This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തിനിരുത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഴുത്തിനിരുത്ത്‌

എഴുത്തിനിരുത്ത്‌

കുട്ടിയുടെ വിദ്യാരംഭം എന്ന അര്‍ഥത്തിലാണ്‌ എഴുത്തിനിരുത്ത്‌ എന്നു പ്രയോഗിക്കുന്നത്‌. എഴുത്തിന്‌, ഇരുത്ത്‌ എന്നു രണ്ടു പദങ്ങള്‍ ചേര്‍ന്നതാണ്‌ ഈ പ്രയോഗം. എഴുത്ത്‌ എന്നാല്‍ അക്ഷരം. എഴുത്ത്‌ പഠിപ്പിക്കാന്‍ ഇരുത്തുക എന്നാണ്‌ ശബ്‌ദാര്‍ഥം. അക്ഷരാഭ്യാസം തുടങ്ങുക എന്ന്‌ അര്‍ഥം. കുട്ടിയെ മടിയിലോ അരികിലോ ഇരുത്തിക്കൊണ്ട്‌ അക്ഷരം എഴുതി പഠിപ്പിക്കാന്‍ തുടങ്ങുന്നതാണ്‌ പാരമ്പര്യരീതി.

കുട്ടി ആദ്യം ഭാഷ സംസാരിക്കാന്‍ വശപ്പെടുന്നത്‌ അച്ഛനമ്മമാരില്‍ നിന്നും അടുത്തു പെരുമാറുന്ന മറ്റുള്ളവരില്‍ നിന്നുമാണ്‌. രണ്ടുമൂന്ന്‌ വയസ്സാകുമ്പോഴേക്ക്‌ അത്യാവശ്യകാര്യം പറഞ്ഞറിയിക്കാന്‍ കഴിവ്‌ ഉണ്ടാകും. പിന്നെയാണ്‌ എഴുത്തിനിരുത്തുന്നത്‌.

അഞ്ചാം വയസ്സിലായിരുന്നു മുന്‍കാലത്ത്‌ എഴുത്തിനിരുത്ത്‌ നടത്തിയിരുന്നത്‌. ഇപ്പോള്‍ ജീവിത സാഹചര്യങ്ങള്‍ മാറിയിരിക്കുന്ന നിലയ്‌ക്ക്‌ മൂന്നാം വയസ്സിലാണ്‌ അധികവും എഴുത്തിനിരുത്തുന്നത്‌. അഞ്ചാം വയസ്സിലോ മൂന്നാം വയസ്സിലോ ആകാമെന്ന്‌ മുമ്പും വിധിയുണ്ട്‌. "അയ്യാണ്ടില്‍ത്താന്‍ മൂവാണ്ടില്‍ത്താന്‍ ചെറിയവനെഴുത്തു തുടങ്ങേണ്ടു. നാലാണ്ടിലും ആറാണ്ടിലും വര്‍ജിക്കേണം' എന്നു മഴമംഗലം നമ്പൂതിരിയുടെ ബാലശങ്കരത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. മലയാളമഹാനിഘണ്ടു വാല്യം കക "എഴുത്ത്‌' എന്ന ലേഖനം കാണുക. പ്രായമായ നിരക്ഷരന്മാര്‍ക്ക്‌ ഏതു പ്രായത്തിലും ആവശ്യവും സൗകര്യവും അനുസരിച്ച്‌ എഴുത്തു പഠിക്കാന്‍ തുടങ്ങാം.

സാധാരണ എഴുത്തിനിരുത്തുന്നത്‌ കന്നിമാസത്തില്‍ വിജയദശമി പൂജയെടുപ്പുദിവസമാണ്‌. അതിനു സൗകര്യപ്പെടാത്തവര്‍ മറ്റു നല്ലദിവസം നോക്കി എഴുത്തിനിരുത്തും. വിദ്യാദേവിയായ സരസ്വതിയുടെ പൂജയാണല്ലോ വിജയദശമിപൂജ. ഇതിനു നവരാത്രിപൂജയെന്നും പറയും. അന്നു പുസ്‌തകങ്ങള്‍ പൂജയ്‌ക്ക്‌ വയ്‌ക്കുകയും വിജയദശമിക്ക്‌ പൂജ ഇളക്കു(എടുക്കു)കയും ചെയ്യുന്നു. പൂജയ്‌ക്കു വേണ്ട ഒരുക്കങ്ങള്‍-നിലവിളക്കും നിറനാഴിയും കിണ്ടിയില്‍ വെള്ളവും ഗന്ധപുഷ്‌പാദിയും-വച്ച സ്ഥലത്തുവച്ചാണ്‌ എഴുത്തിനിരുത്ത്‌. എഴുത്തിനിരുത്തുന്ന ചടങ്ങ്‌ വളരെ ലഘുവാണ്‌. കുട്ടിയെ കുളിപ്പിച്ചു പുതിയ വസ്‌ത്രം ധരിപ്പിച്ച്‌ രക്ഷാകര്‍ത്താവ്‌ (മാതാപിതാക്കന്മാരോ മറ്റ്‌ ആരെങ്കിലുമോ) ആചാര്യന്റെ അടുക്കല്‍ കൊണ്ടുചെല്ലുന്നു. ആചാര്യന്‍ പൂജകഴിഞ്ഞ്‌ കുട്ടിയെ മടിയിലോ അരികിലോ ഇരുത്തി "ഹരിഃശ്രീ ഗണപതയേ നമഃ' എന്ന്‌ ഈശ്വരസ്‌മരണയോടെ അക്ഷരമാല എഴുതിക്കുന്നു. എഴുതിക്കുന്നതിനു മുമ്പ്‌ ആചാര്യന്‍ കുട്ടിയുടെ നാക്കില്‍ പൊന്‍മോതിരംകൊണ്ട്‌ ഓം എന്നെഴുതി കുട്ടിയുടെ കാതില്‍ ആ പ്രണവശബ്‌ദം ഉച്ചരിക്കുകയും കുട്ടിയും അതുപോലെ ഉച്ചരിക്കുകയും ചെയ്യുന്ന പതിവ്‌ ചില സ്ഥലത്തുണ്ട്‌. ആരാധ്യപാദരായ രാമാനുജന്‍ എഴുത്തച്ഛന്റെ പാദസ്‌പര്‍ശംകൊണ്ട്‌ പവിത്രമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്നു കൊണ്ടുവന്ന മണലില്‍ എഴുത്തുതുടങ്ങുന്ന പതിവും ചില സ്ഥലത്തുണ്ട്‌.

ആചാര്യന്‍ കുട്ടിയുടെ വലതുകൈയുടെ ചൂണ്ടോന്നിവിരല്‍ (ചില സ്ഥലത്തു ചെറുവിരലാണ്‌) പിടിച്ചാണ്‌ എഴുതിക്കുന്നത്‌. അക്ഷരമാലയില്‍ ഓരോ അക്ഷരം അകാരാദിക്രമത്തിന്‌ എഴുതിക്കും. ഓരോന്നും എഴുതിച്ചിട്ട്‌ അതിന്റെ ഉച്ചാരണം വ്യക്തമായി പറയിക്കും.

അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ, ഔ, അം, അഃ എന്നു സ്വരങ്ങളും ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ എന്നീ വ്യഞ്‌ജനങ്ങളും സാധാരണ എഴുതിക്കും.

കൂട്ടക്ഷരങ്ങള്‍ പിന്നീടു പഠിപ്പിക്കുകയേയുള്ളൂ. അതുപോലെ തന്നെ വ്യഞ്‌ജനങ്ങളോടു സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന രൂപങ്ങളും-കാ, കി, കീ എന്നപോലെ.

അക്ഷരമാല എഴുതിയ ഓലയോ കടലാസോ ആചാര്യന്‍ കുട്ടിക്കുകൊടുത്ത്‌ ആശീര്‍വദിക്കുമ്പോള്‍ കുട്ടി ആചാര്യനു ദക്ഷിണ കൊടുത്തുകൊണ്ടു നമസ്‌കരിക്കും. ഗുരുശിഷ്യബന്ധത്തിന്റെ പവിത്രത നിറഞ്ഞുനില്‌ക്കുന്നതാണ്‌ ഈ ചടങ്ങ്‌.

(ഡോ. ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍