്‌ ഘട്ടങ്ങളിലായി നീണ്ട 30 വർഷക്കാലം ഇന്ത്യയിൽ സേവനമനുഷ്‌ഠിച്ച ഇദ്ദേഹത്തെ ആദരിച്ചാണ്‌ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക്‌ എവറസ്റ്റ്‌ എന്ന്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌.

1806-ൽ പട്ടാളസേവനത്തിനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം 1813-ൽ "ട്രിഗനോമെട്രിക്കൽ സർവേ ഒഫ്‌ ഇന്ത്യ'യുടെ സ്ഥാപകനായ കേണൽ ഡബ്ല്യു ലാംബ്‌ടന്റെ സഹായിയായിച്ചേർന്നു. ലാംബ്‌ടണ്‍ വിരമിച്ചതിനെത്തുടർന്ന്‌ 1823-ൽ ഇദ്ദേഹം അതിന്റെ മേധാവിയായി. അന്ന്‌ ഈ വകുപ്പ്‌ ഉപഭൂഖണ്ഡത്തിന്റെ മാനചിത്രണം നടത്തുകയായിരുന്നു. രണ്ടുവർഷങ്ങള്‍ക്കുശേഷം ഇദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങി. 1827-ൽ ഇദ്ദേഹം റോയൽ സൊസൈറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1830-ൽ സർവേയർ ജനറലായി ഇന്ത്യയിൽ തിരിച്ചെത്തി. വ്യാപകമായ മാനചിത്രണത്തിൽ ആദ്യമായി ത്രിഭുജനസർവേക്ഷണം(triangula-tion or gridiron)പ്രാവർത്തികമാക്കിയത്‌ എവസ്റ്റാണ്‌. ഇന്ത്യയുടെ രേഖാംശികചാപം (meridianal arc of India) 110 31' ആണെന്ന്‌ ഇദ്ദേഹം കണക്കാക്കി; ഇന്ത്യയുടെ വടക്കേ അതിർത്തി മുതൽ കന്യാകുമാരി തീരരേഖവരെ നീണ്ടുകിടക്കുന്ന രേഖാംശിക രേഖയാണിത്‌. എവറസ്റ്റുകൊടുമുടിയുടെ കൃത്യമായ സ്ഥാനനിർണയനം, മറ്റു ഗിരിശൃംഗങ്ങളുടെയും ഇന്ത്യയിലെ മറ്റു പല സുപ്രധാന സ്ഥലങ്ങളുടെയും സ്ഥാനം കൃത്യമായി നിർണയിക്കുന്നതിന്‌ സഹായകമായി.

33 വർഷം പൗരസ്‌ത്യദേശങ്ങളിൽ സേവനമനുഠിച്ച ഇദ്ദേഹം 1843-ൽ ജോലിയിൽനിന്നും വിരമിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചു. 1861-ൽ നൈറ്(Knight)പദവി ലഭിച്ചു. 1866 ഡി. 1-ന്‌ ലണ്ടനിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍